മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും ഫാഷന്‍ ആക്‌സസറി നിര്‍മ്മാതാക്കളായ ടൈറ്റനും മികച്ച 100 ആഡംബര ബ്രാന്‍ഡുകളുടെ ആഗോള പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്ന് നാല് ജ്വല്ലറി സ്ഥാപനങ്ങളും ആഗോള റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ഗ്ലോബല്‍ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സ് 2023 പട്ടികയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആദ്യമായാണ് ഇടം നേടുന്നത്. ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി ബ്രാന്‍ഡായി മലബാര്‍ ഗോള്‍ഡ് 19-ാം സ്ഥാനത്തെത്തി. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍ കമ്പനി 24-ാം സ്ഥാനം നേടി. കല്യാണ്‍ ജ്വല്ലേഴ്‌സും ജോയ് ആലുക്കാസും യഥാക്രമം 46, 47 സ്ഥാനത്താണ്. മറ്റ് രണ്ട് ജ്വല്ലറി നിര്‍മ്മാതാക്കളായ സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, തങ്കമയില്‍ ജ്വല്ലറിയും എന്നിവ യഥാക്രമം 78-ഉം 98-ഉം സ്ഥാനത്താണ്. വൈവിധ്യമാര്‍ന്ന ഫ്രഞ്ച് ലക്ഷ്വറി കമ്പനിയായ എല്‍വിഎംഎച്ച് പട്ടികയില്‍ ഒന്നാമതെത്തി. 2023 ലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 4 ബില്യണ്‍ ഡോളറിലധികം മൂല്യത്തോടെയാണ് മലബാര്‍ ഗോള്‍ഡ് പട്ടികയില്‍ ആദ്യമായി ഇടം കണ്ടെത്തിയത്. ടൈറ്റന്റെ വിറ്റുവരവ് 3.67 ബില്യണ്‍ ഡോളറാണ്.