sunrise 20

*അറിയിപ്പ് : ചില സാങ്കേതിക കാരണങ്ങളാല്‍ ഡെയ്‌ലി ന്യൂസിന്റെ ഇന്നത്തെ പ്രഭാതവാര്‍ത്തകളുടെ വീഡിയോ ന്യൂസ് ഉണ്ടായിരിക്കുന്നതല്ല.*

https://dailynewslive.in/ ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യന്‍സമയം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കപ്പലിലക്ക് മാറ്റിയ പേടകത്തിന്റെ വാതില്‍ തുറന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ നിന്ന് പുറത്തെടുത്തു. മൂന്നാമതായാണ് സുനിത വില്യംസ് പുറത്തിറങ്ങിയത്. ഇനി അവരെ 45 ദിവസത്തെ പുനരധിവാസ പരിപാടിക്കായി ഹ്യൂസ്റ്റണിലേക്ക് കൊണ്ടുപോകും.

https://dailynewslive.in/ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും കേരളത്തില്‍ നോക്കുകൂലി ചുമത്തുമെന്ന വിമര്‍ശനവുമായി രാജ്യസഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്നും ആ കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.

https://dailynewslive.in/ കേരളത്തില്‍ റെയില്‍വേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ വലിയ വീഴ്ചയാണെന്നും പദ്ധതിക്ക് ആവശ്യമായതിന്റെ 14 ശതമാനം ഭൂമിയാണ് കേരളം ഏറ്റെടുത്ത് നല്‍കുന്നതെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റിലെ റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലായിരുന്നു ഈ പ്രതികരണം.

*ലേ ലഡാക്കിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

8,370 അടി മുതല്‍ 25,400 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക്, ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ലേ ലഡാക്കിലേക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. മകള്‍ക്കെതിരെ ധനമന്ത്രിയുടെ കീഴിലുള്ള ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ നിര്‍മ്മല സീതാരാമനെ ക്ഷണിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് സംശകരമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. അതേസമയം കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്ത് പറയാത്തിടത്തോളം ദുരൂഹത തുടരുമെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിക്കടുത്ത് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ലഹരിക്കടിമയായ ഭര്‍ത്താവ് വെട്ടിക്കൊന്നു. യാസിര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിയ യാസിര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. യാസിറിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.

https://dailynewslive.in/ ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി. അഫാന്‍ ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകന്‍ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവര്‍ മൊഴിയില്‍ പറയുന്നു. സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ലെന്നും ഇതിന് ശേഷമാണ് അഫാന്‍ ആക്രമിച്ചതെന്നും ഷെമ്ി പറഞ്ഞു.

https://dailynewslive.in/ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പി എം ശ്രീ പദ്ധതിയില്‍ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

https://dailynewslive.in/ പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. അഫ്‌സല്‍ ഗുരുവിനെ നീതിനിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓര്‍മ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്ന പത്തനംതിട്ട കലട്രേറ്റില്‍ ലഭിച്ച സന്ദേശത്തിന് സമാനമായ വാചകങ്ങള്‍ തന്നെയാണ് തിരുവനന്തപുരത്ത് ലഭിച്ച മെയിലിലും പറയുന്നതെന്ന് കലക്ടര്‍ സ്ഥിരീകരിച്ചു.

https://dailynewslive.in/ തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ സബ്കളക്ടര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒവിക്കാണ് തേനീച്ചയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ കളക്ടര്‍ ചികിത്സ തേടി. കലക്ടറേറ്റില്‍ പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോ?ഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

https://dailynewslive.in/ ഉത്സവത്തിന് ആനകളെ കുറയ്ക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. തിരുവതാംകൂര്‍ ദേവസ്വം ആനകള്‍ക്ക് പകരം രഥം കൊണ്ടുവരാന്‍ ശ്രമമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തിരുത്തണമെന്നും വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകള്‍ ചര്‍ച്ച ചെയ്തു. ആവശ്യമായ തുടര്‍ നടപടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായും സുപ്രീംകോടതി വിധി പാലിച്ചുമാകും നടപടികള്‍ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

https://dailynewslive.in/ കളഞ്ഞുകിട്ടയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവന്‍ണ്ടൂര്‍ ഡിവിഷന്‍ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചത്. പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

https://dailynewslive.in/ പികെ ശശിയുടെ അംഗത്വം സിപിഎം പുതുക്കി നല്‍കാന്‍ പാലക്കാട് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി തീരുമാനിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പികെ ശശി ഇനി തുടരുക. നേരത്തെ അച്ചടക്ക നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് നിശ്ചയിച്ച് നല്‍കിയിരുന്നില്ല.

https://dailynewslive.in/ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി മജിസ്ട്‌റ്റേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയതിന്റെ മുഖ്യ ആസൂത്രകന്‍ ഷുഹൈബായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം.

https://dailynewslive.in/ ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമര്‍ശനം. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

https://dailynewslive.in/ കണ്ണൂര്‍ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു അക്കമ്മല്‍ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

https://dailynewslive.in/ പാലക്കാട് തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. എന്നാല്‍ റെയ്ഡ് സമയത്ത് ഭാനുമതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് നടത്തിയ റെയ്ഡിലാണ് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്.

https://dailynewslive.in/ പഞ്ചായത്ത് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നു ആരോപിച്ച് കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസില്‍ സ്ത്രീയുടെ അതിക്രമം. അയ്മനം മുട്ടേല്‍ സ്വദേശി ശ്യാമളയാണ് അതിക്രമം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ശ്യാമളയെ കസ്റ്റഡിയില്‍ എടുത്തു.

https://dailynewslive.in/ പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി ഷാന്‍ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ ഇടുക്കി വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ബഹിരാകാശ യാത്രികയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു.

https://dailynewslive.in/ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തിന് കാരണം ബോളിവുഡ് ചിത്രമായ ഛാവയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ ശിവാജി മഹാരാജിന്റെ മകന്‍ സാംബാജി മഹാരാജിന്റെ കഥയാണ് പറയുന്നത്. ഛാവ സിനിമ ഔറംഗസേബിനെതിരെ ജനങ്ങളുടെ കോപം ആളിക്കത്തിച്ചുവെന്നും എന്നാലും, എല്ലാവരും മഹാരാഷ്ട്രയെ സമാധാനപരമായി നിലനിര്‍ത്തണമെന്നും ഫഡ്നാവിസ് നിയമസഭയില്‍ പറഞ്ഞു.

https://dailynewslive.in/ ജസ്റ്റിസ് ബി.ആര്‍ ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. ഈ മാസം 22 ന് നടത്തുന്ന സന്ദര്‍ശനത്തില്‍ സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും. ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് പുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എംഎം സുന്ദ്രേഷ്, കെവി വിശ്വനാഥന്‍, എന്‍ കോടീശ്വര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും.

https://dailynewslive.in/ സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഏപ്രില്‍ 14ന് ഇന്ത്യന്‍ സമയം രാവിലെ 11 നു പരിഗണിക്കും. മോചനം വൈകുന്നതിനാല്‍ റഹീമിന്റെ അഭിഭാഷകര്‍ പ്രത്യേക ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കോടതി ഇതും ഇന്ന് പരിഗണിച്ചില്ല. മാര്‍ച്ച് ആദ്യവാരമുണ്ടായ സിറ്റിങ്ങില്‍ കേസ് സംബന്ധമായ എല്ലാ രേഖകളും ഹാജരാക്കാന്‍ ഗവര്‍ണറേറ്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി കിട്ടിയെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍ നിയമസഭയില്‍ പറഞ്ഞു. ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് വിവരം. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

https://dailynewslive.in/ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്താന്‍ ബിസിസിഐ. വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂട്ടുന്നതിന് ബിസിസിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ താരം വിരാട് കോലി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ബിസിസിഐനിലപാട് മയപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുന്നത് രാജ്യത്ത് മൊത്ത വിലക്കയറ്റത്തിന് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫെബ്രുവരിയിലെ ഡാറ്റ പ്രകാരം മൊത്ത വിലക്കയറ്റം 2.38 ശതമാനമായി വര്‍ധിച്ചു. ജനുവരിയില്‍ ഇത് 2.31 ശതമാനമായിരുന്നു. പാചക എണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍, ടെക്സ്‌റ്റൈല്‍ എന്നീ മേഖലകളിലുണ്ടായ വിലവര്‍ധനയാണ് മൊത്ത വിലക്കയറ്റ സൂചിക ഉയര്‍ത്തിയതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില 11.06 ശതമാനവും വെജിറ്റബിള്‍ ഓയിലിന്റെ വില 33.59 ശതമാനവും വര്‍ധിച്ചു. ഇതര പാനീയങ്ങളുടെ വിലയില്‍ 1.66 ശതമാനം വര്‍ധനയാണുണ്ടായത്. ഉരുളക്കിഴങ്ങിന്റെ വിലയില്‍ ഗണ്യമായ കുറവുണ്ടായതാണ് വിലക്കയറ്റത്തിന്റെ ആഘാതം കുറച്ചത്. ജനുവരിയില്‍ 74.28 ശതമാനം ഉയര്‍ന്ന കിഴങ്ങ് വില കഴിഞ്ഞ മാസം 27.54 ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന ചില്ലറ വിലക്കയറ്റ കണക്കു പ്രകാരം വിലക്കയറ്റം 3.61 ല്‍ എത്തിയിരുന്നു. ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

https://dailynewslive.in/ എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’ ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയില്‍ ഒരു പുത്തന്‍ തരംഗം ഉണ്ടാക്കിയ ചലച്ചിത്ര സംഭവമാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, അതേസമയം പാന്‍ ഇന്ത്യന്‍ എന്ന വാക്ക് ആക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നിരന്തര ആവശ്യം പരിഗണിച്ച് ഈ ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 2025 ജൂലൈ 10 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് വിവരം. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കണ്‍ക്ലൂഷനും ബോക്‌സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു.

https://dailynewslive.in/ ഐമാക്‌സില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തില്‍ നിന്നുള്ള ആദ്യ ചിത്രമായിരിക്കും ‘എമ്പുരാന്‍’ എന്ന് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. മാര്‍ച്ച് 27 മുതല്‍ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്‌സ് സ്‌ക്രീനുകളില്‍ എമ്പുരാന്‍ ദൃശ്യമാകും. ഒപ്പം മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോയില്‍ എത്തുന്ന ഈ ലൂസിഫര്‍ ഫ്രാഞ്ചൈസിയ്ക്ക്. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ നിമിഷവും ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന അപ്‌ഡേറ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. അതിലൊന്ന് ആയിരുന്നു കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ഒരാളുടെ പോസ്റ്റര്‍. ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപനം എന്നായിരുന്നു പോസ്റ്ററിനൊപ്പം കുറിച്ചിരുന്നത്.

https://dailynewslive.in/ ജോണ്‍ എബ്രാഹാമിന്റെ ഗാരിജിലേക്കു ഥാര്‍ റോക്‌സ് കൂടി എത്തി. ജോണ്‍ എബ്രഹാമിന് വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് ഥാര്‍. ജെഎ എന്ന ബാഡ്ജിങ്ങുള്ള വാഹനമാണ് അത്. സ്റ്റെല്‍ത്ത് ബ്ലാക് നിറമാണ് ഥാറിന്. മെയ്ഡ് ഫോര്‍ ജോണ്‍ എബ്രഹാം എന്ന ആലേഖനവും പുതിയ മോഡലിലുണ്ട്. ഥാര്‍ റോക്‌സിന്റെ ഉയര്‍ന്ന മോഡലാണ് ജോണ്‍ എബ്രഹാം തിരഞ്ഞെടുത്തത്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്‌സ്‌പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് വില. ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്‌സിന്. കൂടാതെ സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്.

https://dailynewslive.in/ നിത്യഹരിതമായ ഓര്‍മ്മകളുടെ പുസ്തകം. പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രപ്രവര്‍ത്തകന്‍ മികവ് ഈ രചനയിലുടനീളം കാണാം. ഒരു ചിത്രമാ വീഡിയോയോ കാണുന്നതു പോലെ വ്യക്തവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വിവരണമാണ് ഓരോ അനുഭവത്തെക്കുറിച്ചും പി.ഗോപി പങ്കുവയ്ക്കുന്നത്. പേനത്തുമ്പില്‍ ക്യാമറ ഘടിപ്പിച്ചുള്ള എഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന രചന. ‘ഒരു പത്രക്കാരന്റെ നിത്യഹരിത ഓര്‍മ്മകള്‍’. കാരളി ബുക്‌സ്. വില 342 രൂപ.

https://dailynewslive.in/ പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല, നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് കാരണം. വേഗസ് നേര്‍വ് എന്ന ഈ നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കാം. പല്ലിന് പുറമേ കൈകള്‍, പുറം, താടി, അടിവയര്‍ എന്നിവിടങ്ങളിലും ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുത്തുന്ന പോലത്തെ വയര്‍ വേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളായി കരുതപ്പെടുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്ത അമിതമായ വിയര്‍ക്കല്‍, ക്ഷീണം എന്നിവയും ഹൃദയത്തിന്റെ നില തൃപ്തികരമല്ലെന്ന സൂചന നല്‍കുന്നു. എന്നാല്‍ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ പെട്ടെന്ന് ഹൃദയാഘാതം ചിലരില്‍ വരാറുണ്ട്. സൈലന്റ് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ എന്നാണ് ഈ നിശ്ശബ്ദ ഹൃദയാഘാതത്തെ വിളിക്കുന്നത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളിലൂടെ ഇവ കണ്ടെത്താന്‍ സാധിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഉത്തര്‍പ്രദേശിലാണ് കൃഷ്ണ ജനിച്ചത്. അവര്‍ സ്‌കൂളില്‍ പോയിട്ടില്ല. അവരുടെ ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അച്ഛന്റെ വീടായ ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചു. 500 രൂപ കടം വാങ്ങിയാണ് അവര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. അവിടെ ചെന്നപ്പോഴും രണ്ടുപേര്‍ക്കും ജോലി കിട്ടാന്‍ വളരെ ബുദ്ധിമുട്ടി. രണ്ടുമാസത്തിന് ശേഷമാണ് ഷെയര്‍ ക്രോപ്പിങ്ങ് വഴി ഒരു പാടത്ത് പണിയെടുക്കാന്‍ തുടങ്ങിയത്. പക്ഷേ, അതില്‍ നിന്നുളള വരുമാനം മൂന്ന് കുട്ടികള്‍ അടങ്ങുന്ന ആ കുടുംബത്തിന് വളരെ തുച്ഛമായിരുന്നു. ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കൃഷ്ണക്ക് അവസരം ലഭിച്ചു. ഈ പരിശീലനപരിപാടിയില്‍ വെച്ച് അച്ചാര്‍ ഉണ്ടാക്കാന്‍ അവര്‍ പഠിച്ചു. അങ്ങനെ റോഡരുകില്‍ അച്ചാര്‍ വില്‍ക്കാന്‍ തുടങ്ങി. വൈവിധ്യമാര്‍ന്ന അച്ചാറുകള്‍ അവര്‍ പരിചയപ്പെടുത്തുകയും പ്രാദേശിക മേളകളിള്‍ പങ്കെടുക്കുകയും ചെയ്തു. കാലക്രമേണ, സ്വന്തം ബ്രാന്റായ ശ്രീകൃഷ്ണ പിക്കിള്‍സ് ആരംഭിച്ചു. ഇന്ന്, ശ്രീകൃഷ്ണ പിക്കിള്‍സിന്റെ ബാനറില്‍, കൃഷ്ണ യാദവ് 5 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുളള കമ്പനികളുടെ ഉടമയാണ്. 500 രൂപ കടം വാങ്ങി തുടങ്ങിയയാത്രയില്‍ നിന്നും ഇതുവരെയുളള അവരുടെ സംരംഭകയാത്ര, നിരവധി സ്ത്രീകളെ സ്വയം വിശ്വസിപ്പിക്കാനും, കഠിനാധ്വാനം ചെയ്യാനും, സ്വയം തളരാതിരിക്കാനും പ്രചോദനമായിട്ടുണ്ട്. ഈ നിശ്ചയദാര്‍ഢ്യത്തിനുള്ള ഉപഹാരമായി നിരവധി അവാര്‍ഡുകള്‍ കൃഷ്ണ യാദവിനെ തേടിയെത്തിയിട്ടുണ്ട്. ദൃഢനിശ്ചയം, കഠിനാധ്വാനം അതിനുമുമ്പില്‍ അതിനുമുന്നില്‍ തെളിയാത്ത വഴികളില്ല.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *