yt cover 13

https://dailynewslive.in/ കര്‍ണാടകയിലടക്കം വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിജ്ഞാപത്രം നല്‍കില്ലെന്നും പൊതുപ്രവര്‍ത്തകനായ താന്‍ പരസ്യമായി പറയുന്നത് കളവാണെങ്കില്‍ കമ്മീഷന്‍ നടപടി എടുക്കട്ടെ എന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

https://dailynewslive.in/ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറെന്ന് കെസി വേണുഗോപാല്‍ എംപി. എല്ലാ തെളിവുകളും കാണിക്കാമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകത്തില്‍ ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ ഗാന്ധി സ്വന്തം തലച്ചോറ് പരിശോധിപ്പിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും ചേര്‍ന്ന് ‘വോട്ടുമോഷണം’ നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫഡ്നാവിന്റെ പരിഹാസം. ഒന്നുകില്‍ അദ്ദേഹത്തിന്റെ തലച്ചോറ് കളവുപോയിയെന്നും അല്ലെങ്കില്‍ തലച്ചോറില്‍ നിന്ന് ചിപ്പ് കാണാതായിട്ടുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.

https://dailynewslive.in/ തൃശൂരിലും വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നതായി സംശയമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഒഡീഷയിലെ ജലേശ്വറിലെ ഒരു ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യന്‍ പുരോഹിതരെയും രണ്ട് കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് രണ്ട് പുരോഹിതന്മാരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. രാത്രിയില്‍ ചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. പുരോഹിതരെയും കന്യാസ്ത്രീകളെയും എഴുപതോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെന്നും ആക്രമിച്ചെന്നുമാണ് പരാതി.

https://dailynewslive.in/ സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ. ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിലാണ് സഭ പ്രതിഷേധം ഉയര്‍ത്തുന്നത്. ആക്രമണം ഉണ്ടായ സ്ഥലത്ത് പൊലീസ് എത്തിയിട്ടും കേസെടുത്തില്ലെന്നും നിയമ സംവിധാനങ്ങളെ വര്‍ഗീയശക്തികള്‍ നിയന്ത്രിക്കുന്നുവെന്നും സഭ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിറോ മലബാര്‍ സഭ വക്താവ് പറഞ്ഞു.

https://dailynewslive.in/ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകള്‍ പുരോഹിതരെയും കന്യാസ്ത്രീകളെയും വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. നിയമം കൈയിലെടുക്കാന്‍ സംഘപരിവാറിന് ആരാണ് അധികാരം നല്‍കിയതെന്നും എന്താണ് ഉദ്ദേശം എന്ന് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും വ്യക്തമാക്കണമെന്നും എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുത്തതിന്റെ ഭാഗമായിട്ടാണ് ഇത് വീണ്ടും ആവര്‍ത്തിക്കുന്നതെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

https://dailynewslive.in/ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണം രാജ്യത്ത് ആവര്‍ത്തിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയാണെന്നും രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കുന്നുവെന്നും ചിലരുടെ മാത്രം രാജ്യമാക്കാനുള്ള ശ്രമമെന്നും ഇത് ഗൗരവപരമായി ഏറ്റെടുത്തു മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡീഷയില്‍ കയ്യേറ്റം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അമേരിക്കയുടെ ഇറക്കുമതി തീരുവ വര്‍ദ്ധന കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. റബ്ബറിനെ വിജയിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി മാറിയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി നിലനില്‍ക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിതെന്നും തീരുവ വര്‍ദ്ധനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇന്ത്യയുടെ അനുമതിയോടെയാണ് അമേരിക്ക ഇത് ചെയ്തതെന്നും രാജ്യത്തെ നശിപ്പിക്കുന്ന തീരുമാനമാണിതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈല്‍സ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധി നിലനിന്നാല്‍ കിറ്റെക്സില്‍ പിരിച്ചുവിടലിലേക്ക് അടക്കം പോകേണ്ടിവരുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

https://dailynewslive.in/ നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്ന ഇ- നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. പരിശോധനയില്‍ 4700 രൂപ പിടിച്ചെടുത്തു. ഓഫീസിലെ ഫയല്‍ റൂമില്‍ സൂക്ഷിച്ച ആധാരങ്ങളുടെ പകര്‍പ്പില്‍ നിന്നാണ് പണം കണ്ടെത്തിയത്. പണം അനധികൃതമായി വാങ്ങിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനായിട്ടില്ല. ആധാരമെഴുത്തുകാരും ഇടനിലക്കാരും മുഖേന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.

https://dailynewslive.in/ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍ കുതിച്ച് കൊച്ചി മെട്രോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനവാണിത്. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

https://dailynewslive.in/ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാരേയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തിലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍. നിലവിലെ ഭാരവാഹികളെയടക്കം മാറ്റാതെയായിരിക്കും പുതിയ പട്ടിക വരുകയെന്നാണ് വിവരം. ഇതോടെ കെപിസിസിക്ക് ജംബോ കമ്മിറ്റിയായിരിക്കും വരുകയെന്ന് ഉറപ്പായി.

https://dailynewslive.in/ ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും പരിപാടി നടത്തുകയെന്നും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ എറണാകുളത്ത് മെട്രോ ട്രാക്കിന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കില്‍ നിന്നും റോഡിലേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന നിസാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായി ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ബ്രിട്ടോ എന്നീ തടവുപുള്ളികളാണ് നേതൃത്വം നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തവനൂര്‍ ജയിലിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

https://dailynewslive.in/ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കല്‍ ചര്‍ച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയാണ് തുറക്കലില്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കേണ്ട കാര്യം എടുത്തുപറഞ്ഞത്.

https://dailynewslive.in/ സംസ്ഥാനത്ത് ബിജെപിക്ക് ജംബോ കോര്‍ കമ്മിറ്റി രൂപീകരിച്ചു. 21 അംഗ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇത്രയധികം അംഗങ്ങള്‍ ഇതാദ്യമായാണ് കമ്മിറ്റിയില്‍ വരുന്നത്. പുറത്തു വിട്ട പട്ടിക പ്രകാരം മുന്‍ അധ്യക്ഷന്മാര്‍ക്ക് ഒപ്പം 7 വൈസ് പ്രസിഡണ്ട്മാരും കമ്മിറ്റിയിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം സുരേഷ് ഗോപിയും അഡ്വക്കേറ്റ് ജോര്‍ജ് കുര്യനും സി സദാനന്ദനും പട്ടികയിലുണ്ട്.

https://dailynewslive.in/ ചേര്‍ത്തലയിലെ തിരോധാന കേസുകളില്‍ പ്രതി സി എം സെബാസ്റ്റ്യന്റെ സഹായികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിച്ച് ക്രൈംബ്രാഞ്ച്. കൂടുതല്‍ ആളുകളെ ചോദ്യം ചെയ്താല്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം, ജൈനമ്മ കേസില്‍ സെബാസ്റ്റ്യനെ വീണ്ടും ആറു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

https://dailynewslive.in/ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടി. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സപ്ലെക്കോ ഔട്ട്ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നും ജി ആര്‍ അനില്‍ വിവരിച്ചു.

https://dailynewslive.in/ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സാന്ദ്രാ തോമസിനെതിരേ സമന്‍സിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സബ് കോടതിയില്‍ നല്‍കിയ കേസിലാണ് കോടതി സമന്‍സിന് ഉത്തരവിട്ടത്.

https://dailynewslive.in/ വാഹനത്തിന്റെ താക്കോലിനെ സംബന്ധിച്ചുള്ള സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ അയര്‍ലന്‍ഡില്‍ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് തദ്ദേശീയരായ കുട്ടികള്‍ ആക്രമണം നടത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിനിരയായ കുട്ടി മലയാളിയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം സ്വദേശിയായ നിയ നവീനാണ് ആക്രമണത്തിനിരയായത്.

