◾ഗവര്‍ണറുടെ നോട്ടീസിനു വൈസ് ചാന്‍സലര്‍മാര്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മുമ്പ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ ക്രമക്കേടു കണ്ടാല്‍ ചാന്‍സലര്‍ മിണ്ടാതിരിക്കണോയെന്നു കോടതി ചോദിച്ചു. പുറത്താക്കാതിരിക്കാന്‍ കാരണം വിശദമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിസിമാരുടെ ഹര്‍ജി കോടതി തള്ളി. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്.
◾തെലുങ്കാനയില്‍ നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് നാല് എംഎല്‍എമാരെ കൂറുമാറ്റിക്കാനുള്ള ‘ഓപറേഷന്‍ താമര’ക്കു നേതൃത്വം നല്‍കിയത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും പുറത്തുവിട്ടു. അമിത് ഷായുടെ ഇടപാടുകാരനാണ് തുഷാര്‍. ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കം നാലു സര്‍ക്കാരുകളെ വീഴ്ത്താനാണു പദ്ധതിയിട്ടതെന്നു വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സര്‍ക്കാരുകളെ വീഴ്ത്തിയെന്നും ഏജന്റുമാര്‍ അവകാശപ്പെടുന്നുണ്ട്.
◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു കാലില്‍ വെടിയേറ്റു. ഗഞ്ചന്‍വാലി പ്രവിശ്യയില്‍ റാലിയെ അഭിസംബോധന ചെയ്യവേയാണ് ആക്രമണം. അജ്ഞാതന്റെ വെടിവപ്പില്‍ ഇമ്രാന്റെ സഹപ്രവര്‍ത്തകരടക്കം അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഇമ്രാന്‍ ഖാനെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയിലേക്കു മാറ്റി. യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത അക്രമിയെ അറസ്റ്റു ചെയ്തു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയില്‍നിന്നു വിധി വരുന്നത്.
◾എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളി രാജ്ഭവന്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്‍കി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ചുമതല നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ.
◾പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എംജി സര്‍വ്വകലാശാല വിസി മറുപടി നല്‍കി. ഹിയറിംഗിന് അവസരം ആവശ്യപ്പെട്ടാണ് എംജി വിസിയുടെ മറുപടി. ഇതിനോടകം രണ്ടു വിസിമാരും ഒരു മുന്‍ വിസിയുമാണ് ഗവര്‍ണറുടെ നോട്ടീസിനു മറുപടി നല്‍കിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾പാറശാല ഷാരോണ്‍ കൊലക്കേസ് കേരള പൊലീസുതന്നെ അന്വേഷിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയായി ഷാരോണിന്റെ കുടുംബം. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതല്‍ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണം തമിഴ്നാട് പൊലീസിനു കൈമാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു.
◾ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി. പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ രണ്ടു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് ജയിലിലേക്കു മാറ്റിയത്.
◾കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് റെയില്‍ പാളത്തില്‍ കുഴി കണ്ടെത്തി. ചെങ്ങോട്ട് കാവ് മേല്‍പ്പാലത്തിനടിയിലാണ് പാളത്തിന് ഇടയില്‍ കുഴി കണ്ടെത്തിയത്. കുഴിയടയ്ക്കാനായി ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. മുള്ളന്‍പന്നിയാണ് കുഴിയുണ്ടാക്കിയത്.
◾ആലപ്പുഴയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ കളക്ടര്‍ മിന്നല്‍ പരിശോധന നടത്തി. സ്റ്റോക്ക് രേഖപ്പെടുത്താത്തതും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതുമായ കടകള്‍ക്കെതിരേ നടപടിക്കു നിര്‍ദേശം നല്‍കി. വിലവര്‍ധനയുടെ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
◾
◾ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ കെഎസ്യു നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഹാജര്‍ കുറവുള്ള എസ്എഫ്ഐ പ്രവര്‍ത്തകന് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അധികൃതര്‍ അവസരം നല്‍കിയെന്നാരാപിച്ച് നാലു കെഎസ്യു പ്രവര്‍ത്തകരാണ് നിരാഹാര സമരം നടത്തിയിരുന്നത്. വിഷയം കെഎസ്യു ജില്ലാ കമ്മിറ്റി ഏറ്റെടുത്തതോടെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
◾മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തൃശൂര്‍ ആളൂര്‍ എടത്താടന്‍ ജംഗ്ഷനു സമീപം മാണിപറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്.
◾തിരുവനന്തപുരം കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ കണക്കില്‍പ്പെടാത്ത അറുപതിനായിരം രൂപ വിജിലന്‍സ് പിടികൂടി. പഴയ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ഒരു ഏജന്റില്‍ നിന്നുമാണ് പണം കണ്ടെടുത്തത്.
◾കോതമംഗലത്തെ സ്വകാര്യ സ്‌കൂളില്‍നിന്നു കഞ്ചാവു പിടികൂടിയ കേസിലെ മുഖ്യപ്രതി സെക്യൂരിറ്റി ജീവനക്കാരനായ സാജു കോതമംഗലം കോടതിയില്‍ കീഴടങ്ങി. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസിലെ ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്സൈസ് അറസ്റ്റു ചെയ്തു.
◾കോട്ടയം തീക്കോയി മാവടി കട്ടൂപ്പാറയില്‍ ഗൃഹനാഥന്‍ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു.
◾പേരൂര്‍ക്കടയില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചതും മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയെന്ന് പോലീസ്. വിരലടയാള പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവമുണ്ടായത്.
◾രാസലഹരി ഇനങ്ങളുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചോറ്റാനിക്കര എരുവേലിയില്‍ താമസിക്കുന്ന ജോ റൈമണ്‍ ജൂനിയര്‍ (28), വെള്ളൂര്‍കുന്നം കീച്ചേരിപ്പടി ഭാഗത്ത് ഇടശ്ശേരി വീട്ടില്‍ സാഗര്‍ (24) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.
◾കാഞ്ഞിരപ്പള്ളിയില്‍ മുക്കുപണ്ടം പണയംവച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്. യൂണിയന്‍ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്. 13 പേരുടെ പേരില്‍ പണയം വച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി.
◾ഇലക്ട്രീഷ്യനായ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഒന്‍പതേക്കര്‍ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയില്‍ കെ.വി.ആഗസ്റ്റിയുടെ മകന്‍ ആല്‍വിന്‍ (28) ആണ് മരിച്ചത്. എക്സ്റ്റന്‍ഷന്‍ ബ്ലോക്സില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്.
◾ഇതര സംസ്ഥാന തൊഴിലാളികളുടെ തമ്മിലടി അന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘം അവരുടെ താമസ സ്ഥലത്തുനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. കോട്ടയം ഈരാറ്റുപേട്ട ടൗണിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായ വസീം മാലിക്, അലാം ഖിര്‍ എന്നിവരെ അറസ്റ്റു ചെയ്തു.
◾എംഡിഎംഎയുമായി അഞ്ചു പേരെ കോഴിക്കോട് പോലീസ് പിടികൂടി. താമരശേരി അല്‍ത്താഫ് സജീദ് (49), സഹോദരന്‍ അല്‍ത്താഫ് ഷെരീഫ്(51), അതുല്‍(28), ഷാനിദ് (48), അബ്ദുല്‍ റഷീദ് (48) എന്നിവരെയാണ് താമരശേരി ബസ് സ്റ്റാന്‍ഡിനടുത്തുള്ള കെട്ടിടത്തില്‍നിന്നു പിടികൂടിയത്.
◾കുത്തുപറമ്പില്‍ മകളെ പീഡിപിച്ച് ഗര്‍ഭിണിയാക്കി ദുബായിലേക്കു മുങ്ങിയ അച്ഛന്‍ പിടിയില്‍. കൂത്തുപറമ്പ് പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തിയാണ് പിടികൂടിയത്. വയറു വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപോഴാണ് പീഡന വിവരം അറിയുന്നത്.
◾പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കളെക്കൊണ്ടു പീഡിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്.
◾പതിമ്മൂന്നുകാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ വര്‍ക്കല രാമന്തളി സ്വദേശി സുനില്‍കുമാര്‍ (45 ) ന് 15 വര്‍ഷവും ആറു മാസവും കഠിനതടവിനും, 1,10,000 രൂപ പിഴ ശിക്ഷ. സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.
◾അഴിമതിക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാര്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ വിജിലന്‍സ് വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾കല്‍ക്കരി ഖനന അഴിമതിക്കേസില്‍ കുറ്റക്കാരനെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്നു വെല്ലുവിളിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പ്രതികരിക്കുകയായിരുന്നു ഹേമന്ദ് സോറന്‍. ഇഡി ആദിവാസി വിഭാഗത്തില്‍നിന്നുള്ള മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനാണെന്നും അദ്ദേഹം ആരോപിച്ചു.
◾വാര്‍ത്തയെന്തെന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തയോട് നെറ്റിയിലെ പൊട്ട് എവിടെയെന്ന് അധിക്ഷേപിച്ച് ഹിന്ദു സംഘടനാ നേതാവ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോടാണ് ഹിന്ദുസംഘടനാ നേതാവ് സംഭാജി ഭിഡെയുടെ അധിക്ഷേപം. പൊട്ടില്ലാത്തതിനാല്‍ മറുപടിയില്ലെന്നും സംഭാജി പറഞ്ഞു.
◾ഗുജറാത്തിലെ എല്ലാവര്‍ക്കും രാമക്ഷേത്രം ദര്‍ശിക്കാന്‍ സൗകര്യം നല്‍കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകേ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞത്.
◾ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പള്ളിക്കുള്ളില്‍ കയറി ഖുറാന്‍ കത്തിച്ച സംഭവത്തില്‍ താജ് മുഹമ്മദ് എന്നയാളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. പ്രദേശത്തെ ചിലയിടങ്ങളില്‍ കല്ലേറും തീവയ്പും നടന്നു. പൊലീസ് സേനയെ വിന്യസിച്ചു.
◾ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ യൂണിഫോമിനു പേറ്റന്റ്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്സിലാണ് സൈനിക യൂണിഫോം പേറ്റന്റ് രജിസ്റ്റര്‍ ചെയ്തത്.
◾മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ രണ്ടു സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി. ഹലാല്‍പൂര്‍ ബസ് സ്റ്റാന്‍ഡിന്റെ പേര് ഹനുമാന്‍ ഗര്‍ഹി ബസ് സ്റ്റാന്‍ഡ് എന്നും ലാല്‍ ഘാട്ടിയയുടെ പേര് മഹേന്ദ്ര നാരായണ്‍ ദാസ് ജി മഹാരാജ് സര്‍വേശ്വര ചൗര എന്നും പുനര്‍നാമകരണം ചെയ്യും. ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ സാധ്വി പ്രഗ്യാ സിങ് താക്കൂറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പേരുമാറ്റം.
◾ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രതിവിധി കാണാത്തതെന്താണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ട്വീറ്റിലാണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്. നാലര കോടി ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നു വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
◾തൊഴിലില്ലായ്മയ്‌ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ. രാജ്യം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വിമര്‍ശിച്ചു.
◾കേസ് വാദിക്കുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിജയ് മല്യയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. ഒളിവില്‍ പോയ വ്യവസായി വിജയ് മല്യയെ കണ്ടെത്താനാകുന്നില്ല. തന്റെ സന്ദേശങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് തന്റെ അപേക്ഷയെന്നും അഭിഭാഷകന്‍ ഇ സി അഗര്‍വാല പറഞ്ഞു.
◾ഇസ്രയേലില്‍ വീണ്ടും ബെന്യാമിന്‍ നെതന്യാഹു. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സഖ്യകക്ഷികളായ വലതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേക്ക്.
◾ഓസ്ട്രേലിയയില്‍ വനിതയെ കൊന്ന് ഇന്ത്യയിലേക്കു രക്ഷപ്പെട്ട ഇന്ത്യക്കാരനെ പിടിക്കാന്‍ പത്തു ലക്ഷം ഡോളര്‍ ഇനാം. അതായത് അഞ്ചേകാല്‍ കോടി രൂപയാണ് പോലീസ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്സായ രാജ്വീന്ദര്‍ സിംഗ് എന്ന മുപ്പത്തെട്ടുകാരനെയാണ് പോലീസ് തെരയുന്നത്.
◾ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്‌സി ഗോവ. ഈ ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായി ഗോവ രണ്ടാം സ്ഥാനത്തെത്തി.
◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12ലെ മഴ കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 33 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം നേടി പാകിസ്താന്‍. ദക്ഷിണാഫ്രിക്ക ഒമ്പത് ഓവറില്‍ നാലിന് 69 റണ്‍സില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഇതോടെ 20 ഓവറില്‍ 186 എന്ന വിജയലക്ഷ്യം 14 ഓവറില്‍ 142 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ 43 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ പാകിസ്ഥാനെ കരകയറ്റിയത് 51 റണ്‍സെടുത്ത ഇഫ്തിക്കാര്‍ അഹമ്മദിന്റേയും 52 റണ്‍സെടുത്ത ഷദാബ് ഖാന്റേയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്.
◾പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി നാലാം തവണയും വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.75 ശതമാനത്തിന്റെ വര്‍ധനയാണ് വായ്പ പലിശയില്‍ വരുത്തിയത്. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ ആറുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതോടെ വായ്പാനിരക്ക് 3.75 ശതമാനം മുതല്‍ നാലുശതമാനം വരെയായി. 2008 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് ഇത്. അതേസമയം, തുടര്‍ച്ചയായ നിരക്കുയര്‍ത്തല്‍ യു.എസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകിയേക്കും. രൂപ വീണ്ടും ദുര്‍ബലമാകാന്‍ ഇത് കാരണമാകുമോ എന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.
◾എയര്‍ ഏഷ്യ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പൂര്‍ണമായും ഏറ്റെടുക്കും. എയര്‍ ഏഷ്യ ഏവിയേഷന്‍ ഗ്രൂപ്പിന്റെ കൈവശമുള്ള 16.33 ശതമാനം ഓഹരികളാണ് ടാറ്റ വാങ്ങുന്നത്. എയര്‍ ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരികളാണ് നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ കൈവശമുള്ളത്. 156 കോടിയാണ് ഈ ഇടപാടിലൂടെ എയര്‍ ഏഷ്യ ഗ്രൂപ്പിന് ലഭിക്കുക. ഇതുവരെ ടാറ്റ സണ്‍സിന്റെയും എയര്‍ ഏഷ്യ ഇന്‍വെസ്റ്റ് മെന്റ് ലിമിറ്റഡിന്റെയും സംയുക്ത ഉടമസ്ഥതയിലായിരുന്നു എയര്‍ ഏഷ്യ.
◾അപര്‍ണ ബാലമുരളി നായികയാകുന്ന തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്‍വന്‍ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റേതായി പ്രമോഷണല്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അപര്‍ണ ബാലമുരളിയാണ് ഗാനം പാടിയിരിക്കുന്നത്. ധരണ്‍ കുമാര്‍ ആണ് അപര്‍ണ ബാലമുരളി പാടിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.
◾വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗട്ട കുസ്തി’. മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാകുന്നുവെന്നത്. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. തെലുങ്കില്‍ ‘മട്ടി കുസ്തി’ എന്ന പേരിലും ചിത്രം എത്തും. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
◾സൈദ്ക ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്റ്റെല്ല മോട്ടോ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍, കമ്പനിയുടെ വാഹന നിരയില്‍ ഇലക്ട്രിക് ത്രീ-വീലറുകളും കാര്‍ഗോ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ഇപ്പോള്‍, അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ കൈകോര്‍ക്കാന്‍ കമ്പനി രാജ്യത്തേക്ക് പ്രവേശിക്കുകയാണ്. ഇതുകൂടാതെ, ഈ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള കമ്പനി ഫാക്ടറിയില്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
◾ഒരു സമൂഹത്തില്‍ നീതി കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെങ്കില്‍, ദാരിദ്ര്യം അടിച്ചേല്‍പ്പിക്കപ്പെടുന്നുവെങ്കില്‍ ആ സമൂഹത്തില്‍ വിവേകികളുടെ വാക്കുകള്‍ക്ക് വിലയുണ്ടാകില്ല. ജീവനും സ്വത്തിനും ഒരു സുരക്ഷയും ഉണ്ടാകുകയുമില്ല. നിസ്സഹായരും ബലഹീനരും ബലി കഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് എന്നാണ് ഒരവസാനമെന്ന ചോദ്യമുയര്‍ത്തുന്ന ചലച്ചിത്രാവിഷ്‌ക്കാരത്തിന്റെ തിരക്കഥയും മൂലകഥയും. ‘ജലസമാധി’ ഇന്ത്യയിലും പുറത്തുമായി അമ്പത്തിയാറ് അന്താരാഷ്ട്ര ചലച്ചി ത്രോത്സവങ്ങളില്‍ പങ്കെടുക്കുകയും അമ്പത്തിരണ്ട് അവാര്‍ഡുകള്‍ കരസ്ഥമാകുകയും ചെയ്തു എന്നുള്ളത് മലയാള സിനിമയില്‍തന്നെ ആദ്യമാണ്. സേതു. ഗ്രീന്‍ ബുക്സ്. വില 161 രൂപ.
◾ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സള്‍ഫോറാഫെയ്ന്‍ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ്. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ നിര്‍വീര്യമാക്കുന്നതില്‍ സള്‍ഫോറാഫെയ്ന്‍ ഒരു പങ്കു വഹിക്കുമെന്നും ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്രോക്കോളിക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രൊക്കോളിയില്‍ കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് 2003-ലും 2006-ലും നടത്തിയ പഠനങ്ങളില്‍, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ വാര്‍ദ്ധക്യസഹജമായ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. ബ്രോക്കോളിയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഈസ്ട്രജന്‍ മൂലമുണ്ടാകുന്ന സ്തന, പ്രത്യുല്‍പാദന ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതിനും ഇതിന് കഴിയും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കോശങ്ങളിലെ നീണ്ട നോണ്‍കോഡിംഗ് ആര്‍എന്‍എകളുടെ പ്രകടനത്തെ സള്‍ഫോറഫെയ്ന്‍ കുറച്ചുവെന്ന് കണ്ടെത്തിയതായി ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി.