ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ തന്നെ സ്മാര്‍ട്ട്‌ഫോണുകളില്‍ ലൈവ് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുമായി പ്രസാര്‍ ഭാരതി. ഇതിന്റെ ഭാഗമായി ഡയറക്ട്-ടു-മൊബൈല്‍ സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഐഐടി കാന്‍പൂര്‍, സാംഖ്യ ലാബ്സ് എന്നിവയുമായി സഹകരിച്ച് ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ട്. ടിവി, റേഡിയോ പോലുള്ള ബ്രോഡ്കാസ്റ്റ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഫോണുകളില്‍ നേരിട്ട് തത്സമയ സംപ്രേഷണം നടത്തുക. ഇവിടെ പരമ്പരാഗത സെല്ലുലാര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ നെറ്റ്വര്‍ക്കുകളുടെ സേവനം ആവശ്യമില്ല. ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിനും ഡീകോഡ് ചെയ്യുന്നതിനും ഫോണുകള്‍ക്ക് പ്രത്യേക ഹാര്‍ഡ്വെയര്‍ ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്റെ വേരിയബിള്‍ വേഗതയെയും സ്ഥിരതയെയും ആശ്രയിക്കാത്തതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ സ്ട്രീമിങ് ലഭിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.