web cover 73

ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഉത്തരവ്. നിയമനത്തിനെതിരേ സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോടു മിണ്ടരുതെന്നു പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭര്‍ത്താവിനെതിരായ ആരോപണത്തിനു ജഡ്ജിയെ സംശയിക്കാനാവില്ല. ജഡ്ജിയെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ചുമതലയേല്‍ക്കും. അന്നു വൈകിട്ട് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി. തുടര്‍ന്ന് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഡല്‍ഹിയില്‍ നേപ്പാള്‍ സ്വദേശിനിയായ ബുദ്ധസന്യാസിനി ചമഞ്ഞ ചൈനീസ് യുവതി വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റിലായി. ചാരവനിതയാണെന്നാണു റിപ്പോര്‍ട്ട്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നു സംവിധായികയ്ക്കെതിരേ ആരോപണവുമായി യുവാവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിയുമായി രംഗത്തുവന്നത്. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

കടലില്‍ നിര്‍ത്താതെ പോയ ബോട്ടിലെ മത്സ്യത്തൊഴിലാളിക്കു നാവികസേനയുടെ വെടിയേറ്റു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ നിര്‍ത്തിയില്ല. തുടര്‍ന്നാണു നാവികസേനാംഗങ്ങള്‍ വെടിവച്ചത്. മയിലാടുതുറയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക കൊലപാതകം. തമിഴ്നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്.

കേരള സര്‍വകലാശാലാ സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ വി. ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു.

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ജാമ്യം നേടിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. നാളെ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചു ജയില്‍ മോചിതനായി. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് പുറത്തിറങ്ങി. 2000 ഒക്ടോബര്‍ 21 നാണ് 31 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തമുണ്ടായത്.

പാരമ്പര്യ വൈദ്യന്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ രണ്ടു ദുരൂഹ മരണങ്ങള്‍ സിബിഐ അന്വേഷിക്കും. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവര്‍ത്തക ചാലക്കുടി സ്വദേശിനി ഡെന്‍സി എന്നിവരുടെ മരണമാണ് സിബിഐ അന്വേഷിക്കുക.

റമ്മി കളിച്ചു നഷ്ടപ്പെട്ട പണത്തിനായി മോഷണം നടത്തിയ പോലീസുകാരനെ അറസ്റ്റു ചെയ്തു. എറണാകുളം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനും അരൂര്‍ സ്വദേശിയുമായ അമല്‍ദേവിനെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനു പോയപ്പോള്‍ അലമാരയില്‍നിന്നു സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.185 കിലോഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുനീര്‍ ആണ് പിടിയിലായത്.

എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടിയില്‍ പിടിയില്‍. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസില്‍ പ്രതിയാണ് പവിത്ര.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന് എംഎല്‍എ ഓഫീസില്‍ ലഡു വിതരണം ചെയ്തതിനെയും അദ്ദേഹം പരിഹസിച്ചു. ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

സമസ്തക്ക് പരോക്ഷ വിമര്‍ശനവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്. ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ തുടര്‍ന്നും മഴയുണ്ടാകാനാണ് സാധ്യത.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കി സമവായമുണ്ടാക്കാന്‍ നീക്കം. നിയുക്ത എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കത്തു നല്‍കും.

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണു കാരണമെന്നു പൊലീസ്.

പ്ലാസ്മയ്ക്കു പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് ഡെങ്കിപ്പനി ബാധിച്ചയാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അടച്ചുപൂട്ടിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയാണു പൂട്ടിയത്. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. 25,000 രൂപ കൊടുത്താണ് അഞ്ചു യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒരു യൂണിറ്റ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അതു പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. അഞ്ചോ അതിലധികമോ പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമമുണ്ടെമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ജാഥകളും പൊതുയോഗങ്ങളും പാടില്ല. മരണം, വിവാഹം, സിനിമ തീയറ്റര്‍ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രണ്ടു ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. റോഡ് സൗകര്യങ്ങളില്ലാത്ത പ്രദേശത്താണ് ഹെലികോപ്റ്റര്‍ വീണത്.

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ വെസ്റ്റിന്‍ഡീസ് പുറത്ത്. രണ്ട് തവണ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്.

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ്. പാദവാര്‍ഷിക അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ നിക്ഷേപം 14.10 ശതമാനം വര്‍ധിച്ച് 30,548 കോടി രൂപയായി. സേവിങ്‌സ് നിക്ഷേപം 14 ശതമാനവും കറന്റ് നിക്ഷേപം 14.65 ശതമാനവും വര്‍ധിച്ച് യഥാക്രമം 25,538 കോടി രൂപയും 5010 കോടി രൂപയിലുമെത്തി. റീട്ടെയ്ല്‍ നിക്ഷേപം 5.71 ശതമാനം വര്‍ധിച്ച് 87,111 കോടി രൂപയിലും, എന്‍ആര്‍ഐ നിക്ഷേപം 2.52 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.

ഷാഫി സംവിധാനം ചെയ്യുന്ന ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായി എത്തുന്നു. അനഘ നാരായണന്‍ നായികയാകുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ‘ദിവാകരക്കുറുപ്പ്’, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന ‘പി പി ഗിരീഷ്’ എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ‘ദിവാകരക്കുറുപ്പി’നെ ഇന്ദ്രന്‍സും, ‘പി പി ഗിരീഷി’നെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടന്നുകൊണ്ടിരിക്കുന്ന പാരീസ് മോട്ടോര്‍ ഷോയിലൂടെ ഐക്കണിക്ക് വാഹനമായ റെനോ 4 തിരിച്ചുവരുന്നു. 2025-ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന റെനോ 4 റെട്രോ-സ്റ്റൈല്‍ ഇലക്ട്രിക് എസ്യുവി കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വടക്കന്‍ ഫ്രാന്‍സിലെ കമ്പനിയുടെ പുതിയ ഇലക്ട്രിസിറ്റി പ്രൊഡക്ഷന്‍ ഹബ്ബില്‍ പുതിയ റെനോ 5 നൊപ്പം പുതിയ മോഡല്‍ നിര്‍മ്മിക്കും. പുതിയ റെനോ 4 കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിക്ക് 4,160 എംഎം നീളവും 1,950 എംഎം വീതിയും 1,900 എംഎം ഉയരവുമുണ്ട്, കൂടാതെ 2,570 എംഎം വീല്‍ബേസുമുണ്ട്. ലോഞ്ച് സമയത്ത് കമ്പനി റെനോ 4 ന്റെ 4ഡബ്ളിയുഡി പതിപ്പും അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുരോഗമനവാദി. മണ്ണിനെയും മനുഷ്യനെയും കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന മനുഷ്യസ്നേഹി. ആശയപരമായ ഔന്നത്യത്തോടെ നില്‍ക്കുന്ന എഴുത്തുകാരന്‍. ഭാരതത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഇടപെടലുകളോടെ, രാഷ്ട്രീയ അവബോധത്തിന്റെ ചിന്താധാരകള്‍ പകരുന്ന എഴുത്ത്. രാഷ്ട്രീയാതീതമായ കാഴ്ചപ്പാടില്‍, ഇന്ത്യയെന്ന സ്വരാജ്യത്തെ നെഞ്ചോട് ചേര്‍ത്തെഴുതിയ കുറിപ്പുകളുടെ സമാഹാരം. ‘ഹൃദയത്തിന്റെ മുഖക്കുറിപ്പുകള്‍’. ടി എന്‍. പ്രതാപന്‍. ഗ്രീന്‍ ബുക്സ്. വില 142 രൂപ.

ദീപാവലി ഇങ്ങെത്തുന്നതോടെ എന്നും മധുരപലഹാരങ്ങളുടെ ബഹളമായിരിക്കും. പക്ഷെ കണക്കില്ലാതെ കഴിച്ചുകൂട്ടുന്നത് ദഹനപ്രശ്‌നമടക്കം പല ബുദ്ധമുട്ടുകളും ഉണ്ടാക്കുമെന്ന് സംശയം വേണ്ട. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചും വ്യായാമം ചെയ്തുമെല്ലാം ദഹനപ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് പിടിച്ചുനിര്‍ത്താം. ഇതിനുപുറമെ തൈര്, ഇഞ്ചി പോലുള്ളവയും നിങ്ങളെ സഹായിക്കും. ദഹനത്തിന് ഏറ്റവും മികച്ചതാണ് തൈര്. ഇത് പല രീതിയില്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഏറ്റവും ഗുണകരം. തൈരില്‍ പ്രൊബയോട്ടിക്‌സ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശരിയാകാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബറിന്റെ ഒരു മികച്ച സോഴ്‌സ് ആയ കസ്‌കസും പ്രൊബയോടിക്‌സിന്റെ അതേ പ്രയോജനമാണ് നല്‍കുന്നത്. വയറില്‍ ആവശ്യമുള്ള ബാക്ടീരിയയെ നല്‍കി ദഹനം സുഗമമാക്കാന്‍ ഇത് സഹായിക്കും. തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് ഇവ പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാം. ദഹനത്തിന് സഹായിക്കുകയും ഉദരസംബന്ധമായ മറ്റ് ബുദ്ധമുട്ടുകള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്ന ഒന്നാണ് ഇഞ്ചി. ചെറുകുടലിലൂടെ ഭക്ഷണം സുഘമമായി പോകുന്നതിനും നെഞ്ചെരിച്ചില്‍, ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇഞ്ചി നല്ലതാണ്. ബീറ്റ്‌റൂട്ടിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അച്ചാറായും സാലഡായും തോരനായുമെല്ലാം ബീറ്റ്‌റൂട്ടിനെ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ചിലര്‍ ജ്യൂസടിച്ചും കുടിക്കാറുണ്ട്. ആപ്പിളില്‍ പെക്ടിന്‍ ധാരാളമുണ്ട്. ഇത് വയറിളക്കവും മലബന്ധവും ഉണ്ടാകുമ്പോള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിനുപുറമേ വന്‍കുടലിലെ വീക്കം, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും ഇത് കുറയ്ക്കും. പെരുംജീരകം മലബന്ധം തടയുകയും ദഹനനാളത്തിലെ പേശികളെ മൃദുലമാക്കുകയും ചെയ്യും. ഗ്യാസ്, വയറുകമ്പിക്കുക തുടങ്ങിയ ബുദ്ധിമുട്ടകളെ അകറ്റിനിര്‍ത്താനും ഇത് സഹായിക്കും. രാവിലെ ഉറക്കമുണരുമ്പോള്‍ ഒരു ഗ്രാസ് പെരും ജീരകം ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.68, പൗണ്ട് – 92.66, യൂറോ – 80.95, സ്വിസ് ഫ്രാങ്ക് – 82.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.91, ബഹറിന്‍ ദിനാര്‍ – 219.27, കുവൈത്ത് ദിനാര്‍ -266.06, ഒമാനി റിയാല്‍ – 214.70, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.02.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *