web cover 50

കോവിഡ് കൊള്ളയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള വിഷയങ്ങളിലാണ് അന്വേഷണം. ലോകായുക്ത നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായിരുന്ന എസ്.ആര്‍. ദിലീപ്കുമാര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരേയാണ് അന്വേഷണം. ശൈലജ അടക്കമുള്ള എതിര്‍കക്ഷികള്‍ ഡിസംബര്‍ എട്ടിനു ഹാജരാകണമെന്നു ലോകായുക്ത നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനു വോട്ടെണ്ണും. ഈ മാസം 17 ന് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തില്‍ ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വോട്ടഭ്യര്‍ത്ഥിക്കാന്‍ മധ്യപ്രദേശില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും കമല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. പ്രചാരണത്തിനിടെ ഇത് ആദ്യ അനുഭവമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കളര്‍ കോഡില്‍ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.

ഇലന്തൂരിലെ ഇരട്ടബലി നടന്ന വീട്ടുപറമ്പില്‍ പോലീസ് നായ്ക്കളും ജെസിബിയുമായി ഇന്ന് വിശദമായ പരിശോധന. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്നു കുഴികളെടുത്തു പരിശോധിക്കും. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളെ എത്തിക്കുമെന്നു പൊലീസ്.

ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതിയായ ഷാഫിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പണയംവച്ചതിന്റെ രേഖകള്‍ കണ്ടെടുത്തു. ഷാഫിയുടെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബൈക്ക് വിറ്റു കിട്ടിയതെന്നു പറഞ്ഞ് 40,000 രൂപ ഷാഫി തന്നിരുന്നെന്ന് ഭാര്യ മൊഴി നല്‍കി. ഈ പണം കൊണ്ട് പണയം വച്ച സ്വര്‍ണം എടുത്തു. വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഇയാളുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ മഴയ്ക്കു സാധ്യത. ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് മഴക്കു കാരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ ‘ഓപ്പറേഷന്‍ തല്ലുമാല’ എന്ന പേരില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നായി 5.39 ലക്ഷം രൂപ പിഴ ഈടാക്കി. 205 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തു.

മൂന്നാര്‍ ഇക്കാനഗറിലെ സിപിഎം പാര്‍ട്ടി ഓഫീസ് അടക്കമുളള 26.55 ഏക്കര്‍ ഭൂമി പുറമ്പോക്കാണെന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഹൈക്കോടതിയില്‍. പുറമ്പോക്ക് കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയം അനുവദിച്ചെന്നും ഇത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.

ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കി.

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷി വിസ്താരം നടത്തിയ ജഡ്ജിതന്നെ വിധി പറയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാക്ഷി വിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയില്‍നിന്ന് തലശ്ശേരിയിലേക്കു സ്ഥലം മാറിയിരുന്നു. കേസ് കേള്‍ക്കുന്ന ജഡ്ജി ടി.എച്ച്. രജിത ഒരു മാസത്തിനുള്ളില്‍ വിധി പറയുമെന്ന് കോടതിയെ അറിയിച്ചു. 2012 ജൂണ്‍ പത്തിനാണ് കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്ക (54), അബ്ദുള്‍ കലാം ആസാദ് (48) എന്നിവര്‍ കൊല്ലപ്പെട്ടത്.

