ചെറു എസ്‌യുവി, എക്‌സ്യുവി 3 എക്‌സ്ഒയ്ക്ക് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര. റേവ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ട്രിമ്മിന് കീഴില്‍ നാലു മോഡലുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ മോഡലുകള്‍ ലഭിക്കുക. റേവ്എക്‌സ് എം മോഡലിന് 8.94 ലക്ഷം രൂപയും റേവ്എക്‌സ് എം ഓപ്ഷണല്‍ മോഡലിന് 9.44 ലക്ഷം രൂപയും റേവ്എക്‌സ് എ മാനുവലിന് 11.79 ലക്ഷം രൂപയും റേവ് എക്‌സ് എ ഓട്ടമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് വില. മാനുവല്‍ മോഡില്‍ 1.2-ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടി പോയിന്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിനാണ്. 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമുണ്ട്. ഓട്ടമാറ്റിക് മോഡലില്‍ 1.2 ലീറ്റര്‍ എംസ്റ്റാലിയോണ്‍ ഡയറക്റ്റ് ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിനും. 130 എച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഗ്രേ, ടാങ്കോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ റേവ്എക്‌സ് സീരീസിന്റെ മൂന്ന് മോഡലുകളും ലഭ്യമാണ്. ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഉള്ള ഇഎസ്സി, 4 ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുമുണ്ട്.