ശ്വാസകോശ അര്‍ബുദത്തെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും അതിപ്രധാനമാണ്. അമേരിക്കന്‍ ലങ് കാന്‍സര്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ ശ്വാസകോശ അര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് വൈകിയുളള രോഗനിര്‍ണയ കേസുകളില്‍ വെറും 5 ശതമാനമാണ്. ആദ്യ ഘട്ടങ്ങളില്‍ രോഗം കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കാകട്ടെ ഇത് 56 ശതമാനമാണ്. ആഗോള തലത്തില്‍ തന്നെ 16 ശതമാനം കേസുകളില്‍ മാത്രമേ അര്‍ബുദം ശ്വാസകോശത്തില്‍ നിന്ന് മറ്റ് ഇടങ്ങളിലേക്ക് പടരും മുന്‍പ് കണ്ടെത്തപ്പെടുന്നുള്ളൂ. വര്‍ധിച്ചു വരുന്ന വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്. ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ മരണ നിരക്ക് 8.1 ശതമാനമാണെന്ന് ജേണല്‍ഓഫ് തൊറാസിക് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. പുകവലിക്കും വായു മലിനീകരണത്തിനും പുറമേ റാഡോണ്‍ ഗ്യാസുമായും ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കം, റേഡിയേഷന്‍ തെറാപ്പിയുടെ ചരിത്രം, ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബചരിത്രം, വ്യാവസായിക പ്രദേശങ്ങളിലെ താമസം എന്നിവയും ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നെഞ്ചു വേദന, അകാരണമായ ഭാരനഷ്ടം, വലിവ്, തലവേദന, എല്ലുകള്‍ക്ക് വേദന, ശ്വാസംമുട്ടല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം, വിട്ടുമാറാത്ത ചുമ എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. രോഗം പുരോഗമിക്കുന്നതോടെ ചുമയ്ക്കുമ്പോള്‍ രക്തം വരാനും നെഞ്ചില്‍ നീര്‍ക്കെട്ട് അനുഭവപ്പെടാനും നെഞ്ചില്‍ ദ്രാവകം നിറയാനും ന്യുമോണിയ ബാധിക്കാനും തുടങ്ങും. അര്‍ബുദ ബാധിതര്‍ പുകവലിയില്‍ നിന്നും പുകവലിക്കുന്നവരുടെ സമീപത്തു നിന്നു വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.