web cover 95

ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങളോടെ ശക്തിപ്പെടുത്തുമെന്നും രണ്ടു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. അമിത് ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പു മന്ത്രിമാരുടേയും ഡിജിപിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷ, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്.

മോശമായി പെരുമാറുന്ന പോലീസിനെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. പൊലീസ് പെരുമാറ്റച്ചട്ട റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാല്‍ മാത്രം പോരാ, ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്നു. ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ക്കു വിധേയമായി കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനാണ് ശ്രമം. 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കേരളത്തിലെ ജനമൈത്രീ പൊലീസ് സംവിധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസൗഹൃദ പൊലീസാണെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി പൊലീസ് സേനയുടെ നവീകരണത്തിന് കൂടുതല്‍ കേന്ദ്രസഹായം തേടി. കസ്റ്റഡി അതിക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ചും ഗവര്‍ണര്‍ക്കുള്ള പ്രീതി പിന്‍വലിച്ചെന്നു പരിഹസിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യുമെന്നാണു കാനത്തിന്റെ പരിഹാസം. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറിലുള്ള പ്രീതി തങ്ങളും പിന്‍വലിച്ചെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലകളെ സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

എച്ച്ഐവി ബാധിതര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ 11 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ ഇരുപത്തൊന്നര കോടി രൂപ ആവശ്യമാണ്. എച്ച് ഐ വി രോഗികള്‍ക്ക് മാസം 1000 രൂപയാണ് പെന്‍ഷന്‍. ഈ തുക മുടങ്ങാതെ വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിലെ നാലു തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് തടയണ പൊളിച്ച് ചെലവായ തുക റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കണം. പൊളിക്കണമെന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് കോടതി ശരിവച്ചു. കളക്ടറുടെ പൊളിക്കല്‍ ഉത്തരവു വന്നയുടനേ റിസോര്‍ട്ട് പി.വി അന്‍വര്‍ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിറ്റിരുന്നു.

ജീവന് ഭീഷണിയുണ്ടെന്നും മക്കളുടെ കല്യാണം കഴിച്ചയക്കുന്നതുവരെ തന്നെ കൊല്ലരുതെന്നും മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി അനുവദിച്ചാല്‍ വെടിവയ്ക്കുമെന്ന എം.എം മണിയുടെ പ്രസ്താവന തമാശയല്ല. പക്ഷേ മരിക്കാന്‍ പേടിയില്ലെന്നും രാജേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. 14 പേര്‍ക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും സാവകാശം തേടി. ഒരു കേസ് തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ചെന്നു സിബിഐ റിപ്പോര്‍ട്ട് നല്‍കി.

അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ വിഴിഞ്ഞം സമരക്കാരുമായി ചര്‍ച്ചക്കു തയാറാകാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സമരത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സമരത്തിന്റെ രൂപം മാറുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലാപമുണ്ടാക്കാനാണ് സമരക്കാരുടെ ശ്രമം. നടക്കാത്ത കാര്യത്തിന്റെ പേരില്‍ കലാപമുണ്ടാക്കരുതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുംമൂലമെന്നു പൊലീസ് കുറ്റപത്രം. 304 പേജുള്ള കുറ്റപത്രമാണു സമര്‍പ്പിച്ചത്. 12 പ്രതികളുണ്ട്. ഒന്നര വര്‍ഷമായി സിപിഎമ്മില്‍നിന്ന് വിട്ടുനില്‍ക്കുന്നവരാണ് പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബാലഗോകുലത്തിന്റെ ഫ്ളക്സ് വയ്ക്കുന്നത് ഷാജഹാന്‍ തടഞ്ഞത് പ്രകോപനമായെന്നും കുറ്റപത്രത്തിലുണ്ട്.

കരിങ്കൊടി കാണിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കരികില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ കാര്‍നിര്‍ത്തി പുറത്തിറങ്ങി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. തിരുവനന്തപുരം ആണ്ടൂര്‍കോണത്താണ് ബിജെപി പ്രവര്‍ത്തകര്‍ കടകംപള്ളിയെ കരിങ്കൊടി കാണിച്ചത്.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ വീട്ടിലും ഓഫീസിലും കോടതി ഉത്തരവനുസരിച്ചു പരിശോധന. നേരത്തെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന എന്‍ എ മുഹമ്മദ്കുട്ടി നല്‍കിയ കേസിന്റെ നടപടികളുടെ ഭാഗമായാണ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ ചാക്കോയുടെ വീടും ഓഫീസും പരിശോധിച്ചത്. ദേശീയ സെക്രട്ടറി കൂടിയായിരുന്ന എന്‍ എ മുഹമ്മദ്കുട്ടിയെ 6 വര്‍ഷത്തേക്ക് പുറത്താക്കിയ നടപടി നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു.

പത്തനംതിട്ട വാഴക്കുന്നത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ സദാചാര ആക്രമണം നടത്തിയത് മഹിളാമോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്ത്, സഹോദരന്‍ അനു എന്നിവരാണെന്നു കണ്ടെത്തി. പോലീസ് കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട വാഴക്കുന്നത്ത് വച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് സദാചാര ആക്രമണം നടത്തിയത്.

റാന്നി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസ് മെമ്പര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. റാന്നി പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, മിനി തോമസ്, സിന്ധു സഞ്ജയന്‍, മിനു ഷാജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പിനായി പരീക്ഷകള്‍ നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. അടുത്ത മാസം എട്ട് വരെ ഇന്റേണല്‍ പരീക്ഷകളും ലാബ് പരീക്ഷകളും മാറ്റിവെക്കണമെന്നാണ് അഫിലിയേറ്റഡ് കോളേജുകള്‍ക്ക് വിസി നല്‍കിയ നിര്‍ദേശം.

പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ ഇഷ്ടികകൊണ്ട് എറിഞ്ഞു പരുക്കേറ്റ സുരേഷ് മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. രണ്ടാഴ്ചയായി ഒളിവിലായിരുന്ന പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്.

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എല്‍.പി ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്.

ദുബൈയില്‍നിന്ന് കാണാതായ മലയാളി യുവാവിനായി തെരച്ചില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷ് (29)നെ ഈ മാസം 20 നാണ് കാണാതായാത്.

പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ത്ഥികള്‍ക്കു കള്ളു വിറ്റതിന് കള്ളു ഷാപ്പ് ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍ കൃഷ്ണകുമാറിനെതിരെയും കേസ്. വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവര്‍ക്കെതിരെയാണ് കേസ്. കള്ളു കുടിക്കാനെത്തിയ കോയമ്പത്തൂരിലെ കോളേജ് വിദ്യാര്‍ത്ഥികളായ നന്ദകുമാര്‍, അഗതിയന്‍ എന്നിവര്‍ക്കെതിരേയും കേസുണ്ട്.

പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സംഘം ആലപ്പുഴയിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏഴംഗ സംഘത്തെയാണ് അയക്കുന്നത്. രോഗവ്യാപനം സംബന്ധിച്ച് പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയും ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.

കോട്ടയം മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി. പ്രദേശത്ത് പന്നിയിറച്ചി വില്‍പ്പന നിരോധിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

മുക്കം തൃക്കട മണ്ണകടവില്‍ കുളിക്കാനിറങ്ങിയ ഗവണ്‍മെന്റ് ആര്‍ഇസി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. മാമ്പറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്.

കോഴിക്കോട് പേരാമ്പ്രയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ച പത്തു വയസുകാരന്‍ ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന്‍ മുഹമ്മദിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണം. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ഏതാനും തെളിവുകളും ലഭിച്ച സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിനു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.

ശ്മശാനത്തില്‍ മറവുചെയ്ത പന്ത്രണ്ടുകാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തു കടത്തി. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. സൂര്യഗ്രഹണദിവസം ആഭിചാരക്രിയ നടത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് അജ്ഞാതസംഘമാണ് ഇതു ചെയ്തത്. ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മാന്തിയെടുത്താണ് തലയറുത്തത്.

ഗുജറാത്തില്‍ യുദ്ധവിമാന നിര്‍മാണത്തിനുള്ള വന്‍ പദ്ധതിയുമായി ടാറ്റയും എയര്‍ബസും. പ്രധാനമന്ത്രി നരേന്ദ്ര മോദി 22,000 കോടി രൂപയുടെ പദ്ധതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. യാത്രാ വിമാനങ്ങളും ഇവിടെ നിര്‍മിക്കുമെന്നു പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍ പറഞ്ഞു.

