ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍. ജുഡീഷ്യറിയുടെ അധികാരം മുഖ്യമന്ത്രി അടക്കമുള്ള എക്‌സിക്യൂട്ടീവ് കവര്‍ന്നെടുക്കുന്ന ഭേദഗതി നിയമവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറിട്ടിയായി എക്സിക്യുറ്റീവ് മാറുന്നു. സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണിത്. സതീശന്‍ കുറ്റപ്പെടുത്തി. നിയമമന്ത്രി പി. രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തുറമുഖ പദ്ധതി കാരണം തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമര്‍ക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാരല്ല. കടല്‍ തീരത്തെ വിഴുങ്ങിയതുമൂലം സ്ഥലവും വീടുകളും നഷ്ടപ്പെട്ടവരെ പുനരധിവാസിപ്പിക്കും. വീടു നിര്‍മ്മിക്കുംവരെ വാടക സര്‍ക്കാര്‍ നല്‍കും. വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. പദ്ധതി നിര്‍ത്തിവയ്ക്കില്ല, എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി മൂന്നിലൊന്നു പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മൂവായിരത്തോളം വീടുകള്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി തയാറാക്കിയത്. നാലു വര്‍ഷമായി ഇരുന്നൂറോളം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ സിമന്റ് ഗോഡൗണിലും സ്‌കൂളുകളിലുമായാണു കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്ത് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിയമസഭയില്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്കു മാറ്റും.
എട്ടാം ദിവസത്തിലേക്കു കടന്ന മത്സ്യത്തൊഴിലാളി സമരത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ എം വിന്‍സന്റാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മത്സ്യ തൊഴിലാളികളെ സിമന്റ് ഗോഡൗണിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്ന് വിന്‍സന്റ് കുറ്റപ്പെടുത്തി. കളിഫ് ഹൗസില്‍ 41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിര്‍മ്മിക്കുന്നതിന്റെ തിരക്കില്‍ പാവങ്ങളുടെ സങ്കടം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതി ചില പ്രത്യേക സ്വാധീനങ്ങള്‍ക്കു വഴങ്ങികേന്ദ്ര സര്‍ക്കാര്‍ അനുമതി വൈകിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്ലാ ജില്ലകളേയും ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് പ്രതിപക്ഷ എംഎല്‍എ മഞ്ഞളാംകുഴി അലി. ചോദ്യോത്തരവേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കിടെയാണ് മഞ്ഞളാം കുഴി അലി ഈ ആവശ്യം ഉന്നയിച്ചത്. ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ മൊഴി നല്‍കും. ഫര്‍സിന്‍ മജീദും നവിന്‍ കുമാറും കൊല്ലം പോലീസ് ക്ലബിലാണ് മൊഴി നല്‍കുക. യാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡി.ജി.പിക്ക് അപേക്ഷ നല്‍കി.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി സ്ഥലമുടമകള്‍. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത ഇല്ലെന്നാണ് പരാതി. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയായ റിസയുടെ നീളം കൂട്ടാന്‍ പള്ളിക്കല്‍ പഞ്ചായത്തിലെ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ച മുഖ്യമന്ത്രിയെ നകൃഷ്ട ജീവിയെന്ന് ആക്ഷേപിച്ചും മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം അറിയുന്നില്ലെന്നു വിമര്‍ശിച്ചും വിഴിഞ്ഞം സമര നേതൃത്വം. അദാനിയുടെ കൈയില്‍നിന്ന് കൈക്കൂലി വാങ്ങിയവര്‍ അതു തിരിച്ചു കൊടുക്കണം. തുറമുഖ നിര്‍മാണംമൂലം ജീവിതവും വീടും ഇല്ലാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ കണ്ണുതുറന്നു കാണണം. ജീവിക്കാനുള്ള സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചവരുണ്ട്. ഈ സമരത്തില്‍ മുസ്ലിംകളുമുണ്ട്. നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കള്ളം പറയുന്നു. ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. നാന്നൂറോളം വീടുകള്‍ കടലെടുത്തു. ഇരുന്നൂറോളം കുടുംബങ്ങള്‍ സിമന്റ് ഗോഡൗണിലും സ്‌കൂളിലുമായാണു താമസിക്കുന്നത്. വീടുകള്‍ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഡോമെസ്റ്റിക് ടെര്‍മിനല്‍ ഏതു നിമിഷവും കടലെടുക്കും. അദ്ദേഹം വിശദീകരിച്ചു.