സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ടിന് ആരംഭിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. സ്ഥിരമായി കുറച്ച് എ.ഐ ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ആഗസ്റ്റ് മാസത്തോടെ എ.ഐ. പരിശീലനം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.
കൈറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് എ.ഐ. പരിശീലനം
