ഓഫ് റോഡ് എസ്.യു.വി വിഭാഗത്തില്‍ നിലവിലെ ഥാറിനേക്കാള്‍ വലുപ്പവും അഞ്ച് ഡോറുമുള്ള ഥാര്‍ പുറത്തിറക്കാന്‍ മഹീന്ദ്ര തയാറെടുപ്പ് തുടങ്ങി. അടുത്ത കാലത്ത് മാരുതി പുറത്തിറക്കിയ ജിംനി ആണ് താറിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത്. അഞ്ച് ഡോറുകളുള്ള ജിംനിയുടെ പതിപ്പ് കുറഞ്ഞ വിലയില്‍ നിരവധി സവിശേഷതകള്‍ ഉള്ളതായിരുന്നു. ഥാറിന്റെ 5 ഡോറുള്ള പതിപ്പ് ആഗസ്റ്റ് 15ന് ആഗോള വിപണിയില്‍ ആണ് ആദ്യം എത്തുക. ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലാവും താറിന്റെ 5 ഡോര്‍ മോഡല്‍ ആദ്യം പുറത്തിറക്കുക. ഇത് നാലാം തവണയാണ് മഹീന്ദ്ര ആഗസ്റ്റ് 15ന് തന്നെ പുതിയ വാഹനം പുറത്തിറക്കുന്നത്. 3 ഡോര്‍ ഥാറിലുള്ള അതേ എഞ്ചിനുകളായിരിക്കും പുതിയതിലും ഉണ്ടാവുക. 2.2 ലിറ്റര്‍ ഡീസല്‍, 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍. 5 ഡോറുള്ള ജിംനിയുടെ നീളത്തേക്കാള്‍ വലുതായിരിക്കും 5 ഡോറുള്ള ഥാര്‍. ഇതിന് 1,820 എംഎം വീതിയും 1,850 എംഎം ഉയരവും ഉണ്ടാകുമെന്നാണ് സൂചനകള്‍. ജിംനിക്ക് 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമാണുള്ളത്. അഞ്ച് പേര്‍ക്ക് ഇരിക്കാനും സാധിക്കും. അടുത്ത വര്‍ഷമായിരിക്കും ഇത് ഇന്ത്യയിലെത്തുക.