അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് ലാഭം വന്‍തോതില്‍ വാരിക്കൂട്ടി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി. ഏഴ് പ്രമുഖ അദാനി ഗ്രൂപ്പ് കമ്പനികളിലായി 2023 മാര്‍ച്ച് 31 പ്രകാരം എല്‍.ഐ.സിയുടെ നിക്ഷേപം 38,471 കോടി രൂപയായിരുന്നു. ഇത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയപ്പോഴക്കേും 59 ശതമാനം വര്‍ധിച്ച് 61,210 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 22,739 കോടി രൂപയുടെ ലാഭം. ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിക്ഷേപകരില്‍ പലരും അദാനി ഗ്രൂപ്പിലെ ഓഹരികളില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും ഒട്ടേറെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. അമേരിക്കയിലെ ജി.ക്യു.ജി ഇന്‍വെസ്റ്റ്മെന്റ്സ്, അബുദാബിയിലെ ഐ.എച്ച്.സി., ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്നിവ അതിലുള്‍പ്പെടുന്നു. ഇവയെല്ലാം മികച്ച നേട്ടവും നിക്ഷേപത്തിലൂടെ കൈവരിച്ചിരുന്നു. ഏകദേശം 45,000 കോടിയോളം രൂപയാണ് ഇവയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ സംയുക്ത നിക്ഷേപം. അദാനി എന്റര്‍പ്രൈസസിലെ എല്‍.ഐ.സിയുടെ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 8,495.31 കോടി രൂപയില്‍ നിന്നുയര്‍ന്ന് 14,305.53 കോടി രൂപയിലെത്തി. അദാനി പോര്‍ട്സില്‍ എല്‍.ഐ.സി നിക്ഷേപിച്ചത് 12,450.09 കോടി രൂപയായിരുന്നു. ഓഹരിവില കുതിച്ചതോടെ, ഇത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയപ്പോഴേക്കും 22,776.89 കോടി രൂപയായി വളര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപം ഇക്കാലയളവില്‍ ഇരട്ടിയിലേറെ വര്‍ധിച്ച് 3,937.62 കോടി രൂപയിലെത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.