നടക്കുന്ന സമയത്ത് ചെവിയില്‍ ഹെഡ്സെറ്റോ ഇയര്‍പോഡോ വച്ച് പാട്ടോ നല്ല പോഡ്കാസ്റ്റോ ഒക്കെ കേട്ട് നടക്കുന്നതാണ് പലരുടെയും ശീലം. പാട്ടുമൊത്ത് കൂട്ട് കൂടിയുള്ള ഈ നടപ്പിനൊരു രസമൊക്കെ ഉണ്ട് താനും. എന്നാല്‍ ഇത്തരം ഡിജിറ്റല്‍ ശ്രദ്ധ തിരിക്കലുകളൊന്നും ഇല്ലാതെ നിശ്ശബ്ദമായി നമ്മളും നമ്മുടെ ചിന്തകളും ചുറ്റിലുമുള്ള പ്രകൃതിയും ആയിട്ട് ഇണങ്ങി നടക്കുന്നത് മാനസികാരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സൈലന്റ് വാക്കിങ് എന്നൊരു ട്രെന്‍ഡ് തന്നെ ഇതിനെ ചുറ്റിപറ്റി സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. നിത്യജീവിതത്തിലെ നിരന്തരമുള്ള തിരക്കുകളും പ്രശ്നങ്ങളുമൊക്കെ മാറ്റി വച്ച് അവനവനിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈലന്റ് വാക്കിങ് സഹായിക്കും. സെന്‍ ബുദ്ധിസത്തിലൊക്കെ പറയുന്നത് പോലുള്ള നടന്നു കൊണ്ടുള്ള ധ്യാനത്തിന് സൈലന്റ് വാക്കിങ് വഴിയൊരുക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമായി അല്‍പ നേരമെങ്കിലും ബന്ധം വിച്ഛേദിച്ച് ശാന്തമായി ഇരിക്കാനും ഇത്തരം നടത്തും സഹായിക്കും. കിളികളുടെ ശബ്ദവും മരങ്ങളുടെ മര്‍മ്മരവും നിങ്ങളുടെ കാലടികളുടെ താളവും ഉള്‍പ്പെടെ ചുറ്റുമുള്ള പ്രകൃതിയിലെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടുള്ള നടത്തം സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ നിയന്ത്രിച്ച് ധ്യാനത്തിന്റെ ഗുണം നല്‍കും. നിങ്ങളുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും കൂടുതല്‍ വ്യക്തത വരുത്താനും സര്‍ഗ്ഗാത്മകമായ പല ആശയങ്ങള്‍ പിറക്കാനും ഈ നിശ്ശബ്ദ നടത്തം സഹായിച്ചെന്ന് വരാം. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ഇടയ്ക്കിടെ ബ്രേക്ക് എടുക്കുന്നത് ശ്രദ്ധയും ധാരണശേഷിയും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.