◾‘പൊലീസിന് ഒറ്റ യൂണിഫോം’ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിലെങ്കിലും ഇതു സാധ്യമാകുമെന്ന് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിവിറില്‍ പറഞ്ഞു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. തോക്കു കൊണ്ടു മാത്രമല്ല, ചിലര്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും സഹകരിച്ച് മുന്നേറണമെന്നും മോദി ആവശ്യപ്പെട്ടു.
◾സംസ്ഥാനത്ത് സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്ററിനകത്തെ ബഫര്‍സോണില്‍ 49,374 കെട്ടിടങ്ങളുണ്ടെന്ന് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട്. നേരിട്ടുള്ള പരിശോധന നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും. സൂപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. സംസ്ഥാനത്ത് 24 സംരക്ഷിത വനമേഖലയുടെ വിസ്തൃതി 1592.52 ചതുശ്ര കിലോമീറ്ററാണ്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പങ്കുണ്ടെന്നു വ്യക്തമായതു മുതല്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിയില്‍. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ല. കേസിന്റെ വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വപ്നയുടെ മൊഴി രാഷ്ട്രീയ പ്രേരിതമല്ല. സ്വന്തം ഇഷ്ടപ്രകാരമാണു സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതെന്നും ഇഡി പറഞ്ഞു. പ്രതിയായ എം ശിവശങ്കറും തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇഡിയുടെ ഹര്‍ജിയെ പിന്തുണച്ച് പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീടു വളഞ്ഞാണ് ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ പോകാന്‍ സഹായിച്ചത് റൗഫാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
◾അമേരിക്കയിലെ ബോസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27), രാജമുണ്ട്രി സ്വദേശി സായി നരസിംഹ പടംസെട്ടി (22), വാറങ്കല്‍ സ്വദേശി പവനി ഗുല്ലപ്പള്ളി (22) എന്നിവരാണ് മരിച്ചത്. ന്യൂ ഹേവന്‍ സര്‍വകലാശാലയിലെ എംഎസ് വിദ്യാര്‍ത്ഥികളാണു മരിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾വിഴിഞ്ഞം തുറമുഖ സമരത്തിനു റോഡിലുണ്ടാക്കിയ തടസങ്ങള്‍ നീക്കണമെന്ന് അന്ത്യശാസനവമായി ഹൈക്കോടതി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത്. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതരാക്കരുതെന്നും കോടതി. അദാനി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
◾എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പരാതിക്കാരിയെ ആക്രമിച്ചെന്ന കേസില്‍ മൂന്ന് അഭിഭാഷകര്‍ അടക്കം നാലു പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. അഡ്വ. അലക്സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്ത്തകന് രാഗം രാധാകൃഷ്ണന് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് കേസ്. ഈ കേസില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 31 ന് കോടതി വിധി പറയും.
◾വനിതാ സുഹൃത്ത് നല്കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. പാറശ്ശാല മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകന് ഷാരോണ്‍ രാജ് (ജിയോ- 23) ആണ് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ് സി റോഡിയോളജി വിദ്യാര്‍ത്ഥിയാണ്. രാമവര്‍മ്മന്‍ചിറയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു കുടിച്ചതു വിഷജ്യൂസാണെന്നാണു വീട്ടുകാരുടെ പരാതി. എന്നാല്‍, താന്‍ കുടിച്ച കഷായമാണ് ഷാരോണിനു നല്‍കിയതെന്നു യുവതി ഷാരോണിന്റെ സഹോദരന് സജിന്‍ അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു.
◾ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് തമിഴ്നാട് സ്വദേശിനി ജയന്തി (22) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് കിനാലൂരിലെ ഹോസ്റ്റല്‍ മുറിയില്‍ ബെര്‍ത്ത് കട്ടിലില്‍ തൂങ്ങി, നിലത്ത് ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഉഷ സ്കൂളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി സിന്ധു മരിച്ചെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു മന്ത്രി നിര്‍ദേശം നല്കി. മരുന്നിന്റെ പാര്‍ശ്വഫലമാകാം മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.
◾അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍. വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നും അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കരാറില്‍നിന്ന് പിന്മാറിയാല് പീഡന കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
◾കലൂര്‍ മാലപൊട്ടിക്കല്‍ കേസിലെ പ്രതി മറ്റൊരു മാല പൊട്ടിക്കല്‍ ശ്രമത്തിനിടെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ അക്ബര്‍ ഷായാണ് പിടിയിലായത്.
