കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. സിസ തോമസിനു ഫയലുകളൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിയില്ല. ഇതോടെ സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍സര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. (യുവതയെ നാടുകടത്തുമോ … https://youtu.be/NpjDzR02TR4 )
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ കൊല്ലാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടു പേരെ ചുമതലപ്പെടുത്തിയെന്ന ഈ ഓഡിയോ സന്ദേശമാണു പോലീസിനു ലഭിച്ചത്.
റേഷന്‍ കടയുടമകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കമ്മീഷനും കൊടുത്തു തീര്‍ക്കുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. റേഷന്‍ വ്യാപാരികള്‍ സമരത്തിനു പോകേണ്ട കാര്യമില്ല. ഒക്ടോബറിലെ കമ്മീഷന്‍ തുക 49 ശതമാനമേ നല്‍കൂവെന്ന ഉത്തരവ് തങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമരസമിതി പറഞ്ഞു. ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് സമര നോട്ടീസ് നല്‍കി.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. മേയര്‍ ഡയസിലേക്കു വരുന്നതു തടയാന്‍ വനിതകളടക്കം ബിജെപി കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നു. മേയര്‍ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം എതിരേറ്റത്. ഇതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലെത്തി.
തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചാണ് മേയറുടെ പരാതിയില്‍ കേസെടുത്തത്.
ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെ പരോക്ഷമായി പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. സമാന്തര പ്രവര്‍ത്തനം പാടില്ലെന്നും പ്രകോപന പ്രസ്താവനകള്‍ അരുതെന്നുമുള്ള കെപിസിസി നിലപാടിനെ പിന്തുണക്കുന്നുവെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
ശശി തരൂര്‍ നാടിന്റെ പുണ്യമെന്ന് എം.കെ രാഘവന്‍ എംപി. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും രാഘവന്‍ പറഞ്ഞു. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നടന്ന ചടങ്ങിലാണ് രാഘവന്റെ പുകഴ്ത്തല്‍.
വിജിലന്‍സ് പരിശോധനയില്‍ ഓഫീസില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കാട്ടാക്കട സബ് രജിസ്ട്രാര്‍ കെ.സി. സന്തോഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു തിരികേ നിയമിച്ചു. തന്റെ കൈയില്‍നിന്നു പണമോ പാരിതോഷികമോ കണ്ടെത്തിയിട്ടില്ലെന്നു വിശദീകരണം നല്‍കിയതിനെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്.
മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ആര്‍ടിസി ബസില്‍ കുഴല്‍പ്പണം കടത്തിയ മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന്‍ നിഥിനാണ് അറസ്റ്റിലായത്.
എകെജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി ടി. നവ്യക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 24 നും 30 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണം. ഒന്നാം പ്രതി ജിതിന് സ്‌കൂട്ടര്‍ നല്‍കിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നവ്യ.
ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കി. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നു ശുപാര്‍ശ ചെയ്‌തെന്നു കത്തില്‍ പറയുന്നു.
വീണ്ടും കര്‍ഷക ആത്മഹത്യ. കോഴിക്കോട് കൊയിലാണ്ടിയില്‍ ജപ്തി നോട്ടീസ് ലഭിച്ച അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍നിന്ന് എടുത്ത ഒമ്പതു ലക്ഷം രൂപ കുടിശിക ആയിരുന്നു.
തിരുനെല്ലി വനത്തില്‍ കാട്ടാന ഒടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണു മരിച്ചു. മല്ലികപാഠ കോളനിയിലെ രാജുവിന്റെയും ഗാരി യുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനു പോയതായിരുന്നു. രാത്രി പത്തോടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു.
വയനാട്ടില്‍ സഹപ്രവര്‍ത്തകയായ പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസുകാരന് മൂന്‍കൂര്‍ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ ജോസഫിനാണ് സുപ്രീം കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഇടുക്കി കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിന്‍, കുഴികണ്ടം, പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്.
മാള പുത്തന്‍ചിറയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പിണ്ടിയത്ത് സരിത്ത് ചന്ദ്രനെ മൂകാംബികയില്‍നിന്നാണ് പിടികൂടിയത്.
കൊല്ലം പത്തനാപുരത്ത് ആറു ദിവസം മുമ്പ് കാണാതായ സിന്ധുവിനെ കണ്ടെത്തി. ജോലി അന്വേഷിച്ചിറങ്ങിയ ഇവരെ തിരുവനന്തപുരം കണിയാപുരത്തുനിന്നാണ് കണ്ടെത്തിയത്.
ആസാം – മേഘാലയ അതിര്‍ത്തിയിലെ വനമേഖലയിലെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. ആസാം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിലെ വനംകൊള്ള സംഘത്തിലെ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഘാലയയിലെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.
ഗുജറാത്തിലെ അഹമ്മദാബാദില്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിച്ച ഉടമക്ക് രണ്ടര വര്‍ഷം തടവുശിക്ഷ. കന്നുകാലികളെ റോഡില്‍ മേയാന്‍ വിട്ടതിന് ആറുമാസം തടവുശിക്ഷ. പ്രകാശ് ജയറാം ദേശായി എന്നയാളെയാണു കോടതി ശിക്ഷിച്ചത്. അലഞ്ഞു നടന്ന കന്നുകാലികളെ പിടികൂടാനെത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കു രണ്ടു വര്‍ഷത്തെ തടവും വിധിച്ചു.
പാക്കിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചു കോടീശ്വരന്മാരായതിനെക്കുറിച്ച് അന്വേഷണം. ഈ മാസത്തോടെ വിരമിക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സ്വത്ത് വന്‍തോതില്‍ വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ട്.