മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് പേരും പോസ്റ്ററും എത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. നിഗൂഢത ഒളിപ്പിച്ചിരിക്കുന്നതാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ, ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് പറഞ്ഞിരുന്നു. പുറത്തെത്തിയിരിക്കുന്ന പോസ്റ്ററില്‍ ഒരു കുറ്റാന്വേഷകന്റെ മുറി പോലെ തോന്നുന്ന ഇടത്താണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു പൂച്ചയുമുണ്ട്. വിനീത്, ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.