◾ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിനു നല്‍കിയ പൊതുനിര്‍ദ്ദേശത്തിലെ പരാമര്‍ശം പിന്‍വലിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായതോടെയാണു പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
◾പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിസി ഡോ.ശശീന്ദ്രനാഥിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന പരാതിയിലാണു നടപടിക്ക് ഒരുങ്ങുന്നത്. സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കമുള്ള പരാതിയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി നല്‍കിയത്.
◾പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തു 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണമെന്ന് കുഫോസ് വിസി റിജി ജോണ്‍. ഇക്കാര്യം ഉന്നയിച്ചു റിജി ജോണ്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ശബരിമല ദര്‍ശനത്തിനു വന്‍ തിരക്ക്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിയിച്ചത്. ബര്‍ത്ത് വഴി ഇന്നത്തേക്കു ബുക്കു ചെയ്തത് അറുപതിനായിരത്തോളം പേരാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ എത്തും. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് സ്ഥിതിഗതികള്‍ വിലയിരുത്തും
◾ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്കു നല്‍കിയ പൊതു നിര്‍ദ്ദേശങ്ങളില്‍ യുവതികള്‍ അടക്കം എല്ലാവര്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നു രേഖപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിന് മുതിരരുതെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
◾ശബരിമല തീര്‍ത്ഥാടനത്തിനു പൊലീസുകാര്‍ക്കു നല്‍കിയ പൊതുനിര്‍ദ്ദേശ കൈപ്പുസ്തകം മുന്‍ വര്‍ഷങ്ങളില്‍ അച്ചടിച്ചതാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. നിര്‍ദ്ദേശങ്ങളിലെ തെറ്റുകള്‍ തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തുകം വിതരണം ചെയ്യുമെന്നും എഡിജിപി അറിയിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾ജര്‍മനിയിലെ ലേസര്‍ ശസ്ത്രക്രിയ ചികില്‍സക്കുശേഷം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്.
◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍. നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ടയേഡ് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിച്ച് വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം. ഈ ചട്ടം ചാന്‍സലര്‍ ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
◾ദേശീയ പതാകയെ അവഹേളിച്ചെന്ന് ആരോപിച്ച് ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എസ്. എസ്. മനോജ് ജനുവരി 25 നു നല്‍കിയ പരാതിയിലാണ് പത്തു മാസത്തിനുശേഷം പോലീസ് കേസെടുത്തത്. ചെരുപ്പ്, ടീ ഷര്‍ട്ട്, മിഠായി കവര്‍, ചുരിദാര്‍, സിറാമിക് കപ്പ് തുടങ്ങിവയില്‍ ദേശീയ പതാകയുടെ നിറങ്ങള്‍ മുദ്രണം ചെയ്ത് വിപണയിലിറക്കിയതിനെതിരേയാണു പരാതി നല്‍കിയത്.
◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആര്‍ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകനെന്നാണ് പോസ്റ്ററിലുള്ളത്. കണ്ണൂര്‍ ഡിസിസി ഓഫീസ് റോഡിലാണു പോസ്റ്ററുകള്‍.
◾വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരം നടത്തുന്നത് എന്തിനെന്ന് മന്ത്രി വി. അബ്ദുറഹമാന്‍. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയില്ലെന്നാണു സമരക്കാര്‍ പറയുന്നത്.
◾ഗവര്‍ണറെ എസ്എഫ്ഐ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ അധിക്ഷേപിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തിരുവനന്തപുരം സംസ്‌കൃതകോളജിനു മുന്നില്‍ ഗവര്‍ണറെ അധിഷേപിച്ച് ഉയര്‍ത്തിയ ബാനറിനെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഒന്നിച്ചു മദ്യപിച്ചതിനിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരനെ (72) അറസ്റ്റു ചെയ്തു.
◾എരുമേലിയില്‍ ചരളയ്ക്കു സമീപം കാറില്‍ അധ്യാപകന്‍ മരിച്ച നിലയില്‍. കൂവപ്പള്ളി ടെക്നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്സ് ഡെമോണ്‍സ്ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു.
◾കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി. ബംഗാള്‍ സ്വദേശി സുശാന്തിനെ മണ്ണിനടയില്‍നിന്ന് പുറത്തെടുത്ത് രക്ഷിച്ചു. രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഡിജിപി.
◾ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികള്‍ മയക്കുമരുന്നു കച്ചവടത്തിനിടെ വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളാണ് ബംഗളൂരു പൊലീസിന്റെ പിടിയിലായത്. ഏഴു കോടി രൂപയുടെ 12 കിലോ ഹാഷിഷ് ഓയിലുമായി മാര്‍ച്ച് മാസത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു ഇരുവരും.
◾വെള്ളനാട് കരുണാസായി ലഹരി വിമോചന കേന്ദ്രത്തില്‍ അന്തേവാസിയായ കഴക്കൂട്ടം സ്വദേശി വിജയനെ കൊന്ന് മതില്‍ ചാടി സ്‌കൂട്ടര്‍ മോഷ്ടിച്ചു രക്ഷപ്പെട്ട അന്തേവാസി പിടിയിലായി. കൊല്ലം പരവൂര്‍ പൂതക്കുളം പുത്തന്‍ വീട്ടില്‍ എസ്.ബിജോയി (25) ആണു ചിറയിന്‍കീഴിലെ സഹോദരിയുടെ വീട്ടില്‍നിന്ന് പിടിയിലായത്. മദ്യപാനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും.
◾പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവിധ ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഏഴു പേര്‍ റിമാന്‍ഡില്‍. മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, ആലുവയിലെ കെ ബി സലാം, തൃശൂര്‍ കൃഷ്ണപുരം സ്വദേശികളായ കെബി സലാം, അജിത് കുമാര്‍, ഉദംപേരൂര്‍ സ്വദേശി ഗിരിജ, അച്ചു, നിഖില്‍ ആന്‍ണി, ബിബിന്‍ മാത്യു എന്നിവരാണ് റിമാന്‍ഡിലായത്.
◾മഞ്ചേശ്വരം ഉദ്യാവറില്‍ മദ്രസയിലേക്കു പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ എടുത്തെറിഞ്ഞയാള്‍ അറസ്റ്റിലായി. കുഞ്ചത്തൂര്‍ സ്വദേശി സൈക്കോ എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദ്ദിഖിനെയാണ് അറസ്റ്റു ചെയ്തത്.
◾സിദ്ധന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയ വിരുതന്‍ അറസ്റ്റില്‍. പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടന്‍ അബ്ബാസിനെയാണ് (45) അറസ്റ്റു ചെയ്തത്. ആള്‍ദൈവം ചമഞ്ഞ് വീട്ടില്‍ ചികിത്സ നടത്തി വരികയായിരുന്നു ഇയാള്‍.
◾വയനാട് മീനങ്ങാടിയില്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊന്‍മുടി കോട്ടയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
◾ഷോളയാര്‍ – മലക്കപ്പാറ റൂട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം. വാഹനങ്ങള്‍ ഏറെ ദൂരം പിന്നോട്ട് ഓടിക്കേണ്ടിവന്നു. ആന റോഡില്‍ തന്നെ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം അര മണിക്കൂറിലേറെ തടസപ്പെട്ടു.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു പിറകേ, കോണ്‍ഗ്രസിലും വിമത കലാപം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരും അണികളും തെരുവിലിറങ്ങി പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു മികച്ച പ്രതികരണമെന്നു സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കെ ഇന്ത്യയില്‍ മികച്ച ജനപിന്തുണ ലഭിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ആക്സിസ് ബാങ്കിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നര ശതമാനം ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന് കിട്ടിയത് 3839 കോടി രൂപ. രണ്ടു ദിവസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഡിസ്ഇന്‍വെസ്റ്റ്മെന്റ് പദ്ധതി പ്രകാരം ഓഹരി വിറ്റത്.
◾അമേരിക്കന്‍ ജനപ്രതിനിധ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്നേറ്റം. 435 അംഗ സഭയില്‍ 218 സീറ്റുകളില്‍ ജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പാക്കി. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ക്ക് 208 സീറ്റാണു കിട്ടിയത്. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷം.
◾രണ്ടു ദിവസമായി ചാഞ്ചാടി നിന്ന സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4875 ആയി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 36,880 രൂപയായിരുന്നു പവന്‍ വില. രണ്ടായിരം രൂപയിലേറെ വര്‍ധനയാണ് ഇതുവരെ ഈ മാസമുണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ 65 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4050 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
◾പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വാടക നല്‍കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിങ് ഫീസ് എസ്ബിഐ വര്‍ധിപ്പിച്ചത് പ്രാബല്യത്തില്‍ വന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നവര്‍ക്ക് 99 രൂപയും ജിഎസ്ടിയുമാണ് ഫീസ്. ഇഎംഐ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രോസസിങ് ചാര്‍ജ് 99 രൂപയില്‍ നിന്ന് 199 രൂപയായാണ് ഉയര്‍ത്തിയത്. ജിഎസ്ടിയും അധികമായി നല്‍കണം.
◾നെല്‍സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. കന്നഡയുടെ പ്രിയ താരം ശിവ രാജ്കുമാര്‍ ‘ജയിലറി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.
◾ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് കള്ളനും ഭഗവതിയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. കുഞ്ചാക്കോ ബോബന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
◾ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ തലമുറ പ്രിയസിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തി. പുതിയ ടൊയോട്ട പ്രിയസ് 2023 പ്ലഗ്-ഇന്‍ ഹൈബ്രിഡ് സജ്ജീകരണത്തിലും മറ്റ് രണ്ട് ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിനുകളിലും എത്തിയേക്കും. ശക്തമായ ഹൈബ്രിഡുകള്‍ ജപ്പാന്‍, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളില്‍ വാഗ്ദാനം ചെയ്യും, അതേസമയം പിഎച്ച്ഇവി മോഡല്‍ യൂറോപ്യന്‍ വിപണികളെ ലക്ഷ്യമിടുന്നു. മൊത്തം 220 ബിഎച്ച്പി കരുത്തുള്ള 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്നു. 121 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനമുള്ള 1.8 എല്‍ എഞ്ചിനാണ് നിലവിലെ പ്രിയസിന്റെ സവിശേഷത.
◾കാല്‍പ്പന്തുകളിയുടെ അവിസ്മരണീയ സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ ഗ്രന്ഥം വായനാനുഭവങ്ങള്‍ക്കു പുറമേ ത്രസിപ്പിക്കുന്ന കാല്‍പന്ത് കളികളുടെ ദൃശ്യവിരുന്ന് ക്യുആര്‍ കോഡ് വഴി കാണുവാന്‍ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഫുട്ബോള്‍ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂര്‍ത്തങ്ങളും വീഡിയോ രൂപത്തില്‍. ഫുട്ബാള്‍ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്‌കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓര്‍മിപ്പിക്കുന്നു. ‘ചെളി പുരളാത്ത പന്ത്’. രാജീവ് രാമചന്ദ്രന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 209 രൂപ.
◾നല്ല മുടി വേണമെങ്കില്‍ നല്ല രീതിയിലുള്ള പരിചരണവും നല്‍കണം. ചുടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടി പൊട്ടിപോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. കുടാതെ സ്ഥിരമായി ചുടുവെള്ളം ഉപയോഗിക്കുന്നത് താരന്‍, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നു. മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുത്ത് അത് ഉപയോഗിക്കുക. ഇടയ്ക്ക് ഷാംപൂ മാറ്റിയാല്‍ അത് മുടിയെ ദോഷകരമായി ബാധിക്കും. കണ്ടീഷണര്‍ തലയോട്ടിയില്‍ ഇടുന്നത് ഒഴിവാക്കുക. മുടിയിഴകളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് കണ്ടീഷണര്‍. പലരും ഷാംപൂവിന് ശേഷമാണ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ആദ്യം കണ്ടീഷണര്‍ മുടിയിഴകളില്‍ ഇടണം. അതിന് ശേഷം തലയോട്ടിയില്‍ ഷാംപൂ ചെയ്യണം. ഹെയര്‍ ഡ്രെയറിന്റെ അമിത ഉപയോഗവും മുടി ഇഴകള്‍ക്ക് ദോഷമാണ്. തല തോര്‍ത്തുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം തുണികൊണ്ട് വളരെ ശക്തിയായി മുടി തോര്‍ത്താന്‍ പാടില്ല. ഇത് മുടിയുടെ അറ്റം പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു. നനഞ്ഞ മുടി ചീകുന്നത് ഒഴിലാക്കുക. കാരണം നനഞ്ഞിരിക്കുമ്പോളാണ് മുടി ഏറ്റവും ദുര്‍ബലമായിരിക്കുന്നത്. ഈ സമയത്ത് ചീകിയാല്‍ മുടി പൊട്ടിപ്പോകും. അമിതമായി കെമിക്കല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മുടിക്ക് കേട് വരുത്തുന്നു. ഇവയൊക്കെ മുടിയെ ദുര്‍ബലപ്പെടുത്തുകയും മുടി പൊട്ടിപ്പോകാന്‍ കാരണമാകുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.61, പൗണ്ട് – 97.15, യൂറോ – 84.75, സ്വിസ് ഫ്രാങ്ക് – 86.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 216.48, കുവൈത്ത് ദിനാര്‍ -265.13, ഒമാനി റിയാല്‍ – 211.97, സൗദി റിയാല്‍ – 21.71, യു.എ.ഇ ദിര്‍ഹം – 22.22, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 61.19.