ലോട്ടസ് ഇക്ട്രെ ഇന്ത്യന്‍ വാഹന വിപണിയിലെത്തി. മൂന്നു വകഭേദങ്ങളിലായി ഇറങ്ങിയ ലോട്ടസ് ഇക്ട്രെയുടെ വില 2.55 കോടി രൂപയിലാണ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ഡ്യുവല്‍ മോട്ടോര്‍ വൈദ്യുത കാറായ ലോട്ടസ് ഇക്ട്രെ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത്തില്‍ വരെ പറപറക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ വെറും 2.95 സെക്കന്‍ഡ് മതി. ലോട്ടസ് ഇക്ട്രെ ആര്‍ എന്ന ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ 905 എച്ച്പി കരുത്തുള്ള ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുന്നു. പരമാവധി ടോര്‍ക്ക് 985 എന്‍എം. 112കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഇന്ത്യയിലെ വില 2.99 കോടി രൂപ. തൊട്ടു താഴെയുള്ള ലോട്ടസ് ഇക്ട്രെ എസിന് 2.75 കോടി രൂപയാണ് വില. 112കിലോവാട്ട്അവര്‍ ബാറ്ററി തന്നെയാണ് ഈ കാറിലുമുള്ളത്. എന്നാല്‍ 603 ബിഎച്ച്പി കരുത്തും പരമാവധി 710 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. റേഞ്ച് 600 കിലോമീറ്റര്‍. കൂട്ടത്തിലെ അടിസ്ഥാന വകഭേദമായ ലോട്ടസ് ഇക്ട്രെ എസില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ്. ഇതിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 4.5 സെക്കന്‍ഡു വേണം. എല്ലാ വകഭേദങ്ങളും റാപിഡ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനിറ്റുകൊണ്ട് 10% മുതല്‍ 80%വരെ ചാര്‍ജ് ചെയ്യാനാവും.