വിഴിഞ്ഞത്ത് കേന്ദ്രസേന അടുത്തയാഴ്ച അവസാനത്തോടെ എത്തിയേക്കും. ബുധനാഴ്ച ഹൈക്കോടതി ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതീക്ഷിക്കുന്നത്. തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പോലീസിനെ ആക്രമിച്ചതിനാലാണു കേന്ദ്രസേനയെ കോടതി മുഖേനെ വിളിക്കേണ്ടിവന്നതെന്ന ന്യായീകരണമാണു സര്‍ക്കാരിനുള്ളത്. കേന്ദ്രസേനയെക്കൊണ്ട് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമര സമിതിയുടെ നിലപാട്. അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യുന്നത് പോലീസിനു കടുത്ത വെല്ലുവിളിയാകും.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം വഷളാക്കിയതെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്രസേനയെ വിളിച്ചുവരുത്തുന്നത്. ഗീര്‍വാണത്തിനും മാസ് ഡയലോഗുകള്‍ക്കും ഒരു കുറവുമില്ല. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും മുരളീധരന്‍.
ബാങ്കില്‍ എത്ര പണമുണ്ടെന്ന് ഒരു കണക്കും വിവരവുമില്ലാതെ കോഴിക്കോട് കോര്‍പറേഷന്‍. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍നിന്ന് നഷ്ടപ്പെട്ടത് 15 കോടി 24 ലക്ഷം രൂപയെന്നാണു കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞത്. എന്നാല്‍ ബാങ്ക് മാനേജരായിരുന്ന റെജില്‍ തട്ടിയെടുത്തത് 12 കോടി രൂപയാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് പറയുന്നു. കോര്‍പറേഷന്റെ അക്കൗണ്ടിനു പുറമെ, മറ്റ് അക്കൗണ്ടുകളില്‍ നിന്നുള്ള തുകകളും റെജില്‍ തട്ടിയെടുത്തിട്ടുണ്ട്. പരിശോധനകള്‍ തുടരുകയാണ്. കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിലെ പണം എത്രയെന്നു മാസംതോറും പരിശോധിച്ചു തിട്ടപ്പെടുത്താതിരുന്നതു ഗുരുതര വീഴ്ചയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
ക്രൈംബ്രാഞ്ച് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ സഹോദരനാണെന്നു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതെന്ന് കേസിലെ മുഖ്യസാക്ഷി പ്രശാന്ത്. കോടതിയില്‍ ഹാജരായപ്പോഴാണ് രഹസ്യമൊഴി മാറ്റിപ്പറഞ്ഞത്. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് മൊഴി നല്‍കിയിരുന്നത്.
ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക ആയിരം രൂപയില്‍നിന്ന് 13,500 രൂപയാക്കി വര്‍ധിപ്പിച്ചതു തടഞ്ഞ കോടതി ഉത്തരവു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുകയാണെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ അങ്കക്കലിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. ശശരി തരൂരിന്റെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരിപാടികളെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാര്‍ പറയുന്നത്. അതുകൊണ്ട് യോഗങ്ങളില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും കെപിസിസിക്കു പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കോട്ടയത്തു യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ശശി തരൂര്‍ ഇന്നു പ്രസംഗിക്കുന്നത്. പങ്കെടുക്കില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചുര്‍ രാധാകൃഷ്ണനും പറഞ്ഞു. പരിപാടികള്‍ അറിയിച്ച് അനുമതി നേടണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. പത്തനംതിട്ടയില്‍ നാളെയാണു ശശി തരൂരിന്റെ പരിപാടി. എന്നാല്‍ തന്റെ ഓഫീസില്‍നിന്ന് വിവരം അറിയിച്ചിരുന്നെന്നു ശശി തരൂര്‍ പ്രതികരിച്ചു.
ശശി തരൂരിനെ പിന്തുണച്ച മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഒരേയൊരു മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്നു ഷാജി. ശശി തരൂരിനും മലപ്പുറത്തു സ്വീകരണം നല്‍കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പൊന്നാനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നു പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് കെപിസിസി അംഗത്വം മരവപ്പിച്ചതെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.
ജയിലുകളില്‍ കാലാനുസരണമായ മാറ്റമുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ജയിലെന്ന സങ്കല്‍പം മാറി. ജയില്‍ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി ജയില്‍ മാറിയെന്നും വിജയന്‍ അവകാശപ്പെട്ടു.
കുമളിക്കു സമീപം മുരുക്കടിയില്‍ ഇരുമ്പു കോണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്.
ഇടുക്കി വണ്ടിപ്പെരിയാറില്‍ വൈദ്യുതി പോസ്റ്റില്‍ ചാരിയ കോണിയില്‍ കയറി തെരുവു വിളക്കുകള്‍ ഓഫ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മ്‌ളാമല ചാത്തനാട്ട് വീട്ടില്‍ സലി മോന്‍ (48) ആണ് മരിച്ചത്. വഴിവിളക്ക് തെളിക്കാന്‍ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോന്‍.
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ നാലരയ്ക്ക് ഷോളയൂര്‍ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനാണു കൊല്ലപ്പെട്ടത്. ശുചിമുറിയില്ലാത്ത വീട്ടില്‍നിന്നു രാത്രി പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് ഒറ്റയാനു മുന്നില്‍ അകപ്പെട്ടത്.
കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ ബംഗാള്‍ സ്വദേശിനിക്കു നടുറോഡില്‍ വെട്ടേറ്റു. അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. കലൂര്‍ ആസാദ് റോഡില്‍ സന്ധ്യ എന്ന യുവതിക്കാണു വെട്ടേറ്റത്. മുന്‍ കാമുകന്‍ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം.
മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി കോളജ് ഹോസ്റ്റലുകളില്‍നിന്നു മൊബൈലുകളും ലാപ് ടോപ്പുകളും കവര്‍ന്ന കേസില്‍ രണ്ടു കൗമാരക്കാരെ പൊലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും കഴക്കൂട്ടം കരിയില്‍ സ്വദേശി സുജിത്തും (19) ആണ് പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നാണ് കവച്ച നടത്തിയത്.
വീട്ടമ്മയെ ബലാത്സംഗംചെയ്ത് 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടികൂടി. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാര്‍ (45) എന്ന പ്രദീപിനെയാണ് വടക്കഞ്ചേരി പൊലീസ് തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2000 ലായിരുന്നു കേസിനാസ്പദമായ സംഭവം.
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ സ്വന്തമാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്റണിയെ അറസ്റ്റു ചെയ്തു. കുമളി പൊലീസാണ് അറസ്റ്റു ചെയ്തത്.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്. ഇക്കാര്യം ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡല്‍ഹി എയിംസിലെ സര്‍വര്‍ ഹാക്കിംഗിന്റെ വിദേശത്തുനിന്നാണെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. നവംബര്‍ 23 ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നത്. അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാജസ്ഥാനില്‍. 20 ദിവസം രാജസ്ഥാനിലുടെയാണു യാത്ര. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ശീതസമരം നടക്കുന്നതിനിടെയാണ് യാത്രയുമായി രാഹുല്‍ എത്തുന്നത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന്. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരാനുള്ള തീരുമാനം ഈ യോഗത്തില്‍ സോണിയാ ഗാന്ധി അറിയിക്കും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കര്‍ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നേതാക്കളായ ജയറാം രമേശ്, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കും കോടതി നോട്ടീസുണ്ട്.
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു തിരുവനന്തപുരത്തു തുടക്കം. ആദ്യ സ്വര്‍ണം പാലക്കാട് ജില്ലയിലെ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദ് സ്വന്തമാക്കി. 3000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തിലാണു സ്വര്‍ണം നേടിയത്. നാട്ടിലെ ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത സ്‌പൈക്കു ധരിച്ച് ഓടിയാണ് സ്വര്‍ണം നേടിയത്.