സിംഹരാജന്റെ മനുഷ്യവേട്ട
മിത്തുകള്‍, മുത്തുകള്‍- 2.
അറബിക്കഥ.
പുനരാഖ്യാനം: ഫ്രാങ്കോ ലൂയിസ്
കാടുപിടിച്ച വലിയൊരു ദ്വീപ്. ഫലവൃക്ഷങ്ങള്‍ ഏറെയുണ്ട്. എല്ലാതരത്തിലുമുള്ള മൃഗങ്ങളും, പക്ഷേ, മനുഷ്യന് മാത്രം അവിടെയില്ല.
ഒരു പ്രഭാതത്തില്‍ കാട്ടുപൊയ്കയ്ക്കരികില് കഴിഞ്ഞിരുന്ന താറാവ് ചിറകിട്ടടിച്ചു ‘ക്രോ ക്രോ’ എന്നു കരഞ്ഞുകൊണ്ട് ഓടി. വലിയൊരു ദുരന്തം സംഭവിച്ചെന്ന മട്ടിലാണ് ഓട്ടം. ഇതു കണ്ട മൃഗങ്ങളും പക്ഷികളും കാര്യമെന്തെന്നു മനസിലാകാതെ കണ്ണു മിഴിച്ചു. ചിലര്‍ താറാവിനോടു ചോദിച്ചെങ്കിലും ‘വേഗം ഓടിരക്ഷപ്പെട്ടോളിന്’ എന്നുമാത്രം പറഞ്ഞ് അവള് ഓട്ടംതുടര്‍ന്നു.
അല്പംകൂടി മുന്നോട്ടുപോയപ്പോള്‍ യുവകോമളനായ സിംഹം മുന്നില്‍. സിംഹരാജാവിന്റെ മകനാണ്. ആദ്യമായാണ് രാജകുമാരന് കൊട്ടാരമായ ഗുഹയില്‍നിന്നു പുറത്തുകടക്കുന്നത്. ഇരതേടി ഇറങ്ങിയതല്ല; ലോകം കാണാനിറങ്ങിയതാണ്.
‘നില്ക്കവിടെ’-സിംഹരാജന് ഗര്‍ജിച്ചു. കിതപ്പടക്കാന്‍ ക്ലേശിച്ചുകൊണ്ട് താറാവ് ഒന്നുനിന്നു.
‘നീയാരാണ്? എന്തിനാണിങ്ങനെ ഓടുന്നത്?’-സിംഹം മുരണ്ടു.
‘ഞാന്‍ താറാവാണ്. ഇക്കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ഭീകരമായ ഒരു സ്വപ്നം കണ്ടു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പ്രഭാ തമായപ്പോഴേക്കും ഞാന്‍ ജീവനുംകൊണ്ടോടുകയാണ്’. കിതച്ചും വീര്‍പ്പുമുട്ടിയും താറാവു പറഞ്ഞൊപ്പിച്ചു.
‘അത്രയും ഭയപ്പെടുത്തിയ സ്വപ്നം എന്താണ് ? നീയൊരു പേടിത്തൊണ്ടന്‍ തന്നെ!’ സിംഹം പരിഹാസരൂപത്തില്‍ താറാവിനെ നോക്കി.
”ഈ ദ്വീപില്‍ ഒരു മനുഷ്യന് വന്നെന്നും എന്നെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് സ്വപ്നം. സ്നേഹപൂര്‍വം സംസാരിച്ച മനുഷ്യനോട് വളരെ സൗമ്യമായി ഇടപഴകാന്‍ ശ്രമിച്ചതായിരുന്നു. പെട്ടെന്ന് ഒരശരീരി എന്നെ വിലക്കി: മനുഷ്യന് കൗശലക്കാരനാണ്. അവന് സ്നേഹം നടിച്ച് ചതിക്കും. ആനയേയും സിംഹത്തേയും പോലും തന്ത്രപൂര്‍വം കീഴ്പ്പെടുത്തും. അവന്റെ കെണിയില്‍നിന്ന് ഉടനേ രക്ഷപ്പെടുക. ഇതായിരുന്നു ആ അശരീരി. ഇതു കേട്ടയുടനേ, ഞാന്‍ ഞെട്ടിയുണര്‍ന്നു. മനുഷ്യനില്‍നിന്നു രക്ഷപ്പെടാന്‍ ഓടുകയാണ്.’-കണ്ണീരൊപ്പിക്കൊണ്ട് താറാവു മോങ്ങി.