മീന്‍ കച്ചവടം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ആലപ്പുഴ ചെട്ടികുളങ്ങര കുഞ്ഞുമോന്‍ കൊലക്കേസില്‍ പ്രതികളായ സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്. സേവ്യര്‍, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവരെയാണ് മാവേലിക്കര സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാ ബായിയുടെ നിരാഹാര സമരം 13 ദിവസം പിന്നിട്ടെങ്കിലും കണ്ണ് തുറക്കാതെ സംസ്ഥാന സര്‍ക്കാര്‍. പൊലീസുണ്ടാക്കുന്ന അവശതയേ തനിക്കുള്ളൂവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സമരം ഏറ്റെടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നു കൈകഴുകല്‍ ദിനം. കോവിഡ് പ്രതിരോധത്തിനായാണ് ലോകമെങ്ങും കൈകഴുകല്‍ ശീലമാക്കിയത്. കോവിഡ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സോപ്പിട്ടു കൈകഴുകല്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇന്ത്യയിലെ ജ്വല്ലറി ഉടമകളില്‍ അതിസമ്പന്നന്‍ ജോയ് ആലൂക്കാസ്. ഫോബ്സ് മാസികയുടെ ഇന്ത്യയിലെ അതിസന്പന്നരുടെ പട്ടികയില്‍ ഇന്ത്യയിലെ ജ്വല്ലേഴ്സ് വിഭാഗത്തില്‍ ഒന്നാ സ്ഥാനത്തുള്ള ജോയ് ആലുക്കാസ് ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 69-ാം സ്ഥാനത്താണ്. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജോയ് ആലുക്കാസ് അടക്കം അഞ്ചു മലയാളികള്‍ മാത്രമാണ് ഇടംപിടിച്ചത്.

വടക്കഞ്ചേരി ബസപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് വീഴ്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ശശി തരൂരിനെ പിന്തുണച്ച് ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്.

ചേര്‍ത്തല നെടുമ്പ്രത്ത് ഡിവൈഎഫ്ഐ യൂണിറ്റു സെക്രട്ടറി അരുണിനു കുത്തേറ്റു. ഇന്നലെ രാത്രി എട്ടരയോടെ രണ്ടു പേരാണു കുത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

വയനാട്ടില്‍നിന്ന് കാണാതായ പനമരം വനിത സിഐ എലിസബത്തിനെ സ്ഥലംമാറ്റി. സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്കാണു സ്ഥലം മാറ്റിയത്.

എറണാകുളം പറവൂരിനടുത്ത് മൂത്തകുന്നത്ത് സിപിഐ നേതാവു നടത്തിയിരുന്ന വ്യാജ വിദേശമദ്യ നിര്‍മാണ കേന്ദ്രം പിടികൂടി. ഉടമയായ സിപിഐ യുവജന നേതാവും എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറിയുമായ ജിന്റോ ഒളിവിലാണ്. 250 ലിറ്റര്‍ വ്യാജ വിദേശ മദ്യവും വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും രണ്ട് ബോട്ടിലിംഗ് മെഷീനുകളും ബ്ലെന്‍ഡിംഗ് മെഷീനും അടക്കമുള്ളവ പിടിച്ചെടുത്തു. രണ്ടു വലിയ ടാങ്കുകളില്‍നിന്ന് സ്പിരിറ്റ് ഒഴുക്കിയായിരുന്നു വ്യാജ മദ്യ നിര്‍മാണം.

നെടുമ്പാേശേരി വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നായി ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന മൂന്നു കിലോ 700 ഗ്രാമിന്റെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, ദുബായില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി ജലാലുദീന്‍, അബുദാബിയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി അനസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

കോഴിക്കോട് കൊടുവള്ളിയില്‍ അമ്മ ഓടിച്ച കാറിടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ റഹ്‌മത്ത് മന്‍സിലില്‍ മറിയം നസീര്‍ ആണ് മരിച്ചത്. കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു.

ഈരാറ്റുപേട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാതാക്കല്‍ കന്നുപറമ്പില്‍ ഷാഹുലിന്റെ 15 വയസുള്ള മകന്‍ അഫ്സലാണ് മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാര്‍ കാണാന്‍ എത്തിയതായിരുന്നു അഫ്സലും അനുജനും സുഹൃത്തും. പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്സല്‍ കയത്തില്‍ വീഴുകയായിരുന്നു.

പന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്ഐ പ്രവര്‍ത്തകനായ നിതിന് പരിക്കേറ്റു.

ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതിനു 14 പേര്‍ക്കെതിരേ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ കൊല്ലം, തൃശ്ശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.

തിരുവനന്തപുരം കല്ലമ്പലം ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ ബീവിയും കാറില്‍നിന്ന് ഇറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല.

തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാര്‍ത്ഥിക്ക് സിപിഎം നേതാവായ ടൂട്ടോറിയല്‍ അധ്യാപകന്റെ മര്‍ദ്ദനം. വെങ്ങാനൂര്‍ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദത്തിനാണ് മര്‍ദ്ദനമേറ്റത്. ടൂട്ടോറിയല്‍ അധ്യാപകനും സിപിഎം വെങ്ങാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ് കേസെടുത്തു.

കഞ്ചാവ്, മോഷണ കേസിലെ പ്രതി പിടിയിലായി. ചേലേമ്പ്ര അന്തിക്കാടന്‍ കുഴിയില്‍ നുബിന്‍ അശോകിനെയാണു പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് കക്കോടിയില്‍നിന്നു യുവാവിനെ തട്ടികൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദിനെ (31) യാണ് അറസ്റ്റു ചെയ്തത്.

കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയ യുവാവ് പിടിയില്‍. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റു ചെയ്തത്.

പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കേസെടുത്തു. രണ്ടു വര്‍ഷം മുന്‍പ് മലപ്പുറം പരപ്പനങ്ങാടിയില്‍ പീഡിപ്പിച്ചെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്.

സെപ്റ്റംബറില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10.70 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ പണപ്പെരുപ്പം 12.41 ശതമാനം ആയിരുന്നു. മുന്‍വര്‍ഷം 11.64 ശതമാനം ആയിരുന്നു.

രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കുറഞ്ഞു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ശേഖരിക്കുന്ന അരി, ഗോതമ്പ് എന്നിവയുടെ ശേഖരണം 37 ശതമാനമാണു കുറഞ്ഞത്. അതേസമയം കരുതല്‍ ശേഖരത്തേക്കാള്‍ 66 ശതമാനം കൂടുതലാണെന്നാണ് എഫ്സിഐയുടെ കണക്കുകള്‍. കരുതല്‍ ശേഖരമായി 305.5 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൂക്ഷിക്കണമെന്നാണ് മാനദണ്ഡം. നിലവില്‍ 511.4 ലക്ഷം ടണ്‍ ധാന്യം സൂക്ഷിച്ചിട്ടുണ്ട്.

അത്യാധുനിക അതിവേഗ ട്രെയിന്‍ സര്‍വ്വീസായ വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും. ചെന്നൈയില്‍നിന്നു ബെംഗളൂരു വഴി മൈസൂരൂവിലേക്കും തിരിച്ചുമാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് അടുത്ത മാസം പത്തിന് ഉദ്ഘാടനം ചെയ്യും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു വരാനിരിക്കേയാണ് ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നത്.

രാഷ്ട്രീയ നേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരും വ്യവസായികളും അടക്കം പ്രമുഖരെ കെണിയിലാക്കി ഒഡിഷ സുന്ദരി സമ്പാദിച്ചത് 30 കോടി രൂപ. ഒഡിഷയില്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അര്‍ച്ചനയെന്ന 26 കാരിയുടെ തട്ടിപ്പു കഥകള്‍ പൊലീസിനേയും അമ്പരപ്പിച്ചിരിക്കുകയാണ്. പ്രമുഖരുമായി അടുപ്പത്തിലായി ബന്ധം ദൃഢമാക്കിയശേഷം വീട്ടിലേക്കു ക്ഷണിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പട്ട് വീഡിയോ ചിത്രീകരിക്കും. വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

ജ്ഞാന്‍വാപി മസ്ജിദ് കേസില്‍ ശിവലിംഗമെന്നു വിശേഷിപ്പിക്കുന്ന വസ്തുവിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന അപേക്ഷ വാരണാസി ജില്ലാ കോടതി തള്ളി. ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയ ഹിന്ദു സ്ത്രീകളാണ് കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവനുസരിച്ച് ഈ ഭാഗം സീല്‍ ചെയ്തതിനാല്‍ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി ഉത്തരവിട്ടു.

മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കര്‍ണാടകത്തില്‍ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ സയിദ് മൊയീന്‍ എന്ന 24 കാരനെയാണ് ബംഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 19 കാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് എട്ടു വര്‍ഷമായി ജയിലിലായിരുന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അപ്പീല്‍ കോടതി ഇന്നു പരിഗണിക്കും.

ചലച്ചിത്ര സീരിയല്‍ നിര്‍മ്മാതാവ് ഏക്താ കപൂറിന്റെ ഒടിടി പ്ലാറ്റ്ഫോമിലെ അശ്ലീല വെബ് സീരീസിലൂടെ യുവതലമുറയുടെ മനസിനെ മലിനമാക്കുകയാണോയെന്ന് സുപ്രീം കോടതി. ഒടിടി പ്ലാറ്റ്‌ഫോമായ എഎല്‍ടി ബാലാജിയില്‍ സംപ്രേഷണം ചെയ്ത വെബ് സീരീസില്‍ സൈനികരെ അപമാനിച്ചെന്ന കേസിലുള്ള അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്താ കപൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഐഐടി ഖരക്പൂരിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍. ആസാമിലെ ടിന്‍സൂക്കിയ സ്വദേശി 23 കാരനായ ഫൈസാന്‍ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്, ധനമന്ത്രി ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കി. വിപണിതകര്‍ച്ചയ്ക്ക് ഇടയാക്കിയ ധനമന്ത്രിയുടെ സാമ്പത്തിക നയങ്ങളുടെ പേരിലാണ് രാജിവയ്പിച്ചത്. സാമ്പത്തിക പാക്കേജിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കും.

വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാറിനെതിരെ ‘കള്ളന്‍’ വിളികളുമായി കൈയ്യേറ്റ ശ്രമം. അന്താരാഷ്ട്ര നാണ്യനിധി, ലോക ബാങ്ക് യോഗങ്ങളില്‍ പങ്കെടുക്കാനാണ് പാക് ധനമന്ത്രി അമേരിക്കയില്‍ എത്തിയത്. കള്ളന്‍, നുണയന്‍ എന്നൊക്കെ വിളിച്ചാണ് പ്രതിഷേധിച്ചയാള്‍ മന്ത്രിയെ വരവേറ്റത്.

സ്ഫോടനത്തില്‍ തകര്‍ന്ന ക്രിമിയയിലെ കടല്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ റഷ്യ ഉത്തരവിട്ടു. അടുത്ത വര്‍ഷം ജൂലൈക്കകം പുനര്‍നിര്‍മിക്കണം. ക്രിമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന ഏക പാലം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനു തിരിച്ചടിയായി യുക്രൈനില്‍ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.

ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗിന്റെ പ്രശസ്തമായ പെയിന്റിംഗിന് മുകളിലേക്ക് സൂപ്പൊഴിച്ച് കാലാവസ്ഥാ പ്രതിഷേധക്കാര്‍. ജസ്റ്റ് സ്റ്റോപ് ഓയില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് തക്കാളി സൂപ്പ് ഒഴിച്ചത്. രണ്ടു പേരെ അറസ്റ്റു ചെയ്തു. ചില്ലുകൊണ്ടുള്ള ഫ്രെയിമുള്ളതിനാല്‍ പെയിന്റിംഗിന് കേടു സംഭവിച്ചിട്ടില്ല.

ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോര്‍ട്ടര്‍ സിനിമകളില്‍ ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌കോട്ടിഷ് നടനാണ് റോബി.

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍. ഈജിപ്തിലെ കെയ്‌റോയില്‍ വെച്ച് നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് കൗമാരതാരമായ രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.

അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും തോറ്റ് ആതിഥേയരായ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയാണ് ഇന്ത്യയെ കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പത്തുപേരായി ചുരുങ്ങിയിട്ടും ചെന്നൈയിന്‍ ബെംഗളൂരുവിനെ സമനിലയില്‍ തളക്കുകയായിരുന്നു. ബെംഗളൂരുവിന് വേണ്ടി റോയ് കൃഷ്ണയും ചെന്നൈയിന് വേണ്ടി മലയാളി താരം കെ.പ്രശാന്തും ഗോള്‍ നേടി.

ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35-ാം സ്ഥാനത്താണ് യൂസഫലി. 32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45-ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 28,800 കോടി രൂപയാണ്, പട്ടികയില്‍ 54-ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 25,500 കോടി രൂപയാണ്. സ്ഥാനം 69. അതേസമയം ഫോബ്സിന്റെ രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതാണ് ജോയ് ആലൂക്കാസ്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപയും 71-ാം സ്ഥാനത്തുമാണ്. ഗൗതം അദാനിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്‍. ആസ്തി 15,000 കോടി ഡോളര്‍ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്.

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ മുതല്‍ രണ്ടു വര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വരെ ഉയര്‍ന്ന പലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളില്‍ 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും പലിശ ഉയര്‍ത്തിയിട്ടുണ്ട്. 5 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പുതിയ പലിശ.

ഒരു ആക്ഷന്‍ ഹീറോയുടെ സ്‌ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്റണി വര്‍ഗീസിന്. ഇപ്പോഴിതാ അടിയും ഇടിയുമൊന്നുമില്ലാതെ ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടെയ്നറുമായി എത്തുകയാണ് ആന്റണി. ‘ഓ മേരി ലൈല’ എന്ന പേരിലെത്തുന്ന ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ മലയാളമടക്കം മറ്റ് ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘കാന്താര’ മലയാളം തിയറ്ററുകളിലേക്ക് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഒക്ടോബര്‍ 20നാണ് കേരളമെമ്പാടുമായി ‘കാന്താര’ മലയാളം റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്ലാസിക് ലെജന്‍ഡ് ജാവയുടെ പുതിയ ബൈക്ക് ജാവ 42 ബോബര്‍ കേരളാ വിപണിയില്‍. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ മിസ്റ്റിക് കൂപ്പര്‍ നിറത്തിന് 1.99 ലക്ഷം രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റ് നിറത്തിന് 2.11 ലക്ഷം രൂപയും ജാസ്പര്‍ റെഡ് ഡ്യുവല്‍ ടോണിന് 2.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മനോഹരമായ ലുക്കിലാണ് ജാവ 42 ബോബര്‍ വിപണിയിലെത്തിയത്. ചോപ്പ്ഡ് ഫെന്‍ഡറുകള്‍, സിംഗിള്‍ സീറ്റ്, ഫ്ലാറ്റ് ടയറുകള്‍ എന്നിവ ജാവ 42 ബോബറിലുണ്ട്. ജാവയില്‍ നിന്ന് കടമെടുത്തെ ഇന്ധനടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകര്‍ഷകമാണ്. 334 സിസി എന്‍ജിനാണ് ബൈക്കിന്. 30.64 പിഎസ് കരുത്തും 32.74 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ടി.പത്മനാഭന്റെ കഥകളില്‍ സൗന്ദര്യബോധപരമായ ശാഠ്യങ്ങളൊന്നുമില്ല. അത് ശൈലീശാസ്ത്രപരമായ അപഗ്രഥനത്തിനുള്ള ഭൗതികവസ്തുവല്ല. രൂപകങ്ങളും വിശേഷങ്ങളും ഒഴിവാക്കുന്ന ഭാഷയാണത്. നിര്‍വ്വഹണത്തിന്റെ ലാളിത്യമാണ് പത്മനാഭന്റെ കല. എന്നിട്ടും അത് സൗന്ദര്യത്തിന്റെ അളവറ്റ ധന്യത തരുന്നു. ആലങ്കാരികഭാഷയുടെ എല്ലാ പൊങ്ങച്ചവും അതിന്റെ മുമ്പില്‍ മങ്ങിപ്പോകുന്നു. വാക്കുകളല്ല, വാക്കുകളുടെമേലുള്ള ജീവിതത്തിന്റെ ശക്തിയാണ് പത്മനാഭന്‍ അവതരിപ്പിക്കുന്നത്. ‘ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണം’. ഡിസി ബുക്സ്. വില 1,234 രൂപ.

അനാരോഗ്യകരമായ ഭക്ഷണശൈലിയും വ്യായാമമില്ലായ്മയും ചെറുപ്പക്കാരില്‍ ഹൃദയാഘാത സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒപ്പം ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിന്റെ ഒരു പ്രധാനകാരണം മാനസിക സമ്മര്‍ദ്ദമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കാെളസ്‌ട്രോള്‍ എന്നിവയും ചെറുപ്പക്കാരെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഒപ്പം കൊവിഡ് ഹൃദയാരോഗ്യത്തിന് ഭീഷണിയായിട്ടുണ്ടെന്നും പറയപ്പെടുന്നു. നെഞ്ചുവേദന ഗ്യാസാണെന്ന് തെറ്റിദ്ധരിക്കാതെ ആരംഭത്തില്‍ത്തന്നെ വൈദ്യസഹായം തേടുക. കൊഴുപ്പ് കൂടുതലുള്ള ആഹാരം ഒഴിവാക്കേണ്ടതും പുകവലി വര്‍ജ്ജിക്കേണ്ടതും മദ്യപാനം പരിമിതപ്പെടുത്തേണ്ടതും വ്യായാമം ശീലമാക്കേണ്ടതും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി ശാന്തമായ മനസിന് ഉടമയാകേണ്ടതും ഹൃദയാരോഗ്യത്തിന് അനിവാര്യമെന്ന് അറിയുക.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ ഒരു കൃഷിക്കാരനായിരുന്നു. ഒരു ദിവസം അയാളെ കാണാന്‍ അടുത്ത വീട്ടിലെ സ്‌നേഹിതന്‍ എത്തി. കുറച്ച് പുളി വേണമെന്ന ആവശ്യവുമായാണ് അയാള്‍ എത്തിയത്. അയാള്‍ മകനെ വിളിച്ച് പുളിയെടുത്തുകൊടുക്കുവാന്‍ ആവശ്യപ്പെട്ടു. കലവറയില്‍ പത്തടിയോളം ഉയരത്തിലാണ് പുളി സൂക്ഷിച്ചിരിക്കുന്നത്. പുളിയെടുക്കുവാന്‍ അവന്‍ ഒരു ഏണിയുമായാണ് എത്തിയത്. ആദ്യത്ത പടിയില്‍ കാലെടുത്തുവെച്ചതും ദ്രവിച്ചിരുന്ന ആദ്യപടി പൊട്ടി താഴെ വീണു. കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ രണ്ടാമത്തെ പടിയും ദ്രവിച്ചുവീഴാറായി നില്‍ക്കുകയാണ്. ഏണി ശരിയാക്കിയിട്ട് വന്ന് പുളിയെടുക്കാം എന്ന് മകന്‍ അച്ഛനോട് പറഞ്ഞു. അച്ഛന്‍ പറഞ്ഞു: പുറത്ത് സുഹൃത്ത് കാത്ത് നില്‍ക്കുകയാണ്. പുളിയെടുത്ത് കൊടുത്തതിന് ശേഷം നമുക്ക് ഏണി ശരിയാക്കാം. ഏണിവെച്ചാലല്ലേ കയറാന്‍ സാധിക്കൂ.. മകന്‍ ചോദിച്ചു. അച്ഛന്‍ വന്ന് ഏണി തല കീഴായി വെച്ചു. എന്നിട്ട് മകനോട് കയറാന്‍ ആവശ്യപ്പെട്ടു. കേടായ പടികള്‍ ഇപ്പോള്‍ ഏറ്റവും മുകളിലായി. മകന്‍ ഏണിയില്‍ കയറി പുളി എടുത്ത് കൊടുക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലും ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാതെയാണ് പല പ്രശ്‌നങ്ങളും സംഭവവികാസങ്ങളും കടന്നുവരിക.. പലതിലും പെട്ടെന്ന് പരിഹാരം കാണേണ്ടതുമായിരിക്കും. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *