◾ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. തിങ്ങിനിറഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. പവര്‍പ്ലേയില്‍ വെറും 17 റണ്‍സാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും നേടാനായത്. തുടക്കത്തിലേ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി.
◾കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാ അംഗങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അറസ്റ്റിലായ അബ്ദുള്‍ സത്താറിനെ പോലീസ് എന്‍ഐഎക്കു കൈമാറി.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾സംയുക്ത സേനാ മേധാവിയായി ലഫ് ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. പ്രഥമ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ച് ഒമ്പതു മാസത്തിനുശേഷമാണ് പുതിയ നിയമനം.
◾കോണ്‍ഗ്രസിനു കാലത്തിനനുസരിച്ച അധ്യക്ഷന്‍ വരുമെന്ന് എ.കെ ആന്റണി. ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്റണി പറഞ്ഞു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്റണിയുടെ പ്രതികരണം.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമങ്ങള്‍ നടത്തിയതിന് ഇന്നലെ 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കി. പലയിടത്തും അമ്പതിനായിരം മുതല്‍ ലക്ഷത്തോളം ജനങ്ങളാണ് യാത്രയില്‍ അണി ചേര്‍ന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ്നോന്‍ ബാധകമാക്കുമെന്ന് കെഎസ്ആര്‍ടിസി. ഒക്ടോബര്‍ അഞ്ചിനു മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ ശമ്പളം നല്‍കും. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.
◾കേന്ദ്രാനുമതി ഇല്ലാത്ത സില്‍വര്‍ ലൈന്‍ സര്‍വെ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഇല്ലാത്ത സര്‍വ്വെ ജനങ്ങളെ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പു നല്‍കി.
◾നിരോധനംകൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ആര്‍എസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎന്‍എല്‍ നേതാക്കള്‍. നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്‍ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ നേതാക്കള്‍ തള്ളി.
◾
◾കോഴിക്കോട് ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പി.ടി ഉഷ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. പയ്യോളി ടൗണിനെ മണ്‍കൂനകളിട്ട് വിഭജിക്കുകയാണെന്ന നാട്ടുകാരുടെ ആശങ്ക കേന്ദ്ര മന്ത്രിയെ പി.ടി ഉഷ അറിയിച്ചു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയതായി പി.ടി ഉഷ എം.പി പറഞ്ഞു.
◾കുടുംബ കലഹത്തിനിടെ സ്ഥലത്തെത്തിയ പോലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ ഭാര്യയെയും മകളെയും അക്രമിച്ച പുന്നപ്ര അറവുകാട് ഹരിജന്‍ കോളനിയില്‍ അശോകനെ (55) യാണ് അറസ്റ്റ് ചെയ്തത്.
◾ഒരു കോടി രൂപയോളം വിലയുള്ള ലഹരി വസ്തുക്കളുമായി രണ്ടു പേര്‍ പിടിയിലായി. ചിറയിന്‍കീഴ് പെരുങ്ങുഴി നാലുമുക്കില്‍ വിശാഖ് വീട്ടില്‍ ശബരീനാഥ് (42), വര്‍ക്കല അയിരൂര്‍ കളത്തറ നിഷാന്‍ മന്‍സിലില്‍ നിഷാന്‍ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 310 ഗ്രാം എം.ഡി.എം.എ പിടികൂടി.
◾കരുവന്നൂര്‍ ബാങ്കില്‍ പണം നിഷേപിച്ചവര്‍ക്ക് ഓക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ 400 കോടി രൂപ വേണമെന്ന് വിലയിരുത്തിയിരുന്നു.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. അബ്ദുള്‍ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂര്‍ക്കരയിലെ വീട്ടിലാണ് പരിശോധന.
◾തിരുവനന്തപുരം കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പരാതിക്കാരനായ പ്രേമനന്‍ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രതികള്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
◾സഹോദരന്റെ കാമുകിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവടക്കം മൂന്നു പേരെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയര്‍ക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയില്‍ വീട്ടില്‍ അനന്തു സുരേഷ്, ഇളയ സഹോദരന്‍ ആനന്ദ് സുരേഷ്, വെട്ടിക്കപുഴ വീട്ടില്‍ റോബിനോ രാജന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഇരുപതു വയസുള്ളവരാണ്.
◾കൊച്ചിയില്‍ ഡിജെ പാര്‍ട്ടിയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചതു ചോദ്യം ചെയ്ത രാജേഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഹസന്‍ പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
◾ഉംറ തീര്‍ഥാടനത്തിനിടെ മലയാളി വിമാനത്തില്‍ മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് ജിദ്ദയിലേക്കുള്ള യാത്രക്കിടെ മരിച്ചത്.
◾വിതുര ബോണക്കാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വിതുര സ്വദേശികളായ മഹേഷ്, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്ക്. പുതൂര്‍ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയില്‍ മുരുകേശന്‍, സെല്‍വന്‍, പഴനിസ്വാമി, പണലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം കാട്ടാന ആക്രമിക്കുകയായിരുന്നു.
◾താമരശേരിയില്‍ നടുറോഡില്‍ കാര്‍ യാത്രക്കാര്‍ക്കുനേരെ വടിവാള്‍ വീശിയ യുവാക്കളില്‍ ഒരാള്‍ പിടിയിലായി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്.
◾ഞായറാഴ്ച ലഹരി വിരുദ്ധ ബോധവത്കരണം നടത്താനുള്ള വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരെ സീറോ മലബര്‍ സഭ. ഞായറാഴ്ച്ച വിശ്വാസ പരിശീലനത്തിനുള്ള ദിവസമാണ്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്താന്‍ തീരുമാനിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
◾കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി നീട്ടി. മൂന്നു മാസത്തേക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടിയത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.
◾പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും നിരോധനം പരിഹാരമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടനയാണ്. എന്നാല്‍ ആര്‍എസ്എസ്, മാവോയിസ്റ്റ് എന്നീ സംഘടനകളെ നിരോധിച്ചതു ഫലം ചെയ്തില്ലെന്നാണ് അനുഭവങ്ങള്‍ തെളിയിച്ചതെന്ന് സിപിഎം ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ വിഭാഗീയ ആശയം രാഷ്ട്രീയപരമായി നേരിടണമെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.
◾മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ 10,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ നിര്‍മ്മാണത്തിനാണ് 10,000 കോടി രൂപ അനുവദിച്ചത്.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയുമായി ചര്‍ച്ച ചെയ്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗും മത്സരിച്ചേക്കും.
◾മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണി പുതിയ അറ്റോര്‍ണി ജനറല്‍. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നാളെ അവസാനിക്കും.
◾ഐആര്‍സിടിസി അഴിമതി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒക്ടോബര്‍ 18 നു നേരിട്ടു ഹാജരാകണമെന്ന് ഡല്‍ഹിയിലെ സിബിഐ കോടതി. ജാമ്യം റദ്ദാക്കണമെന്ന് സിബിഐയുടെ ഹര്‍ജിയില്‍ മറുപടിക്കു സാവകാശം ചോദിച്ചുള്ള തേജസ്വിയുടെ അപേക്ഷയിലാണ് കോടതിയുടെ നിര്‍ദേശം.
◾ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നു വിമാനത്താവളങ്ങള്‍. ആഗോള യാത്രാ വിവരങ്ങള്‍ നല്‍കുന്ന കമ്പനിയായ ഒഎജിയുടെ സര്‍വേ പ്രകാരം മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങളാണ് ഇടം നേടിയത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബായും ഡല്‍ഹിയെ തെരഞ്ഞെടുത്തു.
◾ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗദ്സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്നു മാറ്റി. ഭഗത് സിംഗിന്റെ 115 ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റേ പേര് മാറ്റിയത്.
◾ഉത്തരാഖണ്ഡില്‍ ബിജെപി നേതാവിന്റെ റിസോര്‍ട്ടില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍. കേസ് പരിഗണിക്കുന്ന കോട്ദ്വാര്‍ കോടതിയിലെ ബാര്‍ അസോസിയേഷനാണ് ഇങ്ങനെ തീരുമാനമെടുത്തത്. ഇതേത്തുടര്‍ന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. ആറിനാണ് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
◾2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിന് ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാജ തെളിവുകളുണ്ടാക്കി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിനു മുമ്പ് ആര്‍എസ്എസിനെ നിരോധിക്കണമായിരുന്നെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ആര്‍എസ്എസ് ഹിന്ദു വര്‍ഗീയ സംഘടനയാണ്. അദ്ദേഹം പറഞ്ഞു.
◾ഇറ്റാലിയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജിയ മെലോണിയെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദന സന്ദേശത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ചും മോദി കുറിച്ചിട്ടുണ്ട്.
◾ഫ്രാന്‍സിസ് മാര്‍പാപ്പ ബഹറിന്‍ സന്ദര്‍ശിക്കും. നവംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം.
◾ലോകത്ത് സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി വീണ്ടും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രഞ്ച് കമ്പനി എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് അദാനിയെ പിന്തള്ളി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഓഹരിവിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് അദാനിക്ക് വിനയായത്. 127 കോടി ഡോളറിന്റെ നഷ്ടത്തോടെ 14,000 കോടി ഡോളറായി ആസ്തി കുറഞ്ഞതോടെയാണ് ഗൗതം അദാനി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 14120 കോടി ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി. ലോക സമ്പന്നരില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 25980 കോടി ഡോളറാണ്. അതേ സമയം ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
◾യുപിഐ ഇടപാട് വര്‍ധിച്ചതോടെ ഇത് അവസരമായി കണ്ട് തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ടിപ്പുമായി വന്നിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പണം സ്വീകരിക്കുമ്പോള്‍ യുപിഐ പിന്‍ നല്‍കേണ്ടതില്ല. ആര്‍ക്കാണോ പണം കൊടുക്കുന്നത്, അവരുടെ ഐഡന്റിറ്റി മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കുക. തട്ടിപ്പ് അല്ല എന്ന് ബോധ്യമായ ശേഷം മാത്രം ഇടപാട് നടത്തുക. യുപിഐ പിന്‍ ആരുമായി പങ്കുവെയ്ക്കാതിരിക്കുക. പണം അഭ്യര്‍ഥിച്ച് കളക്ട് റിക്വിസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ച് വരുന്ന അജ്ഞാതരെ കരുതിയിരിക്കുക. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഗുണഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കുക. ഇടയ്ക്കിടെ യുപിഐ പിന്‍ മാറ്റി സുരക്ഷ ഉറപ്പാക്കുക.
◾തെലുങ്ക് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗോഡ് ഫാദറി’ലെ പുതിയ പാട്ടെത്തി. ചിരഞ്ജീവിയുടെ മാസ് ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനരംഗം തയ്യാറാക്കിയിരിക്കുന്നത്. ‘നജഭജ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധനേടി കഴിഞ്ഞു. ശ്രീകൃഷ്ണ, പൃഥ്വി ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഗോഡ് ഫാദറിനായി മലയാളികളും കാത്തിരിക്കുകയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്‌ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്റെ പേര്.
◾മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ കെ നിര്‍മാണവും, അമര്‍ദീപ് സംവിധാനവും വിപിന്ദ് വി രാജ് ദൃശ്യാവിഷ്‌കാരവും നിര്‍വഹിച്ച ‘നിണം ‘സെപ്തംബര്‍ 30ന് പ്രദര്‍ശനത്തിനെത്തുന്നു. സൈനപ്ളേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ദുരൂഹതയും സസ്പെന്‍സും നിറച്ച ചിത്രത്തിലെ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവന്‍ നന്ദനയുമാണ്. അവര്‍ക്കൊപ്പം ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജന്‍, മനീഷ് മോഹനന്‍ , രഞ്ജിത് ഗോപാല്‍, അജയ്, മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു.
◾ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് വാഹനം ലഭിക്കുക. പ്രാരംഭ വില അവസാനിച്ചതിന് ശേഷം വില എത്ര ഉയരുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. പുതിയ ടാറ്റ ടിയാഗോ ഇവി സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയ്ക്ക് സമാനമാണ്. ആകെ 7 വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ് എന്‍ഡ് എക്‌സ ഇസെഡ്+ ടെക് ലക്ഷ്വറിക്ക് 11.79 ലക്ഷം രൂപയാണ് വില. ബുക്കിംഗ് 2022 ഒക്ടോബര്‍ 10-ന് ആരംഭിക്കുമെന്നും ഡെലിവറി 2023 ജനുവരിയില്‍ ആരംഭിക്കുമെന്നും ടാറ്റ വെളിപ്പെടുത്തി. 315,250 റേഞ്ചുകളിലാണ് ബാറ്ററി പാക്കുകളുള്ളത്.
◾പ്രകൃതി സൗന്ദര്യം കൊണ്ട് ഇത്രയേറെ അന്യഗ്രഹിക്കപ്പെട്ട ഒരു ഭൂപ്രദേശം അപൂര്‍വ്വമാണ്. എന്നാല്‍ ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനവും കൊണ്ട് അരാജകാവസ്ഥയിലായ പ്രദേശമായി കാശ്മീര്‍ ദുഷ്‌പേര്‍ ചാര്‍ത്തി. ‘മിഷന്‍ കാശ്മീര്‍’. ഹക്കിം മൊറയൂര്‍. കൈരളി ബുക്‌സ്. വില 218 രൂപ.
◾കോപം, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് വികാരങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും. അതേസമയം ഇത്തരം വികാരങ്ങള്‍ മിതമായി പ്രകടിപ്പിച്ച് അവ ആരോഗ്യകരമായി പുറത്തുവിടുകയാണെങ്കില്‍ ഹൃദയപ്രശ്നങ്ങളും സ്ട്രോക്ക് മുതലായവയും ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പെട്ടെന്നുള്ള പൊട്ടിത്തെറിയും ദേഷ്യത്തോടെയുള്ള പ്രതികരണവുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ദേഷ്യം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവ് വിരകാരങ്ങള്‍ ഹൃദ്രോഗവുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. കോപവും പേടിയും നിരാശയുമെല്ലാം കൂടിയ ദീര്‍ഘനാളത്തെ സമ്മര്‍ദ്ദം ഹൃദയത്തെ ഒരു പരിധി വരെ ദോഷമായി ബാധിക്കുമെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത്. ദേഷ്യം വരുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന അഡ്രിനാലിന്റെ അളവ് ക്രമാതീതമായി ഉയരും. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദ്ധം കൂട്ടുകയും രക്തധമനികളെ ദുര്‍ബലപ്പെടുത്തി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗികളായ ആളുകളുടെ കാര്യത്തില്‍ പെട്ടെന്നുള്ള ദേഷ്യം മൂലം കാറ്റെകോളമൈനുകള്‍ പെട്ടെന്ന് കുതിച്ചുചാടുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്യും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലി, അമിത രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ശരീരഭാരം, വ്യായാമം, പ്രമേഹം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധച്ചുകൊണ്ടാണ് ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ നമുക്ക് അകറ്റിനിര്‍ത്താം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ പാല്‍ക്കാരന് ഒരു മകളാണ് ഉള്ളത്. മകളുടെ കല്യാണമാണ് അയാളുടെ ഏറ്റവും വലിയ സ്വപ്നം. അതിനായി അയാള്‍ പുഴക്ക് അക്കരെയുള്ള ഗ്രാമത്തില്‍ പോലും പാല്‍ വില്‍പന നടത്തുമായിരുന്നു. ആ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ അയാള്‍ എന്നും പുഴയില്‍ നിന്നും കുറച്ച് വെള്ളം ആ പാല്‍പാത്രത്തിലേക്ക് ഒഴിച്ച് അളവ് കൂട്ടുക പതിവായിരുന്നു. അങ്ങിനെ ധാരാളം പണം അദ്ദേഹം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. കാലം കടന്നുപോയി, അയാളുടെ മകളുടെ വിവാഹമായി. മകള്‍ക്ക് വേണ്ടി അയാള്‍ തൊട്ടടുത്ത നഗത്തില്‍ പോയി ധാരാളം സ്വര്‍ണ്ണം വാങ്ങി. തിരികെ പുഴകടന്ന് വരുമ്പോള്‍ ശക്തമായ കാറ്റും മഴയും വന്നു. കാറ്റത്ത് അയാളുടെ വഞ്ചി മറിഞ്ഞു. കയ്യിലുണ്ടായിരുന്ന എല്ലാ സ്വര്‍ണ്ണവും ആ പുഴയുടെ അടിത്തട്ടിലേക്ക് മറഞ്ഞു… മറ്റുള്ളവരെ നമ്മള്‍ ചതിക്കുമ്പോള്‍ , പറ്റിക്കുമ്പോള്‍, വഞ്ചിക്കുമ്പോള്‍, ഒന്നോര്‍ക്കുക.. നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും നമ്മുടെ അഡ്രസ്സ് എഴുതി നമ്മള്‍ തന്നെ പോസ്റ്റ് ചെയ്യുന്ന കത്ത് പോലെയാണ്. അത് തിരികെ നമ്മെ തേടി വരിക തന്നെ ചെയ്യും. നമ്മള്‍ ആളുകളെ വേദനിപ്പിക്കുമ്പോള്‍, മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമ്പോള്‍, അത് അവരുടെ മനസ്സിന് എത്ര വേദനയുണ്ടാകുന്നുവെന്ന് ചിന്തിക്കാറേ ഇല്ല, പക്ഷേ, അതുപോലെ ഒരു വേദന നമ്മളെ തേടി വരുമ്പോഴാണ് അതിന്റെ ആഴം എത്രവലുതാണെന്ന് നമുക്ക് മനസ്സിലാകുക.. അതുകൊണ്ട് നമ്മെ വേദനിപ്പിക്കുന്നവരോട് നാം ഒരിക്കലും പ്രതികാരത്തിന് നില്‍ക്കുകയേ വേണ്ട. അവരെ കാലത്തിന് വിട്ടുകൊടുക്കൂ.. എന്തുകൊണ്ടെന്നാല്‍ കാലം കാത്തിരിക്കുന്നുണ്ട്.. കാലം പതിയിരിക്കുന്നുണ്ട്… നമ്മെ തേടിവരാന്‍ നമുക്ക് നന്മയുടെ കത്തുകള്‍ പോസ്റ്റ്‌ചെയ്യാന്‍ ശ്രമിക്കാം – ശുഭദിനം.