ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് നിയമമായി അംഗീകരിച്ചുകിട്ടാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പിടാതെ മാറ്റിവച്ചാലും കോടതിയെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡിനന്‍സ് ഇന്നു തന്നെ രാജ്ഭവന് അയക്കും. ഡിസംബര്‍ ആദ്യവാരം നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദവും 15 നു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങളും ചര്‍ച്ചയാകും.
നിയമനക്കത്ത് വിവാദം ആളിക്കത്തിച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ സ്ഥലത്തെത്തി. പൊലീസ് നടത്തിയത് അതിക്രമമാണെന്നും ഭീകരരെ നേരിടാന്‍ ഉപയോഗിക്കുന്ന ഗ്രനേഡാണ് സമരക്കാര്‍ക്കുനേരെ പ്രയോഗിച്ചതെന്നും ജാവദേക്കര്‍ പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷനിലും അനധികൃത നിയമനം ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വൈദ്യുതി വിഭാഗത്തില്‍ 200 പേരെ നിയമനിച്ചത് പാര്‍ട്ടി പട്ടികയില്‍നിന്നാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. പൊലീസ് പ്രതിരോധം മറികടന്ന് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിനു മുന്നിലെത്തി. പൊലീസുമായി ഉന്തുംതള്ളുമായി. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തുനീക്കി.
വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കവും കേസുകളും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇങ്ങനെ പ്രതികരിച്ചത്. ഹര്‍ജിയില്‍ മറുപടിക്കു സാവകാശം തേടി ഗവര്‍ണര്‍. പുതിയ അഭിഭാഷകനാണ് ഹാജരായത്. ഡോ.സിസ തോമസിനുവേണ്ടിയും അഭിഭാഷകന്‍ ഹാജരായി. വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണമെന്നു കോടതി വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനത്തിലും മേയറുടെ വിവാദ കത്തിലും വിജിലന്‍സ് പ്രാഥമികം അന്വേഷണം തുടങ്ങി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാലു പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
വിവാദ കത്തിന്മേല്‍ രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. അന്വേഷണത്തോടു സഹകരിച്ചു മുന്നോട്ടു പോകുമെന്നും ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചു.
ഗവര്‍ണര്‍ കലാമണ്ഡലത്തിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും ഇടപെടാന്‍ ശ്രമിച്ചിരുന്നെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍. പിരിച്ചുവിട്ട പിആര്‍ഒയെ തിരിച്ചെടുക്കണമെന്നു ഗവര്‍ണര്‍ ശഠിച്ചു. അതിനു വഴങ്ങാതെ വിസി കോടതിയില്‍ പോയി. സര്‍ക്കാര്‍ ഇടപെട്ട് കേസ് പിന്‍വലിപ്പിച്ചു. ഗവര്‍ണര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകണെന്ന് ആവശ്യപ്പെട്ടെങ്കിലും വിസി അതിനു തയാറായില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത നടപടിയോടു ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ല.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന മരിച്ച പ്രകാശിന്റെ കൂട്ടാളികളെയാണു ചോദ്യം ചെയ്യുക. പ്രകാശിന്റെ ഫോണ്‍ പരിശോധിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരായിരുന്ന ആര്‍എസ്എസുകാരുടെ മര്‍ദനമേറ്റ പ്രകാശ് ജനുവരി മൂന്നിനാണ് പ്രകാശ് ജീവനൊടുക്കിയത്. ആത്മഹത്യ കേസിന്റെ അന്വേഷണത്തില്‍ വിളപ്പില്‍ശാല പൊലീസ് വീഴ്ചവരുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.
ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നു. നട തുറക്കുന്ന നവംബര്‍ 16 ന് വൈകീട്ട് മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതല്‍ ആദ്യ നാലു ദിവസത്തേക്ക് പ്രതിദിനം വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ അമ്പതിനായിരം കടന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ത്ഥാടനം സജീവമാകുന്നത്.
മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുതുകുളം പഞ്ചായത്തില്‍ ഹര്‍ത്താല്‍. വൈകീട്ട് ആറ് വരെയാണു യുഡിഎഫ് ഹര്‍ത്താല്‍.
പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ അധ്യാപകര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്കു പോയെന്ന് ഉറപ്പാക്കുന്നതിനു മുമ്പ് അധ്യാപകര്‍ സ്ഥലംവിടുന്നതിനെതിരേയാണ് പ്രതിഷേധം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കൈകള്‍ ബന്ധിച്ച് സ്‌കൂളിന്റെ മൂന്നാം നിലയില്‍ രാത്രി കഴിച്ചുകൂട്ടിയ സാഹചര്യത്തിലാണു പ്രതിഷേധം.
ഇടപ്പള്ളി ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതിയായ തമിഴ്‌നാട് സ്വദേശി ബാലനെ പോലീസ് പിടികൂടി.
ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളിലാക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്. പിണ്ടിമന ഭൂതത്താന്‍കെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.
അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
ടെലികമ്മ്യൂണിക്കേഷന്‍ ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടി. ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണു ബില്ലിലുള്ളത്.
ജമ്മു കാഷ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ മേഖലയിലെ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്.
ട്വിറ്ററില്‍ ശേഷിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ഇതോടെ അസാധാരണ പ്രതിസന്ധി. കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷം ശേഷിച്ച ചുരുക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരാണു രാജിവച്ചത്.
ബഹറിനിലെ ഹൂറയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിലുണ്ടായിരുന്ന 28 പേരെ രക്ഷപ്പെടുത്തി. സമീപത്തുള്ള ഹോട്ടലുകളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചിരുന്നു.