◾കേരളത്തിലേക്കു കര്‍ണാടകയുടെ കടന്നുകയറ്റം. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകളിലാണു കയേറ്റം. വനാതിര്‍ത്തിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കേരളത്തിലേക്കു കടന്ന് കര്‍ണാടക വനംവകുപ്പ് പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തി. അതിര്‍ത്തിയിലെ പാലത്തിന്‍കടവ് മുതല്‍ കളിതട്ടുപാറ വരെയുള്ള ആറിടങ്ങളിലായാണ് കര്‍ണാടക കേരളത്തിന്റെ ഭൂമി കൈയേറി ബഫര്‍സോണ്‍ രേഖപ്പെടുത്തിയത്. കൈയേറിയിട്ടില്ലെന്നും കര്‍ണാടകയുടെ സ്ഥലമാണെന്നുമാണ് കര്‍ണാടകയുടെ വിശദീകരണം. പരിശോധിക്കാന്‍ കണ്ണൂര്‍ എഡിഎം ഇന്നു സ്ഥലം സന്ദര്‍ശിക്കും.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു. നൂറു വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മോദി ഗാന്ധിനഗറിലെ ശ്മാശനത്തിലേക്കു സംസ്‌കാര കര്‍മങ്ങള്‍ക്കായി അമ്മയുടെ മൃതദേഹം മോദി ബന്ധുക്കള്‍ക്കൊപ്പം ചുമന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെയാണ് ചിതയ്ക്കു തീകൊളുത്തിയത്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾എന്‍ഐഎ ഇന്നലെ കൊച്ചിയിലെ എടവനക്കാടുനിന്ന് കസ്റ്റഡിയിലെടുത്ത ഹൈക്കോടതി അഭിഭാഷകന്‍ മുബാറക്ക് മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് എന്‍ഐഎ. ആയുധ പരിശീലനം നേടിയിട്ടുള്ള ഇയാള്‍ നിരവധി പേര്‍ക്കു പരിശീലനം നല്‍കിയെന്നും എന്‍ഐഎ പറയുന്നു.
◾പോപ്പുലര്‍ ഫ്രണ്ട് നേതാവ് കണ്ണൂര്‍ പഴയങ്ങാടി ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളയെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാലു മണിയോടെ കോട്ടക്കലില്‍നിന്നാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.
◾നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗമായി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെ നിയമിച്ചു. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതി അംഗമായി കേന്ദ്ര സര്‍ക്കാരാണു നിയമിച്ചത്. കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍കൂടിയാണ് ഡോ. മോഹന്‍.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് അന്വേഷണമോ ആവശ്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇ.പി. ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ചയായെങ്കിലും സ്വകാര്യ സ്ഥാപനത്തിലെ തര്‍ക്കത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
◾ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കര്‍ ഭൂമിയും ഉണ്ടെന്നു റിപ്പോര്‍ട്ട്. വഴിപാടായി സ്വീകരിച്ച സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയുടെ വന്‍ശേഖരം ക്ഷേത്രത്തിലുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവയുടെ അളവും മൂല്യവും വെളിപ്പെടുത്തുന്നില്ലെന്നു ദേവസ്വം ബോര്‍ഡ്. വിവരാവകാശ രേഖയിലാണ് ഈ വെളിപെടുത്തല്‍.
◾വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടി രൂപയുടെ കേന്ദ്രപദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ വഹിച്ചു. ഉത്തരേന്ത്യയിലെ പുണ്യസ്ഥലമായ കാശിപോലെ പുണ്യ സ്ഥലമാണ് വര്‍ക്കല. സമുദായം മുന്നോട്ടു പോകാന്‍ സംഘടിതമാകണമെന്ന് ഗുരുദേവന്‍ പറഞ്ഞു. എല്ലാ ഭാരതീയരും സംഘടിതരാകണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
◾സോളാര്‍ കേസില്‍ രാഷ്ട്രീയ – നിയമ – ഭരണ പോരാട്ടം നടത്തിയ ഇടതു സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. മാനനഷ്ട കേസ് കൊടുക്കും. തട്ടിപ്പു കേസുകളിലെ പ്രതിയുടെ പരാതി കണ്ണുമടച്ച് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനു വിട്ടതിനു പിറകില്‍ ദുരദ്ദേശ്യമുണ്ട്. ഉമ്മന്‍ ചാണ്ടിക്കു കിട്ടിയ യു എന്‍ സിവില്‍ സര്‍വീസ് അവാര്‍ഡ് സോളാര്‍ കേസു പറഞ്ഞ് തിരിച്ചുവാങ്ങിക്കാന്‍ സിപിഎം ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
◾മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്ന് അമ്മ റഹീമ നിയാസ് പരാതി നല്‍കിയിരുന്നു. ഗര്‍ഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഡോക്ടറേയും ജീവനക്കാരെയും ആക്രമിച്ചെന്ന കേസിലെ പ്രതികളെ അറസ്റ്റു ചെയ്തു. മുവാറ്റുപുഴ മുളവൂര്‍ പെഴക്കാപിള്ളി കരയില്‍ പുന്നോപ്പടി ഭാഗത്ത് കൊച്ചുമാരിയില്‍ വീട്ടില്‍ നിയാസ് കൊച്ചുമുഹമ്മദ് (40), നവാസ് കൊച്ചുമുഹമ്മദ് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾സ്ത്രീധനം ആവശ്യപ്പെട്ട് 24 കാരിയായ യുവതിയെയും കുട്ടികളെയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടെന്നു പരാതി. തിരിച്ചെത്തിയപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ മാനന്തവാടി സ്വദേശിയായ സൈഫുന്നീസ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഓട്ടോഡ്രൈവറായ മുസ്തഫയാണു ഭര്‍ത്താവ്.