‘ഇത്തരത്തിലൊരു സ്വപ്നം ഞാനും കണ്ടതാണ്. സിംഹരാജനായ അച്ഛനോട് പറഞ്ഞപ്പോള്‍ ചതിയനായ മനുഷ്യന്റെ കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നാണ് ഉപദേശിച്ചത്. ഞാന്‍ ആ ജീവിയെ കണ്ടിട്ടില്ല. അത്ര ഭയങ്കരനാണെങ്കില്‍ അവനെ നമുക്കൊന്നു കൈകാര്യം ചെയ്യണം.’-തെല്ലു ഗര്‍വോടെ സിംഹം പറഞ്ഞു.
”അതെ, ആ ചതിയനെ കൊല്ലണം. അതിശക്തനായ അങ്ങേക്കുമാത്രമേ അതിനു കഴിയൂ. അവനെ കൊന്നാലേ ഈ കാട്ടിലെ മൃഗങ്ങള്‍ക്കു രക്ഷയുള്ളൂ.’ താറാവ് സിംഹത്തെ പ്രോല്‍സാഹിപ്പിച്ചു.
‘നീയെന്റെ പിന്നാലെ വരൂ. നമുക്കവനെ കണ്ടുപിടിക്കാം.’- എങ്ങനെയെങ്കിലും തലയൂരി രക്ഷപ്പെട്ടാല്‍ മതിയെന്നു കരുതിയിരുന്ന താറാവ് എന്തെങ്കിലും പറയുംമുമ്പേ സിംഹം മുന്നോട്ടു നടന്നു. ഒരു നിമിഷം ശങ്കിച്ചുനിന്നപ്പോഴേക്കും സിംഹത്തിന്റെ ആക്രോശം മുഴങ്ങി: ‘ഇവിടെ വരാനല്ലേ പറഞ്ഞത്.’
മുങ്ങാന്‍ ശ്രമിച്ചാല്‍ സിംഹം തന്നെ വിഴുങ്ങിക്കളയുമെന്നു ഭയന്ന താറാവ് പിറകേ നടന്നു. അല്പദൂരം പോയപ്പോള്‍ ഏതോ ഒരു മൃഗം ശരം വിട്ടതു പോലെ പാഞ്ഞുവരുന്നു. കാട്ടുവള്ളികള്‍ക്കിടയില്‍ കാലുകുടുങ്ങി കവണം കുത്തിമറിഞ്ഞും നിലവിളിച്ചുമാണ് വരവ്. അടുത്തെത്തിയപ്പോഴാണു മനസിലായത്, തടിച്ചുകൊഴുത്ത ഒരു കഴുത. സിംഹം കഴുതയെ തടഞ്ഞുനിര്‍ത്തി. ആ മൃഗവും പേടിച്ചരണ്ടു മോങ്ങുകയാണ്. കഴുത എന്തുതരം ജീവിയാണെന്നു സിംഹത്തിനു മനസിലായില്ല.
‘നീയാരാണ്? എന്താണിങ്ങനെ ഓടുന്നത്?’
‘ഞാന്‍ കഴുതയാണ്. ഒരു മനുഷ്യന് ഈ ദ്വീപില്‍ വന്നിട്ടുണ്ടെന്നു കേട്ടു. അവന്റെ കൈയിലകപ്പെടാതിരിക്കാന്‍ ഓടുകയാണ്.’ കരഞ്ഞു കൊണ്ടാണു കഴുതയുടെ മറുപടി.
”നിന്നേപ്പോലെ തടിമാടനായ ഒരു മൃഗത്തെ മനുഷ്യന് ഒന്നും ചെയ്യാനാവില്ല. ധൈര്യമായിരിക്ക്.’
‘അവന്റെ പിടിയിലെങ്ങാനും പെട്ടുപോയാല്‍ മരണത്തേക്കാള്‍ ഭയങ്കരമായിരിക്കും. ആജീവനാന്തം അവന് അടിമ പ്പണിചെയ്യേണ്ടിവരും. താങ്ങാനാവാത്ത ചുമട് എന്റെ മുതുകത്തുവച്ച് നടത്തിക്കും. ചാട്ടവാറുകൊണ്ട് അടിക്കും. ഹോ! ഓര്‍ക്കുമ്പോഴേ എനിക്കു തല കറങ്ങുകയാണ്.’
കഴുതയുടെ വാക്കുകള്‍ വിശ്വസിക്കാനാകാതെ സിംഹം പകച്ചുനിന്നു. കാര്യം പിടികിട്ടിയ താറാവു വ്യക്തമാക്കി: ‘സിംഹകുമാരാ, കഴുത പറഞ്ഞതു ശരിയാണ്.’
‘ഒഹോ! എങ്കില്‍ മനുഷ്യനെ കൊന്നിട്ടുതന്നെ കാര്യം. നീയും എന്റെ പിറകേ വാ’ സിംഹം മുന്നോട്ടു നടന്നു. പിന്നോട്ടു തിരിഞ്ഞു നോക്കിയപ്പോഴുണ്ട്, കഴുതയെ കാണാനില്ല. പ്രാണപരാക്രമത്തോടെ അതു കുതിച്ചോടുകയാണ്.
‘ഹോ! കഴുത ഒരു വിഡ്ഢിതന്നെ.’- മുറുമുറുത്തുകൊണ്ട് സിംഹം മുന്നോട്ട്. പിന്നാലെ താറാവും. മുന്നോട്ടുപോയപ്പോള്‍ ദൂരെനിന്നു പൊടിപടലമുയരുന്നു. ടക്- ടക്, ടക്-ടക് ശബ്ദവും. എന്താണത്? മനുഷ്യനായിരിക്കുമോ? താറാവിനോടു ചോദിച്ചു.
‘കുതിര ഭയന്നോടുന്നതാകും.’- താറാവിന്റെ മറുപടി. അടുത്തക്ഷണത്തില്‍ കൊഴുത്തുതടിച്ച ഒരു കുതിര പാഞ്ഞുവന്നു.
‘നില്ക്കവിടെ.’ കുതിര നിന്നുവിറയ്ക്കുകയാണ്. ‘നീയാരാണ്? എന്തിനാണീ പരാക്രമം.’ സിംഹം അലറി.
‘ഞാന്‍ കുതിരയാണ്. കുറച്ചകലെ ഒരു മനുഷ്യനെ കണ്ടു. നമ്മുടെയെല്ലാം കഥകഴിക്കാനാണ് അവന്റെ വരവ്.’
‘ശ്ശെ! നാശം. ഒരു മനുഷ്യനെ എല്ലാവര്ക്കും ഇത്ര പേടിയാണോ?’ സിംഹം മുരണ്ടു.
‘യജമാനനേ, അവന് തന്ത്രപൂര്‍വം എന്നെ പിടികൂടി അടിമയാക്കും.’ പെട്ടെന്ന്, കുതിര വന്ന ദിശയിലേക്ക് എല്ലാവരും നോക്കി. അതാ, അവിടെ വീണ്ടും പൊടിപടലമുയരുന്നു. പിന്നെ ഒരുനിമിഷംപോലും കുതിര അവിടെ നിന്നില്ല. യാത്രാനുമതിപോലും ചോദിക്കാതെ അത് എതിര്‍ദിശയിലേക്കു കുതിച്ചു. കുതിരയ്ക്കു പിന്നാലെ പാഞ്ഞെത്തിയത് ഒട്ടകം. പഴയ ചോദ്യം തന്നെ സിംഹം ആവര്‍ത്തിച്ചു.
‘ഞാന്‍ ഒട്ടകമാണ്. ദാ, മനുഷ്യന് എന്റെ പിന്നാലെയുണ്ട്.’ പരുക്കന്‍ ശബ്ദത്തോടെ ഒട്ടകം പറഞ്ഞു.
‘അവന് നിന്നെ പിടിക്കുമെന്നോ? ആകാശംമുട്ടേ വലിപ്പമുള്ള നീയും പേടിത്തൊണ്ടനാണോ? നീ എന്റെ കൂടെ വാ; നമുക്ക് അവനെ പിടിക്കാം.’ സിംഹം മുന്നോട്ടു നടന്നപ്പോഴേക്കും ഒട്ടകവും ഓടിപ്പോയി.
അല്പം കഴിഞ്ഞപ്പോള്‍ രണ്ടുകാലില്‍ നടക്കുന്ന ഒരു ജീവി പ്രത്യക്ഷപ്പെട്ടു. തലയില്‍ കുറേ മരപ്പലകകള്‍. ഒരു കൈയില്‍ കുറേ പണിയായുധങ്ങളും. കണ്ടാല്‍ ദുര്ബലന്. എല്ലും തോലും മാത്രമുള്ള ജീവി. മറ്റു മൃഗങ്ങളേപ്പോലെ പക്ഷേ, ഈ ജീവി ഓടുന്നില്ല. പതുക്കെ നടക്കുകയാണ്.
‘നീയാരാണ്? മനുഷ്യനെപ്പേടിച്ച് എല്ലാ മൃഗങ്ങളും ഓടുമ്പോള്‍ നീ മാത്രം ധൈര്യമായി നടക്കുന്നുണ്ടല്ലോ?’ ഒരു പരിഹാസച്ചിരിയോടെ സിംഹം ചോദിച്ചു.
ആ ജീവി മരപ്പലകകളും മറ്റും താഴെ വച്ച് വിനയാന്വിതനായി സിംഹത്തിനു മുന്നില്‍ പ്രണമിച്ചു. ‘മഹാരാജാവേ, പ്രണാമം. ഞാന്‍ അങ്ങയുടെ ദാസനാണ്. അങ്ങാണ് എന്റെ രക്ഷ.’ ആ ജീവിയുടെ മണിയടി സിംഹത്തിനു നന്നേ പിടിച്ചു.
‘നീയാരാണെന്നു പറഞ്ഞില്ല.’
‘ഞാന്‍ ഒരു പാവം ആശാരിയാണ്. മനുഷ്യനെ ഭയന്ന് ഇവിടെ അഭയംതേടിയതാണ്.’
മനുഷ്യനെ തിരിച്ചറിയാത്ത സിംഹകുമാരന് ആശാരി ഒരുതരം കാട്ടുമൃഗമാണെന്നു കരുതി.
‘മനുഷ്യനെ കൊന്നുതിന്നാനാണു ഞാന്‍ വരുന്നത്. എവിടെ അവന്?’ സിംഹം കോപത്തോടെ ഗര്‍ജിച്ചു.
‘ഉടനേ വരും. അതിനുമുമ്പ് മന്ത്രിയായ പുലിക്കു സുരക്ഷിതമായ വീടു നിര്‍മിച്ചു നല്‍കാമെന്ന് ഞാന്‍ ഏറ്റുപോയി. വീടുണ്ടാക്കലാണ് എന്റെ കുലത്തൊഴില്‍. മനുഷ്യന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനാണു പുലി യജമാനന് വീടുവേണമെന്നു പറഞ്ഞത്. വീടു പണിയാനുള്ള മരപ്പലകകളാണിവ.’ കൗശലപൂര്‍വം ആശാരി പറഞ്ഞു.
‘രാജാവ് ഗുഹയിലും മന്ത്രി വീട്ടിലും. അതു നടപ്പില്ല. ആദ്യം രാജാവിനു വീടു പണിയുക. എന്നിട്ടാകാം മന്ത്രിക്ക്.’ സിംഹത്തിനു ദ്വേഷ്യം വന്നു. ആശാരി ശങ്കിച്ചു നിന്നപ്പോള്‍ സിംഹം തുടര്‍ന്നു: ‘ഇതെന്റെ ഉത്തരവാണ്. അനു സരിച്ചില്ലെങ്കില് നിന്നെ ഞാന്‍ കറുമുറെ ശാപ്പിടും. ഉം, ഉടനേ തുടങ്ങട്ടെ പണി.’
ആശാരി പിന്നെ അമാന്തിച്ചില്ല. പണി തുടങ്ങി. മരപ്പലകകള്വച്ച് ആണിയടിച്ചു. ഉറപ്പുള്ള വലിയൊരു പെട്ടിയുണ്ടാക്കി. പെട്ടിയുടെ വശങ്ങളില് നിരവധി ആണികള്‍ അടിച്ചുകയറ്റി. ഉള്ളിലേക്കു വെളിച്ചവും വായുവും കിട്ടാന്‍ ചെറിയ ദ്വാരങ്ങളും. അകത്തേക്കു കടക്കാന്‍ വലിയൊരു ദ്വാരവുമുണ്ട്. പണി പൂര്‍ത്തിയായപ്പോള്‍ ഭവ്യതയോടെ സിംഹത്തോട് അകത്തു കയറാന്‍ പറഞ്ഞു.
ഉടനേ, സിംഹം അകത്തു കയറി. ‘ഹോ! ഇതു വളരെ ചെറുതാണല്ലോ. നിന്നു തിരിയാന്‍പോലും ഇടമില്ല.’ സിംഹം, പറഞ്ഞുതീര്‍ന്നപ്പോഴേക്കും ആശാരി ഒരു പലകക്കഷണമെടുത്ത് പ്രവേശനദ്വാരത്തില്‍ ചേര്‍ത്തുവച്ച് ആണിയടിച്ചു. അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തുള്ളിച്ചാടി.
‘ഹേയ്! ആശാരീ, എനിക്കൊന്നു പുറത്തു കടക്കണം.’ സിംഹം കൂട്ടിലിരുന്ന് ആജ്ഞാപിച്ചു.
‘മനുഷ്യനെ നീ കൊന്നു തിന്നുമല്ലേ? എന്നാല്‍ തിന്ന്. നിന്നെ സര്‍ക്കസുകാര്‍ക്കു വില്‍ക്കും ഞാന്‍. നല്ല കാശുകിട്ടും. മനുഷ്യന് ആരാണെന്ന് അവര്‍ നിന്നെ പഠിപ്പിച്ചുതരും.’ ആശാരി ആര്‍ത്തുചിരിച്ചു.
കെണിയിലകപ്പെട്ടെന്നു മനസിലാക്കിയ സിംഹത്തിനു കൂട്ടിനുള്ളില്‍ അനങ്ങാന്പോലുമായില്ല. അനങ്ങിയപ്പോഴെല്ലാം മരപ്പലകയിലെ ആണികൊണ്ട് ശരീരം മുറിഞ്ഞു. വൈകാതെത്തന്നെ ആശാരി പെട്ടിയും വലിച്ചിഴച്ച് സ്ഥലം വിട്ടു.
മനുഷ്യന്റെ ചതി നേരില്‍ക്കണ്ട താറാവ് ഓടിയൊളിച്ചു.