◾ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് കാര്‍ ഡ്രൈവര്‍ക്ക് ട്രാഫിക് പൊലീസിന്റെ നോട്ടീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. സ്വിഫ്റ്റ് കാറിന്റെ നമ്പരു സഹിതമാണ് ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചെന്നു നോട്ടീസ് വന്നത്.
◾ഹോട്ടലില്‍ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ചീട്ടുകളി സംഘത്തില്‍ നിന്നും 89,720 രൂപ കസബ പൊലീസ് പിടിച്ചെടുത്തു.
◾പയ്യന്നൂരിലെ ടി.ഐ മധുസൂദനന് എംഎല്‍എയ്ക്കെതിരേ വധഭീഷണണി മുഴക്കിയതിന് ക്ഷേത്ര പൂജാരിയായ വിജേഷിനെ പോലീസ് പിടികൂടി. എംഎല്‍എയുടെ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. നേരത്തെ പി ജയരാജനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു.
◾ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ പത്തനംതിട്ട ഇരവിപേരൂര്‍ കല്ലേലില്‍ വീട്ടില്‍ ഷിജിന് തോമസിനെ (23) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
◾പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നു. ഇന്നലെ 15,695 താറാവുകളെയും ഇന്ന് 20,471 താറാവുകളെയുമാണു കൊന്നത്.
◾കണ്ണൂരില്‍ വീട്ടമ്മ കെ. രാധയുടെ മാലപൊട്ടിച്ചു കടന്ന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരനു പാമ്പുകടിയേറ്റു. മട്ടന്നൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി എട്ടോടെ മട്ടന്നൂരിനടുത്ത് കീഴല്ലൂരിലാണ് സംഭവം. പാമ്പുകടിയേറ്റ അശ്വിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലപൊട്ടിച്ച സംഘത്തെ കീഴല്ലൂരില്‍ വച്ച് പിടികൂടി.
◾വയനാട് ചീരാലില്‍ നാടു വിറപ്പിച്ച കടുവ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിനടുത്തു സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്തു വയസള്ള ആണ് കടുവയാണ് പിടിയിലായത്.
◾കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിനു മുമ്പിലെ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ ചിലത് പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്ന് പൊലീസ്. വന്‍ ആള്‍നാശം ലക്ഷ്യമിട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തിരുന്നത്. കൊല്ലപ്പെട്ട മുബീന് കേരളത്തിലെത്തിയത് ചികിത്സയ്ക്കെന്ന പേരിലാണ്. ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
◾കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലേക്കും. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
◾കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ നവജാത ശിശുക്കളുടെ ശരീര താപനില പരിപാലിക്കുന്ന യന്ത്രം അമിതമായി ചൂടായതുമൂലം രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. രാജസ്ഥാന് ഭില്‍വാരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെണ്‍കുട്ടി ബുധനാഴ്ചയും 10 ദിവസം പ്രായമുള്ള ആണ്‍കുട്ടി വ്യാഴാഴ്ചയും മരിച്ചു. രണ്ട് കുട്ടികള്‍ക്കും അമിത ചൂടേറ്റതിനെ തുടര്‍ന്ന് പൊള്ളലേറ്റു. നാല്‍പ്പതോളം കുഞ്ഞുങ്ങളാണ് എന്‍ഐസിയുവില്‍ ഉണ്ടായിരുന്നത്.
◾ഗുജറാത്തിലേക്ക് വമ്പന്‍ നിക്ഷേപ പദ്ധതികള്‍ ഒഴുക്കുന്നതിനെതിരേ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വന്‍കിട പദ്ധതികള്‍ ഗുജറാത്ത് റാഞ്ചുകയാണെന്നാണ് ആരോപണം. വേദാന്ത ഫോക്സ് കോണ്‍ സെമി കണ്ടക്ടര്‍ നിര്‍മ്മാണശാലയ്ക്കു പിറകേ, വ്യോമസേനയ്ക്കു വിമാനം നിര്‍മ്മിക്കുന്ന പ്ലാന്റും ഗുജറാത്തിലേക്കു കൊണ്ടുപോയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
◾വര്‍ഗീയതയില്‍ ബിജെപിയെ കടത്തിവെട്ടി കേജരിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്കു കത്തെഴുതി. കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.
◾മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ അട്ടിമറിയെന്ന് മലയാളി വിദ്യാര്‍ത്ഥിനി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാര്‍ത്ഥിനി സെലീഷ്യ മോഹന്‍ദാസാണ് പരാതിക്കാരി. നീറ്റ് പരീക്ഷാ ഫലം പുറത്തുവന്ന ദിവസം വെബ് സെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മാര്‍ക്ക് ലിസ്റ്റില്‍ അഖിലേന്ത്യാതലത്തില്‍ 711 മാര്‍ക്കോടെ പതിനാലാം റാങ്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടു പ്രസിദ്ധീരിച്ച ലിസ്റ്റില്‍ സെലീഷ്യയുടെ റാങ്ക് 14 ലക്ഷത്തിനു മുകളിലായിയെന്നാണു പരാതി.
◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ കമ്മിറ്റി യോഗം വീണ്ടും നവംബര്‍ മൂന്നിന്. വിലക്കയറ്റത്തിന്റെ തോത് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതോടെയാണ് വീണ്ടും യോഗം വിളിച്ചു ചേര്‍ക്കുന്നത്.
◾സൈബര്‍ കുറ്റകൃതൃങ്ങള്‍ക്കായി ദുരുപയോഗിക്കുന്ന 28,000 മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞെന്നു ഹരിയാന പോലീസ്. ഈ നമ്പരുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യുമെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും പോലീസ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദി മഹത്തായ രാജ്യ സ്നേഹിയാണെന്നു പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഇന്ത്യയുടെ വിദേശ നയങ്ങള്‍ മഹത്തരമാണെന്നും പുടിന് പറഞ്ഞു. മോസ്കോയില്‍ നടന്ന വാല്‍ഡായി ക്ലബ് കോണ്‍ഫറന്‍സിലാണ് പുടിന് മോദിയെ വാനോളം പ്രശംസിച്ചത്.
◾ട്വിറ്റര്‍ ഇലോണ്‍ മസ്ക് സ്വന്തമാക്കി. 4,400 കോടി ഡോളര്‍ മുടക്കിയാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും മസ്ക് കൈയോടെ പുറത്താക്കുകയും ചെയ്തു.
◾ഇറാനില്‍ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷ സേന മൂന്നു പേരെ വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ നഗരമായ മഹാബാദില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും ഉള്‍പെടുന്നതായി ഇറാന് മാധ്യമങ്ങള്‍.
◾വടക്കന്‍ ഇറ്റലിയില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മിലാനിനടുത്തുള്ള അസാഗോ പട്ടണത്തിലുണ്ടായ ആക്രമണത്തില്‍ ആര്സെനല് ഫുട്ബോള്‍ താരം പാബ്ലോ മാരി ഉള്‍പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
◾ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്സ് – മുംബൈ സിറ്റി എഫ്സി മത്സരം. ആദ്യ മത്സരത്തിലെ ജയത്തിനു ശേഷം തുടര്‍ച്ചയായ രണ്ടു തോല്‍വികളുടെ മുറിവുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നതെങ്കില്‍ ആദ്യ മൂന്ന് കളികളിലും തോല്‍വിയറിയാതെയാണ് മുംബൈ സിറ്റിയെത്തുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.
◾ടി20 ലോകകപ്പില്‍ രസംകൊല്ലിയായി വീണ്ടും മഴ. ഇത്തവണ അയര്‍ലന്‍ഡ് – അഫ്ഗാനിസ്താന് മത്സരമാണ് ഉപേക്ഷിച്ചത്. രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മഴ കാരണം ഉപേക്ഷിക്കുന്ന സൂപ്പര്‍ 12ലെ മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്.
◾കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചു. പ്രതിദിനം 3.91 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് സെപ്തംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 സെപ്തംബറിനേക്കാള്‍ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്ചയുമാണിത്. ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്റ്റിലേതിനേക്കാള്‍ 16.2 ശതമാനം താഴ്ന്ന് 2.2 മില്യണ്‍ ബാരലാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.96 ബാരലിലെത്തി
◾ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 907.40 കോടി രൂപയില്‍ നിന്നും 8.7 ശതമാനമാണ് വരുമാന വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 43.66 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷം ഇത് 59.40 കോടി രൂപയായിരുന്നു.