https://dailynewslive.in/ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ഷമ പര്‍വീണ്‍ എന്ന അനശ്രീ യുവാക്കള്‍ക്കിടയില്‍ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി ഗുജറാത്ത് എടിഎസ്. അന്വേഷകരുടെ അഭിപ്രായത്തില്‍, അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകര മൊഡ്യൂള്‍ നടത്തിയിരുന്നു. കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിനിടെ നിരവധി പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കിട്ടിരുന്നുവെന്നും എടിഎസ് വ്യക്തമാക്കി.

https://dailynewslive.in/ കനത്ത മഴ തുടരുന്ന ദില്ലിയിലും ഉത്തരേന്ത്യയിലും ഭീഷണിയായി യമുന നദിയില്‍ ജലനിരപ്പ് ഉയരുന്നു. യമുന നദിയിലെ നിലവിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണെന്ന് ദില്ലി ഭരണകൂടം അറിയിച്ചു. ജാഗ്രത മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അജിത് ഡോവല്‍ പുട്ടിന് ഹസ്തദാനം നടത്തുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. റഷ്യയുമായി എല്ലാ മേഖലകളിലും സഹകരണം തുടരാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് ഡോവല്‍ പുട്ടിനെ അറിയിച്ചു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശനം.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനം അത് നടക്കുമെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ‘ഇന്റലി’ന്റെ സിഇഒ ലിപ് ബു ടാന്‍ ഉടന്‍ രാജിവെക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലിപ് ബു ടാനിന് ചൈനയുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതിനെ പരാമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിര്‍മിതമായ ബരാക്-8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചതായും അവ സംഘര്‍ഷവേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

https://dailynewslive.in/ തൊണ്ണൂറിലധികം രാജ്യങ്ങളില്‍ പുതിയ തീരുവകള്‍ ഔദ്യോഗികമായി നടപ്പിലാക്കിയതില്‍ ആഹ്ലാദം പങ്കിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ ഫലമായി യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത് കോടിക്കണക്കിന് ഡോളറാണെന്ന് ട്രംപ് അവകാശപ്പെട്ടു.

https://dailynewslive.in/ വഴക്കാളിക്ക് ഒരു ഇഞ്ച് കൊടുത്താല്‍ അയാള്‍ ഒരു മൈല്‍ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ്. മറ്റു രാജ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി തീരുവയെ ഉപയോഗിക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനവും ലോക വ്യാപാര സംഘടനാ നിയമങ്ങളുടെ അട്ടിമറിയുമാണെന്നും മാത്രമല്ല, ഇത് ജനസമ്മതിയില്ലാത്തതും അസന്തുലിതവുമാണെന്നും ഷു സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.

https://dailynewslive.in/ രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. 2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്.

https://dailynewslive.in/ 2025-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടികയില്‍ എട്ടുതവണ ഈ പുരസ്‌കാരം നേടിയ ലയണല്‍ മെസ്സിയും അഞ്ചുവട്ടം ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ല. അതേസമയം പുരസ്‌കാരം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ലമിന്‍ യമാല്‍, റഫീഞ്ഞ്യ എന്നിവരെല്ലാം പട്ടികയിലുണ്ട്. റയലിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്.

https://dailynewslive.in/ 2025 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ശമ്പളം സ്വീകരിക്കാതെ ജോലി ചെയ്യുന്നതിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 67 കാരനായ അംബാനി 2021 സാമ്പത്തിക വര്‍ഷം മുതലാണ് ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഫോര്‍ബ്‌സ് മാസികയുടെ 2025 ഓഗസ്റ്റിലെ കണക്കനുസരിച്ച്, 10,330 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ലോകത്തിലെ 18-ാമത്തെ ധനികനാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്താണ് ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ ജോലി ചെയ്യുന്നതിനുളള എല്ലാ പ്രതിഫലവും ഉപേക്ഷിക്കാന്‍ അംബാനി തീരുമാനിച്ചത്. ശമ്പളം വാങ്ങാതിരുന്നാല്‍ ആ തുകയുടെ ആദായ നികുതിയും കൊടുക്കേണ്ടതില്ല. അംബാനി കുടുംബത്തിന് 50.33 ശതമാനം ഓഹരികളുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിക്ക് 10 രൂപയാണ് ലാഭവിഹിതം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ചെയര്‍മാനായ മുകേഷ് അംബാനി എടുത്ത ശമ്പളം പൂജ്യം ആയിരുന്നിട്ടും 332.27 കോടി ഓഹരികളുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് 3,322.7 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്.

https://dailynewslive.in/ ‘മീശ’ എന്ന ചിത്രത്തിലെ, ‘കടലായി’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ പ്രവര്‍ത്തകര്‍. ജോബ് കുര്യനും സൗപര്‍ണിക രാജഗോപാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധന്യ സുരേഷ് മേനോനും സൗപര്‍ണിക രാജഗോപാലും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. ‘മീശ’ എന്ന സിനിമ മനോഹരമായി പ്രതിപാദിക്കുന്ന പ്രകൃതിയുടെയും വികാരങ്ങളുടെയും ആഴങ്ങളിലേക്ക് ഈ ഗാനം നമ്മെ കൊണ്ടുപോകുന്നു. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ എംസി ജോസഫ് എഴുതി സംവിധാനം ചെയ്ത ‘മീശ’ ചിത്രത്തില്‍ തമിഴ് നടന്‍ കതിര്‍, ഹക്കീം, ഉണ്ണി ലാലു, ഷൈന്‍ ടോം ചാക്കോ , സുധി കോപ്പ, ജിയോ ബേബി, ഹസ്ലീ, നിതിന്‍ രാജ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

https://dailynewslive.in/ സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ചു സംവിധാനം ചെയ്ത ‘ജെഎസ്‌കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15 മുതല്‍ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ അല്ലെങ്കില്‍ മാസ്സ് ലീഗല്‍ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തില്‍, സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീല്‍ കഥാപാത്രമായി എത്തുന്നു. ടൈറ്റില്‍ കഥാപാത്രമായ ജാനകിയായി അനുപമ പരമേശ്വരനും അഭിനയിക്കുന്നു. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, മാധവ് സുരേഷ്, അസ്‌കര്‍ അലി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

https://dailynewslive.in/ പുതിയ ചരിത്രം സൃഷ്ടിച്ച് ഐക്കണിക് എസ്യുവി മെഴ്‌സിഡസ് ബെന്‍സ് ജി-ക്ലാസ്. ഓസ്ട്രിയയിലെ ഗ്രാസ് പ്ലാന്റില്‍ കമ്പനി ആറുലക്ഷാമത്തെ ജി-ക്ലാസ് യൂണിറ്റ് നിര്‍മ്മിച്ചു. പുതിയ ഇലക്ട്രിക് ജി 580 ഇക്യു ടെക്നോളജി മോഡലിലൂടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. 1979-ല്‍ പുറത്തിറങ്ങിയ ജി-ക്ലാസ് 40 വര്‍ഷത്തിലേറെയായി വളരെയധികം മുന്നോട്ട് പോയി. വര്‍ഷങ്ങളായി ഡിസൈന്‍ അല്‍പ്പം മാറിയിട്ടുണ്ടെങ്കിലും, അതിന്റെ ഐക്കണിക് ലുക്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ചതുരാകൃതിയിലുള്ള ബോഡി, പിന്നില്‍ ഘടിപ്പിച്ച സ്പെയര്‍ വീല്‍ തുടങ്ങിയവ ഇന്നും അതേപടി നിലനില്‍ക്കുന്നു. ഇതിനര്‍ത്ഥം ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം ജി-ക്ലാസ് അതിന്റെ റെട്രോ ആത്മാവിനെ സജീവമായി നിലനിര്‍ത്തുന്നു എന്നാണ്. പൂര്‍ണ്ണമായും ഇലക്ട്രിക് എസ്യുവിയായ ജി 580 ഇക്യു ടെക്‌നോളജി മോഡലിന്റെ ആറ് ലക്ഷം യൂണിറ്റിന്റെ ഉത്പാദനം കമ്പനി പൂര്‍ത്തിയാക്കി. ഇതിന്റെ രൂപം സാധാരണ ജി-ക്ലാസിന് സമാനമാണ്. ഓഫ്-റോഡ് ശേഷിക്ക് പേരുകേട്ട മോഡലാണ് മെഴ്‌സിഡസ് ബെന്‍സ് ജി-ക്ലാസ്.

https://dailynewslive.in/ ഏറെക്കാലം ലഖ്നൗ സര്‍വ്വകലാശാലയിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ച ഡോ ബ്രിജേന്ദ്ര നിഗം ഹിന്ദിഭാഷയിലെ പ്രശസ്തനായ ഒരു കഥാകൃത്തും കവിയുമാണ്. അദ്ദേഹം രചിച്ച രണ്ട് കഥാസംഗ്രഹങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 12 കഥകളുടെ മലാളത്തിലേക്കു പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ഝാര്‍ഖണ്ഡിലെ – കോഴഹാന്‍ സര്‍വ്വകലാശാലയില്‍പ്പെട്ട ജാംഷെഡ്പൂര്‍ വിമെന്‍സ് കോളേജില്‍നിന്ന് അസോഷിയേറ്റ് പ്രൊഫസറും, വൈസ് പ്രിന്‍സിപ്പലുമായി വിരമിച്ച ഡോ.വി.ഗൗരി സുരേഷാണ്, ഈ പുസ്തകത്തിലെ കഥകള്‍ സ്വാഭാവികമായും ചരിത്രപ്രസിദ്ധമായ ലഖ്നൗ നഗരത്തിന്റെയും അതിലൂടെ ഒഴുകുന്ന പുണ്യനദിയായ ഗോമതിയുടെയും പശ്ചാത്തലത്തിലാണ് നെയ്തെടുത്തിട്ടുള്ളത്. ‘ലക്ഷ്യമില്ലാതെ’. ഡോ.ബൃജേന്ദ്ര് നിഗം. വിവര്‍ത്തനം – ഡോ.ഗൗരി സുരേഷ്. കറന്റ് ബുക്സ് തൃശൂര്‍. വില 157 രൂപ.

https://dailynewslive.in/ നെഞ്ച് വേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് തൊട്ട് മുന്‍പ് പലരിലും വരാറുണ്ട്. എന്നാല്‍ ഇതിനൊക്കെ മുന്‍പ് ചിലപ്പോള്‍ വര്‍ഷങ്ങള്‍ നേരത്തെ നിങ്ങളുടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ലളിതമായ ഒരു രക്തപരിശോധനയിലൂടെ സാധിക്കും. രക്തത്തിലെ സി- റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യം അളക്കുന്ന സിആര്‍പി പരിശോധനയാണ് ഇക്കാര്യത്തില്‍ അനുഗ്രഹമാകുന്നത്. ശരീരത്തിലെ നീര്‍ക്കെട്ടിന്റെ തോത് അളക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അടയാളങ്ങളാണ് സി-റിയാക്ടീവ് പ്രോട്ടീനുകള്‍. പനി, ചുമ, ജലദോഷം, ന്യുമോണിയ, വൈറല്‍ അണുബാധകള്‍ എന്നിവ വരുമ്പോഴോ രോഗി വെന്റിലേറ്ററിലാകുമ്പോഴോ ഒക്കെ സിആര്‍പി നിരക്കുകള്‍ ഉയരാറുണ്ട്. ലീറ്ററിന് ഒരു മില്ലിഗ്രാമൊക്കെയാണ് സാധാരണ തോതിലുള്ള സിആര്‍പി. നീര്‍ക്കെട്ടിന്റെയും അണുബാധയുടെയും സമയത്ത് ഇത് 100 വരെയോ അതിനും മുകളിലേക്കോ ഒക്കെ ഉയരാം. സിആര്‍പിയുടെ തന്നെ കുറച്ച് കൂടി സംവേദക്ഷമതയുള്ള പരിശോധനയാണ് എച്ച്എസ്-സിആര്‍പി. രക്തക്കുഴലുകളിലെ ചെറിയ തോതിലുള്ള നീര്‍ക്കെട്ട് വരെ ഇത് മൂലം കണ്ടെത്താം. ഹൃദയാരോഗ്യം കണക്കാക്കുന്നതില്‍ ഈ പരിശോധന വളരെ നിര്‍ണ്ണായകമാണ്. ഒന്നിന് താഴെയാണ് സിആര്‍പിയുടെ സാധാരണ തോത്. ഒന്ന് മുതല്‍ മൂന്ന് മില്ലിഗ്രാം പെര്‍ ലീറ്റര്‍ വരെയൊക്കെയുള്ള എച്ച്എസ്-സിആര്‍പി മിതമായ തോതിലുള്ള നീര്‍ക്കെട്ടിനെയും ഹൃദ്രോഗസാധ്യതയെയും അടയാളപ്പെടുത്തുന്നു. ഇത് മൂന്നിന് മുകളിലാണെങ്കില്‍ ഹൃദയത്തിലെ രക്തധമനികളില്‍ നീര്‍ക്കെട്ടും ഹൃദയാഘാതം പോലുള്ള സങ്കീര്‍ണ്ണതകളും ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണെന്ന് മനസ്സിലാക്കാം. ധമനികളില്‍ ചെറിയ അള്‍സറിന്റെയും സൂചനയായി ഇതിനെ കണക്കാക്കാം. അതേ സമയം ശരീരത്തില്‍ അണുബാധ വരുമ്പോഴും എച്ച്എസ്-സിആര്‍പി ഉയരുമെന്നതിനാല്‍ മറ്റ് പരിശോധനകള്‍ കൂടി നടത്തി മാത്രമേ ഹൃദ്രോഗം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

*ശുഭദിനം*

*കവിത കണ്ണന്‍*

വിവിധ സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കാല്‍നടയായി യാത്രചെയ്തിരുന്ന മൂന്നുപേര്‍ ഒരു പ്രത്യേക സ്ഥലത്ത് പരസ്പരം കണ്ടുമുട്ടാനിടയായി. പിന്നീടുള്ള അവരുടെ യാത്ര ഒരുമിച്ചായിരുന്നു. പരസ്പരം വിശേഷങ്ങളും സുഖ ദുഖങ്ങളും ഭക്ഷണസാധനങ്ങളൊക്കെ പങ്കുവെച്ചും ഉള്ള യാത്ര അവരെ കൂടുതല്‍ അടുപ്പിച്ചു. യാത്ര പുരോഗമിക്കവേ അവര്‍ അവരുടെ പണവും വസ്ത്രവും വെള്ളവും മറ്റ് ഭക്ഷണ സാധനങ്ങളുമെല്ലാം ഒരൊറ്റ ഭാണ്ഡത്തിലാക്കി മാറി മാറി ചുമന്നു. പരസ്പര വിശ്വാസം അവരെ അത്രമാത്രം അടുപ്പിച്ചിരുന്നു. കുറേ ദിവസങ്ങള്‍ കടന്നുപോയി. അവരുടെ യാത്ര ഒരുപാട് ദൂരം പിന്നിട്ടു. ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ കൈയ്യിലെ വിഭവങ്ങള്‍ തീര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ അവര്‍ തിരിച്ചറിഞ്ഞു ഇനി തങ്ങളുടെ കൈയ്യിലുള്ളത് ആകെ ഒരു റൊട്ടിക്കഷണവും ഒരു കുമ്പിള്‍ വെള്ളവും മാത്രമാണെന്ന്. ആ നിമിഷം മുതല്‍ ഓരോരുത്തരുടെയും മുഖഭാവം മാറാന്‍ തുടങ്ങി. സുഹൃദ് ബന്ധത്തില്‍ വിള്ളല്‍ രൂപപ്പെട്ടുതുടങ്ങി. ബാക്കിയുള്ള റൊട്ടിക്കഷണത്തിനായി അവര്‍ പരസ്പരം അവകാശവാദങ്ങള്‍ നിരത്തി. അത് വാഗ്വാദത്തില്‍ കലാശിച്ചു. ഒടുവില്‍ ആ റോട്ടിക്കഷണം വീതിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചു. പക്ഷേ ഒരു ചെറിയ റൊട്ടിക്കഷണം എങ്ങനെ വീതിച്ചാലും ആരുടേയും വിശപ്പ് ശമിക്കില്ല എന്ന് അവര്‍ക്കറിയാമായിരുന്നു. ഒടുവില്‍ ഒരാള്‍ ഒരു പോംവഴി നിര്‍ദേശിച്ചു. മൂന്നുപേരും ഉറങ്ങുക. ഉറക്കത്തില്‍ ആരാണോ ഏറ്റവും മഹത്തരമായ സ്വപ്നം കാണുന്നത് അയാള്‍ക്ക് തീരുമാനിക്കാം ആ റൊട്ടിക്കഷണം എന്ത് ചെയ്യണമെന്ന്. എല്ലാവരും സമ്മതിച്ചു. മൂന്നുപേരും ഉറങ്ങാന്‍ കിടന്നു. രാവിലെ ഉറക്കമുണര്‍ന്ന് ഒന്നാമന്‍ താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് പറഞ്ഞു. സ്വപ്നത്തില്‍ ഒരു ജ്ഞാനി പ്രത്യക്ഷപ്പെട്ട് തന്നെ അനുഗ്രഹിക്കുകയും റൊട്ടിക്കഷ്ണം തനിക്ക് അവകാശപ്പെട്ടതാണെന്ന് അരുളിച്ചെയ്യുകയും ചെയ്തുവത്രെ. രണ്ടാമന്‍ താന്‍ ഭാവിയില്‍ ഒരു ജ്ഞാനിയാകുന്നതും ഒരു തലമുറയെ ആകെ നയിക്കുന്നതും അതിനാല്‍ നന്നായി പരിപാലിക്കപ്പെടേണ്ടവന്‍ ആയതുകൊണ്ട് റൊട്ടിക്കഷണത്തിന് അവകാശി ആയിത്തീര്‍ന്നതായും സ്വപ്നം കണ്ടു. ഇതൊക്കെ കേട്ട് മൂന്നാമന്‍ പറഞ്ഞു: ‘എന്റെ സ്വപ്നത്തില്‍ ഞാന്‍ ഒന്നും കണ്ടില്ല.എനിക്കൊന്നും കേള്‍ക്കാനോ പറയാനോ കഴിഞ്ഞില്ല. പക്ഷേ ഞാനുറങ്ങുന്ന സമയം ഏതോ ഒരു ശക്തി എന്നെ ബലമായി എഴുന്നേല്‍പ്പിച്ചു. റൊട്ടിയും വെള്ളവും ഇരിക്കുന്ന ആ സ്ഥലത്തേക്ക് എന്നെ എത്തിച്ചു. ശേഷം എന്നെ അവ കഴിക്കാന്‍ പ്രേരിപ്പിച്ചു. എനിക്ക് അത്രയേ പറയാന്‍ പറ്റുള്ളൂ’ മൂന്നാമന്റെ കഥ കേട്ട് മറ്റ് രണ്ടു പേരും അന്ധാളിച്ചുനിന്നു. നമ്മില്‍ പലരും ഏതോ ഒരു മൂഢ സ്വര്‍ഗത്തിലാണ് വിഹരിക്കുന്നത്. എന്നാല്‍ ബുദ്ധിശാലികളാകട്ടെ യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിക്കും. സ്വപ്നങ്ങള്‍ പലപ്പോഴും സുഖപ്രദവും സന്തോഷകരവും ആയിരിക്കാം. പക്ഷേ ആ സുഖ സുഷുപ്തിയില്‍ ആയിരിക്കുമ്പോള്‍ അതിനേക്കാള്‍ മൂല്യമേറിയ പലതും നമുക്ക് നഷ്ടപ്പെട്ടേക്കാം. സ്വപ്നലോകത്തുനിന്നും യാഥാര്‍ഥ്യബോധത്തിലേക്ക് ഉണരുമ്പോഴാണ് നമുക്ക് കൂടുതല്‍ ഉയരത്തിലേക്ക് വളരുവാനാവുന്നത്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *