ബോക്‌സ് ഓഫിസിലും ടിക്കറ്റ് ബുക്കിങ്ങിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ലോക’. ബുക്ക് മൈ ഷോയിലെ ഓള്‍ ടൈം റെക്കോര്‍ഡാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പന ആണ് ‘ലോക’യുടേത്. 4.52 ലക്ഷം ടിക്കറ്റുകളാണ് 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോര്‍ഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം. അതേസമയം, 250 കോടി ആഗോള കലക്ഷന്‍ നേടി ബോക്‌സ് ഓഫിസിലും തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കലക്ഷന്‍ ആണ് നേടുന്നത്. വിദേശത്തു നിന്നു മാത്രം ചിത്രം 100 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്നും ഇതുവരെ 90 കോടിക്കടുത്ത് കലക്ഷന്‍ ലഭിച്ചു കഴിഞ്ഞു.