yt cover 15

https://dailynewslive.in/ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുര്‍ബാന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാര്‍ഥിച്ചശേഷമാകും മാര്‍പാപ്പ കുര്‍ബാനയ്‌ക്കെത്തുക.. സ്ഥാനാരോഹണത്തിന് വത്തിക്കാനില്‍ എത്തുന്നത് നിരവധി ലോകനേതാക്കളാണ്. സ്ഥാനാരോഹണ ചടങ്ങില്‍ 200 ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുക്കും. വത്തിക്കാനില്‍ ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവര്‍ത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം. പാക്കിസ്ഥാനെ ഇന്ത്യന്‍ നീക്കം അറിയിച്ചത് കുറ്റകാരമാണെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

https://dailynewslive.in/ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന് ജയ്ശങ്കര്‍ പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്ക് ശശി തരൂര്‍ എംപിയെ ശുപാര്‍ശ ചെയ്യാതിരുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്റുമാരാണെന്നുമുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു.

https://dailynewslive.in/ സര്‍വകക്ഷി സംഘത്തിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടിയാണ് അംഗങ്ങളെ തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചവരാണ് പോകേണ്ടതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് സര്‍ക്കാര്‍ തന്നെ വിളിച്ചതെന്നും അപ്പോള്‍ തന്നെ പാര്‍ട്ടിയെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. ശശി തരൂരിനും സല്‍മാന്‍ ഖുര്‍ഷിദിനും പുറമെ മനീഷ് തിവാരി, അമര്‍സിംഗ് എന്നീ എംപിമാരെയും സര്‍ക്കാര്‍ നേരിട്ട് വിളിച്ചിരുന്നു. മനീഷ് തിവാരിയും അമര്‍സിംഗും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

https://dailynewslive.in/ പാക് ഭീകരതയെ കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ സിപിഎം പ്രതിനിധി പങ്കെടുക്കും എന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറി എംഎ ബേബി. വിമര്‍ശനം നിലനിര്‍ത്തിക്കൊണ്ടാണ് പ്രതിനിധി സംഘത്തിന്റെ ഭാഗമാവുകയെന്നും എംഎ ബേബി പറഞ്ഞു.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരിക്കാന്‍ നടത്തുന്ന വിദേശ പര്യടനവുമായി ബന്ധപ്പെട്ട് മുഴുവന്‍ സംഘത്തിന്റെയും വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസ് പേര് നല്‍കാത്ത മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവര്‍ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യു എസ്, ബ്രസീല്‍, പാനമ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്. ഏഴ് സംഘങ്ങളിലായി 59 അംഗ സംഘമാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ നിലപാട് വിശദീകരിക്കുന്നത്.

https://dailynewslive.in/ അര്‍ജന്റീന വരുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഒരു ദിവസം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ലെന്നും അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട് ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്നും തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തിയതി അറിയിച്ചാല്‍ പണം നല്‍കുമെന്നും ആന്റോ പറഞ്ഞു.

https://dailynewslive.in/ അനീതിക്കെതിരെ തന്റെ ശബ്ദം ഇനിയും ഉച്ചത്തിലുള്ളതായിരിക്കുമെന്ന് എംഎല്‍എ ജനീഷ് കുമാര്‍. പലര്‍ക്കും തന്റെ ശബ്ദമാണ് പ്രശ്നമെന്നും പറയാനുള്ളതെല്ലാം ഫേസ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്നും പൊലീസ് എടുത്ത കേസ് നിയമപരമായി നേരിടും എന്നും ജനീഷ് കുമാര്‍ പറഞ്ഞു. ഫോറസ്റ്റ് സ്റ്റേഷന്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു എംഎല്‍എ ജനീഷ് കുമാര്‍.

https://dailynewslive.in/ തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 19ലേക്ക് മാറ്റി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചത്.

https://dailynewslive.in/ ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തില്‍ തിരുത്ത്. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവില്‍ ഐജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണിത്. ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരികെ നിയമിച്ചു. എക്സൈസ് കമ്മീഷണറായുള്ള എം.ആര്‍ അജിത് കുമാറിന്റെ സ്ഥലം മാറ്റവും റദ്ദാക്കി. ബറ്റാലിയന്‍ എഡിജിപിയുടെ ചുമതല നല്‍കിയതോടെ അജിത് കുമാര്‍ പൊലീസില്‍ തന്നെ തത്കാലം തുടരും. എക്സൈസ് കമ്മീഷണറായി മഹിപാല്‍ യാദവിനെ തിരികെ നിയമിച്ചു. ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല എച്ച് വെങ്കിടേശിന് വീണ്ടും നല്‍കി. സൈബര്‍ ഓപ്പറേഷന്റെ ചുമതലയില്‍ എസ് ശ്രീജിത്തിനെ തിരികെ നിയമിച്ചു. ജയില്‍ മേധാവിയായി നിയമിക്കപ്പെട്ട സേതുരാമനെ പൊലീസ് അക്കാദമിയില്‍ തുടരും. കോസ്റ്റല്‍ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്ബറിനും സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നല്‍കി.

https://dailynewslive.in/ 1989ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റ് തിരുത്തിയെന്ന മുന്‍മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തില്‍ തിരഞ്ഞെടുപ്പു രേഖകള്‍ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനു പൊലീസ് കത്തു നല്‍കും. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണിത്. രേഖകള്‍ കിട്ടിയ ശേഷമേ സുധാകരന്റെയും അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടെയും മറ്റും മൊഴിയെടുക്കൂ.

https://dailynewslive.in/ നാല് വയസുകാരന്‍ കിണറ്റില്‍ വീണ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. വാളയാര്‍ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകന്‍ ഇന്നലെ ഉച്ചയ്ക്കാണ് കിണറ്റില്‍ വീണത്. കുട്ടിയെ ജീവനോടെ പുറത്തെടുത്ത കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് അമ്മയാണ് തള്ളിയിട്ടതെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ശ്വേതക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് സംഭവം നടന്ന വീട്ടില്‍ താമസിച്ചിരുന്നത്.

https://dailynewslive.in/ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വെച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചു. തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.സിയാദ് (31) ആണ് മരിച്ചത്. അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച, പതിനൊന്നാമത്തെ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബേല എം ത്രിവേദിക്ക് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കാത്തതില്‍ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി കടുത്ത അതൃപ്തി അറിയിച്ചു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷക സംഘടനകളോട് ശക്തമായ നിലപാട് സ്വീകരിച്ചതാണ് ജസ്റ്റിസ് ബേല ത്രിവേദിക്ക് യാത്രയയപ്പ് നിഷേധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ബെംഗളുരുവില്‍ കനത്ത മഴ. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാലവര്‍ഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്.

https://dailynewslive.in/ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 13 ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു. എഎപി നേതാവ് മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ഗോയല്‍ അറിയിച്ചു.

https://dailynewslive.in/ പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായി. ഇതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 2023ല്‍ പാക്കിസ്ഥാനടക്കം സന്ദര്‍ശിച്ച് ജ്യോതി വീഡിയോകള്‍ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://dailynewslive.in/ തുര്‍ക്കിയിലേയും അസര്‍ബൈജാനിലേയും 23 യൂണിവേഴ്സിറ്റികളുമായുളള ബന്ധം വിശ്ചേദിച്ച് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി. പാകിസ്ഥാനുളള തുര്‍ക്കിയുടേയും അസര്‍ബൈജാന്റെയും പിന്തുണയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സര്‍വകലാശാല അറിയിച്ചു. നേരത്തെ ജെ എന്‍ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും തുര്‍ക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.

https://dailynewslive.in/ പാകിസ്ഥാനിലുള്ള പാസ്റ്ററെ കാണാന്‍ 15 വയസുള്ള മകനെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് നിയന്ത്രണ രേഖമറികടന്ന് യുവതി. മഹാരാഷ്ട്ര സ്വദേശിനിയായ 43കാരിയായ സുനിത എന്ന നഴ്സ് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാനാണ് നിയന്ത്രണ രേഖ കടന്നത്. നിലവില്‍ പാകിസ്ഥാന്റെ പിടിയിലാണ് യുവതിയെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

https://dailynewslive.in/ അധിക തീരുവ ഉള്‍പ്പെടെയുള്ള നയങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ അമേരിക്കയ്ക്ക് തിരിച്ചടി. അമേരിക്കയുടെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് കുറച്ചു. സര്‍ക്കാരുകള്‍ കടം പെരുകുന്നത് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ചത്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് എഎഎയില്‍ നിന്ന് എഎ1 ആക്കിയാണ് മൂഡീസ് കുറച്ചത്.

https://dailynewslive.in/ റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടനോടും യുക്രൈന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ സെലന്‍സ്‌കിയോടും യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമക്കുന്നതിനറെ ഭാഗമായി നാളെ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്. അയ്യായിരത്തിലേറെ റഷ്യയുടേയും യുക്രൈനിലേയും സൈനികരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ ഐപിഎല്ലില്‍ വീണ്ടും മഴ കളിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിന് അടുത്തെത്തി.

https://dailynewslive.in/ അറിയിപ്പ് : ചില സാങ്കേതിക കാരണളാല്‍ ഇന്നത്തെ പ്രഭാത വാര്‍ത്തകളില്‍ ഇന്‍ഫോടെയിന്‍മെന്റ് ന്യൂസ് ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതില്‍ നിര്‍വ്യാജം ഖേദിക്കുന്നു – എഡിറ്റര്‍.

*ശുഭദിനം*

*കവിത കണ്ണന്‍*

വര്‍ഷങ്ങള്‍ കൊണ്ടാണ് അയാള്‍ ആ പുസ്തകം എഴുതി തീര്‍ത്തത്. അയാള്‍ ആ കയ്യെഴുത്തുപ്രതി തന്റെ സുഹൃത്തിനെ ഏല്‍പ്പിച്ചു. വായിച്ചുനോക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കണം എന്ന് പറഞ്ഞേല്‍പ്പിച്ചു. ഒരു ദിവസം സുഹൃത്തിന്റെ പരിചാരിക വീട് വൃത്തിയാക്കുന്നതിനിടെ ആ കയ്യെഴുത്ത് പ്രതിയും എടുത്ത് തീയിലിട്ടു. ഈ വിവരം എങ്ങനെ അദ്ദേഹത്തോട് പറയുമെന്നറിയാതെ സുഹൃത്ത് വിഷമിച്ചു. വളരെയധികം കുറ്റബോധത്തോടെ, മനോവിഷമത്തോടെ അയാള്‍ ഈ വിവരം എഴുത്തുകാരനെ ധരിപ്പിച്ചു. എഴുത്തുകാരന്‍ സുഹൃത്തിനെ ആശ്വസിപ്പിച്ചു. എഴുത്തുകാരന്‍ പുസ്തകം വീണ്ടുമെഴുതുന്നതിനുളള കടലാസ്സിന് ഓര്‍ഡര്‍ കൊടുത്തു. എല്ലാ യുക്തികള്‍ക്കുമപ്പുറം ആളുകള്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. അബദ്ധങ്ങളില്‍ വീഴാം. ആയിരിക്കുന്ന അവസ്ഥയില്‍ അവരെ അംഗീകരിക്കാന്‍ തയ്യാറാകുന്നതിനാലാണ് ബന്ധങ്ങളുടെ തുടര്‍ച്ചയും തീവ്രതയും അടങ്ങിയിരിക്കുന്നത്. അപരന്റെ നിസ്സഹായതയുടെ ആഴം കണ്ടെത്തുന്നവര്‍ക്ക് മാത്രമേ േേഅവരാട് താദാത്മ്യപ്പെടാന്‍ സാധിക്കൂ. സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ട് ആര്‍ക്കും ആരേയും കേള്‍ക്കാനോ മനസ്സിലാക്കാനോ കഴിയില്ല. സ്വന്തം പ്രശ്‌നങ്ങള്‍ക്കിടയിലും മറ്റുളളവരുടെ കുറവുകളേയും പിഴവുകളേയും, സഹാനുഭൂതിയോടെ സമീപിക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *