◾കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാത്ത സെനറ്റിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതിക്കു വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് ആശങ്ക. നോമിനേറ്റു ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. നവംബര്‍ നാലിനു ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കാന്‍ അജണ്ട ഉണ്ടോയെന്ന് നാളെ അറിയിക്കണമെന്നും കോടതി.
◾സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ തുടങ്ങി. കാലതാമസവും തെറ്റുകളും ഇല്ലാതെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ റീ സര്‍വ്വേയിലൂടെ സാധിക്കുമെന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യത്തെ മൂന്നു വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്യും. ആകെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കും. 1500 സര്‍വെയര്‍മാരെയും 3200 ഹെല്‍പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്നും പിണറായി പറഞ്ഞു.
◾സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരുടെ പ്രവര്‍ത്തികള്‍ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നു. പൊലീസ് സേനയ്ക്കു ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ സേനയുടെ ഭാഗമായി നില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കേരളശ്രീ പുരസ്‌കാരം തല്‍ക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ തന്റെ ശില്‍പങ്ങള്‍ മോശമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ ഇത് ശരിയാക്കിയ ശേഷമേ അവാര്‍ഡ് സ്വീകരിക്കൂവെന്ന് കാനായി പറഞ്ഞു.
◾ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക തെളിവായ കീടനാശിനിയുടെ കുപ്പി ഗ്രീഷ്മയുടെ വീടിനടുത്തുള്ള കുളത്തിനരികിലെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണു കുപ്പി കണ്ടെടുത്തതെന്നു പോലീസ്.
◾മ്യൂസിയത്തിനരികില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ഉപദ്രവിച്ച പ്രതി കസ്റ്റഡിയില്‍. കുറവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം കാണിച്ചയാളും മ്യൂസിയത്തിനരികില്‍ ആക്രമിച്ചയാളും ഒരാളാണെന്നാണു പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ സംശയം ബലപ്പെട്ടത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് ചെറുപ്പക്കാരെ വഞ്ചിച്ചു. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
◾പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
◾പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ലക്ഷകണക്കിനു യുവാക്കളുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിനു ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതിയായ കേസില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് പോലീസ് പരാതിക്കാരിയുടെ മൊഴി പുറത്തുവിട്ടു. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്നില്‍ എല്‍ദോസ് മര്‍ദ്ദിച്ചെന്നാണ് മൊഴി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ തടഞ്ഞെന്നും മൊഴിയുണ്ട്.
◾
◾മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നോ കോടതി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. ഭീകകരവാദത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തി. കോടതി നിരീക്ഷിച്ചു.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്നു കുത്തിവച്ച ഉടന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45)വാണ് മരിച്ചത്.
◾വിഴിഞ്ഞം സമരസമിതി കലാപത്തിനു ശ്രമിക്കുകയാണെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
◾അര്‍ധരാത്രി താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി താഴേക്കു പതിച്ചു. മൈസൂരുവില്‍നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനം ചുരമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അമ്പത് മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു.
◾ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് പിഎസ്സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
◾കുന്നംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. പട്ടിക്കര സ്വദേശികളായ റബീഹ്, റിന്‍ഷാദ്, റാഷിദ്, എന്നിവരെ ഉടനേ പിടികൂടുമെന്നു പോലീസ്.
◾അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി വൈദികനു കുത്തേറ്റു. ആശുപത്രിയിലെ ചാപ്ലനും മാനന്തവാടി സ്വദേശിയുമാ ഫാ. ബോബിറ്റ് തോമസിനാണ് കുത്തേറ്റത്.
◾തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ജപ്തി നടപടിയിലൂടെ കുടിയിറക്കപ്പെട്ട കുടുംബത്തിനു റിസ്‌ക് ഫണ്ടിലൂടെ വീടു തിരിച്ചു നല്‍കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരുടെ വീടാണു ജപ്തി ചെയ്തത്. റിസ്‌ക് ഫണ്ട് ലഭ്യമാക്കാന്‍ സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു.
◾ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിനു കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം പരിശോധിച്ചു.
◾സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നു. നാദാപുരം എംഇടി കോളേജ് വിദ്യാര്‍ത്ഥി നിഹാല്‍ ഹമീദിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു ചെവി തകര്‍ത്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എട്ടു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.
◾പത്തനംതിട്ട കട്ടച്ചിറയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു. കാടിനുള്ളില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പശുവാണ് ചത്തത്.
◾ബസില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയില്‍. കൊല്ലം കുന്നത്തൂര്‍ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമല്‍, സ്റ്റെറിന്‍ എന്നിവരാണ് 9.944 കിലോഗ്രാം കഞ്ചാവ് സഹിതം അമരവിള ചെക്ക്പോസ്റ്റില്‍ എക്സൈസിന്റെ പിടിയിലായത്.
◾സ്റ്റീല്‍ മാന്‍ എന്നറിയപ്പെടുന്ന ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലില്‍ 43 വര്‍ഷം മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. 2007 ല്‍ ജംഷീദ് ജെ. ഇറാനിയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
◾നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്യ്ക്ക് പരുക്കേറ്റിട്ടുണ്ട്.
◾അറസ്റ്റിലായ ചൈനീസ് ചാരവനിതകള്‍ ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നു കണ്ടെത്തി. ഡല്‍ഹിയിലും ഹിമാചലിലും അറസ്റ്റിലായ വനിതകള്‍ തമ്മില്‍ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ടു വര്‍ഷമായി ചൈനീസ് ചാരവനിത ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നത്.
◾ഇന്ത്യയുടെ ഡിജിറ്റല്‍ രൂപ വിപണികളിലെത്തി. പരീക്ഷണാടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്.
◾ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വധഭീഷണിയുള്ളതിനാലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ 2016 ല്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും. രാഹുലിനൊപ്പം അല്‍പ്പനേരം നടന്ന രാധികയെ രാഹുല്‍ ആശ്ളേഷിച്ച് ആശ്വസിപ്പിച്ചു.
◾സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനരികിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയി. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍ ഷബാബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
◾ടി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. 42 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.
◾റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രകൃതി വാതകത്തിന്റെയും, വൈദ്യുതിയുടെയും വില കുതിച്ചുയര്‍ന്നതോടെ യൂറോപ്പിലെ വിലക്കയറ്റം റെക്കോര്‍ഡ് ഭേദിച്ചു. യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെ വിലക്കയറ്റം ഒക്ടോബറില്‍ 10.7 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലെ വിലയക്കയറ്റം 9.9 ശതമാനമായിരുന്നു. യൂറോപ്പിന്റെ ചെലവിടല്‍ ശേഷി കുറഞ്ഞതോടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനിയില്‍ നാണയപ്പെരുപ്പം 32 വര്‍ഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരമായ 11.9 ശതമാനം. ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം സെപ്തംബറില്‍ 7.3 ശതമാനമാണ്. 32 വര്‍ഷത്തെ ഏറ്റവും ഉയരമാണിത്. ടര്‍ക്കിയില്‍ 24 വര്‍ഷത്തെ ഉയരമായ 186.27 ശതമാനം. ബ്രിട്ടന്റെ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ 10.1 ശതമാനം. അമേരിക്കയിലും നാണയപ്പെരുപ്പം പതിറ്റാണ്ടുകളുടെ ഉയരമായ 8.1 ശതമാനത്തിലാണുള്ളത്.
◾ഈവര്‍ഷം ജൂലായ്-സെപ്തംബര്‍ പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി നേരിട്ടത് കനത്തമാന്ദ്യം. 9.7 ശതമാനം നഷ്ടവുമായി 30.19 കോടി ഫോണുകളാണ് കഴിഞ്ഞപാദത്തില്‍ വിറ്റഴിഞ്ഞതെന്ന് ഗവേഷണസ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വളര്‍ച്ച കുറിച്ച ഏകകമ്പനി ആപ്പിളാണ്. 1.6 ശതമാനം വളര്‍ച്ചയുമായി 5.19 കോടി ഫോണുകള്‍ ആപ്പിള്‍ വിറ്റഴിച്ചു. സാംസംഗ് 7.8 ശതമാനം, ഷവോമി 8.6 ശതമാനം, വിവോ 22.1 ശതമാനം, ഒപ്പോ 22.3 ശതമാനം എന്നിങ്ങനെ മറ്റ് പ്രമുഖ കമ്പനികളെല്ലാം കുറിച്ചത് നഷ്ടം. വില്പന കുറഞ്ഞെങ്കിലും വിപണിവിഹിതത്തില്‍ ഒന്നാമത് 21.2 ശതമാനവുമായി സാംസംഗാണ്. ആപ്പിള്‍ 17.2 ശതമാനവുമായി രണ്ടാമതുണ്ട്. ഷവോമി 13.4 ശതമാനം, വിവോയ്ക്കും ഒപ്പോയ്ക്കും 8.6 ശതമാനം വീതം എന്നിങ്ങനെയാണ് വിഹിതം.
◾ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നാലാം മുറ’. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ‘നാലാം മുറ’യിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആ ഒരു നോട്ടം മതി’ എന്ന ഗാനത്തിന്റെ വീഡിയായാണ് പുറത്തുവിട്ടിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീത സംവിധാനത്തില്‍ ശ്രീജീത്ത് ഉണ്ണികൃഷ്ണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ദേവിക ബാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾എംജിയുടെ രണ്ടു ഡോര്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം എന്ന ലേബലിലായിരിക്കും പുതിയ കാര്‍ എത്തുക. ഇന്തൊനീഷ്യന്‍ വിപണിയില്‍ അടുത്തിടെ പുറത്തിറങ്ങിയ വൂലിങ് എയര്‍ഇവിയുടെ ഇന്ത്യന്‍ പതിപ്പാണ് എംജി എയര്‍ഇവി. എംജിയുടെ ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. വലിയ ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോമ്പില്‍ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്. മാരുതി സുസുക്കിയുടെ ചെറു കാര്‍ ആള്‍ട്ടോയെക്കാള്‍ വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എംജിയുടെ ഇലക്ട്രിക് കാര്‍. 2010 എംഎം വീല്‍ബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും.
◾ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവു മായി കൂട്ടിവായിക്കുന്ന നോവല്‍. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്‌കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം. ‘9 എം എം ബെരേറ്റ’. വിനോദ് കൃഷ്ണ. ഡിസി ബുക്സ്. വില 522 രൂപ.
◾ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത് പക്ഷാഘാതത്തിലേക്കു നയിക്കുന്നു. പക്ഷാഘാതം വന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ നല്‍കുന്ന പരിചരണം മരണവും വൈകല്യവും തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതായി ലോകമെങ്ങും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഫാസ്റ്റ് ടെക്നിക്. ഇതിലെ എഫ് മുഖം അഥവാ ഫേസിനെ സൂചിപ്പിക്കുന്നു. പക്ഷാഘാതം സംശയിക്കപ്പെടുന്ന രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. അവര്‍ക്ക് ശരിയായി ചിരിക്കാന്‍ കഴിയുന്നുണ്ടോ അതോ ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം കോടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കോടുന്നുണ്ടെങ്കില്‍ ഇത് പക്ഷാഘാതം മൂലമാണെന്ന് കരുതാം. ഫാസ്റ്റിലെ എ ആം അഥവാ കൈകളെ കുറിക്കുന്നു. രോഗിയോട് രണ്ട് കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. ഏതെങ്കിലും ഒരു കൈ ദുര്‍ബലമായി, ഉയര്‍ത്താന്‍ സാധിക്കാതെ തൂങ്ങി പോകുന്നുണ്ടോ എന്ന് പരിശോധിക്കുക. കൈകള്‍ ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പക്ഷാഘാതം സംശയിക്കാം. ഫാസ്റ്റിലെ എസ് സ്പീച്ച് അഥവാ സംസാരത്തെ ഉദ്ദേശിക്കുന്നു. രോഗിയെ കൊണ്ട് എന്തെങ്കിലും വായിപ്പിക്കുകയോ പറയിക്കുകയോ ചെയ്യുക. സംസാരിക്കുമ്പോള്‍ നാക്ക് കുഴയുകയോ വിചിത്ര വാക്കുകള്‍ പറയുകയോ ചെയ്താല്‍ പക്ഷാഘാതമാണെന്ന് ഉറപ്പിക്കാം. ഫാസ്റ്റിലെ ടി ടൈം അഥവാ സമയത്തെ സൂചിപ്പിക്കുന്നു. മേല്‍പറഞ്ഞ മൂന്ന് ലക്ഷങ്ങളും പരിശോധിച്ച് പക്ഷാഘാതം ആണെന്ന് ബോധ്യമായാല്‍ അതിവേഗം രോഗിയെ ആശുപത്രിയിലെത്തിക്കണം. രോഗി പെട്ടെന്ന് ദുര്‍ബലമാകുന്നതും പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.64, പൗണ്ട് – 95.36, യൂറോ – 81.18, സ്വിസ് ഫ്രാങ്ക് – 83.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.24, ബഹറിന്‍ ദിനാര്‍ – 219.20, കുവൈത്ത് ദിനാര്‍ -266.87, ഒമാനി റിയാല്‍ – 214.87, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 61.00.