19 yt cover

https://dailynewslive.in/ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ്. എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് എച്ച്ഐവി എച്ച്ഐവി സ്ഥിരീകരിച്ചത്. ഇവര്‍ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതര്‍ പറയുന്നത്.

https://dailynewslive.in/ മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ഇതില്‍ ചില മാധ്യമങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടെന്നും അവര്‍ അധാര്‍മികതയുടെ ഏതറ്റം വരെയും പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി പോളിടെക്നിക്കില്‍ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണെന്നും ആ സംഭവത്തിന് ചില മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നല്‍കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

https://dailynewslive.in/ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ നടത്തുന്നത് കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. 2026- 27 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവേശന പ്രായം ആറു വയസ്സാകുമെന്നും നിലവില്‍ 52 ശതമാനം കുഞ്ഞുങ്ങളും ആറു വയസ്സിലാണ് സ്‌കൂള്‍ പ്രവേശനം തേടുന്നതെന്നും മന്ത്രി പറഞ്ഞു.

*ഗുജറാത്തിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

സിന്ധുനദീതട സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗുജറാത്തിലേക്ക് 8 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസ് ലോക്സഭയിലുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കേസ് അന്വേഷണം ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതാക്കളില്‍ നിന്നാണ് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്നും അന്വേഷണം നേതാക്കളിലേക്ക് പോകാതെ കള്ളപ്പണ കേസായി മാത്രം കണ്ട് അട്ടിമറിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. ഇഡി ബിജെപി ഭായി ഭായി എന്ന് വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബി ജെ പി അംഗങ്ങളും ബഹളം വച്ചു. സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സംസാരിക്കാന്‍ കൊടിക്കുന്നിലിന് ചെയര്‍ അവസരം നല്‍കിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്, യുഡിഎഫ് എംപിമാര്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപോയി.

https://dailynewslive.in/ വന്യമൃഗങ്ങളെ കൊല്ലാന്‍ പറയാന്‍ തനിക്കാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളത്തിലെ വന്യമൃഗ ആക്രമണം സംബന്ധിച്ച് രാജ്യസഭയില്‍ ഇടത് എംപി ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വന്യജീവികളും മനുഷ്യ ജീവനുകളും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ഇന്ന് വൈകീട്ട് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാവരെയും കേള്‍ക്കുമെന്നും ഭൂമി ഏറ്റെടുക്കലിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കോടതി വിധി തടസമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നില്‍ ഉള്ളതെന്നും ഇതില്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ ആര്‍ക്കും യാതൊരു സംരക്ഷണവും നല്‍കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നത് 72 ക്യാമ്പുകളിലാണെന്നും ഹയര്‍ സെക്കന്‍ഡറിയുടെ മൂല്യ നിര്‍ണയം നടക്കുന്നത് 89 ക്യാമ്പുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രില്‍ മാസം ആരംഭിക്കാന്‍ റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 2024 ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി കെ രാജനും വനം മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് കേന്ദ്രാനുമതി ലഭിച്ചത്.

https://dailynewslive.in/ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

https://dailynewslive.in/ സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയിയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണ് തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയതെന്നും സ്വാഭാവികമായും അല്‍പം ഉശിര് കൂടുമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

https://dailynewslive.in/ ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്റ് കൗണ്‍സില്‍. മരണ സമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ്സ് കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാറ്റണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. യൂണിഫോം പോസ്റ്റില്‍ എത്രശതമാനം എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഒഴിവുകള്‍ കോമണ്‍പൂളിലേക്ക് മാറ്റുന്നത് സ്വാഗതാര്‍ഹമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്നു ഹൈക്കോടതി. ഒന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലില്‍ ഹൈക്കടോതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2015 മാര്‍ച്ച് 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്.

https://dailynewslive.in/ യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയും ആശമാര്‍ക്ക് മാസം തോറും 2100 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവര്‍ക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 7,56,000 രൂപയാണ് വര്‍ഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വര്‍ക്കര്‍ക്കും പ്രതിവര്‍ഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ കരുവന്നൂര്‍, കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരണ്‍, സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഖില്‍ ജിത്തിനും ജാമ്യം ലഭിച്ചു. വിചാരണ ഇല്ലാതെ ഇവര്‍ 1.5 വര്‍ഷമായി റിമാന്‍ഡിലായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് എം കെ രാഘവന്‍ എം.പി ചെയര്‍മാനായ കണ്ണൂര്‍ മാടായി കോളേജിലെ നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്. രാഘവന്റെ ബന്ധുവിന്റേത് ഉള്‍പ്പെടെ നാല് നിയമനങ്ങള്‍ റദാക്കണം എന്നാണ് ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മരിച്ച ഷഹബാസിന്റെ കുടുംബവും ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു. ഷഹബാസിന്റെ കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്ക് അന്വേഷിക്കുക, കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയ പ്രേരണ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ഷിബിലയുടെ പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് ഉണ്ടായ വീഴ്ച അന്വേഷിക്കുക, പ്രതി യാസിറിന് തക്കതായ ശിക്ഷ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.

https://dailynewslive.in/ മലപ്പുറം തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിന്റെ പിടിയിലായത്. വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. മുന്‍ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

https://dailynewslive.in/ പത്തനംതിട്ട കലഞ്ഞൂരില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രദേശവാസിയായ പ്രവീണ്‍ പൊലീസിന്റെ പിടിയിലായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാത്രിയാണ് കലഞ്ഞൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിണ്‍ ബാങ്കിന്റ എടിഎമ്മില്‍ മോഷണശ്രമം ഉണ്ടായത്.

https://dailynewslive.in/ എംഎസ്പി ക്യാമ്പിലെ മലിനജലം സമീപത്തെ ജനവാസ മേഖലയിലെ തോട്ടിലേക്ക് ഒഴുക്കിവിടുന്നുവെന്ന് പരാതി. രൂക്ഷമായ ദുര്‍ഗന്ധവും കൊതുക് ശല്യവും കൊണ്ട് പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ സ്പെഷ്യല്‍ പൊലീസിന് നോട്ടീസ് നല്‍കാനാണ് നഗരസഭയുടെ തീരുമാനം.

https://dailynewslive.in/ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വൈക്കത്തെ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെയാണ് വൈക്കം കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. സെന്‍ട്രലൈസ്ഡ് ആയി ബില്ലടച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

https://dailynewslive.in/ ഭൂമി റീസര്‍വേ ചെയ്യുന്നതിന് സര്‍ക്കാര്‍ ഫീസ് എന്ന പേരില്‍ കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജ് അസിസ്റ്റന്റിനെതിരേ കേസെടുത്ത് വിജിലന്‍സ്. തിരുവനന്തപുരം മണക്കാട് വില്ലേജ് ഓഫീസില്‍ അസിസ്റ്റന്റായിരുന്ന ഗിരീശനെതിരേയാണ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

https://dailynewslive.in/ കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്നും എഫ്ഐആര്‍. മണ്‍വെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതില്‍ തകര്‍ത്തുവെന്നും വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറില്‍ പറയുന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവിന്റെ മൊത്തവില്‍പന നടത്തിയിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പൂജപ്പുര ,അമ്മു ഭവനില്‍ അരുണ്‍ ബാബു (36), മഞ്ചാടി സ്വദേശിയായ മകം വീട്ടില്‍ പാര്‍ത്ഥിപന്‍ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.

https://dailynewslive.in/ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ ശകാരിച്ച സംഭവത്തില്‍ ബിജെപി വീഡിയോ പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തി. സ്പീക്കറോട് ഇക്കാര്യം ഉന്നയിക്കും. എംപിമാര്‍ക്ക് ഒരു വിശദീകരണവും നല്‍കാന്‍ ഓം ബിര്‍ലക്ക് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിലെ രണ്ട് എംപിമാര്‍ മാത്രം വന്നാല്‍ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ പ്രിയങ്കയോട് വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ലഖ്നൌവില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന അഭയകേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധ. അഭയകേന്ദ്രത്തില്‍ അന്തേവാസികളായിരുന്ന മൂന്നു കുട്ടികള്‍ മരിച്ചു. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം തുടങ്ങി.

https://dailynewslive.in/ ത്രിഭാഷ പദ്ധതിയെ എതിര്‍ക്കുന്ന സ്റ്റാലിന്‍ സര്‍ക്കാരിന് പ്രകോപനവുമായി കേന്ദ്രസര്‍ക്കാര്‍. ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകള്‍ ഇനി ഹിന്ദിയിലും നല്‍കും. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഹിന്ദിയില്‍ കാലാവസ്ഥ അറിയിപ്പുകള്‍ നല്‍കുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം.

https://dailynewslive.in/ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പാരഡി ഗാനത്തിലൂടെ പരിഹസിച്ച കൊമീഡിയന്‍ കുനാല്‍ കമ്രക്കെതിരെ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുടെ പോഡ്കാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.

https://dailynewslive.in/ ഒമാനിലെ മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് IX 550 വിമാനമാണ് നാല് മണിക്കൂറിലേറെ വൈകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മസ്‌കറ്റില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.

https://dailynewslive.in/ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. കാറിന്റെ നിര്‍മാണം യു.എസിലാണ് നടത്തുന്നതെങ്കില്‍ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു. യു.എസില്‍ വാഹന നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

https://dailynewslive.in/ ഗാസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഗാസയിലെ സെയ്തൂന്‍, ടെല്‍ അല്‍ ഹവ എന്നിവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 1.42 ലക്ഷം പലസ്തീനികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ആക്രമണം തുടരും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.

https://dailynewslive.in/ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന 78,000 കോടിയിലധികം വരുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നോമിനിക്ക് തിരിച്ചു നല്‍കാന്‍ ലളിതമായ മാര്‍ഗം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 78,213 കോടി രൂപയാണ് ഇതിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന. എല്ലാ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതിലുണ്ടാകും. നിശ്ചിത രൂപത്തിലുള്ള അപേക്ഷഫോമും സാക്ഷ്യപത്രവും ഇതിലുള്‍പ്പെടുത്തും. നിക്ഷേപം തിരിച്ച് പിടിക്കാന്‍ വേണ്ട രേഖകളുടെ വിവരങ്ങളും ഉണ്ടാകും. അപേക്ഷകര്‍ അവരുടെ പേരും, മൊബൈല്‍ നമ്പറും, മേല്‍വിലാസവും അടക്കമുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. അതത് ബാങ്കുകളുടെ ശാഖകള്‍ ഇത് വേരിഫൈ ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കും. 2026 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി തന്നെ നിക്ഷേപം തിരിച്ചെടുക്കാനുള്ള സംവിധാനം നടപ്പാകുമെന്നാണ് സൂചന. ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും ഒരേസമയം 4 നോമിനികളെ വയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിംഗ് ഭേദഗതി ബില്‍ പാസാക്കിയിട്ടുണ്ട്. രാഷ്ട്രപതി അനുമതി നല്‍കുന്നതോടെ ബില്‍ നിയമമാകും.

https://dailynewslive.in/ ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷന്‍ ഫീച്ചര്‍ പുറത്തിറക്കി. ഇത് വരെ ഉണ്ടായവയില്‍ ഏറ്റവും നൂതനമായ മോഡലാണിത്. ധാരാളം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ജി.പി.ടി 4ഒ മോഡലിന്റെ സഹായത്തോടെ ഫോട്ടോകള്‍ നിര്‍മിക്കാനും ഉപയോക്താവിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. കൂടാതെ സ്വാഭാവിക സംഭാഷണത്തിലൂടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ടെക്സ്റ്റ് കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നതിലും കൂടുതല്‍ കൃത്യതയോടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ഒന്നിലധികം ആവര്‍ത്തനങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിലും ഈ മോഡല്‍ മികച്ചതാണെന്ന് കമ്പനി അറിയിച്ചു. പുതിയ മോഡല്‍ ഗെയിം വികസനം, വിദ്യാഭ്യാസ സാമഗ്രികള്‍, ചരിത്ര പര്യവേക്ഷണം തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഒരു ഇമേജില്‍ 10-20 വ്യത്യസ്ത വസ്തുക്കള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനാല്‍ മുന്‍കാല മോഡലുകളെക്കാള്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഈ മോഡലിന് ചില പരിമിതികള്‍ ഉണ്ട്. ലാറ്റിന്‍ ഇതര ഭാഷകള്‍ റെന്‍ഡര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ചില ചിത്രങ്ങള്‍ തെറ്റായി ക്രോപ്പ് ചെയ്യുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് വരികയാണ്.

https://dailynewslive.in/ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പതിഞ്ഞ താളത്തില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ട്രെയ്‌ലര്‍. മമ്മൂട്ടിക്ക് ഒപ്പം ഗൗതം വാസുദേവ മേനോനും ട്രെയ്‌ലറില്‍ സജീവ സാന്നധ്യമണ്. ആഗോളതലത്തില്‍ ഏപ്രില്‍ 10 നാണ് ബസൂക്ക റിലീസ് ചെയ്യുന്നത്. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘മെഗാസ്റ്റാര്‍ മമ്മൂട്ടി’ എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് ബസൂക്ക എത്തുന്നത് എന്നതും പ്രത്യേകതയാണ്. കൊച്ചി എസിപി ബെഞ്ചമിന്‍ ജോഷ്വയായി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വേഷമിടുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഇത്തവണയും പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അന്തരിച്ച നിഷാദ് യൂസഫായിരുന്നു ബസൂക്കയുടെ ആദ്യ എഡിറ്റര്‍. നിഷാദിന്റെ മരണശേഷം പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. സയേദ് അബ്ബാസാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

https://dailynewslive.in/ നടന്‍ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. താരത്തിന്റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാന്‍-ഇന്ത്യ ചിത്രത്തിന് ‘പെഡി’ എന്നാണ് പേരിട്ടിരിക്കുന്നത്. നടി ജാന്‍വി കപൂര്‍ രാം ചരണിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. നടന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കിടയില്‍ വളരെയധികം കൗതുകം ഉണര്‍ത്തുന്നതാണ്. റാമിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റര്‍. രാം ചരണ്‍ തീര്‍ത്തും റോ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ഫസ്റ്റ്ലുക്ക് നല്‍കുന്ന സൂചന. രണ്ട് ലുക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ഒന്നില്‍ രാം ചരണ്‍ പുകവലിക്കുന്നതും. മറ്റൊന്നില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്‍ക്കുന്ന രാം ചരണിനെ കാണാം. രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

https://dailynewslive.in/ മലയാളത്തിലെ യുവഅഭിനേത്രികളില്‍ ശ്രദ്ധേയയായ അപര്‍ണ ദാസിന്റെ ഗാരിജിലേക്കു പുത്തന്‍ ഒരു വാഹനം കടന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റയുടെ, ഇടി പരീക്ഷയില്‍ അഞ്ച് സ്റ്റാര്‍ കരസ്ഥമാക്കിയ നെക്‌സോണാണ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വൈറ്റ് ഷെയ്ഡാണ് വാഹനത്തിനായി അപര്‍ണ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായ നെക്‌സോണ്‍, ഗ്ലോബല്‍ എന്‍ സി എ പി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടിയ ചെറുഎസ് യു വിയാണ്. സുരക്ഷ മാത്രമല്ലാതെ, എല്ലാ അത്യാധുനിക സൗകര്യങ്ങളും ടാറ്റ ഈ വാഹനത്തിനു നല്‍കിയിട്ടുണ്ട്. നിരവധി ഫീച്ചറുകളും ഏറെ മാറ്റങ്ങളുമായി പുതിയ നെക്സോണ്‍ വിപണിയിലെത്തിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട് പുതിയ മോഡലില്‍. പെട്രോള്‍ മോഡലില്‍ 118 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമുള്ള 1.2 ലീറ്റര്‍ എന്‍ജിനും. ഡീസല്‍ പതിപ്പില്‍ 115 ബിഎച്ച്പി കരുത്തും 260എന്‍എം ടോര്‍ക്കുള്ള 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.

https://dailynewslive.in/ അധികമൊന്നും വെളിച്ചം വീഴാത്ത ഇടങ്ങളാണ് ഷാഹുല്‍ ഹമീദ് കെ ടി യുടെ അന്വേഷണതലം. അടക്കിവച്ച ലൈംഗിക കാമനകളും കുറ്റവാസനകളും മനുഷ്യര്‍ക്കൊപ്പം പാര്‍പ്പുറപ്പിച്ചിട്ട് കാലമെത്രയോ കഴിഞ്ഞിട്ടുണ്ടാവണം. മനുഷ്യപ്രവര്‍ത്തികളുടെ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ കഥാകൃത്തുക്കള്‍ക്ക് എന്നും പ്രിയപ്പെട്ട വിഷയമായിരുന്നിട്ടുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മനുഷ്യ മനസ്സിന്റെ നിഗൂഢസ്ഥലികളിലൂടെയാണ് ഈ സമാഹാരത്തിലെ കഥകള്‍ സഞ്ചരിക്കുന്നത്. ഉള്ള് കിടുങ്ങുന്ന ആഖ്യാനമികവ് ഈ കഥകളുടെ സവിശേഷ അടയാളമാണ്. ‘രതി പൂക്കുന്ന താഴ്വരകളുംക്രൈം ത്രില്ലര്‍ കഥകളും’. ഷാഹുല്‍ ഹമീദ് കെ.ടി. ചിന്ത പബ്ളിക്കേഷന്‍സ്. വില 180 രൂപ.

https://dailynewslive.in/ തലവേദന വന്നാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ ഈ ശീലം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പതിവാക്കിയാല്‍ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം തുടങ്ങിയ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം കാരണമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. കൂടാതെ ഡാര്‍ക്ക ചോക്ലേറ്റ് തലവേദന ലഘൂകരിക്കാന്‍ സഹായിക്കും. 400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.80, പൗണ്ട് – 110.78, യൂറോ – 92.32, സ്വിസ് ഫ്രാങ്ക് – 97.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.10, ബഹറിന്‍ ദിനാര്‍ – 227.63, കുവൈത്ത് ദിനാര്‍ -278.28, ഒമാനി റിയാല്‍ – 222.87, സൗദി റിയാല്‍ – 22.87, യു.എ.ഇ ദിര്‍ഹം – 23.36, ഖത്തര്‍ റിയാല്‍ – 23.47, കനേഡിയന്‍ ഡോളര്‍ – 60.02.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *