◾ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍. ബില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയിലുണ്ടായിരുന്നില്ല. ബിജെപി എംപി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. 23 നെതിരെ 63 വോട്ടുകള്‍ക്ക് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കി. ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇല്ലാത്തതില്‍ മുസ്ലീം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പരസ്യമായി പ്രതിഷേധിച്ചു.
◾ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. തര്‍ക്കംമൂലം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷി യോഗത്തിനു കഴിഞ്ഞില്ല. മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണനയിലുള്ളത്. പ്രതിഭാസിംഗ് എംപി കൂടി അവകാശമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്‍ഡിനു വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഷിംലയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അടക്കമുള്ള എഐസിസി നിരീക്ഷകരും എത്തിയിരുന്നു.
◾ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാലേ വിവാഹമോചനത്തിന് അപേക്ഷിക്കാവൂവെന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹമോചന കേസിലാണ് സുപ്രധാനമായ ഈ പരാമര്‍ശം നടത്തിയത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കേന്ദ്രസര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്ന് സിപിഎം എംപി വി ശിവദാസന്‍ രാജ്യസഭയില്‍. ഗവര്‍ണര്‍മാരെ നിയമിക്കുന്ന ചട്ടങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കുകയായിരുന്നു വി. ശിവദാസന്‍. കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്കാതെ ഗവര്‍ണര്‍മാര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.
◾ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചില്ലെങ്കില്‍ മാതാപിതാക്കളെ പ്രതിയാക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെന്നു പ്രതി ഗ്രീഷ്മ. താന്‍ ഷാരോണിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗ്രീഷ്മ വാദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. ഗ്രീഷ്മയുടെ റിമാന്‍ഡ് 14 ദിസത്തേക്കുകൂടി നീട്ടി.
◾സജി ചെറിയാനെ മന്ത്രിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാനെതിരെ കേസൊന്നുമില്ല. അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത് ധാര്‍മ്മികതകൊണ്ടാണ്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾എറണാകുളം പെരുമ്പാവൂരിനടുത്ത കപ്രിക്കാട്ട് വനം വകുപ്പിന് കീഴിലുള്ള ആഭയാരണ്യത്തില്‍ സംരക്ഷിക്കുന്ന മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി ഒന്നരക്കോടി രൂപ തട്ടിയെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ വെട്ടിപ്പ് കണ്ടെത്തിയതും വനം വകുപ്പുുതന്നെയാണ്. സംഭവത്തില്‍ വനം വിജലിന്‍സ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 134 മ്ലാവുകള്‍ക്കു പകരം റജിസ്റ്ററില്‍ 170 മ്ലാവുകളുണ്ടെന്നു രേഖപ്പെടുത്തി ഓരോ മ്ളാവിനും പ്രതിമാസം 8289 രൂപ വീതം തീറ്റക്കായി ചിലവഴിച്ചെന്നു കണക്കുണ്ടാക്കിയാണു തട്ടിപ്പു നടത്തിയത്.
◾പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് സര്‍ക്കാര്‍ ചെലവില്‍ വിദേശചികിത്സയ്ക്ക് അനുമതി തേടി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷണന്‍. അപേക്ഷ മന്ത്രിസഭയുടെ പരിഗണനയിലാണ്. മുന്‍ നിയമസഭാംഗങ്ങള്‍ക്ക് വിദേശ ചികിത്സയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം അനുവദിക്കാന്‍ വ്യവസ്ഥയില്ല.
◾
◾പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണകേസില്‍ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ ഹാജരാകണമെന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിനെതിരെ പാലക്കാട് അലനെല്ലൂര്‍ സ്വദേശി എന്‍ ഉസ്മാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭാഷ അറിയില്ലെന്നും കേരളത്തിലെ ഇഡി ഓഫീസില്‍ ഹാജരായി മൊഴി നല്‍കാമെന്നുമുള്ള ഉസ്മാന്റെ നിലപാടാണ് കോടതി തള്ളിയത്.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്നു വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലിനു നാല്‍പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.
◾ഗവര്‍ണറെ സര്‍വകലാശാകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍.
◾ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള വേദിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തു രാജ്യാന്തര ചലചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി ഉയര്‍ത്തിക്കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.
◾കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണവുമായി ‘കൊട്ടും വരയും ‘ പരിപാടി ഇന്ന്. വൈകിട്ട് അഞ്ചരയ്ക്ക് 61 പ്രാവുകളെ പറത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചില്‍ പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 61 വിദ്യാര്‍ത്ഥികള്‍ ബലൂണുകള്‍ പറത്തും.
◾നടി അപര്‍ണ ബാലമുരളി പതിനാറര ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചതായാണു സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ രീതിയില്‍ 16,49,695 രൂപ നികുതി വെട്ടിച്ചു. സമന്‍സ് കൈപ്പറ്റിയ നടി നികുതി അടക്കാമെന്ന് അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ്.
◾മലയിന്‍കീഴില്‍ ഡിവൈഎഫ്ഐ നേതാവും സംഘവും ബലാത്സംഗം ചെയ്ത പതിനാറുകാരി കേരളം വിടുന്നു. അമ്മൂമ്മയുടെ നാടായ പോണ്ടിച്ചേരിയിലേക്ക് പോകുകയാണെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ പ്രസിഡന്റ് ജിനേഷ് ജയന്റെ ലഹരി ഇടപാടുകളില്‍ തെളിവില്ലാത്തതിനാല്‍ ലഹരിക്കേസ് എടുത്തില്ല.
◾പാലായില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാരുടെ പണവുമായി മലയാളിയായ ഹോട്ടല്‍ മുതലാളി മുങ്ങി. കൊടുക്കാനുളള ശമ്പളത്തിനു പുറമേ ജീവനക്കാരുടെ അക്കൗണ്ടില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ തട്ടിയെടുത്ത് മുങ്ങിയ മുതലാളി പൂവണി സുനിലിനെതിരെ പൊലീസില്‍ പരാതി നല്‍കി.
◾ആലപ്പുഴ ബീച്ചില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച് വാര്‍ഡ് നരേന്ദ്രനാണ് (54) കുത്തേറ്റത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ അരഷര്‍കടവ് ആന്‍ഡ്രൂസിനെ (64) പൊലീസ് കസ്റ്റഡിയിലെടുത്തു.
◾പരുമല തിക്കപ്പുഴയില്‍ ക്ഷേത്രത്തിലും മൂന്നു വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മാന്നാര്‍ പരുമല തിക്കപ്പുഴ തിരുവാര്‍മംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്നു വലിയ വിളക്കുകളും, ഉരുളിയും അപഹരിച്ചു. ശ്രീകോവില്‍ കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാണിക്കവഞ്ചിയും കുത്തിതുറക്കുവാന്‍ ശ്രമിച്ചു.
◾മൊബൈല്‍ ഫോണിലൂടെ ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീലം സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് അറസ്റ്റു ചെയ്തത്.
◾കാസര്‍കോട് ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് (43) പിടിയിലായ കാമുകന്‍. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
◾കാക്കാഴം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഇരുമ്പു ഗേറ്റ് മോഷ്ടിച്ച രണ്ടു പേര്‍ അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കാക്കാഴം പുതുവല്‍ റഷീദ് (48), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുതുവല്‍ സാബു ( 52 ) എന്നിവരാണ് പിടിയിലായത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മതിലില്‍നിന്നു നീക്കി സ്‌കൂള്‍ വളപ്പില്‍ സൂക്ഷിച്ച ഗേറ്റാണ് മോഷ്ടിച്ചത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണമാല കവരുകയും ചെയ്ത സംഭവത്തില്‍ പതിനെട്ടുകാരനെ കരമന പൊലീസ് അറസ്റ്റു ചെയ്തു. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്താണ് (18) അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട തമലം സ്വദേശിനിയായ 16 കാരിയെയാണ് പീഡിപ്പിക്കുകയും സ്വര്‍ണമാല അപഹരിക്കുകയും ചെയ്തത്.
◾ഇലന്തൂരില്‍ നരബലിക്കിരയായ റോസിലിയുടെ മകളുടെ ഭര്‍ത്താവ് ജീവനൊടുക്കി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44)വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യ മഞ്ജു വര്‍ഗീസ് എറണാകുളത്തേക്കു മകനുമായി പോയതായിരുന്നു.
◾സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ നിയമിക്കുന്നു. ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം.
◾മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ദേശീയ വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന് വിവിധ ഹൈക്കോടതികള്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ഹര്‍ജി.
◾യൂട്യൂബില്‍നിന്ന് 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയയാള്‍ക്കു സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തിക്കൊണ്ട് ഹര്‍ജി തള്ളി. യുട്യൂബിലെ പരസ്യങ്ങള്‍ കാരണം ശ്രദ്ധ വ്യതിചലിച്ചെന്നും മത്സര പരീക്ഷയില്‍ തോറ്റെന്നും പറഞ്ഞ് മധ്യപ്രദേശ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പിഴ ചുമത്തിക്കൊണ്ടു തള്ളിയത്.
◾രണ്ടാം തവണയും ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ പോലീസ് അറസ്റ്റു ചെയ്തു. മുപ്പതുകാരിയായ ഭാര്യ റുക്സാറിനെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് 34 കാരനായ മുഹമ്മദ് അന്‍വറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടു.
◾ഇന്ത്യ അമേരിക്കയുടെ വെറും സഖ്യകക്ഷിയല്ലെന്നും മറിച്ച് മറ്റൊരു വലിയ ശക്തിയാണെന്നും വൈറ്റ് ഹൗസ് വക്താവ്. ആസ്‌പെന്‍ സെക്യൂരിറ്റി ഫോറം യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് വൈറ്റ് ഹൗസ് ഏഷ്യ കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംബെല്‍ ഇങ്ങനെ പറഞ്ഞത്. 21-ാം നൂറ്റാണ്ടില്‍ യുഎസിന് ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
◾സഞ്ജു സാംസണെ അയര്‍ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കാമെന്ന് ഓഫര്‍. ഓഫര്‍ നിരസിച്ച് സഞ്ജു സാംസണ്‍. അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് സഞ്ജുവിന് വാഗ്ദാനവുമായി രംഗത്തെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് സഞ്ജു, നിരന്തരമായി അവഗണന നേരിടുന്നെന്ന ആരോപണത്തിനിടെയാണ് ഈ റിപ്പോര്‍ട്ട്.
◾ബ്രസീലിനെ കണ്ണീരിലാഴ്ത്തിച്ച ഫുട്ബോള്‍ ദൈവം അര്‍ജന്റീനയെ ആഹ്ലാദത്തിലാറാടിച്ചു. ആദ്യത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച ക്രൊയേഷ്യ സെമിയില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലണ്ട്സിനെ തോല്‍പിച്ച അര്‍ജന്റീനയും സെമിയിലേക്ക് കടന്നു. ഡിസംബര്‍ 14 ബുധനാഴ്ച ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.
◾ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് അര്‍ജന്റീന സെമി ഫൈനലിലേക്ക്. ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചാണ് അര്‍ജന്റീന സെമിയിലെത്തിയത്. ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിന്റെ രണ്ട് കിക്കുകള്‍ തടുത്താണ് എമിലിയാനോ മാര്‍ട്ടിനെസ് കളിയിലെ താരമായത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിലും ഗോളുകള്‍ നേടാനാവാതെയായതോടെയാണ്് കളി ഷൂട്ടൗട്ടിലെത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാനത്തെ മിനിറ്റില്‍ അര്‍ജന്റീന ജയം ഉറപ്പിച്ച നിമിഷത്തിലായിരുന്നു നെതര്‍ലണ്ട്സ് സമനില ഗോളടിച്ച് അര്‍ജന്റീനയേയും അര്‍ജന്റീന ആരാധകരേയും ഞെട്ടിച്ചത്. കളിയുടെ 35-ാം മിനിറ്റിലായിരുന്നു നെതര്‍ലണ്ട് പ്രതിരോധത്തെ തകര്‍ത്ത് മെസി നല്‍കിയ ലോകോത്തര പാസിലൂടെ നഹ്വല്‍ മൊളീന അര്‍ജന്റീനക്കു വേണ്ടി ആദ്യ ഗോളടിച്ചത്. 71-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി സെമി പ്രവേശനം ഉറപ്പിച്ചു. രണ്ട് ഗോളടിച്ചതോടെ ആഘോഷം പരകോടിയിലെത്തിയ അര്‍ജന്റീനയെ ഞെട്ടിച്ച് 83-ാം മിനിറ്റില്‍ വെര്‍ഗോസ്റ്റ് നെതര്‍ലണ്ടസിനായ് ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ അര്‍ജന്റീന സെമി പ്രവേശനം ഉറപ്പിച്ച സമയത്ത് ലഭിച്ച സമനില ഗോളിലൂടെ അര്‍ജന്റീനയെ വീണ്ടും വെര്‍ഗോസ്റ്റ് നടുക്കി കളഞ്ഞു. തുടര്‍ന്നാണ് എക്സ്ട്രാ ടൈമും എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച പ്രകടനത്തിലൂടെ ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിനെ മുട്ടു കുത്തിച്ച് അര്‍ജന്റീന സെമിയിലെത്തിയതും.
◾ബ്രസീലിനെ കണ്ണീരിലാഴ്ത്തിയ ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ബ്രസീലിനെ 4-2 ന് വീഴ്ത്തിയ ക്രൊയേഷ്യ സെമിയില്‍. നെയ്മര്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ നേടിയ ഗോളിലൂടെ വിജയമുറപ്പിച്ച ബ്രസീലിനെതിരെ എക്സ്ട്രാ ടൈം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ സമനില ഗോള്‍ നേടി മത്സരം ഷൂട്ടൗട്ടിലേക്ക് തള്ളിവിട്ടാണ് ക്രൊയേഷ്യ ബ്രസീലില്‍ നിന്ന് വിജയം തട്ടിയെടുത്തത്. ആദ്യപകുതിയുടെ തുടക്കത്തില്‍ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനവുമായി കളംനിറഞ്ഞത് ക്രൊയേഷ്യയായിരുന്നു. പിന്നീട് പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിലായ ബ്രസീലിന് നിരവധി ഗോളവസരങ്ങള്‍ ലഭിച്ചിട്ടും നിശ്ചിത സമയത്ത് ഗോളടിക്കാനായില്ല. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയില്‍ സാക്ഷാല്‍ സുല്‍ത്താന്‍ നെയ്മര്‍ ക്രൊയേഷ്യന്‍ പ്രതിരോധം തകര്‍ത്ത് പോസ്റ്റിലേക്ക് നിറയൊഴിച്ച് വലകുലുക്കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ വിജയാഘോഷം തുടങ്ങിയ ബ്രസീല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്‌കോവിച്ചിന്റെ ഗോളിലൂടെ മത്സരം സമനിലയിലായി. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ നാല് കിക്കുകള്‍ ഗോളാക്കി മാറ്റിയപ്പോള്‍ ബ്രസീലിന് രണ്ട് കിക്കുകള്‍ മാത്രമേ ഗോളാക്കാന്‍ സാധിച്ചുള്ളു. ആദ്യ കിക്ക് ക്രൊയേഷ്യന്‍ ഗോളി തട്ടിയകറ്റിയപ്പോള്‍ നാലാമത്തെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിച്ചു. അതോടെ ആരാധക ലക്ഷങ്ങളുടെ നെഞ്ചകം തകര്‍ത്ത് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ക്രൊയേഷ്യ സെമിയിലേക്കും.
◾ഖത്തര്‍ ലോകകപ്പിലെ മൂന്നാമത്തേയും നാലാമത്തേയും ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. സ്പെയിനിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ മൊറാക്കോയാണ് ഇന്ന് രാത്രി 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലണ്ടിനെ ആധികാരികമായി തോല്‍പിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന ഫ്രാന്‍സ് – ഇംഗ്ലണ്ട് മത്സരം തുല്യ ശക്തികളുടെ പോരാട്ടമാകും. ഫുട്ബോള്‍ വിദഗ്ദര്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്പിക്കപ്പെട്ടിട്ടുള്ള ടീമുകളാണ് ഫ്രാന്‍സും ഇംഗ്ലണ്ടും.
◾ബുക്കിംഗില്‍ കുതിച്ചുയര്‍ന്ന് ഒയോ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്. കമ്പനിയുടെ ബിസിനസ് ട്രാവല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ എന്നിവ ബുക്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്നു. ദില്ലിയുടെ 50 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈദരാബാദ് ബുക്കിംഗില്‍ 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബെംഗളൂരുവില്‍ 128 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
◾പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കാപ്പ’ യുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കാപ്പയെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
◾ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിന്റെ ടീസര്‍ പുറത്തെത്തി. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, കെ വി വി മനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. ലിബിന്‍ സ്‌കറിയ, സൂരജ് സന്തോഷ്, മേഘ ജോസ്‌കുട്ടി, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ഗായകര്‍.
◾പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നിപ്പോണ്‍ ടൊയോട്ട. ഇത്തവണ നിപ്പോണ്‍ ടൊയോട്ടയില്‍ ഗ്ലാന്‍സയുടെ എന്‍ഡ് ഓഫ് സീസണ്‍ ഓഫറിനാണ് തുടക്കമിട്ടിരിക്കുന്നത്. എന്‍ഡ് ഓഫ് സീസണില്‍ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഗ്ളാന്‍സ-എം.ടി മോഡലിന് അഞ്ചുവര്‍ഷം വാറന്റി, പതിനായിരം രൂപവരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം എന്നിങ്ങനെ ഓഫറുകളുണ്ട്. ആദ്യ 6 മാസത്തേക്ക് 4,099 രൂപ അല്ലെങ്കില്‍ 59 മാസത്തേക്ക് 9,999 രൂപ എന്നിങ്ങനെ കുറഞ്ഞ മാസത്തവണകളില്‍ ഗ്ലാന്‍സ സ്വന്തമാക്കാം. 6.59 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ചില പതിപ്പുകള്‍ ബുക്ക് ചെയ്ത് കാലതാമസമില്ലാതെ ഉടന്‍ നേടാം. സ്റ്റോക്ക് തീരുംവരെയാണ് ആനുകൂല്യങ്ങള്‍.
◾1930 ലെ ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് മുതല്‍ ഈ വര്‍ഷം നടക്കുന്ന ബ്രസീല്‍ ലോകകപ്പ് വരെയുള്ള ചരിത്രവും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരിചയവും ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ലോകകപ്പ് പുസ്തകം. കാല്‍പന്തുകളിയുടെ ആവേശഭരിതമായ ചരിത്രത്തെ അക്ഷരങ്ങ ളിലേക്കാവാഹിക്കുന്ന, ഏറ്റവും കൂടുതല്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ടു കണ്ടമലയാള പത്രപ്രവര്‍ത്തകന്റെ രചന. ‘ലോകകപ്പ് ഫുട്ബോള്‍ ബ്രസീല്‍ 2014 വരെ’. ഭാസി മലാപ്പറമ്പ്. ഡിസി ബുക്സ്. വില 214 രൂപ.
◾രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു.ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്. രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ അമ്പതുരൂപയും കൈയ്യില്‍ പിടിച്ച് ഓരോ കടയും കയറിയിറങ്ങുകയാണ്. ഓരോ കടക്കാരും അവനെ ആട്ടിയോടിക്കുന്നുണ്ട്. നിനക്കെന്താ വട്ടാണോ? നീയെന്താ ഞങ്ങളെ കളിയാക്കുകയാണോ? എന്നെല്ലാം ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. പക്ഷേ, അവന്‍ അതൊന്നും സാരമാക്കിയതേയില്ല. ഓരോ കടയില്‍ നിന്നും ഇറക്കിവിടുമ്പോഴും ആ അമ്പതുരൂപയുമായി അവന്‍ അടുത്ത കട ലക്ഷ്യമാക്കി നീങ്ങും. വൈകുന്നേരമായി. അവന്‍ കയറുന്ന എഴുപത്തിമൂന്നാമത്തെ കടയാണിത്. അവിടെ ചെന്ന് അവന്‍ ചോദ്യം ആവര്‍ത്തിച്ചു: ദൈവത്തെ കിട്ടാനുണ്ടോ? ആ കടയുടമ ആ പയ്യനെ അരികില്‍ വിളിച്ചിരുത്തി കാര്യം അന്വേഷിച്ചു. അവന്‍ പറഞ്ഞു: എന്റെ അച്ഛനും അമ്മയും ഞാന്‍ തീരെ ചെറിയകുട്ടിയായപ്പോള്‍ മരിച്ചുപോയി. എന്റെ അമ്മാവന്റെ കൂടെയാണ് ഞാനിപ്പോള്‍. അമ്മാവന് സുഖമില്ല. ഇപ്പോള്‍ ആശുപത്രിയിലാണ്. അവിടെത്തെ ഡോക്ടര്‍ ഇന്ന് എന്നോട് പറഞ്ഞു, ഇനി ദൈവത്തിന് മാത്രമേ അമ്മാവനെ രക്ഷിക്കാന്‍ സാധിക്കൂ എന്ന്. അതുകൊണ്ട് ഞാന്‍ ദൈവത്തിനെ വാങ്ങുവാന്‍ വേണ്ടി വന്നതാണ്. ഇത് പറഞ്ഞ് ആ കുട്ടി തന്റെ കയ്യിലിരുന്ന മുഷിഞ്ഞ അമ്പത് രൂപ അയാള്‍ക്ക് നേരെ നീട്ടി. അയാള്‍ ആ രൂപ വാങ്ങിയിട്ട് പറഞ്ഞു: ശരിയാണ്, 50 രൂപയാണ് ദൈവത്തിന്. എന്നിട്ട് ഒരു ചെറിയ കുപ്പിയില്‍ തേന്‍ നിറച്ച് അവന് കൊടുത്തു. അവന് സന്തോഷമായി. അവന്‍ സന്തോഷത്തോടെ ആശുപത്രിയിലേക്ക് ഓടിയെത്തി. ഉറക്കെ വിളിച്ചുപറഞ്ഞു. എനിക്ക് ദൈവത്തെ കിട്ടിയിരിക്കുന്നു. ഇനിയെന്റെ അമ്മാവന്‍ രക്ഷപ്പെടുക തന്നെ ചെയ്യും. പിറ്റേ ദിവസം ആ ഹോസ്പിറ്റലില്‍ പ്രത്യേക മെഡിക്കല്‍ ടീം എത്തി. അവര്‍ ആ കുട്ടിയുടെ അമ്മാവന്റെ ചികിത്സ ഏറ്റെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ സുഖപ്പെടുകയും ചെയ്തു. ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന നേരത്ത് ബില്ല് അധികൃതര്‍ അയാള്‍ക്ക് നല്‍കി. ആ തുക കണ്ട് അയാള്‍ ഞെട്ടി. ബില്ലടയ്ക്കാനുളള തുക കയ്യിലില്ലെന്ന് പറയാന്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അവിടെയുളള ജീവനക്കാര്‍ ആ ബില്ല് മുഴുവന്‍ അടച്ചതായി അറിയിച്ചു. ആകെ അത്ഭുതപ്പെട്ടു നിന്ന അയാളോട് ആ കുഞ്ഞ് ദൈവത്തെ വാങ്ങിയ കഥ പറഞ്ഞു. അവര്‍ ആ കടക്കാരനെ തേടി ചെന്നു. ആ ഗ്രാമത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു ആ കടക്കാരന്‍. അയാള്‍ കടക്കാരനോട് നന്ദി അറിയിച്ചു. കടയുടമ പറഞ്ഞു: നിങ്ങളെ രക്ഷിച്ചത് ഞാനല്ല,. ഒരുദിവസം മുഴവന്‍ കടകള്‍ കയറിയിറങ്ങി നിങ്ങള്‍ക്ക് വേണ്ടി ദൈവത്തെ വാങ്ങാന്‍ നടന്ന ഈ കുഞ്ഞാണ്. അവന്റെ നിഷ്‌കളങ്കതയും സ്‌നേഹവുമാണ് നിങ്ങളെ രക്ഷിച്ചത്. മററുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ നടത്തുന്ന ഇത്തരം ചെറിയ ചെറിയ യാത്രകള്‍ക്കിടയിലാണ് നാം ദൈവത്തെ കണ്ടുമുട്ടുന്നത്. ദൈവത്തെ സ്വന്തമാക്കുന്നത്.. മറ്റുളളവര്‍ക്ക് വേണ്ടിയുളള നിസ്വാര്‍ത്ഥമായ യാത്രകള്‍ ഇനിയും നമ്മുടെ ജീവിതത്തിലുണ്ടാകട്ടെ – ശുഭദിനം.