◾https://dailynewslive.in/ വന്യജീവി ആക്രമണത്തെ തടയാനായി കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകള്‍ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍ നിര്‍മ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കാനും വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനിച്ചു.
◾https://dailynewslive.in/ മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങള്‍ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 12 ലെ വിജയി : ജോസഫ് ജോര്‍ജ്, കുറുവാമൂഴി പോസ്റ്റ്, എരുമേലി, കോട്ടയം*
◾https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്ന അതീവ ഗുരുതര സാഹചര്യത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനവാസ മേഖലകളിലേക്കു വന്യമൃഗങ്ങള്‍ ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ കാട്ടുമൃഗങ്ങളാണോ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്ന് തോന്നിപ്പോകുമെന്നും കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത മന്ത്രിയാണ് നമുക്കുള്ളതെന്ന് സുധാകരന്‍ പറഞ്ഞു.
◾https://dailynewslive.in/ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ വനംമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാദര്‍ തോമസ് മറ്റമുണ്ടയില്‍. വനംമന്ത്രിക്ക് കഴിവില്ലെങ്കില്‍ തിരിച്ചുവിളിക്കണമെന്നും കഴിവുള്ള ആളുകള്‍ മന്ത്രിസ്ഥാനത്ത് വരണമെന്നും ഫാദര്‍ തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
◾https://dailynewslive.in/ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തെലങ്കാനയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായതായും അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വെച്ചെന്ന സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് സായിഗ്രാം ആനന്ദകുമാര്‍. മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണെന്നും മറ്റ് ഡയറക്ടര്‍മാര്‍ക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും ആനന്ദകുമാര്‍ വിശദീകരിച്ചു.
◾https://dailynewslive.in/ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പുകേസില്‍ ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്. അനന്തുകൃഷ്ണന്‍ കേസില്‍ രണ്ടാം പ്രതിയാണ്. ആനന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം അനന്തുകൃഷ്ണന്റെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയതെന്നാണ് പരാതി. കൊച്ചിന്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്ന എന്‍ജിഒ ആണ് പരാതിക്കാര്‍.
◾https://dailynewslive.in/ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നേരിട്ടെത്തിയത്. ഗതാഗതം തടസപ്പെടുത്തി രാഷ്ടീയ പാര്‍ട്ടികളുടെ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായിരുന്നു. കോടതിയലക്ഷ്യ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന എം വി ഗോവിന്ദന്റെ ആവശ്യം കോടതി അംഗീകരിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. ഡിസംബര്‍ 29നാണ് എംഎല്‍എക്ക് പരിക്കേറ്റത്. ഇന്ന് വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എംഎല്‍എ മാധ്യമങ്ങളെ കാണും.
◾https://dailynewslive.in/ ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ കിഫ്ബിക്ക് എതിരായ പ്രതിപക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയില്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയെന്നും കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതില്‍ അതിശയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
◾https://dailynewslive.in/ പുരോഗമനാശയങ്ങളുടെ കാര്യത്തില്‍ ബോധമുദിക്കാന്‍ സിപിഎമ്മിന് കുറഞ്ഞത് 10-15 വര്‍ഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്ന് രമേശ് ചെന്നിത്തല. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ കലോത്സവം 16നും 17 നും നടത്താന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.
◾https://dailynewslive.in/ കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. ഇവരുടെ ഫോണില്‍ നിന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ റാഗിംഗ് നടത്തിയ വിവരം പ്രതികള്‍ സമ്മതിച്ചു. അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ നിന്ന് എല്ലാം ഞായറാഴ്ചയും പ്രതികള്‍ മദ്യപിക്കുന്നതിനായി പണം വാങ്ങുമായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളെ പേടിച്ച് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ പോലും വിവരങ്ങള്‍ പറഞ്ഞിരുന്നില്ല.
◾https://dailynewslive.in/ ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
◾https://dailynewslive.in/ തൃപ്പൂണിത്തുറ എരൂരില്‍ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ജിഷി പിടിയില്‍. സനലും ജിഷിയും തമ്മില്‍ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. അച്ഛന്റെ മര്‍ദനമേറ്റാണ് മരണമെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണമാരംഭിക്കുന്നത്. അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നതിന് മകള്‍ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
◾https://dailynewslive.in/ പാലക്കാട് കല്ലടിക്കോട് ഫെബ്രുവരി അഞ്ചിന് കല്ലടിക്കോട് സ്വദേശി റന്‍സിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും പെണ്‍സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീസ്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി.
◾https://dailynewslive.in/ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. മാര്‍സെയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും ഇമ്മാനുവേല്‍ മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
◾https://dailynewslive.in/ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ പൗരന്മാരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുകയും നാടുകടത്തുകയും ചെയ്തതില്‍ പഴയ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് പറയണമെന്നും ഗാര്‍ഖെ പറഞ്ഞു.
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പടെ നല്‍കുന്ന സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കുകയാണെന്നും ജസ്റ്റിസ് ബിആര്‍ ഗവായി ചൂണ്ടിക്കാട്ടി. സൗജന്യങ്ങള്‍ നല്‍കുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനാകണമെന്നും കോടതി വാദത്തിനിടെ പരാമര്‍ശിച്ചു.
◾https://dailynewslive.in/ സിഖ് കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍കൂടി മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1984 നവംബറില്‍ ദില്ലി സരസ്വതി വിഹാര്‍ മേഖലയില്‍ കുടുംബത്തിലെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.കേസില്‍ പതിനെട്ടിന് കോടതി വിധിപറയും. 2021 ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയിലെ തിക്കിലുംതിരക്കിലും എത്രയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുംഭമേള കാര്യക്ഷമമായി നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നുവെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ പ്രയാഗ് രാജിലെ മഹാകുംഭ് നഗറിലെ മാഗ് പൂര്‍ണിമയില്‍ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ ചതുര്‍ഭുജ് പദ്ധതി. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. 2,750 ഹൈടെക് ക്യാമറകള്‍, ആന്റി-ഡ്രോണ്‍ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിന്റെയും മുഴുവന്‍ നഗരത്തിന്റെയും മേല്‍നോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകള്‍ വഴി മുഴുവന്‍ നേരവും വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും എല്ലാ ഭക്തര്‍ക്കും അപകടരഹിതവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതായും സീനിയര്‍ പോലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു.
◾https://dailynewslive.in/ ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്താന്‍ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായാതായും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ചില്‍ തിരിച്ചെത്തും. മാര്‍ച്ച് 12-ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുന്ന സ്‌പെയ്സ് എക്സിന്റെ ക്രൂ 10 ദൗത്യത്തിലാണ് ഇരുവരും മടങ്ങിയെത്തുകയെന്ന് നാസ അറിയിച്ചു.
◾https://dailynewslive.in/ പലസ്തീനികളെ ഗാസയില്‍ നിന്ന് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് അറബ് ലീഗ്. നിര്‍ദേശം അറബ് മേഖലയ്ക്ക് സ്വീകാര്യമല്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ ഗെയ്ത് വ്യക്തമാക്കി. നൂറു വര്‍ഷം പ്രതിരോധിച്ച നീക്കത്തെ ഇനിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായാല്‍, ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളുടെ പരസ്പര കൈമാറ്റം എന്ന നിര്‍ദേശം യുക്രൈന്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ റഷ്യയുടെ കൈവശമുള്ള ഭൂപ്രദേശങ്ങള്‍ക്ക് പകരം കുര്‍സ്‌കിലെ യുക്രൈന്‍ അധിനിവേശ പ്രദേശം റഷ്യക്ക് നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
◾https://dailynewslive.in/ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെപ്പറ്റി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. 4×400 മികസ്ഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്. മനു ടി.എസ്, സ്‌നേഹ കെ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ മത്സരത്തില്‍ 142 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ 112 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 78 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 52 റണ്‍സെടുത്ത വിരാട് കോലിയുടേയും കരുത്തില്‍ ഇന്ത്യ 356 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 214 റണ്‍സെടുക്കാനേ സാധിച്ചുള്ളു. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ശുഭ്മാന്‍ ഗില്ലാണ് മാന്‍ ഓഫ് ദി മാച്ച്.
◾https://dailynewslive.in/ രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും എസ്.ഐ.പി വഴിയുള്ള നിക്ഷേപം 26,000 കോടി കടന്നു. ജനുവരിയില്‍ 26,400 കോടി രൂപയുടെ നിക്ഷേപമാണ് എസ്.ഐ.പി വഴി നടത്തിയത്. ഡിസംബറിലെ നിക്ഷേപം 26,459 കോടിയായിരുന്നു. ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഇക്കാലയളവില്‍ 1.87 ലക്ഷം കോടിയായി. ഡിസംബറിലെ 80,509 കോടിയില്‍ നിന്നാണ് വര്‍ധന. എല്ലാ ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളിലും കൂടി ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 66.98 ലക്ഷം കോടിയായി. ഡിസംബറിലെ 66.66 ലക്ഷം കോടിയില്‍ നിന്ന് നേരിയ വര്‍ധനയുണ്ട്. ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള പണമൊഴുക്കില്‍ ജനുവരിയില്‍ നാല് ശതമാനം കുറവുണ്ടായി. 41,155 കോടി രൂപയില്‍ നിന്ന് 39,687 കോടി രൂപയായി. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 23 ശതമാനം വര്‍ധിച്ച് 5,720 കോടിയായി. ഹൈബ്രിഡ് മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപത്തില്‍ ജനുവരിയില്‍ 101 ശതമാനം വര്‍ധനയുണ്ട്. 4,369 കോടി രൂപയില്‍ നിന്നാണ് 8,767 കോടിയായത്. ഇന്‍ഡെക്‌സ് ഫണ്ടുകളും ഇടിഎഫുകളും 1207 ശതമാനം വളര്‍ച്ചയോടെ 10,255 കോടിയിലെത്തി. ഡിസംബറില്‍ ഇത് വെറും 784 കോടിയായിരുന്നു. ഡെറ്റ് ഫണ്ടുകളില്‍ 1.28 ലക്ഷം കോടിയും ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ 3,751 കോടി രൂപയുമാണ് ജനുവരിയില്‍ എത്തിയത്.
◾https://dailynewslive.in/ രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സാരിയുടുത്ത യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 28ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ എത്തുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ആരാധ്യ, ശ്രീലക്ഷ്മി എന്ന തന്റെ പേര് മാറ്റിയത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക എന്ന് ആര്‍ജിവി അറിയിക്കുകയായിരുന്നു. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്.
◾https://dailynewslive.in/ വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കിങ്ഡം’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12-ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ്, സിതാര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്ര?ദര്‍ശനത്തിനെത്തുക. ഭാഗ്യശ്രീ ബോര്‍സെ ആണ് ചിത്രത്തില്‍ നായികയായെത്തുക. നവീന്‍ നൂലിയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ജേഴ്സി എന്ന ചിത്രത്തിന് ശേഷം ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ്ഡം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. മെയ് 30 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
◾https://dailynewslive.in/ കാറുകളെക്കാള്‍ ബൈക്കുകളോട് പ്രിയമുണ്ട് നടന്‍ മാധവന്. വിലയേറിയ, ധാരാളം മോട്ടോര്‍ സൈക്കിളുകള്‍ സ്വന്തമായുള്ള താരം പുതിയൊരു ഇരുചക്ര വാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷമൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓസ്‌ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ബ്രിക്സ്റ്റണിന്റെ ക്രോംവെല്‍ 1200 എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്രിക്സ്റ്റണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് മാധവന്‍. കെ എ ഡബ്ള്യു വെലോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ഓസ്‌ട്രേലിയന്‍ കമ്പനി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഒലിവ് ഗ്രീന്‍ നിറമാണ് തന്റെ പ്രിയപ്പെട്ട വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. 7.84 ലക്ഷം രൂപയാണ് ഈ ബൈക്കിനു എക്സ് ഷോറൂം വില. 1222 സി സി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 82 ബി എച്ച് പി പവറും 108 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. തികഞ്ഞ ഒരു ബൈക്ക് പ്രേമിയായ മാധവന്റെ ഗാരിജില്‍ യമഹ വിമാക്സ്, ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹോണ്ട ഗോള്‍ഡ് വിങ്, ട്രയംഫ് റോക്കറ്റ് 3 ആര്‍ തുടങ്ങി നിരവധി ബൈക്കുകളുണ്ട്.
◾https://dailynewslive.in/ ഇന്‍ഫോസിസിന്റെ സൃഷ്ടിക്കു പിന്നിലെ ദുര്‍ഘടഘട്ടങ്ങളിലൂടെയും ഒപ്പം അനശ്വരമായ പ്രണയത്തിലൂടെയും കടന്നുപോയ നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും, സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ ആദിത്യയുടെയും കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഭാര്യ അനിതയുടെയും ഏക ആശ്രയമായിക്കൊണ്ടുതന്നെ വായനയിലും എഴുത്തിലും മുഴുകിക്കഴിയുന്ന അരുണ്‍ ഷൂരി, ഗാനഗന്ധര്‍വ്വന്‍ മല്ലികാര്‍ജ്ജുന്‍ മന്‍സുറിന്റെ മകള്‍ അക്ക മഹാദേവി, മഹാത്മജിയുടെ മകന്‍ ഹരിലാല്‍ ഗാന്ധി, വിവേകാനന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്ന ഗുഡ്വിന്‍, ജ്ഞാനത്തിന്റെ കൊടുമുടി കയറിയ ശങ്കരാചാര്യര്‍ ജനിച്ച മേല്‍പ്പാഴൂര്‍ മന, മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍ ജനിച്ചുവളര്‍ന്ന കൂടല്ലൂര്‍…പിന്നെ, ഡാര്‍ജിലിങ്, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഡൊമിനിക് ലാപിയര്‍, സല്‍മാന്‍ റുഷ്ദി, മല്‍ഖാന്‍ സിങ്, സന്ദീപ് ജൗഹര്‍, ജാവേദ് അക്തര്‍, സത്യജിത് റായ്, മോഹന്‍ലാല്‍, മഴ, വേനല്‍, പുഴ, സംഗീതം, ഏകാന്തത…അങ്ങനെ പലതായി പലയിടത്തേക്കായി പല കാലങ്ങളായി ഒഴുകിപ്പരക്കുന്ന യാത്രയുടെയും വായനയുടെയും ഓര്‍മ്മയുടെയും രേഖകള്‍. ‘അത്രമേല്‍ അപൂര്‍ണ്ണം’. ശ്രീകാന്ത് കോട്ടക്കല്‍. മാതൃഭൂമി ബുക്സ്. വില 275 രൂപ.
◾https://dailynewslive.in/ ആഗോളതലത്തില്‍ ഏതാണ്ട് 422 ദശലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പഞ്ചസാരയില്‍ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതില്‍ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വര്‍ധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുള്‍പ്പെടെ മാരകമായ പല രോഗങ്ങളിലേക്ക് ഇത് നയിക്കും. അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പഞ്ചസാരയുടെ ഉയര്‍ന്ന ഉപഭോഗം രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്ട്രോള്‍ നില വര്‍ധിപ്പിക്കുന്നു. മധുരം കഴിക്കുമ്പോള്‍ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പഞ്ചസാരയുടെ അമിത ഉപഭോഗം ചര്‍മത്തിന്റെ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷന്‍ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകള്‍ക്കും തൂങ്ങലിനും കാരണമാകും. ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ആറുവയസ്സുകാരി ക്ലാസ്സില്‍ ശ്രദ്ധിക്കുന്നില്ലെന്നും മറ്റുകുട്ടികള്‍ക്കുപോലും ശല്യമുണ്ടാക്കുന്നുവെന്നും ടീച്ചര്‍ അവളുടെ അമ്മയെ അറിയിച്ചു. അവളെ ഏതെങ്കിലും സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലതെന്നും ടീച്ചര്‍ ഉപദേശിക്കുകയും ചെയ്തു. അമ്മ വളരെയധികം സങ്കടത്തോടെ തന്റെ മകളെ ഒരു സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു കൂട്ടുകാരിയുടെ നിര്‍ദ്ദേശപ്രകാരം, അമ്മ അവളെയും കൂട്ടി ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി. അവളോട് കുറച്ചുനേരം സംസാരിച്ചതിന് ശേഷം, ഡോക്ടര്‍ അവളെ തന്റെ പൂന്തോട്ടത്തിലേക്ക് പറഞ്ഞുവിട്ടു. റേഡിയോയില്‍ പാട്ട് വെച്ചു. അവള്‍ റേഡിയോയിലെ പാട്ടിനനുസരിച്ച് നൃത്തം ചെയ്യാന്‍ തുടങ്ങി. ഇത് കണ്ട് ഡോക്ടര്‍ അവളുടെ അമ്മയോട് പറഞ്ഞു: ഇവളെ സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാതെ, നൃത്തവിദ്യാലയത്തില്‍ ചേര്‍ക്കണം. അമ്മ അവളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ഡാന്‍സ് സ്‌കൂളില്‍ ചേര്‍ത്തു ഈ കുട്ടിയാണ് പിന്നീട് ലോക പ്രശ്‌സത നര്‍ത്തകിയും നൃത്തസംവിധായകയും നടിയുമായ ഗിലിയന്‍ ബാര്‍ബറ ലിന്‍. അഭിനിവേശങ്ങളാണ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. അമൂല്യനിധിശേഖരങ്ങളും ചുമന്നാണ് നാം ഓരോരുത്തരും നടക്കുന്നത്. ഒരിക്കലെങ്കിലും അവ തുറന്നുനോക്കാന്‍ നാം ശ്രമിച്ചിരുന്നുവെങ്കില്‍, മറ്റാരുടെയെങ്കിലും പിന്നാലെ അലഞ്ഞുനടന്ന് ജീവിതം പാഴാക്കേണ്ടി വരില്ലായിരുന്നു. തന്റെ കീഴില്‍ വരുന്നവരെ തനിക്കറിയാവുന്ന വഴികളിലൂടെ മാത്രം നടത്തുകയും സ്വന്തം സങ്കല്‍പങ്ങളിലുളള സുരക്ഷിതസ്ഥാനങ്ങളില്‍ മാത്രം എത്തിക്കുകയും ചെയ്യുന്നവരെല്ലാം നല്ല ഗുരുക്കന്മാരും അധികാരികളും നല്ല വഴികാട്ടികളുമല്ല. ഒരാളെ കാണുമ്പോള്‍ അയാള്‍ എന്താണ് എന്നതിനേക്കാള്‍, എന്തായിതീരും എന്ന് കണ്ടെത്തുന്നവരെയാണ് ഗുരുവായി സ്വീകരിക്കേണ്ടത്.. അടിച്ചേല്‍പ്പിക്കുന്ന വഴികളിലൂടെ നടന്നാല്‍ അനാഥരാകും.. ആഗ്രഹിക്കുകയും അര്‍ഹിക്കുയും ചെയ്യുന്ന വഴികളിലൂടെ നടന്നാല്‍ ഉടമകളാകും.. സ്വന്തം നിധിശേഖരങ്ങളെ ഒരിക്കലെങ്കിലും കണ്ടെത്താന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.