ഒരു കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ മാല്‍വെയര്‍ ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ സ്ഥാപനമായ കാസ്‌പെര്‍സ്‌കി. നെക്രോ ലോഡര്‍ മാല്‍വെയറാണ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുക. പ്രശസ്തമായ ആപുകളുടെ വ്യത്യസ്ത വരുത്തിയ കോപ്പി ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ് മാല്‍വെയര്‍ ഡിവൈസുകളിലെത്തുക. ദുരൂഹമായ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാല്‍വെയറും ഇതിനൊപ്പമെത്തി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കും. വാട്‌സാപ്പ്, സ്‌പോട്ടിഫൈ, വുറ്റ കാമറ തുടങ്ങിയ നിരവധി ആപുകളുടെ കോപ്പിയിലൂടെ ഇത്തരത്തില്‍ മാല്‍വെയര്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് എത്തും. സാധാരണ ആപ്പുകളെക്കാള്‍ കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് ഇത്തരത്തിലുള്ള കോപ്പി ആപുകള്‍. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പടെ ഇത്തരം ആപുകളുണ്ടെന്നും അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കാസ്‌പെര്‍സ്‌കി അറിയിച്ചിട്ടുണ്ട്.