web cover 62

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. (യുവതയെ നാടുകടത്തുമോ… https://youtu.be/NpjDzR02TR4 )

സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നാലായിരത്തിലധികം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് ഹൈക്കോടതിയില്‍. ജീവനക്കാര്‍ പ്രതിഷേധവും നിസഹകരണ സമരവും നടത്തി ചുമതലകള്‍ തടസപ്പെടുത്തുകയാണ്. സിസ തോമസിനെ വിസിയായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി എട്ടു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ്. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിട്ടപ്പോഴേക്കും 5,655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ എത്തിയെന്നും 92,000 സംരംഭങ്ങള്‍ ആരംഭിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പ്രളയകാലത്ത് കേന്ദ്രം കേരളത്തിന് അധികമായി തന്ന അരിയുടെ വിലയായ 205.81 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ തീരുമാനമായി. പണം ആവശ്യപ്പെട്ട് കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെ ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 17,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കുടിശിക തുകയാണിത്. ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടനേ വേണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ നടത്താനിരുന്ന കടയടപ്പു സമരം പിന്‍വലിച്ചു. വെട്ടിക്കുറച്ച കമ്മീഷന്‍ പുനസ്ഥാപിക്കുമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്നു പിന്മാറിയതെന്നു സമര സമിതി വ്യക്തമാക്കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കര്‍ണാടക സംഗീതത്തിനു പാലാ സി.കെ രാമചന്ദ്രനും രാധാ നമ്പൂതിരിയും മോഹിനിയാട്ടത്തില്‍ നിര്‍മല പണിക്കരും നീന പ്രസാദും കേന്ദ്ര സംഗീത നാടക അക്കാദമി അവര്‍ഡു നേടി. ട്രിവാന്‍ഡ്രം വി സുരേന്ദ്രന്‍ (മൃദംഗം), കലാമണ്ഡലം ഗിരിജ (കൂടിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളൈ (കഥകളി) എന്നിവരടക്കം 128 കലാകാരന്മാര്‍ക്കാണ് 2021 വരെയുള്ള മൂന്നു വര്‍ഷത്തെ അവാര്‍ഡുകള്‍.

പരിപാടികളില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്കു വിലക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഡിസിസി അടക്കമുള്ള പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. എം.കെ. രാഘവന്‍ എംപിയുടെ പരാതി കിട്ടിയില്ല. അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് എഐസിസി അധ്യക്ഷന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു കോഴിക്കോട് എത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും.

കോട്ടയം ഈരാറ്റുപേട്ടയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചു നടത്തുന്ന മഹാ സമ്മേളനം വിജയിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ കമ്മിറ്റിയില്‍ ആറുപേരാണ് എതിര്‍പ്പ് ഉന്നയിച്ചത്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയിലാണ് മഹാ സമ്മേളനം.

ഗുരുവായൂര്‍ ഏകാദശി രണ്ടു ദിവസങ്ങളിലായി ആഘോഷിക്കും. ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കാനാണ് തന്ത്രിയുടേയും ജ്യോതിഷികളുടേയും തീരുമാനം. ഭരണസമിതി അംഗീകാരവും നല്‍കി. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിക്കാനാണ് നേരത്തെ തീയതി നിശ്ചയിച്ചിരുന്നത്.

ഭക്ഷണത്തില്‍ പലതവണയായി വിഷാംശമുള്ള രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. മുന്‍ ഡ്രൈവര്‍ വിനുകുമാറിനെതിരേയാണു പരാതി നല്‍കിയത്. നാലു മാസത്തെ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസെടുത്തത്. കണ്ണിന്റെ കാഴ്ചശേഷി കുറഞ്ഞു, കാലിനു സ്വാധീനക്കുറവുണ്ടായിയെന്നാണു സരിത പറയുന്നത്.

വാളയാര്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടര്‍ അനൂപ് കെ ആന്റണിയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരേ സമരസമിതി. കോടതിയില്‍ ഹാജരാകാതിരുന്ന പ്രോസിക്യൂട്ടര്‍ ഒടുവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കുട്ടികള്‍ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്തെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടുതന്നെയാണ് സിബിഐക്കുവേണ്ടി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ടു തള്ളിയ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കേ അതേ പ്രോസിക്യൂട്ടറെ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ക്കു തുണി പൊക്കിക്കാണിച്ചെന്നു പരാതി. പ്രതിഷേധ സമരത്തിനിടെയാാണ് അതിക്രമം കാണിച്ചതെന്ന് ആരോപിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുഡിഎഫ് പരാതി നല്‍കി. അസഭ്യം വിളിച്ചെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

കോഴിക്കോട് വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിനു ജപ്തി നോട്ടീസ്. എറണാകുളം സ്വദേശിയായ കരാറുകാരന്‍ രാജുവിന് ലഭിക്കാനുള്ള 38 ലക്ഷം രൂപ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് സബ് കോടതിയാണ് ഓഫീസ് ജപ്തിചെയ്ത് പണം ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്.

കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.

കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാര തുകയായ രണ്ടു കോടി രൂപയില്‍നിന്ന് ഈ തുക നല്‍കണം. ബാക്കിയുള്ള 1.45 കോടി രൂപ ബോട്ടുടമയ്ക്കു കൈമാറണം. ഇറ്റാലിയന്‍ നാവികര്‍ 2012 ലാണ് രണ്ടു മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നത്. കോടതി വിധിയനുസരിച്ച് കെട്ടിവച്ച പത്തു കോടി രൂപയില്‍ നാലു കോടി രൂപ വീതം മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിനു നല്‍കിയിരുന്നു.

കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പ് കരാറില്‍ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. കരാറില്‍ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ത്വരിതാന്വേഷണത്തിനാണ് ഉത്തരവ്.

തനിക്കെതിരെ രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ രാജ്ഭവനു പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതേയുള്ളൂ. ഇക്കാര്യത്തില്‍ തനിക്കു വ്യക്തിപരമായ താല്പര്യമില്ലെന്നും ഗവര്‍ണര്‍.

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍. റജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. അഞ്ചു ലക്ഷം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചിയില്‍ പത്തൊമ്പതുകാരി മോഡലിനെ കൂട്ട ബലാല്‍സംഘം ചെയ്ത കേസില്‍ പ്രതിക്കുവേണ്ടി വക്കാലത്തില്ലാതെ ഹാജരായ അഡ്വ. ബി.എ. ആളൂരിനെതിരേ ബാര്‍ കൗണ്‍സില്‍ നോട്ടീസ്. പ്രതി ഡിമ്പിളിനുവേണ്ടി ഹാജരായ ആളൂരും ഡിമ്പിളിന്റെ അഭിഭാഷകന്‍ അഫ്സലും തമ്മില്‍ കോടതിയില്‍ വാക്കേറ്റമുണ്ടായി. ജഡ്ജി ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ബാര്‍ കൗണ്‍സില്‍ ആറ് അഭിഭാഷകരില്‍നിന്ന് വിശദീകരണം തേടും.

പ്രായപൂര്‍ത്തിയാകാത്ത മലയാളി വിദ്യാര്‍ത്ഥിയെ ലിംഗമാറ്റ ശസ്ത്രക്രിയക്കു പ്രേരിപ്പിച്ച് പണപ്പിരിവു നടത്തിയെന്ന കേസില്‍ കേരള പൊലീസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച യുപി സ്വദേശിനിക്കെതിരായ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്ത് കേരളത്തിനു നോട്ടീസ് അയച്ചു. പ്രതിയായ ഇരുപത്തിനാലുകാരിയുടെ ഹര്‍ജിയിലാണ് നടപടി. പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേരള പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ സഹായിക്കാനാണു ശ്രമിച്ചതെന്നും പണമിടപാടുകള്‍ നടത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു.

പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാമിനെ ആസാമിലെ ജയിലിലേക്കു മാറ്റാനാവില്ലെന്നു സുപ്രീം കോടതി. കേരളത്തിലെ ജയില്‍ചട്ട പ്രകാരം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിക്കു ജയില്‍മാറ്റം അനുവദിക്കാനാകില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്യാതെ ആസാമിലേക്കു മാറ്റാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.

കൊച്ചിയില്‍ പങ്കാളിയെ നടുറോഡില്‍വച്ചു കുത്തിയ ട്രാന്‍സ്ജെന്‍ഡറെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിയായ മുരുകേശനാണ് കുത്തേറ്റത്. ചെന്നൈ സ്വദേശി രേഷ്മയെന്ന ട്രാന്‍സ്ജെന്ററെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. മുരുകേശന്റെ ഭാര്യ സ്ഥലത്തെത്തി കലഹിച്ചതോടെ രേഷ്മ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഡോക്ടറായ മകനെ കമ്പനി ഡയറക്ടറാക്കാമെന്നു വാഗ്ദാനം നല്‍കി പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ തിരുര്‍ക്കാട് എസ് ടി ആര്‍ യാസിന്‍ തങ്ങളാണ് കളമശേരി പൊലീസിന്റെ പിടിയിലായത്. കളമശേരി സ്വദേശിയുടെ പരാതിയില്‍ പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്.

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്കു മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.

അയല്‍വാസിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പത്തനംതിട്ട കൊടുമണ്‍ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. പൊള്ളലേറ്റ അയല്‍വാസി ലതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡനക്കേസ് പ്രതി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് വാട്സാപ്പ് പോസ്റ്റിട്ടതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സാദിഖ് അമ്പാടന്‍, പെരുമ്പാവൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷെഫീഖ് എന്നിവരാണു മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

എംഡിഎംഎ വില്‍പന സംഘത്തിലെ നൈജീരിയന്‍ സ്വദേശിയും രണ്ടു തമിഴ്നാട്ടുകാരും ഹരിപ്പാട് പൊലീസിന്റെ പിടിയിലായി. നൈജീരിയക്കാരന്‍ ജോണ്‍ കിലാച്ചി ഓഫറ്റോ, തിരുപ്പൂര്‍ സ്വദേശികളായ തിരുപ്പൂര്‍ കാമരാജ് നഗര്‍ വടിവേല്‍ (43), തിരുവള്ളൂര്‍ മഹേഷ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

ഹാഷിഷ് ഓയിലുമായി മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ കിഴക്കെതില്‍ സുരേഷ് (42) പോലീസിന്റെ പിടിയിലായി. മൂന്നു ഗ്രാം ഹാഷിഷ് ഓയിലാണു പിടിച്ചെടുത്തത്.

ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികള്‍. മലയാളിയായ അരുണ്‍ ആര്‍ പിള്ള, രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രതികളാണ്. സിബിഐ നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിപ്പട്ടികയില്‍ ഇല്ല.

ഭിമ കൊറേഗാവ് കേസില്‍ ജയിലിലുള്ള ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീംകോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. മുന്‍കൂട്ടി അപേക്ഷ നല്‍കുന്ന അര്‍ഹര്‍ക്കു മാത്രമേ ലൈവ് സംപ്രേക്ഷണത്തിലേക്കു പ്രവേശനം അനുവദിക്കൂ. ഗവേഷകര്‍, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായിരിക്കും അനുമതിയെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

പാര്‍ട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നവും മതപേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മറുപടി സത്യവാങ്മൂലത്തിനു മൂന്നാഴ്ച സമയവും നല്‍കി. വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ലീഗിന്റെ അഭിഭാഷകന്‍ വാദിച്ചു.

നിര്‍മ്മാണത്തിനു ചെലവായ തുകയെക്കാള്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കുന്നതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിനു നോട്ടീസയച്ചു. വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനാണു നോട്ടീസ് നല്‍കിയത്.

സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് പരാതിക്കാരന്‍ ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ചത്. നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജിക്കാരനു നോട്ടീസ് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിക്കു നിര്‍ദേശം നല്‍കി.

ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി വി ആനന്ദബോസിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബിജെപി നേതാക്കളും കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു. ക്ഷണിച്ചിട്ടും അവര്‍ എത്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ചടങ്ങിനെത്തിയ സിപിഎം നേതാവ് ബിമന്‍ ബോസിന് നന്ദിയെന്നും മമത പറഞ്ഞു. മുന്‍ നിരയില്‍ സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ബംഗളൂരുവില്‍ 67 കാരനായ ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്നു പോലീസ്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണു മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാലസുബ്രഹ്‌മണ്യന്റെ മരണമാണ് ഇങ്ങനെ വിവാദമായത്. മുപ്പത്തഞ്ചുകാരിയായ വീട്ടുജോലിക്കാരിയുടെ വീട്ടിലാണു മരണം സംഭവിച്ചത്. ഭയന്ന വീട്ടുജോലിക്കാരി ഭര്‍ത്താവിന്റേയും സഹോദരന്റേയും സഹായത്തോടെയാണു മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇറക്കി പതിനായിരം കോടി രൂപ സമാഹരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതില്‍ 5,000 കോടി രൂപയുടെ ഗ്രീന്‍ഷൂ ഓപ്ഷനും ഉള്‍പ്പെടുമെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ധനസമാഹരണം പരിഗണിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി 29 ന് യോഗം ചേരും.

ലോകകപ്പ് ഫുട്ബോള്‍ സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച്ഡി ചാനലുകള്‍ക്കു പുറമേ, ജിയോ സിനിമ, മൈ വിഐ ആപ്പ്, വിഐ മൂവിസ് ടിവി, ടാറ്റാ പ്ലേ എന്നീ മൊബൈല്‍ ആപിലൂടേയും കാണാം. ഖത്തര്‍ ലോക കപ്പിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളിയാണ് ജിയോ സിനിമ.

ന്യൂസിലാണ്ടിനെതരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. അതേസമയം 307 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 104 പന്തില്‍ നിന്ന് 145 റണ്‍സെടുത്ത് ടോം ലാഥമും 98 പന്തില്‍ 94 റണ്‍സുമായി നായകന്‍ കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സൂചന. സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് നെയ്മര്‍ക്ക് വിനയായത്. ബ്രസീലിന്റെ അടുത്ത കളി 28-ാം തിയതി സ്വിറ്റ്സര്‍ലന്‍ഡിന് എതിരെയാണ്.

ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കരുത്തരായ വെയ്ല്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഇറാന്‍ നേടിയ രണ്ട് ഗോളുകളാണ് വെയില്‍സിനെ തകര്‍ത്തത്. 85-ാം മിനിറ്റില്‍ വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോയതിനെ പിന്നാലെയാണ് ഇറാന്‍ ആക്രമണം ശക്തമാക്കിയത്.

ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ സെനഗലിനോട് തോറ്റ ഖത്തറിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ആതിഥേയരായ ഖത്തര്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. അതേസമയം ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ നേടിക്കൊണ്ട് ഖത്തര്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചരിത്രം കുറിച്ചു.

വമ്പന്‍മാരായ ഡച്ച് പട ഇക്വഡോറിനു മുന്നില്‍ സമനിലയുമായി രക്ഷപ്പെട്ടു. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ആറാം മിനിറ്റില്‍ ഗോളടിച്ച നെതര്‍ലണ്ട്സിനെ പിന്നീടങ്ങോട്ട് തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ വിറപ്പിച്ച ഇക്വഡോര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്യാപ്റ്റന്‍ വലന്‍സിയ നേടിയ ഗോളിലൂടെ സമനിലനേടുകയായിരുന്നു. ഈ ലോകകപ്പിലെ വലന്‍സിയയുടെ മൂന്നാമത്തെ ഗോളാണിത്. ലോകകപ്പുകളില്‍ ഇക്വഡോറിന്റെ അവസാന ആറ് ഗോളുകളും സ്‌കോര്‍ ചെയ്തത താരമെന്ന നേട്ടവും ഇതോടെ വലന്‍സിയ സ്വന്തമാക്കി. രണ്ടാം പകുതിയിലുടനീളം ഡച്ച് ഗോളിയെ പരീക്ഷിച്ച ഇക്വഡോറിനെ മുന്നില്‍ ഡച്ച് പട ഭാഗ്യം കൊണ്ട് മാത്രം സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് യുഎസ്എ. ലോകകപ്പില്‍ ഇന്ന് വെളുപ്പിനെ നടന്ന നാലാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ യുഎസ്എക്ക് ഗോള്‍രഹിത സമനില. രണ്ടു കൂട്ടരും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോളടിക്കാനായില്ല.

രണ്ടാം ഘട്ട മത്സരത്തിനായ് അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് നടക്കുന്ന ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ അര്‍ജന്റീന മെക്സിക്കോയുമായി ഏറ്റുമുട്ടും. ലോകകപ്പില്‍ ഇന്ന് ഗ്രൂപ്പ് സി, ഡി രണ്ടാം ഘട്ട മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് സിയിലെ 6.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പോളണ്ട് സൗദി അറേബ്യയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സും ഡെന്മാര്‍ക്കും വൈകുന്നേരം 9.30 നുള്ള മത്സരത്തില്‍ നേര്‍ക്കുനേരെയെത്തുമ്പോള്‍ 3.30 നുള്ള മത്സരത്തില്‍ ടുണീഷ്യയാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കാന്‍ തയ്യാറായി എച്ച്.പിയും (ഹ്യൂലറ്റ്-പാക്കാര്‍ഡ് കമ്പനി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവ് എച്ച്.പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. പേര്‍സണല്‍ കമ്പ്യൂട്ടര്‍ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50 ശതമാനവും കമ്പനി കണ്ടെത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍. അഞ്ചു മുതല്‍ പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക. കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയുടെ

ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോസ് സെയില്‍ വഴിയായിരിക്കും ഓഹരികള്‍ കൈമാറുക.

ഇനിയും പേരിട്ടിട്ടില്ലാത്ത സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റില്‍ ഒരുങ്ങുന്നു. താല്‍ക്കാലികമായി ‘സൂര്യ 42’ എന്നാണ് ചിത്രം അറിയപ്പെടുന്നത്. 3ഡി ചരിത്ര സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ അരത്താര്‍, വെങ്കിട്ടര്‍, മണ്ടക്കാര്‍, മുകത്താര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് കഥാപാത്രങ്ങളായി സൂര്യ എത്തുന്നു. 1000 വര്‍ഷം പഴക്കമുള്ള ഒരു ഫാന്റസി ചിത്രമാണ് സൂര്യ 42 എന്നാണ് ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫ് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ 35 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ ചിത്രീകരിച്ചു. പശ്ചാത്തല കഥ ശ്രീലങ്കയില്‍ ചിത്രീകരിക്കും. യുവി ക്രിയേഷന്‍സും സ്റ്റുഡിയോ ഗ്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സൂര്യ 42 ല്‍ നായികയായി ബോളിവുഡ് നടി ദിഷ പടാനിയാണ് എത്തുന്നത്. 10 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവരാണ് ഗാനരചന. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് യൂനസിയോ ആണ്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് നടന്‍ സിദ്ധിഖ് ഒരു ഗാനത്തിനു ശബ്ദം നല്‍കിയിരിക്കുന്നു. സിദ്ധിഖിനെ കൂടാതെ ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, മറ്റു പുതുമുഖ ഗായകരും ഗാനങ്ങള്‍ ആലപിക്കുന്നു.

ലംബോര്‍ഗിനിയുടെ എസ്യുവി ഉറുസിന്റെ പെര്‍ഫോമന്റെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്റെ കംഫര്‍ട്ടും പെര്‍ഫോമന്റെയുടെ ഹാന്‍ഡിലിങ്ങുമായാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്. നിലവിലെ ഉറുസിലെ നാലു ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് വി 8 എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലിലും. എന്നാല്‍ കരുത്ത് 16 എച്ച്പി വര്‍ധിച്ച് 666 എച്ച്പിയായി മാറി. ടോര്‍ക്ക് 850 എന്‍എം തന്നെ. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 306 കിലോമീറ്ററാണ്. സാന്റ്, സ്നോ, മഡ് എന്നീ ഡ്രൈവ് മോഡുകള്‍ ഒഴിവാക്കിയാണ് പുതിയ മോഡല്‍ എത്തിയത്. നിലവിലെ ഉറുസിനെക്കാള്‍ 16 എംഎം വീതിയും 25 എംഎം നീളവും പുതിയ മോഡലിനുണ്ട്.

ഫുട്‌ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്‌ബോള്‍ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍. കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും. ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ സംഭവങ്ങളും പ്രശ്‌നങ്ങളും. കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ രചിച്ച റെഡ് സോണിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ്. മാതൃഭൂമി ബുക്സ്. വില 272 രൂപ.

തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കും. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെങ്കിലും ഇതില്‍ ഭൂരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും കഴിക്കാവുന്നതാണ്. ആരോഗ്യം നല്‍കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മികച്ച മാര്‍ഗ്ഗമാണ് ബദാം. പച്ച ബദാമില്‍ ഫോസ്ഫറസ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായി ബദാം കഴിച്ചാല്‍ പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ ഗുരുവും ശിഷ്യനും ഏറെ നടന്നു നടന്ന് കുന്നിന്‍ചെരുവിലെത്തി. വിശന്നപ്പോള്‍ അടുത്തുകണ്ട കുടിലില്‍ കയറി ഭക്ഷണം ചോദിച്ചു. അവിടെയാകെ കുറച്ച് സംഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ ആര്‍ത്തിയോടെ അത് കുടിച്ചു. പുറത്തിറങ്ങിയപ്പോള്‍ അവരുടെ പറമ്പിനററത്ത് ഒരു പശു നില്‍ക്കുന്നത് കണ്ടു. ഗുരു ആ പശുവിനെ കെട്ടഴിച്ചുവിടാന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍പറഞ്ഞു. ഇവരുടെ ആകെ വരുമാനമായിരിക്കും ആ പശു. അതിനെ കെട്ടഴിച്ചുവിട്ടാല്‍ അതെവിടെയെങ്കിലും പോകും. പക്ഷേ, ഗുരുവിന്റെ വാക്ക് ധിക്കരിക്കാന്‍ കഴിയാതെ ശിഷ്യന്‍ അങ്ങനെ തന്നെ ചെയ്തു. പശു കുന്നിറങ്ങി ദൂരേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ സ്ഥലത്തെത്തിയപ്പോള്‍ അവിടെ വലിയൊരു വീട് കണ്ടു. അവര്‍ ആ വീട്ടിലേക്ക് വീണ്ടും കയറി. വീട്ടുകാര്‍ പറഞ്ഞു: ഞങ്ങളുടെ ആകെ വരുമാനം ആ പശുവായിരുന്നു. അതിനെ നഷ്ടപ്പെട്ടപ്പോള്‍ ജീവിക്കാനായി അവര്‍ക്ക് മറ്റുമാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നു. അന്നുമുതലാണ് ഞങ്ങള്‍ രക്ഷപ്പെട്ടുതുടങ്ങിയത്. ആയിരിക്കുന്ന അവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു പുറത്തു കടക്കാതെ അര്‍ഹിക്കുന്ന അവസ്ഥയുടെ അത്ഭുതലോകത്തേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കുകയില്ല. ജീവിക്കുന്ന പരിസരത്തിന് നിയന്ത്രണം വെച്ച് അതിനുള്ളില്‍ തങ്ങളുടെ സ്വപ്നങ്ങളേയും പ്രവൃത്തികളേയും ഞെരുക്കി ജീവിതം തള്ളിനീക്കുന്നവരാണ് ഭൂരിഭാഗവും. തനിക്കിതേ വിധിച്ചിട്ടുള്ളൂ എന്ന് ന്യായീകരിക്കുകയും ചെയ്യും. പറക്കാന്‍ ശേഷിയുള്ളവര്‍ എന്തിനാണ് ഇഴയുന്നത്. അപ്രതീക്ഷിത പ്രതിബന്ധങ്ങളാണ് അതിജീവനവഴികളിലേക്ക് നമ്മെ നയിക്കുന്നത്. എല്ലാ വഴികളും അടയുമ്പോഴും ജീവിച്ചേ മതിയാകൂ എന്നൊരാള്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തെ പ്രതിരോധിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. നമുക്ക് പരിമിതികളില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കാം – ശുഭദിനം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *