ലിയോ ടോൾസ്റ്റോയ് എന്ന പ്രശസ്തനായ റഷ്യൻ എഴുത്തുകാരനെ നമുക്കെല്ലാവർക്കും അറിയാം. ടോൾസ്റ്റോയിയുടെ ബുക്കുകളെ കുറിച്ച് ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകൾ മുഴുവനായും വായിച്ചിട്ടുള്ളവർ ചുരുക്കമാണ്. പക്ഷേ വായിച്ചവർക്ക് അതൊരിക്കലും മറക്കാനും ആകില്ല…..!!!
യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെയാണ് ലിയോ ടോൾസ്റ്റോയ് ലോകമെമ്പാടും പ്രശസ്തനായി മാറിയത്. ടോൾസ്റ്റോയിയുടെ രചനകൾ ലോകമെമ്പാടും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു എന്നും പറയാം.
റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന “ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ്” 1828 സെപ്റ്റംബർ 9 ന് പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ജനിച്ചത്.അഞ്ചു മക്കളിൽ നാലാമനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിന്ന്നിയമവും, പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. 1851-ൽ മൂത്ത സഹോദരനൊപ്പം അദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്നു. ക്രീമിയൻ യുദ്ധത്തിൽ പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു . ഇക്കാലത്ത് മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം, കൗമാരം, യൗവനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.
1862-ൽ സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോൾസ്റ്റോയി കൃതികളുടെ കൈയെഴുത്തുപ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയും കൂടി ആയിരുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്നു കുട്ടികൾ ജനിച്ചു. വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ “യുദ്ധവും സമാധാനവും” എഴുതിയത്. നോവൽ എന്നു വിളിക്കുമെങ്കിലും ഇതിഹാസപരമായ രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് ആ രചനയിൽ.
പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത നോവലാണ് “അന്നാ കരേനിന”. ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി. പിന്നീട് അദ്ദേഹത്തിനുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം, പഴയതരം കഥകൾ എഴുതുന്നത് നിർത്തി. അപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ ഒന്നാമത്തേതും മൂന്നാമത്തേതും ആയി തെരഞ്ഞെടുത്തു.
മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പിന്നീട് പരിവർത്തനം ചെയ്തു. ബൈബിളിൽ പുതിയനിയമത്തിലെ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം പ്രാധാന്യം നൽകി. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമർശന ബുദ്ധിയോടെ വിലയരുത്തുന്ന “കുമ്പസ്സാരങ്ങൾ” (Confessions) എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവിൽ അദ്ദേഹം 1879 ൽ എഴുതിയതാണ്.
ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്, സാധാരണ വായനക്കാർക്ക് വേണ്ടി, ലളിതമായ ശൈലിയിൽ എഴുതിയ കഥകളാണ്. “ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം” എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഇവാൻ ഇല്ലിച്ചിന്റെ മരണം” എന്ന ലഘുനോവൽ അദ്ദേഹത്തിന്റെ സാഹിത്യ വൈഭവം തെളിയിക്കുന്ന രചനകളിലൊന്നാണ്. ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച “ക്രൊയിറ്റ്സർ സൊനാറ്റാ” (Kreutzer Sonata) എന്ന ലഘുനോവൽ. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ നോവലായ “ഉയിർത്തെഴുന്നേല്പ്” (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു. ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയെ ബഹിഷകരിക്കാൻ കാരണമായത് ഉയിർത്തെഴുന്നേല്പ്പും, ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.
ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ൽ പ്രസിദ്ധീകരിച്ച “ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു” എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തിൽ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മാഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന “ഹാദ്ജി മുറാദ്” എന്ന ശ്രദ്ധേയമായ നോവൽ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സിൽ റഷ്യൻ സാമ്രാജ്യത്തിന് വെല്ലുവിളി ഉയർത്തിയ ഗോത്രനേതാക്കളിൽ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.
അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ, മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾസ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു.
ടോൾസ്റ്റോയിയുടെ മത-ധാർമ്മിക ചിന്തകൾ കർക്കശവും അപ്രായോഗികവുമെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട് . മനുഷ്യരുടെ ദുഃഖങ്ങളുടേയും ദാരിദ്ര്യത്തിന്റേയും പേരിൽ മാത്രമല്ല അവരുടെ സന്തോഷങ്ങളുടേയും സുഖങ്ങളുടേയും പേരിൽ കൂടി ടോൾസ്റ്റോയി കണ്ണീരൊഴൊക്കി എന്ന് ജി.കെ. ചെസ്റ്റർട്ടൻ വിമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ കൃതികൾ ഇന്നും ഏറെ ഇഷ്ടത്തോടെ വായിക്കപ്പെടുന്നുണ്ട്.
തയ്യാറാക്കിയത്
നീതു ഷൈല