സുധാകര വിവാദം
കോൺഗ്രസ് മറുപടിയിൽ ലീഗ് സംതൃപ്തർ
കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ തൃപ്തിയുണ്ടെന്ന് മുസ്ലിം ലീഗ്.
ലീഗിന്റെ പ്രതികരണത്തിന് ഫലമുണ്ടായി. പാണക്കാട് സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ. സുധാകരൻ സംസാരിച്ചു. മുസ്ലിം ലീഗ് യു.ഡി.എഫിൽ തുടരുക തന്നെ ചെയ്യും- ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു.
‘വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ സംതൃപ്തരാണ്. കോൺഗ്രസാണ് ഇനി അത് കൈകാര്യം ചെയ്യേണ്ടത്. അവർ അത് ചെയ്യുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. ഞങ്ങൾ എന്തുകൊണ്ടാണ് യു.ഡി.എഫിൽ തുടരുന്നത് എന്ന കാര്യം ഇപ്പോഴും പ്രസക്തമാണ്. അതുകൊണ്ട് തന്നെ ആ തുടർച്ച ഉണ്ടാകുക തന്നെ ചെയ്യും- സലാം പറഞ്ഞു.