◾എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി ഹണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതം ബിജെപി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.
◾എംജി സര്‍വകലാശാല അധ്യാപക നിയമന അഭിമുഖത്തിനു മാര്‍ക്കിടാന്‍ പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എംജി സര്‍വകലാശാല നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. അധ്യാപക നിയമനം അക്കാദമിക് വിഷയമാണെന്നും കോടതി ഇടപെടരുതെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വെട്ടികുറച്ച കടമെടുപ്പു പരിധി വര്‍ധിപ്പിക്കണം. കേന്ദ്ര ബജറ്റിനു മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായാണ് ധനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.
◾അഞ്ചു വര്‍ഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുടെ അപ്പീല്‍ അടക്കമുള്ള ഹര്‍ജികള്‍ വേഗത്തില്‍ ലിസ്റ്റ് ചെയ്യണമെന്നു സുപ്രീം കോടതി. ഇതുസംബന്ധിച്ച് രജിസ്ട്രിയ്ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുമെന്നു ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്.
◾സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന് നല്‍കി നിര്‍വഹിച്ചു. കായികോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ തിരുവനന്തപുരത്താണ് കായികോത്സവം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾വിവാഹിതയ്ക്കു വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പീഡനമാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൌസര്‍ എടപ്പഗമാണ് ഉത്തരവിട്ടത്.
◾തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ യുവമോര്‍ച്ച ഉപരോധം. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് കോര്‍പറേഷനു പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്താണ് ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായത്.
◾തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തിറങ്ങിയ നിയമന ശുപാര്‍ശക്കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. തന്റെ കത്ത് വ്യാജമാണെന്ന് മേയര്‍ കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
◾മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നരഹത്യാകുറ്റം നിലനില്‍ക്കുമോയെന്നു പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
◾താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ശശി തരൂര്‍. ചെണ്ടയ്ക്കു താഴെയാണ് എല്ലാ വാദ്യങ്ങളുമെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനു പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. തിരുവനന്തപുരം നഗരസഭയിലെ സമരത്തിന്റെ പേരില്‍ ജയിലിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് തരൂര്‍ പറഞ്ഞു.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരേയും ശശി തരൂരിനെയും പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുമെന്നു പ്രൊഫഷണല്‍ കോണ്‍ഗ്രസ്. സുധാകരനും ശശി തരൂരും രാവിലത്തെ സെഷനിലും സതീശന്‍ വൈകുന്നേരത്തെ സെഷനിലുമാണ് പങ്കെടുക്കുക. ‘ഡിക്കോഡ്’ എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകനായിട്ടാണ് തരൂരിനു ക്ഷണം.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടര്‍മാര്‍ സമരത്തില്‍. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
◾തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ്. ബിഎസ്എന്‍എല്ലില്‍നിന്ന് സ്വയം വിരമിക്കുമ്പോള്‍ കിട്ടിയ ലക്ഷങ്ങളാണ് സഹകരണ സംഘത്തില്‍ കാണാനില്ലാത്തത്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങള്‍ വായ്പ എടുത്തെന്നാണു പരാതി.
◾വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്നു സമരസമിതി. ബുധനാഴ്ചയും ഇന്നലെയുമായി നടന്ന സമരസമിതി ചര്‍ച്ചയിലും അതിരൂപതയില്‍ നടന്ന വൈദികരുടെ ചര്‍ച്ചയിലുമാണു തീരുമാനം. കോടതി ഇടപെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സമരം നിര്‍ത്തുമെന്ന അഭ്യൂഹത്തിനിടയിലാണ് തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാന്‍ തീരുമാനിച്ചത്.
◾വിജിലന്‍സ് അന്വേഷണം നേരിടുന്ന കാട്ടാക്കട സബ് രജിസ്ട്രാര്‍ സന്തോഷ്‌കുമാറിനെ തിരിച്ചെടുത്ത സംഭവത്തില്‍ രജിസ്ട്രേഷന്‍ ഐജി ഇമ്പശേഖറിനോടു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടി. കണക്കില്‍പെടാത്ത പണം കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. തന്റെ കൈയില്‍നിന്നല്ല പണം പിടിച്ചെടുത്തതെന്നും ഓഫീസിലെ പണത്തിന് ഉത്തരവാദിയല്ലെന്നുമുള്ള വിശദീകരണക്കത്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്‌കുമാറിനെ തിരിച്ചെടുത്തത്.
◾തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശക്കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയര്‍ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ആനാവൂര്‍ നാഗപ്പന്‍ പിഎസ് സി ചെയര്‍മാനാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കു മാത്രമാണ് ജോലി കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. എറണാകുളം കളക്ടറേറ്റിലെ വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. കടമക്കുടി സ്വദേശി കെ.പി സാജുവിനു രണ്ടു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്ത് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചപ്പോഴാണ് ജപ്തി ചെയ്തത്.
◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനു 12 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് സ്വദേശി വിനോദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസ് ശിക്ഷിച്ചത്.
◾പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ വിയ്യൂര്‍ ജയിലില്‍നിന്ന് ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്കു മാറ്റി.
◾തലശേരിയില്‍ ലഹരി വില്‍പന ചോദ്യം ചെയ്തതിനു രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പു നടത്തി. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം ചൂണ്ടിക്കാണിച്ചത്. കൊലപാതകത്തിനു വിളിച്ച ഓട്ടോയും കണ്ടെത്തി.
◾ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ജീവപര്യന്തം തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞെന്നും 17 വര്‍ഷമായി ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ തവണ ജയില്‍ മോചനത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ ഷാജി ഉള്‍പ്പെട്ടിരുന്നു. ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് മോചനപട്ടികയില്‍നിന്നു ഷാജിയെ ഒഴിവാക്കിയത്.
◾മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരന്‍ തൃശൂര്‍ സ്വദേശി ബിമല്‍ (32) കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനായ മണികണ്ഠനെ പൊലീസ് അറസ്റ്റു ചെയ്തു. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.
◾തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു മുപ്പതോളം പേര്‍ക്കു പരിക്ക്. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്കു പോകുകയായിരുന്ന സുമംഗലി ബസാണ് മറിഞ്ഞത്.
◾ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തി സുരക്ഷാ വീഴ്ച. ബാവ്ലയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയാണു സ്വകാര്യ ഡ്രോണ്‍ പറത്തിയത്. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
◾സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വര്‍ഷമായി ഹൈദരാബാദില്‍ ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
◾ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യന്‍ നഴ്സ് അറസ്റ്റില്‍. രാജ്‌വീന്ദര്‍ സിങ് (38) എന്ന ഇന്ത്യന്‍ നഴ്സിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
◾ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പ് ലോകകപ്പ് സ്റ്റേഡിയത്തിലേക്കു കടക്കാന്‍ ശ്രമിച്ച ഫുട്ബോള്‍ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്സിക്കന്‍ ആരാധനാണ് കുടുങ്ങിയത്.
◾ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30 ന് വെയില്‍സ് ഇറാനെയും വൈകുന്നേരം 6.30 ന് ഖത്തര്‍ സെനഗലിനേയും രാത്രി 9.30 ന് നെതര്‍ലണ്ട്സ് ഇക്വഡോറിനേയും നാളെ വെളുപ്പിന് 12.30 ന് ഇംഗ്ലണ്ട് യു.എസ്.എയും നേരിടും. ഗ്രൂപ്പ് എയിലേയും ബിയിലേയും ടീമുകളുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുക.
◾ഓരോ സെക്കന്‍ഡിലും ഒന്നര ലക്ഷം രൂപയുടെ വരുമാനം! ലോകത്തെ ഏറ്റവും പ്രമുഖമായ ടെക് കമ്പനിയായ ആപ്പിള്‍ ഒരു സെക്കന്‍ഡില്‍ ഉണ്ടാക്കുന്ന തുകയാണിത്. ഒരു ദിവസത്തെ ആപ്പിളിന്റെ വരുമാനം 1,282 കോടിയും! ആപ്പിളിന് തൊട്ട് പിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റുമമുണ്ട്. വാരന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുളള ബെര്‍ക്കിഷെയര്‍ ഹാത്ത്വേയാണ് നാലാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് 1.14 ലക്ഷം രൂപയും ബെര്‍ക്ഷെയര്‍ ഹതവേ 1.10 ലക്ഷം രൂപയാണ് സെക്കന്‍ഡില്‍ ഉണ്ടാക്കുന്നത്. അക്കൗണ്ടിങ് സോഫ്റ്റ്വെയര്‍ കമ്പനിയായ തിപാല്‍റ്റിയാണ് കമ്പനികളുടെ വരുമാനം സംബന്ധിച്ച പഠനം നടത്തിയത്. ഒരു യു.എസ് പൗരന്‍ ഒരു വര്‍ഷത്തില്‍ ശരാശരിയുണ്ടാക്കുന്നതിലും കൂടുതലാണ് ആപ്പിളിന്റേയും മൈക്രോസോഫ്റ്റിന്റേയുമെല്ലാം ഒരു മണിക്കൂറിലെ വരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഇന്ത്യന്‍ ഓഹരികളിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം നടപ്പുവര്‍ഷം ജൂലായ്-സെപ്തംബറില്‍ 2021ലെ സമാനപാദത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞു. 1,360 കോടി ഡോളറില്‍ നിന്ന് 1,030 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വ്യക്തമാക്കി. നടപ്പുവര്‍ഷം ആദ്യപാദമായ ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് ഇടിവ് 37 ശതമാനമാണ്. പുതിയ ഇക്വിറ്റി എഫ്.ഡി.ഐ., പുനര്‍നിക്ഷേപം, മറ്റ് മൂലധനനിക്ഷേപം എന്നിവയടക്കം ഓഹരികളിലേക്കുള്ള മൊത്തം എഫ്.ഡി.ഐ കഴിഞ്ഞപാദത്തില്‍ 1,980 കോടി ഡോളറില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 1,660 കോടി ഡോളറിലെത്തി. ആഗോള സമ്പദ്പ്രതിസന്ധിയാണ് നിക്ഷേപത്തെ തളര്‍ത്തുന്നത്. ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം ഒഴുക്കുന്നത് സിംഗപ്പൂരാണ്. ഏറ്റവുമധികം എഫ്.ഡി.ഐ ഒഴുകുന്നത് മഹാരാഷ്ട്രയിലേക്കാണ്. കര്‍ണാടക, ഗുജറാത്ത് എന്നിവ യഥാക്രമം രണ്ടുംമൂന്നും സ്ഥാനംനേടി.
◾വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലെ താരാട്ട് പാട്ട് പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം കെ.എസ് ചിത്ര ആലപിച്ച ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഒരു ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ. മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.
◾ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ‘ഖെദ്ദ’ ചിത്രീകരണം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീവത്സന്‍ ജെ. മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് പാടിയിരിക്കുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി നായര്‍. ബിജിപാലാണ് പശ്ചാത്തല സംഗീതം. ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തും.
◾ദുല്‍ഖര്‍ സല്‍മാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയില്‍. ഒര്‍ജിനല്‍, റെക്കോണ്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം മാത്രം നിര്‍മിക്കുന്ന പ്രത്യേക പതിപ്പിന്റെ വില 5.5 ലക്ഷം രൂപയാണ്. ബൈക്കിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ജനുവരി ആദ്യം ബൈക്ക് ഉപഭോക്താക്കള്‍ക്കു ലഭിച്ചുതുടങ്ങും.
◾‘സൂര്യവംശ’ത്തില്‍ മേതില്‍ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന അപൂര്‍വ്വമായ കാലദര്‍ശനം സ്‌നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധമാനങ്ങള്‍ക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ് മനുഷ്യവര്‍ഷങ്ങളെയും ദേവവര്‍ഷങ്ങളെയും കടത്തിവിടുന്നു. മലയാള നോവല്‍സാഹിത്യത്തില്‍ മാറ്റത്തിന്റെ കൊടിയടയാളമായി എന്നെന്നും നിലകൊള്ളുന്ന ‘സൂര്യവംശം’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് അമ്പതു വര്‍ഷം തികയുന്ന വേളയില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്. നമ്പൂതിരിയുടെ ചിത്രങ്ങളോടൊപ്പം. മേതില്‍ രാധാകൃഷ്ണന്‍. മാതൃഭൂമി ബുക്സ്. വില 330 രൂപ.
◾തണുപ്പുകാലത്ത് തല പൊക്കുന്ന ഒന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ അമിത രക്തസമ്മര്‍ദ്ദം. താപനില കുറയുന്നതിന്റെ ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പോഷകസമൃദ്ധമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും ഉപയോഗിച്ച് ഇത് നിയന്ത്രിക്കാനാകും. നാരുകള്‍ കൂടുതലുള്ള ഭക്ഷണം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉലുവ വിത്തുകളിലും ഇലകളിലും ഉപ്പിന്റെ അളവ് വളരെ കുറവാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉലുവയ്ക്ക് കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചീര, കാബേജ്, കെയ്ല്‍, ചീര എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഈ വാതകത്തിന്റെ ഫലമായി നിങ്ങളുടെ രക്തക്കുഴലുകള്‍ വികസിക്കാന്‍ തുടങ്ങുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ രാവിലെ പച്ചവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട് കഴിക്കുക. ഓറഞ്ചില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ ഓറഞ്ച് ജ്യൂസ് നിങ്ങളെ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതും തൈരിന്റെ ഗുണങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. റാഡിഷില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.55, പൗണ്ട് – 98.66, യൂറോ – 84.98, സ്വിസ് ഫ്രാങ്ക് – 86.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.19, ബഹറിന്‍ ദിനാര്‍ – 216.23, കുവൈത്ത് ദിനാര്‍ -265.20, ഒമാനി റിയാല്‍ – 211.73, സൗദി റിയാല്‍ – 21.70, യു.എ.ഇ ദിര്‍ഹം – 22.19, ഖത്തര്‍ റിയാല്‍ – 22.38, കനേഡിയന്‍ ഡോളര്‍ – 61.13.