വിവാഹ ശേഷം വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വിവാഹത്തിനു മുന്‍പുതന്നെ വ്യക്തമാക്കണമെന്ന് മുംബൈ ഹൈക്കോടതി. വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്നും മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി.

പാക് അധിനിവേശ കാഷ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മറുപടി പറയേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അധിനിവേശ കാഷ്മീരില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാന്‍. അതില്‍നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ അടക്കം മൂന്നു പേരെ റാംപൂര്‍ കോടതി ശിക്ഷിച്ചു. മൂന്നു വര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. 2019 ല്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണു കേസ്.

കര്‍ണാടകയില്‍ ബെലഗാവി രാമദുര്‍ഗയില്‍ കുടിവെള്ള പൈപ്പില്‍ കലര്‍ന്ന മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു. ശിവപ്പ ( 70 ) ആണ് മരിച്ചത്. പൈപ്പ് പൊട്ടി ഓടയിലെ മലിന ജലം ശുദ്ധജല വിതരണത്തിനുള്ള പൈപ്പില്‍ കലരുകയായിരുന്നു. മലിനജലം കുടിച്ച് 94 പേര്‍ ചികില്‍സ തേടി.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഷ്മീര്‍ മണ്ടത്തരങ്ങളുടെ 75ാം വാര്‍ഷികമാണെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. നെഹ്‌റുവിന്റെ മണ്ടത്തരങ്ങളെ നരേന്ദ്രമോദിയാണു തിരുത്തിയതെന്നും റിജ്ജു അവകാശപ്പെട്ടു.

ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത ഭര്‍ത്താവ് അറസ്റ്റിലായി. ഭാര്യ ശോഭിതയെ രക്ഷിക്കാന്‍ ശ്രമിക്കാത്ത സഞ്ജയ് ഗുപ്തയാണ് യുപിയിലെ കാണ്‍പൂരില്‍ പിടിയിലായത്.

ഭോപ്പാലില്‍ ക്ലോറിന്‍ വാതക ചോര്‍ച്ച. 15 പേര്‍ ചികിത്സ തേടി. വെള്ളം ശുചീകരിക്കാന്‍ തയ്യാറാക്കിയ ടാങ്കില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത്. വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് ചുമയും ശ്വാസംമുട്ടും അനുഭവപ്പെട്ടു.

യുക്രൈയ്നെതിരെ അണ്വായുധം ഉപയോഗിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യുദ്ധത്തിന് പാശ്ചാത്യ രാജ്യങ്ങളാണ് യുക്രെയിനു യുദ്ധോപകരണങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനിലെ മഹാബാദില്‍ പോലീസും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മതപൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40-ാം ചരമദിനത്തില്‍ പ്രതിഷേധക്കാര്‍ മഹാബാദ് ഗവര്‍ണറുടെ ഓഫീസിനു തീവെച്ചു.

ഐഎസ്എല്ലില്‍ ഒഡിഷ ഒന്നാം സ്ഥാനത്ത്. കരുത്തരായ ബെംഗളൂരു എഫ്‌സിക്കെതിരേ നേടിയ ഒരു ഗോള്‍ ജയത്തോടെയാണ് നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ഒമ്പത് പോയന്റോടെ ഒഡിഷ ഒന്നാം സ്ഥാനത്തെത്തിയത്.

ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 179 റണ്‍സെടുത്തു. 62 റണ്‍സെടുത്ത വിരാട് കോലിയുടേയും 53 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സിനെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി. സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്വെ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു സിംബാബ്വെയുടെ ജയം. സിംബാബ്വെയുടെ 131 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാകിസ്താന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ സാധിച്ചുള്ളു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്തര്‍ റാസയാണ് പാകിസ്താനെ തകര്‍ത്തത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് ഈ വര്‍ഷം ഒന്‍പതു മാസംകൊണ്ട് 10000 കോടി ഡോളര്‍ കവിഞ്ഞതായി ചൈനീസ് കസ്റ്റംസ്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 7500 കോടി ഡോളറിലേറെ ആയി ഉയര്‍ന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലും വ്യാപാര ഇടപാട് 10363 കോടി ഡോളറിനടുത്താണ്. മുന്‍ വര്‍ഷത്തേക്കാള്‍ 14.6 ശതമാനം കൂടുതല്‍. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 31 ശതമാനം ഉയര്‍ന്ന് 8966 കോടി ഡോളറായി. അതേസമയം ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 36.4 ശതമാനം ഇടിഞ്ഞ് 1397 കോടി ഡോളറാണ്.

ഈ സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് വരെ കേരളത്തില്‍ റിലയന്‍സ് ജിയോയ്ക്ക് 5,19,581 വരിക്കാര്‍ കൂടി. എയര്‍ടെലിന് 74,322 വരിക്കാരെയാണ് നേടാനായത്. വരിക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയയ്ക്ക് 8,74,492 വരിക്കാരെയും രണ്ടാം സ്ഥാനത്തുള്ള ബിഎസ്എന്‍എലിന് 3,35,225 വരിക്കാരെയും നഷ്ടപ്പെട്ടു. ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) കണക്ക് അനുസരിച്ച് വോഡ- ഐഡിയ 1,50,78,888, ബിഎസ്എന്‍എല്‍ 1,01,84,966, റിലയന്‍സ് ജിയോ 96,86,259, എയര്‍ടെല്‍ 78,08,380 എന്നിങ്ങനെയാണ് വരിക്കാരുടെ എണ്ണം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്നു. മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി ചിത്രത്തിന്റെ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മലൈക്കോട്ടൈ വാലിബന്‍ ‘ എന്നതാണ് ചിത്രത്തിന്റെ പേരെന്നും ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നും മോഹന്‍ലാല്‍ ചിത്രത്തില്‍ ഗുസ്തിക്കാരനായിട്ടായിരിക്കും വേഷമിടുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2023 ജനുവരിയില്‍ രാജസ്ഥാനില്‍ വച്ച് ‘മലൈക്കോട്ടൈ വാലിബന്‍ ‘ ചിത്രീകരണം ആരംഭിക്കും.

കളയ്ക്കുശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകന്‍. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി ആണ് നായിക. ഗോദയില്‍ അദിതി സിംഗ് എന്ന പഞ്ചാബുകാരി പെണ്‍കുട്ടിയായി നിറഞ്ഞ കൈയടി നേടിയ വാമിഖ അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ്. പഞ്ചാബിലെ അറിയപ്പെടുന്ന താരമായ വാമിഖ പൃഥ്വിരാജ് ചിത്രം നയനിലും അഭിനയിച്ചിരുന്നു. ബാലുവര്‍ഗീസ്, സഞ്ജന എന്നിവരാണ് രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റു താരങ്ങള്‍.

ലംബോര്‍ഗിനി ഉറുസിന് ശേഷം മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ എസ്യുവി സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍. മെഴ്സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്യുവി ജി 63 എഎംജിയാണ് പൃഥ്വിരാജ് ഗാരിജിലെത്തിച്ച ഏറ്റവും പുതിയ വാഹനം. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്യുവി പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് വാങ്ങിയത്. ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപ വില വരുന്ന വാഹനം ബെന്‍സിന്റെ ഏറ്റവും കരുത്തുറ്റ എസ്യുവികളിലൊന്നാണ്. നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്.

നാടകവേദിക്ക് ജീവിതഗന്ധം പകരുന്ന അത്യപൂര്‍വ്വമായ ഒരു റഷ്യന്‍ ക്ലാസിക്കല്‍ കൃതിയുടെ മലയാള പരിഭാഷ. മിഖായേല്‍ ബുള്‍ഗക്കോവിന്റെ ആത്മകഥാനുഗായിയായ രചന. മഹാനായ എഴുത്തുകാരനെന്ന് മാര്‍ക്വേസിനെപ്പോലുള്ള പ്രതിഭാധനന്മാര്‍ പ്രകീര്‍ത്തിച്ച, മാസ്റ്റര്‍ ആന്റ് മാര്‍ഗരീറ്റ എന്ന വിസ്മയകരമായ നോവലെഴുതിയ ബുള്‍ഗക്കോവിന്റെ മറ്റു കൃതികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ് ‘കറുത്ത മഞ്ഞ്’. വിവര്‍ത്തനം – രാജന്‍ തുവ്വാര. റെഡ് റഓസ് പബ്ളിഷിംഗ് ഹൗസ്. വില 180 രൂപ.

പുരുഷന്‍മാരും സ്ത്രീകളും പുകവലി ശീലം നിറുത്താന്‍ ശ്രമിക്കുമെങ്കിലും സ്ത്രീകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ഊപ്‌സാല സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പുകവലി സ്ത്രീകളുടെ തലച്ചോറിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദന സംവിധാനത്തെ കാര്യമായി തടസപ്പെടുത്തുന്നുണ്ട്. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ പോലും ഈ മാറ്റം പ്രകടമാണ്. . പെരുമാറ്റത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിന്റെ ഭാഗമായ തലച്ചോറിലെ താലമസ് ഭാഗത്താണ് നിക്കോട്ടിന്റെ പ്രവര്‍ത്തനം പ്രധാനമായും ഉണ്ടായത്. നികോട്ടിനോട് സ്ത്രീശരീരവും പുരുഷ ശരീരവും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് മുന്‍പു തന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. നികോട്ടിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്ത്രീകളില്‍ അത്രവേഗം ഫലവത്താവില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പുകവലി ശീലത്തിലേക്ക് തിരികെ വരാനുള്ള പ്രവണതയും സ്ത്രീകളിലാണ് കൂടുതല്‍. ഈസ്ട്രജന്റെ ഉത്പാദനത്തില്‍ വിപരീത ഫലം ഉണ്ടാക്കുന്നതിനാല്‍ പ്രത്യുല്‍പാദന സംവിധാനത്തെയും പുകവലി ശീലം പ്രതികൂലമായി ബാധിക്കും. ഇതിനുപുറമേ പുകവലി മൂലം ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം എന്നിവയും ഉണ്ടാവാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണന്നാണ് നിഗമനം. നിക്കോട്ടിന്‍ ഹോര്‍മോണ്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതും ഈ പ്രത്യാഘാതങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമണ്ടോ എന്നതാണ് ഇനി കണ്ടെത്തേണ്ടത് എന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

പുതിയതായി വാങ്ങിയ ആ കൃഷിയിടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതില്‍ വെള്ളത്തിനുള്ള വഴി തേടി ആ കൃഷിക്കാരന്‍ കുറെ അലഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. പറഞ്ഞ വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി. പിറ്റേദിവസം വെള്ളമെടുക്കാനെത്തിയ കൃഷിക്കാരനെ മുന്‍ഉടമസ്ഥന്‍ തടഞ്ഞു. അയാള്‍ കൃഷിക്കാരനോട് പറഞ്ഞു: ഞാന്‍ കിണര്‍ മാത്രമേ വിറ്റിറ്റുള്ളൂ. വെള്ളം വിറ്റിട്ടില്ല. എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കര്‍ഷകന്‍ കോടതിയെ സമീപിച്ചു. വാദം കേട്ട ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറില്‍ താങ്കളുടെ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക! തന്റെ തന്ത്രം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ അയാള്‍ തന്റെ വാദത്തില്‍ നിന്നും പിന്മാറി. പൂര്‍ണ്ണമായും കിണര്‍ കൃഷിക്കാരന് നല്‍കി. അര്‍ഹിക്കുന്നത് മാത്രം സ്വന്തമാക്കുന്നവരും അയല്‍പക്കത്തുള്ളതുകൂടി സ്വന്തമാക്കുന്നവരും ഉണ്ട്. അര്‍ഹത അടിസ്ഥാനമാക്കിയവര്‍ക്ക് സ്വന്തമായ നീതിബോധമുണ്ടായിരിക്കും. ആനുകൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ മറ്റുള്ളവരുടെ കഴിവുകളെ വിലമതിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. യോഗ്യതയുള്ളവര്‍ക്ക് അര്‍ഹതയുള്ളത് ലഭിക്കും. അവര്‍ക്ക് ആരുടേയും ചൊല്‍പടിക്ക് നില്‍ക്കേണ്ടിവരില്ല. സ്വാധീനിക്കേണ്ടതിന്റെയോ കീഴടങ്ങേണ്ടതിന്റെയോ ആവശ്യമില്ല. നമുക്കും അര്‍ഹതയുള്ളവയെ അവഗണിക്കാതിരിക്കാന്‍ ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *