yt cover

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ നടപടി. ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തില്‍ സര്‍വീസ് ചട്ടലംഘനമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച നടപടിയില്‍ പ്രതികരണവുമായി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. ഡിഎംഇ പുറപ്പെടുവിച്ച കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞു. ഇത് പ്രതികാര നടപടിയാണെന്നും ഒന്നുകില്‍ റിപ്പോര്‍ട്ട് വ്യാജമാവുമെന്നും അല്ലെങ്കില്‍ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കല്‍ പ്രതികരിച്ചു. ഇത്തരം ഒരു വിഷയം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത് ചട്ടലംഘനമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്നും എന്നാല്‍, താന്‍ മനപ്പൂര്‍വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണയാണെന്നും ഡോ. ഹാരിസ് പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടര്‍ക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടര്‍ക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന് ആവര്‍ത്തിച്ചു കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായ പെണ്‍കുട്ടികള്‍. ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണെന്നും അകാരണമായി ആക്രമിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലന്ന് അമിത് ഷാ ഉറപ്പു നല്‍കി. കന്യാസ്ത്രീകള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ വിശ്വാസികള്‍ക്കെതിരായ കടന്നുകയറ്റത്തില്‍ ആഞ്ഞടിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടന ലംഘനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആണോയെന്ന് തീരുമാനിക്കുന്നത് കാപാലിക സംഘമാണെന്നും അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്നും സിസ്റ്റര്‍ പ്രീതിക്കും സിസ്റ്റര്‍ വന്ദനക്കും ഐക്യദാര്‍ഢ്യവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്ക് ശേഷമുള്ള പൊതു സമ്മേളനത്തില്‍ പാംപ്ലാനി ആവശ്യപ്പെട്ടു.

https://dailynewslive.in/ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ സാങ്കേതിക സര്‍വ്വകലാശാലയിലും, ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരെ ഏകപക്ഷീയമായി നിയമിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരാണ് സര്‍ക്കാരിന് ഈ നിയമോപദേശം കൈമാറിയത്.

https://dailynewslive.in/ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വി.സി ഡോ മോഹന്‍ കുന്നുമ്മല്‍, അനില്‍കുമാര്‍ ഓഫീസില്‍ പ്രവേശിക്കുന്നത് തടയാന്‍ നീക്കം തുടങ്ങി. അനില്‍കുമാര്‍ ഓഫിസില്‍ കയറുന്നത് തടയാന്‍ പോലീസ് സഹായം തേടാന്‍ നിലവിലെ രജിസ്ട്രാര്‍ മിനി കാപ്പന് വിസി നിര്‍ദ്ദേശം നല്‍കി. സസ്പെന്‍ഡ് ചെയ്ത് ഉദ്യോഗസ്ഥന്‍ ഓഫീസില്‍ പ്രവേശിക്കുന്നത് നിയമവിരുദ്ധമെന്നാണ് വിസിയുടെ നിലപാട്. അതേസമയം, വിസിയുടെ നടപടിക്കെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

https://dailynewslive.in/ ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

https://dailynewslive.in/ രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല.

https://dailynewslive.in/ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസില്‍ 14 പ്രതികള്‍ക്കും ജാമ്യം. നടപടികള്‍ പാലിക്കാതെയാണ് അറസ്റ്റ് എന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്സി -എസ്ടി വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്സിഡിയിലാണ് വെട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്.

https://dailynewslive.in/ കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തലശ്ശേരി കോടതിയില്‍ നിന്ന് വരുന്ന വഴി മദ്യം കഴിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ നിന്നുള്ള മൂന്ന് സിവില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം.സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

https://dailynewslive.in/ കെ.എസ്.ആര്‍.ടി.സി ഓണം സ്പെഷ്യല്‍ സര്‍വ്വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരിച്ചിട്ടുള്ളത്.

https://dailynewslive.in/ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതല്‍ നിലവില്‍ വരും. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അര്‍ഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മെനു നിര്‍ബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ പരിഷ്‌കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

https://dailynewslive.in/ സംസ്ഥാനത്ത് സ്‌കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റണമോയെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം ചര്‍ച്ചയാവുന്നു. കനത്ത മഴ കണക്കിലെടുത്തുള്ള നിര്‍ദ്ദേശം എല്ലാവരുടെയും സമ്മതമുണ്ടെങ്കില്‍ മാത്രമേ നടപ്പാക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. അവധി മാറ്റത്തോട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം. ഏപ്രില്‍-മെയ് മാസങ്ങളിലെ കൊടും ചൂടാണ് എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. 40 ഡിഗ്രി വരെ എത്തുന്ന ചൂടില്‍ ക്ലാസ് വേണോ എന്നാണ് ചോദ്യം. നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പ്രവേശ പരീക്ഷകള്‍ ഏപ്രില്‍- മെയ് മാസങ്ങളിലുള്ളത് മറ്റൊരു പ്രശ്നം. ദേശീയ തലത്തിലെ അക്കാഡമിക് ടൈം ടേബിളിന് വിരുദ്ധമായി കേരളം അവധി മാറ്റിയാല്‍ ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെ ബാധിച്ചേക്കാമെന്നതും മറ്റൊരു വിഷയമാണ്.

https://dailynewslive.in/ കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം കൈമാറി കെഎസ്ഇബി. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി മിഥുന്റെ വീട്ടില്‍ നേരിട്ട് എത്തിയാണ് തുക നല്‍കിയത്. നേരത്തെ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി ധനസഹായം നല്‍കിയിരുന്നു.

https://dailynewslive.in/ പാലക്കാട് യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പൊലീസ്. അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ വെച്ച് യുവാവിന് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ കേരളത്തില്‍ ബെവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടര്‍ന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയില്‍ നടപ്പാക്കുകയെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും.

https://dailynewslive.in/ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാന്‍ ഇടപെട്ടത് താനാണെന്ന അവകാശവാദവുമായി ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോള്‍. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തില്‍ കാന്തപുരം മാപ്പ് പറയണമെന്നാണ് പുതിയ ആവശ്യം. എന്നാല്‍ പുറത്തുവന്ന വിവരത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.

https://dailynewslive.in/ നിമിഷ പ്രിയ കേസില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തോട് മാപ്പാപേക്ഷിച്ച് ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോള്‍. കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്റെ വീഡിയോയില്‍ പറയുന്നത്. തലാല്‍ കുടുംബത്തിന്റെ നിബന്ധനകള്‍ നിറവേറ്റാന്‍ താന്‍ തയാറാണെന്നും കെ എ പോള്‍ വീഡിയോയില്‍ പറയുന്നു. നിമിഷപ്രിയയുടെ മകള്‍ക്കൊപ്പമായിരുന്നു കെ എ പോളിന്റെ വീഡിയോ.

https://dailynewslive.in/ എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചത്. ഇന്ന് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ ചില ഹോസ്റ്റലുകളില്‍ രോഗബാധ കണ്ടതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവര്‍ ഒഴികെ മറ്റെല്ലാ വിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് അന്താരാഷ്ട്ര അംഗീകാരം. ലോകപ്രസിദ്ധ വിജ്ഞാന പ്രസിദ്ധീകരണമായ നേച്ചര്‍ പോര്‍ട്ട്‌ഫോളിയോ പുറത്തിറക്കിയ ഏറ്റവും പുതിയ നേച്ചര്‍ ഇന്‍ഡെക്‌സ് റാങ്കിംഗില്‍, കെ.എസ്.സി.എസ്.ടി.ഇ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ 27-ാം സ്ഥാനത്ത് ഇടം പിടിച്ചു. ആഗോള ഗവേഷണ സ്ഥാപനങ്ങളില്‍ 598-ാം സ്ഥാനവും നേടിയിട്ടുണ്ട്.

https://dailynewslive.in/ സ്‌കൂളുകളില്‍ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം. ഇതിനായി എനര്‍ജി മാനേജ്‌മെന്റ് സെന്ററും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ ഉടന്‍ നടപ്പാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയി.

https://dailynewslive.in/ അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മില്‍. മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. അതേസമയം, അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്കും മല്‍സരം നടക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

https://dailynewslive.in/ മരം മുറിക്കുന്നതിനിടെ അരയില്‍ കയര്‍ കുരുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ് ശരീരത്തില്‍ പതിച്ചു. ഇതിനിടെ അരയില്‍ കെട്ടിയിരുന്ന കയര്‍ മുറുകുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

https://dailynewslive.in/ ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ജീവനൊടുക്കിയ ഫസീലയുടെ പിതാവ് റഷീദ്. ഭര്‍ത്താവിനേക്കാള്‍ ഭര്‍തൃമാതാവായ റംലയാണ് മകളെ കൂടുതല്‍ ഉപദ്രവിച്ചിരുന്നതെന്നും മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവയൊന്നും ചോദ്യം ചെയ്യാതിരുന്നതെന്നും റഷീദ് പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും റഷീദ് പറയുന്നു.

https://dailynewslive.in/ കൊല്ലം അഞ്ചാലുംമൂട് പനയം താന്നിക്കമുക്കില്‍ യുവതിയെ ജോലിക്കുനിന്ന വീട്ടില്‍വെച്ച് ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36) യാണ് മരിച്ചത്. ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാഭവനില്‍ ജിനുവിനെ പോലീസ് പിടികൂടി.

https://dailynewslive.in/ കൊല്ലത്ത് കുടുംബപ്രശ്‌നം മൂലം ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അച്ചന്‍കോവില്‍ സ്വദേശി ഷെഫീഖ് എന്നയാളാണ് ഭാര്യ ശ്രീതുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

https://dailynewslive.in/ 2008 ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രംഗത്ത്. വിധി നിരപരാധികളെ രക്ഷപ്പെടുത്തിയെന്നും ഹിന്ദു സമൂഹത്തിനെതിരായി ചാര്‍ത്തിയ തെറ്റായ കളങ്കം മായ്ക്കുന്നുവെന്നും ഇരുവരും പറഞ്ഞു. ഭീകരവാദത്തിന് ഒരിക്കലും കാവിയാകാന്‍ സാധിക്കില്ലെന്ന് ഫഡ്നവിസ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുഴുവന്‍ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

https://dailynewslive.in/ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒ.പി.എസ്. മുന്നണി വിട്ടത്.

https://dailynewslive.in/ തിരുനെല്‍വേലി ദുരഭിമാനക്കൊലയില്‍ തന്റെ അച്ഛനമ്മമാര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കെവിന്റെ സുഹൃത്ത് സുഭാഷിണി. പെണ്‍കുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അച്ഛനമ്മമാര്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരെയും വെറുതെ വിടണമെന്നും പറയുന്നത്. തനിക്കും കെവിനും ഇടയില്‍ സംഭവിച്ചത് തങ്ങള്‍ക്ക് മാത്രമേ അറിയൂ. പലരും പലതും പറയുന്നുണ്ട്. തന്റെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും പെണ്‍കുട്ടി പറയുന്നു.

https://dailynewslive.in/ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. എല്ലുകള്‍ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതല്‍ സമയം എടുത്ത് പരിശോധന പൂര്‍ത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

https://dailynewslive.in/ യു എസ് തീരുവയില്‍ ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യതാല്‍പര്യം സംരക്ഷിച്ചേ മുന്നോട്ട് പോകൂവെന്നും വ്യവസ്ഥകള്‍ പരിശോധിക്കുകയാണെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന യോഗം വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വാണിജ്യമന്ത്രിയുടെ പ്രസ്താവന. ട്രംപിന്റേത് സമ്മര്‍ദ്ദ തന്ത്രം എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

https://dailynewslive.in/ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായി ഇന്ത്യ അടുക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങളില്ലെന്നും ഇരു രാജ്യങ്ങള്‍ക്കും അവരവരുടെ തകര്‍ന്ന സമ്പദ്വ്യവസ്ഥകളുമായി വീണ്ടും താഴേക്ക് കൂപ്പു കുത്താമെന്നും ട്രംപ് പരിഹസിച്ചു. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഈ പരാമര്‍ശം.

https://dailynewslive.in/ അമേരിക്കയുടെ താരിഫ് ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങേണ്ടതില്ലെന്നും ഇന്ത്യക്ക് വേറെ വഴികളുണ്ടെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വ്യാപാര ബന്ധങ്ങള്‍ സൗഹൃദത്തിലായിരിക്കണമെന്നും ഭീഷണിയിലാകരുതെന്നും തരൂര്‍ പറഞ്ഞു. അമേരിക്കയുടെ താരിഫ് ഭീഷണിയോടുള്ള പ്രതികരണമായി, ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും വികസനാധിഷ്ഠിത നയങ്ങളെയും കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാനിയന്‍ പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ വ്യാപാരം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആഗോള തലത്തില്‍ തന്നെയുള്ള 20 സ്ഥാപനങ്ങള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യന്‍ കമ്പനികളെയും നിരോധിച്ചത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്ന് വിശേഷിപ്പിച്ച് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ‘എക്‌സി’ലൂടെയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘അദ്ദേഹം പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്‍ക്കും ഇക്കാര്യമറിയാം.’ പ്രസിഡന്റ് ട്രംപ് സത്യം പറഞ്ഞതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അദാനിയെ സഹായിക്കാന്‍ വേണ്ടി ബിജെപി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചുവെന്നും അദാനിക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. പുനെയിലാണ് സംഭവം. വിമുക്ത ഭടന്‍ ഹക്കിമുദ്ദീന്‍ ഷെയ്ഖിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ക്കയറിയാണ് പ്രശ്നമുണ്ടാക്കിയത്. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി, ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നും ആരോപിച്ചു. പരാതിയെ തുടര്‍ന്ന് ആറ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

https://dailynewslive.in/ ഗാസയിലെ വിവിധയിടങ്ങളിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായ ട്രക്കിനരികിലേക്കോടിയവര്‍ക്കു നേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്.

https://dailynewslive.in/ ഫ്രാന്‍സിനും ബ്രിട്ടനും പിന്നാലെ സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ പൊതുസഭാസമ്മേളനത്തില്‍ പലസ്തീനെ ഔദ്യോഗികരാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡയ്ക്കും പദ്ധതി. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പലസ്തീന്‍രാഷ്ട്രത്തെ അംഗീകരിക്കാന്‍ ലോകരാജ്യങ്ങളോട് ഫ്രാന്‍സും 14 പാശ്ചാത്യരാജ്യങ്ങളും ആഹ്വാനം ചെയ്തതിനുപിന്നാലെയാണ് കാനഡയുടെ തീരുമാനം.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 204 ന് 6 എന്ന നിലയില്‍. 52 റണ്‍സെടുത്ത കരുണ്‍ നായരും 19 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. മഴ കാരണം മത്സരം പലപ്പോഴായി തടസപ്പെട്ടിരുന്നു.

https://dailynewslive.in/ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ കടം 16,327 കോടി രൂപയാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അതേസമയം, വരുമാനം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 17,467 കോടി രൂപയില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23,424 കോടി രൂപയായി വര്‍ദ്ധിച്ചു. സേവന നിലവാരം മെച്ചപ്പെടുത്തി ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചുകൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കാനുളള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍. ഒരു ലക്ഷം ടവറുകളില്‍ 4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്‍ നിലവില്‍ സജീവമായി നല്‍കുന്നു. നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയും സേവന നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനായി ടവര്‍ സൈറ്റുകള്‍ ക്രമേണ വികസിപ്പിക്കാനുളള പദ്ധതികളിലാണ് സ്ഥാപനം. എംടിഎന്‍എല്ലിന് ഏകദേശം 34,576 കോടി രൂപയുടെ കടമാണ് ഉളളത്, 8,584 കോടി രൂപയുടെ ബാങ്ക് വായ്പയും ഉണ്ട്. എംടിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ല. മെയ് അവസാനത്തോടെ ബിഎസ്എന്‍എല്ലിന് 9.07 കോടി വരിക്കാരാണ് ഉണ്ടായിരുന്നത്. 7.8 ശതമാനം ആയിരുന്നു വിപണി വിഹിതം. ജൂണ്‍ അവസാനത്തോടെ ജിയോയ്ക്ക് 49 കോടി ഉപയോക്താക്കളും മാര്‍ച്ച് അവസാനത്തോടെ എയര്‍ടെല്ലിന് 36.2 കോടി ഉപയോക്താക്കളുമാണ് ഉണ്ടായിരുന്നത്.

https://dailynewslive.in/ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’യില്‍ വില്ലത്തിയായെത്തിയ ഐശ്വര്യ രാജ് നായികയാകുന്ന സിനിമയാണ് ‘മെറി ബോയ്സ്’. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മാണം. മുന്‍നിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാം മത്തെ ചിത്രമായ മെറി ബോയ്സ് ഒരുക്കുന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളും പുതുമുഖങ്ങളാണ് എന്ന സൂചനയാണ് അണിയറക്കാര്‍ നല്‍കുന്നത്. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആര്‍ഡിഎക്സ് പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ്.

https://dailynewslive.in/ സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘പരം സുന്ദരി’. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 29നായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയ പ്രഖ്യാപനം. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ട ആണ്. ജാന്‍വി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗര്‍ ആംമ്പ്രയുടെയും പുഷ്‌കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

https://dailynewslive.in/ ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യക്ക് വില്‍പ്പനയില്‍ ഇടിവ്. കമ്പനി 2025 ജൂണില്‍ ആഭ്യന്തര വിപണിയില്‍ ആകെ 3,88,812 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം 2024 ജൂണില്‍ വിറ്റ 4,82,597 യൂണിറ്റുകളെ അപേക്ഷിച്ച് 19.43 ശതമാനം കുറവാണിത്. മാത്രമല്ല, 2025 മെയ് മാസത്തെ അപേക്ഷിച്ച് പ്രതിമാസം 6.8 ശതമാനം കുറവും രേഖപ്പെടുത്തി. 2025 ജൂണില്‍ മൊത്തം 1,83,265 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.47 ശതമാനം കുറവാണ്. ഹോണ്ട ഷൈന്‍ 125 ഉം എസ്പി 125 ഉം ചേര്‍ന്ന് 1,34,817 യൂണിറ്റുകള്‍ വിറ്റഴിച്ചു. പ്രീമിയം വിഭാഗത്തില്‍ സിബി350 അതിന്റെ കരുത്ത് തെളിയിച്ചു. 2025 ജൂണില്‍ 2,361 യൂണിറ്റുകള്‍ വിറ്റു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 103.36 ശതമാനം വളര്‍ച്ച. ആക്ടിവ ഇ ജൂണില്‍ 772 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 12,28,993 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,14,232 യൂണിറ്റായിരുന്നു. മൊത്തത്തില്‍ 13.10 ശതമാനം ഇടിവ്. എങ്കിലും, ഷൈന്‍ 125, എസ്പി 125 എന്നിവയുടെ ത്രൈമാസ വില്‍പ്പനയും 11.54 ശതമാനം വളര്‍ച്ച കൈവരിച്ചു.

https://dailynewslive.in/ മരിച്ചവന്റെ കണക്കുപുസ്തകത്തിലെ അവസാന അക്കങ്ങളുടെ കടമുറിവുകളില്‍ തൊടുമ്പോള്‍ ഒടുവിലൊരു ചോരച്ചുവപ്പ് ഒറ്റവരമായി നീണ്ടുനീണ്ടുപോകുന്നു. അനു എന്ന കാവ്യസഞ്ചാരി തന്റെ ജീവിതമെന്ന അപൂര്‍ണ്ണപുസ്തകത്തില്‍ വായനക്കാര്‍ക്കായിക്കുറിച്ചിട്ട നൂറില്‍പ്പരം കവിതകള്‍. ഒപ്പം, ജി.ആര്‍. ഇന്ദുഗോപന്‍, വി.എം. ദേവദാസ്, അനൂപ് ചന്ദ്രന്‍, അഞ്ജന ശശി, ജയറാം സ്വാമി, പി. കൃഷ്ണകുമാര്‍, നന്ദകുമാര്‍ കടപ്പാല്‍, മാത്യൂ ആന്റണി, ഷാര്‍ലി ബെഞ്ചമിന്‍, സമി സൈദ് അലി, രൂപ കുര്യന്‍, സുരേഷ് പട്ടാലി, വരുണ്‍ രമേഷ്, ഷിജു ബഷീര്‍, ആമി ധന്യ, അഞ്ജലി തോമസ്, സാജന്‍ ഗോപാലന്‍ എന്നിവര്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്തിനെ ഓര്‍മ്മിക്കുന്നു. ‘ഒറ്റനിറമുള്ള പകലുകള്‍ രാത്രികള്‍’. അനു സിനുബാല്‍. മാതൃഭൂമി. വില 246 രൂപ.

https://dailynewslive.in/ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയ കൂടിയാണ്. അമിത ദാഹവും വിശപ്പുമൊക്കെ പ്രമേഹത്തിന്റെ ആദ്യ സൂചനകളാണ്. ഇത്തരം സൂചനകളൊക്കെ പലപ്പോഴും സ്ത്രീകള്‍ അവഗണിച്ചേക്കാം. സ്ത്രീകള്‍ പലപ്പോഴും അവഗണിക്കുന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെള്ളപോക്ക് അഥവാ വെളുത്ത സ്രവം, മൂത്രമൊഴിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴോ ഉള്ള വേദന, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ സ്ത്രീകളില്‍ ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും, പ്രമേഹത്തിന്റെ സൂചനയായും ഇവ കാണപ്പെടാം. അതിനാല്‍ ഇവയെ അവഗണിക്കരുത്. അമിത ദാഹവും വിശപ്പും പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം. അതിനാല്‍ അവഗണിക്കേണ്ട. അമിതമായി മൂത്രമൊഴിക്കുന്നതും പ്രമേഹത്തിന്റെ ഒരു സൂചനയാകാം. അകാരണമായി ശരീരഭാരം പെട്ടെന്ന് കുറയുന്നതും പ്രമേഹത്തിന്റെ സൂചനയാകാം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണവും തളര്‍ച്ചയും തോന്നാം. അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും പ്രമേഹത്തിന്റെ ലക്ഷണമായും ഉണ്ടാകാം. മങ്ങിയ കാഴ്ച, കൈകളിലോ കൈകളിലോ മരവിപ്പ് തോന്നുക, മുറിവുകള്‍ പതുക്കെ ഉണങ്ങുന്നതും എന്നിവയും പ്രമേഹത്തിന്റെ സൂചനയാകാം. വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍, ചൊറിച്ചില്‍ എന്നിവയും ചിലപ്പോള്‍ പ്രമേഹത്തിന്റെയാകാം.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ വളരെ ജ്ഞാനിയും ഉള്‍ക്കാഴ്ചയുളള ആളുമായിരുന്നു. ചില സമയത്ത് അയാള്‍ വിചിത്രസ്വഭാവം കാണിക്കും. മാനസികവിഭ്രാന്തിയെന്ന് കരുതി കൂട്ടുകാര്‍ അയാളെ ആശുപത്രിയിലാക്കി. അയാള്‍ പുസ്തകവായനയിലും ധ്യാനത്തിലുമായി ആശുപത്രിവാസം ആസ്വദിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കൂട്ടുകാര്‍ അയാളെ കാണാനെത്തി. അവരെ ദൂരെനിന്നു കണ്ടയുടനെ അയാള്‍ വിചിത്ര സ്വഭാവം പ്രകടിപ്പിച്ചുതുടങ്ങി. തങ്ങളുടെ കൂട്ടുകാരന് ഒരു മാററവുമില്ലെന്ന് കണ്ട അവര്‍ തിരിച്ചുനടന്നു. ചെറിയ പ്രശ്‌നങ്ങളെ കാണുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നവരെ എനിക്കും വേണ്ടെന്ന് അയാളും വിളിച്ചുപറഞ്ഞു. ഓരോ ബന്ധവും തുടങ്ങുന്നതിന് ചില കാരണങ്ങളുണ്ടാകും. പെട്ടുന്നുണ്ടാകുന്ന ആകര്‍ഷണീയതയായിരിക്കാം. പുതിയ വ്യക്തിബന്ധത്തില്‍ പെടുമ്പോഴുളള ആത്മസംതൃപ്തിയാകാം. ആ ബന്ധം സമ്മാനിക്കുന്ന സൗഹൃദങ്ങളും നേട്ടങ്ങളും ആകാം. ജീവിതനിലവാരത്തിലുണ്ടാകുന്ന ഉയര്‍ച്ചയാകാം. ആരംഭകാലത്ത് ഇവയിലേതെങ്കിലും ലഭിച്ചാലും ആ ബന്ധം വളരെ വേഗം വളരും. അടുത്തിടപെഴുകുമ്പോള്‍ അയാളില്‍ നമുക്ക് ഇഷ്ടമുളളതും ഇല്ലാത്തതുമായ പ്രത്യേകതകളുണ്ടാകും. അപ്പോള്‍ ശരിതെറ്റുകളിലെ നിര്‍വ്വചനങ്ങള്‍ മാറും. അങ്ങനെ ആ സൗഹൃദം ബാധ്യതയായി മാറുകയും ചെയ്യും. മറ്റുളളവരെ അവരായി അംഗീകരിക്കാന്‍ കഴിയാത്ത ആര്‍ക്കും നിലനില്‍ക്കുന്ന ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയില്ല. മറ്റുളളവരുടെ സ്വഭാവരീതികള്‍ അംഗീകരിക്കുകയാണ് എല്ലാ ബന്ധങ്ങളുടേയും അടിസ്ഥാനം. അതാണ് ഓരോ ബന്ധങ്ങളുടേയും ബലം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *