സ്വിറ്റ്സര്‍ലാന്‍ഡിലെ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ രണ്ടു മലയാളി സഹോദരങ്ങള്‍. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വിറ്റസര്ലാന്ഡിലേക്കു കുടിയേറിയ തലശേരി സ്വദേശിയും ക്രിക്കറ്റ് ആരാധകനുമായ വിനോദിന്റെയും രാജശ്രീയുടേയും മക്കളായ അര്‍ജുനും അശ്വിനുമാണ് സ്വിസ് ക്രിക്കറ്റ് ടീമിലെ മലയാളി താരങ്ങള്‍. ഇരുവരും ജനീവയിലാണു ജനിച്ചു വളര്‍ന്നത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ ക്രിക്കറ്റ് കളിക്ക് ഒട്ടും പ്രചാരമില്ലാതിരുന്നതിനാല് ഫുട്ബോള്‍ കളിച്ചാണ് വളര്‍ന്നത്. പ്രചോദനവും ആദ്യകാല പരിശീലകനും അച്ഛന് വിനോദായിരുന്നു. ഇരുവരും 11, 13 വയസുള്ളപ്പോള്‍ ജനീവ റീജിയന് യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന് യുകെ, ഡെന്മാര്ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ ടീമുകളില്‍ കളിക്കുകയും ക്യാപ്റ്റനാകുകയും ചെയ്തു. ഓള് റൗണ്ടറും, സ്പിന്‍ ബൗളറുമായ അര്ജുന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫിന്‍ലന്‍ഡില്‍ നടന്ന ഐസിസി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വൈസ് ക്യാപ്റ്റനായിരുന്നു. സെപ്റ്റംബറില്‍ മലാഗയില്‍ നടന്ന സ്വിസ് ദേശീയ ടീമിന്റെ ക്യാപ്റ്റനുമായി. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഈയിടെ മാള്‍ട്ടയില്‍ നടന്ന ടി 20 യില്‍ അര്ജുന് പ്ലയര്‍ ഓഫ് ദ മാച്ചായി. സ്വിറ്റ്സര്‍ലാന്‍ഡിനു ചാമ്പ്യന്‍ഷിപ്പും നേടി. ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയ ഇരുപത്തെട്ടുകാരനായ അര്ജുന് ജനീവയിലെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയില്‍ ധനകാര്യ ഓഫീസറാണ്. അനുജന് അശ്വിന് സ്വിസ്സ് ദേശീയ ടീമിന്റെ ഓപ്പണിംഗ് ബൗളറാണ്. സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടി. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ യൂറോപ്യന്‍ ക്രിക്കറ്റ് നെറ്റ്വര്ക്കിലാണു ജോലി. ഇരുവരും സ്വിറ്റ്സര്‍ലാന്‍ഡിലെ കൊസോനേ ക്രിക്കറ്റ് ക്ലബ്ബിന്റെ താരങ്ങളാണ്. ഇരുവരുടേയും അച്ഛന് വിനോദ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഫിനാന്‍സ് ഓഫീസറും, ഭാര്യ രാജശ്രീ ഐഎല്‍ഒ യില്‍ ലീഗല്‍ ഓഫീസറുമാണ്. മലയാളികളായ അഭിമാനതാരങ്ങള്‍ സെഞ്ചുറികള്‍ അടിച്ചു തകര്‍ക്കട്ടെ.
സ്വിസ് ക്രിക്കറ്റില്‍ മലയാളി താരങ്ങള്‍