◾അശോക് സെല്വന് നായകനാകുന്ന പുതിയ ചിത്രമാണ് ‘നിതം ഒരു വാനം’. നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പാതി നീ പാതി നാന്’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ ശിവാത്മീകയും അശോക സെല്‍വനുമാണ് ഗാനരംഗത്ത് ഉള്ളത്. മലയാളികളുടെ പ്രിയപ്പെട്ട താരം അപര്‍ണ ബാലമുരളിയും, റിതു വര്‍മയും ചിത്രത്തില്‍ നായികമാരായുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.
◾ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. എരിയുന്ന തീയ്ക്ക് മുന്നില്‍ നില്ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററില്‍ ഉള്ളത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ‘മാളികപ്പുറം’സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന.
◾ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, 2022 നവംബറില്‍ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി 2023 ഹോണ്ട അക്കോര്‍ഡ് സെഡാന്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറക്കി. പുതിയ സെഡാന് ഡിസൈന്‍ പുതിയ ജെന്‍ എച്ച്ആര്‍-വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പുതിയ ടീസറുകള്‍ സ്ഥിരീകരിക്കുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ക്രീനായ 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ സെഡാനില്‍ ഉണ്ടാകും. നിലവിലെ മോഡല്‍ 3 എഞ്ചിന് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
◾കുറേ അതികാമികളും അത്യന്തകാമിനിമാരുമല്ല – മനുഷ്യവംശമാണ് പെണ്മയും പുരുഷതയുമാണ്- ഋതുസംഹാരത്തിലെ മൂലകഥാപാത്രങ്ങള്‍. ‘ഋതുസംഹാരം’.
കാളിദാസ്. എന്‍.പി ചന്ദ്രശേഖരന്. മൈത്രി ബുക്സ്. വില 145 രൂപ.
◾തലയോട്ടിയും മുടിയും വൃത്തിയായും പോഷണമായും സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അമിതമായി ഷാംപൂ ചെയ്യുന്നത് മുടിക്കും തലയോട്ടിക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.ഇടയ്ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ മുടികൊഴിച്ചില്‍ ഉണ്ടാകാം. ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ ഇതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. കൃത്രിമമായി നിര്‍മിക്കുന്ന ഷാംപൂകളില്‍ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തോടെയിരിക്കുന്ന മുടിയിഴകളെ വരെ തളര്‍ത്താനും കൂടെ അലര്‍ജി പോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും. കണ്ണുകള്‍, ശ്വാസകോശം തുടങ്ങി വിവിധ അവയവങ്ങള്‍ക്ക് അസ്വസ്ഥയുണ്ടാക്കാനും വീര്യം കൂടിയ ഷാംപൂകളുടെ ഉപയോഗം ഇടയാക്കും. ഷാംപൂവില്‍ ഗന്ധം വര്‍ധിപ്പിക്കുന്നതിനായി ഇതില്‍ ഏകദേശം 3000 സിന്തറ്റിക് ഫ്രാഗ്രന്‍സ് വരെ ചേര്‍ത്തിരിക്കും. ഷാംപൂവില്‍ പെട്രോളിയം, മിനറല്‍ ഓയിലുകള്‍ എന്നിവ ചേര്‍ത്തിരിക്കുന്നത് കൊണ്ട് മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയെ അത് തടസപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മുടി തഴച്ച് വളരാന്‍ വീട്ടില്‍ തന്നെ ചില ഹെര്‍ബല്‍ ഷാംപൂവുകള്‍ ഉണ്ടാക്കാനാകും. ഷാംപൂകളും കണ്ടീഷണറുകളും ഇടയ്ക്കിടെ ഉപയോഗിക്കുന്നത് തലയോട്ടി വരണ്ടതും ചൊറിച്ചിലും ഉണ്ടാക്കും. ഇത് തലയോട്ടിയില്‍ അലര്‍ജിക്ക് കാരണമായേക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.50, പൗണ്ട് – 95.03, യൂറോ – 81.97, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.91, ബഹറിന്‍ ദിനാര്‍ – 218.71, കുവൈത്ത് ദിനാര്‍ -266.26, ഒമാനി റിയാല്‍ – 214.17, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.65, കനേഡിയന്‍ ഡോളര്‍ – 60.62.