◾മോക്ക്ഡ്രില്‍ അപകടത്തിനിടെ യുവാവ് മരിച്ചത് അഗ്‌നിശമന, ദുരന്ത നിവാരണ സേനകളുടെ വീഴ്ചമൂലമെന്ന് നാട്ടുകാര്‍. ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ സമയോചിതമായി നടന്നില്ല. സ്ഥലത്തുണ്ടായിട്ടും എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പുഴയിലേക്ക് എത്താന്‍ വൈകി. രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് കേടായിരുന്നു. മോട്ടോര്‍ ബോട്ട് കയര്‍ കെട്ടി വലിച്ചാണ് കരയ്ക്കെത്തിച്ചത്. നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ശ്രദ്ധകുറവ് ഉണ്ടായില്ലെന്നാണ് റവന്യൂ മന്ത്രി കെ. രാജന്റെ അവകാശവാദം.
◾തന്നെ അറിയിക്കാതെ വിവാഹിതയായ മകള്‍ക്ക് പിതാവ് വിവാഹ ചെലവു നല്‍കേണ്ടതില്ലെന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി. വിവാഹ ചെലവിന് 35 ലക്ഷം രൂപയും മറ്റു ചെലവുകള്‍ക്കായി 35,000 രൂപയും ആവശ്യപ്പെട്ട് പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജിയാണു കോടതി തള്ളിയത്. മകളെ ബിഡിഎസ് പഠിപ്പിച്ചെന്നും തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകള്‍ക്ക് വിവാഹ ചെലവ് നല്‍കേണ്ടതില്ലെന്നുമുള്ള പിതാവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
◾എറണാകുളത്തുനിന്ന് ചെന്നൈയിലേക്കുള്ള കെഎസ്ആര്‍ടിസി എസി സ്ലീപ്പര്‍ സ്വിഫ്റ്റ് ബസിലെ ഡീസല്‍ തീര്‍ന്നു, യാത്രക്കാര്‍ പെരുവഴിയില്‍. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്കു സമീപം രാവിലെ ഒമ്പതോടെയാണ് ബസ് ഓഫായത്. ബസ് ജീവനക്കാര്‍ സമീപത്തെ പമ്പില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാര്‍ട്ടായില്ല. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്കു മറ്റു വാഹനങ്ങളില്‍ പോകേണ്ടിവന്നു.
◾തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ തന്നെ മര്‍ദിച്ച ഡിവൈഎസ്പിക്കെതിരേ എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മര്‍ദനമേറ്റ മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
◾തിരുവനന്തപുരം മലയിന്‍കീഴ് മച്ചേല്‍ ശിവജിപുരത്തെ സപ്ലൈകോ ഗോഡൗണില്‍ സിഐടിയു , എഐടിയുസി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഐടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ആര്‍ സുശീലന്‍, സിഐടിയു കണ്‍വീനര്‍ എം എസ് ബിജു എന്നിവര്‍ക്കു പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരും പോലീസില്‍ പരാതി നല്‍കി. സിഐടിയു യൂണിയനില്‍നിന്ന് എഐടിയുസിയിലേക്കു മാറിയ ഏതാനും പേര്‍ ജോലിക്കെത്തിയപ്പോള്‍ തടഞ്ഞതാണ് അടിപിടിക്കു കാരണം.
◾കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവര്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.
◾കഴിഞ്ഞ വര്‍ഷം കൃഷി വകുപ്പ് മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‌കാരം സമ്മാനിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ് കൃഷി ഉപേക്ഷിക്കുന്നു. ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് 12 ലക്ഷം രൂപ കിട്ടാതെ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് കൃഷി ഉപേക്ഷിക്കുന്നതെന്നു ജോര്‍ജ്. ഒമ്പതു മാസം പച്ചക്കറി വിറ്റതിന്റെ കുടിശികയാണിത്. ആനയറയിലെ മറ്റു കര്‍ഷകര്‍ക്ക് 80 ലക്ഷം രൂപ ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുണ്ട്.
◾ട്വിറ്റര്‍ പണിമുടക്കി. ആയിരക്കണക്കിനാളുകള്‍ക്കു ട്വിറ്റര്‍ സേവനം തടസപ്പെട്ടു.
◾ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റു. ഒന്‍പതാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയാകുന്നത്. 120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങളുടെ പിന്തുണയാണു നെതന്യാഹുവിനു ലഭിച്ചത്.
◾ക്രിക്കറ്റ് താരം ഋഷഭ് പന്തിനു കാറപകടത്തില്‍ പരിക്ക്. ഇന്നു പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കത്തി നശിച്ച കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നത്. താരം അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി.
◾പ്രമുഖ ചോക്കളേറ്റ് കമ്പനിയായ ലോട്ടസിന്റെ ഭൂരിപക്ഷ ഓഹരികള്‍ റിലയന്‍സ് റീറ്റെയ്ല്‍ സ്വന്തമാക്കുന്നു. 74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. കൂടാതെ ലോട്ടസിന്റെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെയും ലക്ഷ്യമിടുന്നുണ്ട്. ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്നതോടെ ലോട്ടസിന്റെ ഓഹരി വില 5 ശതമാനം ഉയര്‍ന്ന് 122.95 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് സെക്ഷനുകളിലായി ലോട്ടസിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുകയാണ്. ഇക്കാലയളവില്‍ ഓഹരിവില 25 ശതമാനത്തോളം ആണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാംപ കോളയെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. എഫ്എംസിജി മേഖലയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ഏറ്റെടുക്കലുകളിലൂടെ കമ്പനി. ഏതാനും ദിവസം മുമ്പ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് പാക്കേജ് ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ബ്രാന്‍ഡും അവതരിപ്പിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ ലഹോരി സീര, ബിന്ദു ബിവറേജസ്, ഗാര്‍ഡന്‍സ് എന്നിവയെയും റിലയന്‍സ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
◾പേപ്പറില്‍ എഴുതുന്നത് മൊബൈലില്‍ കാണാവുന്ന സ്മാര്‍ട്ട് പേനയുമായി നുവ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ നുവ പ്രദര്‍ശിപ്പിക്കും. ഈ ബോള്‍ പോയിന്റ് പേനയില്‍ മോഷന്‍ സെന്‍സറുകളും കൈയ്യക്ഷരം ഡിറ്റക്റ്റ് ചെയ്യാനായി മൂന്ന് കാമറകളും ഉള്‍പ്പെടുന്നുണ്ട്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ, നിങ്ങള്‍ എഴുതുന്നതെല്ലാം ഡിജിറ്റല്‍ നോട്ടുകളായി സ്മാര്‍ട്ട് പെന്‍ കണ്‍വേര്‍ട്ട് ചെയ്യും. ഡിജിറ്റല്‍ നോട്ടുകള്‍ സ്മാര്‍ട്ട്ഫോണിലൂടെ നിങ്ങള്‍ക്ക് വായിക്കാനും പങ്കുവെക്കാനും സാധിക്കും. എത്ര വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ഫ്രാറെഡ് ലൈറ്റ് പിന്തുണയും നുവ സ്മാര്‍ട്ട് പെന്നിന് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് പേന ഉപയോഗിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ അത് ഡിജിറ്റൈസ് ചെയ്തു തുടങ്ങും. എഴുതാനായി സാധാരണ ഡി1 മഷിയാണ് നുവ പെന്‍ ഉപയോഗിക്കുന്നത്. വിവരങ്ങള്‍ ആദ്യം ഡിജിറ്റല്‍ ആക്കുകയും പിന്നീട് ബ്ലൂടൂത്ത് വഴി ഉപകരണത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ രണ്ട് മണിക്കൂര്‍ വരെ പെന്‍ ഉപയോഗിക്കാം. ബാറ്ററി ഫുള്‍ ചാര്‍ജാകാന്‍ ഏകദേശം 15 മിനിറ്റ് എടുക്കും.
◾ലുക്മാന്‍ അവറാന്‍, ഗോകുലന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയവര്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘ആളങ്കം’. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശരണ്യ ആര്‍, മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം സമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു. ജനുവരി അവസാനം തിയറ്റര്‍ റിലീസിനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
◾ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലാലും അനഘയുമാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്.
◾ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ഡോമിനാര്‍ 160, ഡോമിനാര്‍ 200 എന്നിവ ഔദ്യോഗികമായി ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ചിു. ഇന്ത്യയില്‍ ഇതിനകം വില്‍പനയിലുള്ള പള്‍സര്‍ എന്‍എസ് 160, പള്‍സര്‍ എന്‍എസ് 200 എന്നിവയുടെ റീ-ബ്രാന്‍ഡഡ് പതിപ്പുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 ബിഎച്ച്പി കരുത്തും എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബജാജ് ഡോമിനാര്‍ 160 ന് കരുത്തേകുന്നത്. അതേസമയം, പുതിയ ഡോമിനാര്‍ 200 ബൈക്കിന് 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ ലഭിക്കുന്നു, ഇത് 24.1 ബിഎച്ച്പിയും 18.74 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് വരുന്നത്. ബ്രസീലിലെ ബജാജ് ഡോമിനാര്‍ 160-ന്റെ വില 18,680 ബ്രസീലിയന്‍ റിയാല്‍ ആണ്. ഇത് ഏകദേശം 2,96, 685 ഇന്ത്യന്‍ രൂപ ആണ്. അതേസമയം, ഡൊമിനാര്‍ 200-ന്റെ വില 19,637 ബ്രസീലിയന്‍ റിയാലും. ഇത് 3,12,142 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. പള്‍സര്‍ എന്‍എസ് 160, എന്‍എസ് 200 എന്നിവയ്ക്ക് യഥാക്രമം 1.25 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
◾ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്റെയും അപൂര്‍വബന്ധത്തിന്റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ തീരുമാനം എന്തായിരുന്നു? സമൂഹത്തിന് നല്‍കാനാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ നോവല്‍. ‘രേണു രാജസ്ഥാനി’. ഡോ. ഫ്രന്‍സിസ് ആലപ്പാട്ട്. ഗ്രീന്‍ ബുക്സ്. വില 199 രൂപ.
◾കരളിലെ കൊഴുപ്പ് തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം. ഇത്തരത്തിലുള്ള നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെതകിടം മറിക്കും. കരളിലെ കൊഴുപ്പ് തലച്ചോറിലെ ഓക്സിജന്റെ തോതിനെ കുറയ്ക്കുകയും ഇവിടുത്തെ കോശ സംയുക്തങ്ങള്‍ക്ക് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യും. ലണ്ടന്‍ കിങ്സ് കോളജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസാന്‍ സര്‍ലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് എലികളില്‍ ഗവേഷണം നടത്തിയത്. ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. രോഗബാധിതരില്‍ 80 ശതമാനം പേരും അമിതവണ്ണമുള്ളവരും ആയിരിക്കും. എലികളെ രണ്ട് വിഭാഗമായി തിരിച്ചാണ് പുതിയ പഠനങ്ങള്‍ നടത്തിയത്. 16 ആഴ്ചകള്‍ക്ക് ശേഷം ഈ ഭക്ഷണക്രമം കരളിലും തലച്ചോറിലും ഉണ്ടാക്കിയ പ്രഭാവം ഗവേഷകര്‍ താരതമ്യം ചെയ്തു. ഉയര്‍ന്ന തോതിലുള്ള കൊഴുപ്പ് ഭക്ഷണം നല്‍കിയ എലികളില്‍ അമിതഭാരം, ഫാറ്റിലിവര്‍ രോഗം, ഇന്‍സുലിന്‍ പ്രതിരോധം, തലച്ചോറിന്റെ പ്രവര്‍ത്തന തകരാര്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തി. ഈ എലികളുടെ തലച്ചോറിലെ ഓക്സിജന്‍ തോതും കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. തലച്ചോറിലെ രക്തധമനികളുടെ എണ്ണത്തെയും കട്ടിയെയും രോഗം ബാധിക്കുന്നതായും കണ്ടെത്തി. ഈ എലികളില്‍ ഉത്കണ്ഠയുടെ തോത് അധികമായിരുന്നെന്നും വിഷാദരോഗലക്ഷണങ്ങള്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ച എലികളില്‍ ഫാറ്റി ലിവര്‍ രോഗമോ ഇന്‍സുലിന്‍ പ്രതിരോധമോ ഒന്നും ഉണ്ടായില്ല. ഇവരുടെ തലച്ചോറിന്റെ ആരോഗ്യവും തൃപ്തികരമായിരുന്നു. കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് പഠനം പറയുന്നു. മിതമായ തോതില്‍ ആരംഭിക്കുന്ന തലച്ചോറിലെ തകരാര്‍ വര്‍ഷങ്ങളോളം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വളരാം. അമിതഭാരം കുറയ്ക്കാനും കരളിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്താനും ഭക്ഷണത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വെട്ടിക്കുറയ്ക്കണമെന്ന് ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.75, പൗണ്ട് – 99.70, യൂറോ – 88.11, സ്വിസ് ഫ്രാങ്ക് – 89.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.08, ബഹറിന്‍ ദിനാര്‍ – 219.43, കുവൈത്ത് ദിനാര്‍ -270.12, ഒമാനി റിയാല്‍ – 214.82, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.09.