തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി . ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും,സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന മമത ബാനർജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് തിരിച്ചടിയായി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറിൽ താഴെ സീറ്റുകളിൽ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായ മമത ബാനർജിയുടെ പ്രഖ്യാപനം.