സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു സിംപിള്‍ ഹെയര്‍ സ്‌റ്റൈല്‍ ആണ് പോണിടെയില്‍. എന്നാല്‍ ഇത് മുടി പെട്ടെന്ന് പൊട്ടി പോകാനും മുടി കൊഴിച്ചിലിനും കാരണമാകുമത്രെ. ചര്‍മം പോലെ തന്നെ തലമുടിയേയും ശ്വസിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. തലമുടി പതിവായി പിന്നിലേക്ക് വലിച്ചു മുറുക്കെ കെട്ടുന്നത് മുടിയുടെ വേരുകളില്‍ സമ്മര്‍ദം ഉണ്ടാക്കും. ഇത് മുടിയുടെ ആരോഗ്യം മോശമാകാനും പെട്ടെന്നു പൊട്ടിപോകാനും കാരണമാകും. മാത്രമല്ല പോണിടെയില്‍ സ്‌റ്റൈലില്‍ മുടി കെട്ടുന്നത് ട്രാക്ഷന്‍ അലോപ്പീസിയ എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ദീര്‍ഘനേരം മുടി മുറുക്കി കെട്ടുന്നതു കാരണം തലയോട്ടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദം മൂലമുണ്ടാകുന്ന ഒരു തരം മുടി കൊഴിച്ചിലാണ് ട്രാക്ഷന്‍ അലോപ്പീസിയ. തലയോട്ടിയില്‍ വേദന, ശിരോചര്‍മത്തില്‍ ചെറിയ മുഴകള്‍, നെറ്റി കയറുക എന്നിവയാണ് ട്രാക്ഷന്‍ അലോപ്പീസിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍. എന്നാല്‍ പോണിടെയില്‍ സ്‌റ്റൈല്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നല്ല, പകരം പോണിടെയില്‍ കെട്ടുമ്പോള്‍ മുടി അല്‍പം അയച്ചു കെട്ടാന്‍ ശ്രദ്ധിക്കുക. ടൈറ്റ് ആയി ഇരിക്കുന്നുവെന്ന് തോന്നാന്‍ ഹെയര്‍ ക്രീം അല്ലെങ്കില്‍ ഹയര്‍ സ്‌പ്രേ ഉപയോഗിക്കാം. മുടി അയഞ്ഞു കിടക്കാന്‍ അനുവദിക്കേണ്ടത് പ്രധാനമാണ്.