S7 yt cover

https://dailynewslive.in/ നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്. എന്നാല്‍ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അര്‍ലേക്കര്‍ വിമര്‍ശിച്ചു.

https://dailynewslive.in/ സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. ഗവര്‍ണറുടെ അനുമതിയില്ലാതെ പത്ത് ബില്ലുകള്‍ നിയമമാക്കി. പത്തുബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതാദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. സുപ്രീം കോടതി വിധി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് വരെ കാത്തിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് പുലര്‍ച്ചെയോടെ വിധി അപ്ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന് അറിയിച്ചിരിക്കുകയാണ്.

*വിയറ്റ്‌നാം – കമ്പോഡിയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമുള്ള വിയറ്റ്‌നാമിലേക്കും ആധുനികതയുടെ സ്പര്‍ശം തീരെയില്ലാത്ത പ്രകൃതിയുടെ നാടന്‍ കാഴ്ചകള്‍ സമ്മാനിക്കുന്ന കംബോഡിയയിലേക്കും 7 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമായിരുന്നു എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടാകേണ്ടതെന്നും കേരള ഗവര്‍ണര്‍ അത് ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്നും എം.എ.ബേബി പറഞ്ഞു. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മാണ നടപടികള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങി. എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിന് പിന്നാലെ നിലം ഒരുക്കുന്ന നടപടികളാണ് ഊരാളുങ്കല്‍ തുടങ്ങിയത്. എന്നാല്‍, ശമ്പള കുടിശ്ശിക ഉള്‍പ്പെടെ നല്‍കാതെ തങ്ങളെ ഒഴിപ്പിക്കുന്നതില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നിര്‍മാണ സ്ഥലത്ത് പ്രതിഷേധിച്ചു. നാളെ മുതല്‍ നിര്‍മാണം തടയുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്.

https://dailynewslive.in/ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങില്‍ തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടാല്‍ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും ലീഗിന്റെ മതേതരത്വം വെളിപ്പെടാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ ഭീഷണിക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കാല്‍ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കില്‍ കാല്‍ ഉള്ളിടത്തോളം കാലം കാല്‍ കുത്തിക്കൊണ്ട് തന്നെ ആര്‍ എസ് എസിനെതിരെ സംസാരിക്കുമെന്നും, കാല്‍ വെട്ടിക്കളഞ്ഞാലും ഉള്ള ഉടല്‍ വച്ച് ആര്‍ എസ് എസിനെതിരെ സംസാരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ആര്‍ എസ് എസ് നേതാക്കളെ അവഹേളിച്ചാല്‍ എം എല്‍ എയെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി.

https://dailynewslive.in/ ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തില്‍ പാലക്കാട് ബിജെപി രണ്ട് തട്ടിലെന്ന് റിപ്പോര്‍ട്ട്. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം നിര്‍മിച്ച ശേഷം പേര് നല്‍കിയാല്‍ മതിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്പിക്ക് പരാതി നല്‍കി.

https://dailynewslive.in/ വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണക്ക് അറിയാമെന്നും മന്ത്രി വി ശിവന്‍കുട്ടി. കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും പൂര്‍ണ്ണ പിന്തുണ എല്‍ഡിഎഫ് പിണറായിക്ക് നല്‍കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പാലക്കാട് അട്ടപ്പാടി താഴെത്തുടിക്കിയില്‍ ആദിവാസികള്‍ക്കായി നടപ്പാക്കിയ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് പദ്ധതിയില്‍ ക്രമക്കേടെന്ന് എജി. 1,43,38,800 രൂപയ്ക്കാണ് തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് അനര്‍ട്ടുവഴി പദ്ധതി കരാര്‍ നല്‍കിയത്. രണ്ടു കമ്പനികള്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. അതില്‍ ഒരു കമ്പനിയെ സാങ്കേതിക അയോഗ്യരാക്കി. വീണ്ടും ടെണ്ടര്‍ വിളിക്കുന്നതിന് പകരം തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് എജിയുടെ കണ്ടെത്തല്‍. ശാസ്ത്രീയ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ലെന്നും നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ടെന്നും ഔചിത്യബോധം കാരണം താന്‍ മറ്റൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സദസ്സില്‍ ആളുകള്‍ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങാതെ കാത്തിരുന്നു. സദസ്സില്‍ ആളില്ലാത്തതിനാല്‍ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്. തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും വെയിലും ചൂടും ആയത് കൊണ്ട് ആളുകള്‍ക്ക് വിസ്താരത്തോടെ ഇരിക്കാന്‍ സംഘാടകര്‍ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു

https://dailynewslive.in/ ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ.സച്ചിദാനന്ദന്‍. പൗരസാഗരത്തില്‍ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാര്‍ക്കൊപ്പം ചേര്‍ന്നത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഐക്യപ്പെടല്‍. സമരം ചെയ്യുന്നത് സ്ത്രീകള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടികള്‍ നിര്‍ഭാഗ്യകരമെന്നും കെ സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ നിന്നും 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാള്‍ 15 ലക്ഷം രൂപ കവര്‍ന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയില്‍ നിന്നുള്ള വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

https://dailynewslive.in/ പിവി അന്‍വര്‍ സിപിഎമ്മിനോട് നന്ദികേട് കാണിച്ചെന്ന് സിപിഎം മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഉപതെരഞ്ഞെടുപ്പിന് കാരണമായ സംഭവങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പ്രതിഷേധമുണ്ടെന്നും പിവി അന്‍വറിനുള്ള പ്രതിഫലം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കുമെന്നും പാലോളി പറഞ്ഞു. നല്ല പ്രതീക്ഷയോടെ സഖാക്കള്‍ പ്രചാരണത്തിനിറങ്ങുമെന്നും എന്നാല്‍ രണ്ട് തവണ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിന് വീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഹിയറിംഗ് റെക്കോര്‍ഡ് ചെയ്യണമെന്നും പരസ്യപ്പെടുത്തണമെന്നുമുള്ള എന്‍ പ്രശാന്ത് ഐ എ എസിന്റെ ആവശ്യം നിരസിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പഴയ സിനിമാ രംഗം പോസ്റ്റ് ചെയ്ത്, ഐഎഎസ് ഓഫീസര്‍മാര്‍ വിധേയരായി പെരുമാറേണ്ടത് ഇങ്ങനെയെന്നാണ് പരിഹാസം. നസീര്‍, ഷീല തുടങ്ങിയവര്‍ അഭിനയിച്ച സിനിമയിലെ ഭാഗമാണ് പോസ്റ്റ് ചെയ്തത്. അതില്‍ ഷീല ഭയചകിതയായി പെരുമാറുന്നത് പോലെ ഐഎഎസ് ഓഫീസര്‍ പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നത് എന്നാണ് പരിഹാസം. ഹിയറിങിനായി ഏപ്രില്‍ 16ന് ഹാജരാകാനാണ് എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറി നല്‍കിയ നിര്‍ദേശം.

https://dailynewslive.in/ ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് നിയമ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ എപി വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലില്‍ വിമര്‍ശനം. വഖഫ് വിരുദ്ധ സമരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണ വേദിയാക്കിമാറ്റിയെന്നും സമരത്തില്‍ ഉയര്‍ത്തിയത് ബ്രദര്‍ഹൂഡ് നേതാക്കളുടെ ചിത്രമുയര്‍ത്തിയെന്നും വഖഫ് പ്രതിഷേധവും ഇസ്ലാമിക് ബ്രദര്‍ഹൂഡും തമ്മില്‍ എന്ത് ബന്ധമെന്നും എഡിറ്റോറിയലില്‍ ചോദ്യമുണ്ട്. മുസ്ലിം ഇതര സംഘടനകളെ സമരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇടവരുത്തുമെന്നും സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകള്‍ക്കും കൈയ്യില്‍ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എഡിറ്റോറിയലില്‍ പറയുന്നു.

https://dailynewslive.in/ കൊച്ചിയില്‍ അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ മര്‍ദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികളും അഭിഭാഷകരുമായ പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

https://dailynewslive.in/ അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാര്‍ അസോസിയേഷന്റെ കാന്റീനിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു.

https://dailynewslive.in/ ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയപ്രകാശ് തിരികെ ജോലിക്ക് കയറി. പാലോട് ഡിപ്പോയിലെ ഡ്രൈവറാണ് ജയപ്രകാശ്. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജയപ്രകാശ് കുടുംബസമേതം ഡിപ്പോ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഗതാഗത മന്ത്രി ഇടപെട്ട് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

https://dailynewslive.in/ കൊട്ടിയത്ത് ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയില്‍ ദേശീയപാതയില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സര്‍വീസ് റോഡിലാണ് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്. റോഡിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഓടകള്‍ അടഞ്ഞതിനാല്‍ വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി. മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ എത്തിച്ച് വെള്ളം ഒഴുക്കിവിടാനുള്ള മാര്‍ഗം ഒരുക്കിയതോടെയാണ് യാത്രാദുരിതത്തിന് പരിഹാരമായത്. അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്നാണ് ആരോപണം.

https://dailynewslive.in/ മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍ നിയമവിരുദ്ധ വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. ഒന്നരവര്‍ഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയും വിവാഹിതരായത്.

https://dailynewslive.in/ പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ ചത്തു. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിന്‍ ഇടിച്ചത്.

https://dailynewslive.in/ ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാറെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നതായാണ് വിവരം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങള്‍ തടസപ്പെടുന്നത്.

https://dailynewslive.in/ ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരില്‍ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടല്‍. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

https://dailynewslive.in/ തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായാണ് സൂചന. ഇതിനിടെ, റാണയെയും ഹെഡ്ലിയേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നാണ് വിവരം.

https://dailynewslive.in/ ഹിന്ദി ബോര്‍ഡുകള്‍ക്ക് പകരം മറാത്തി ഉപയോഗിച്ച് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി. ഡോംബിവ്‌ലിയിലെ മെട്രോ 12 നിര്‍മ്മാണ സ്ഥലത്ത് സ്ഥാപിച്ച ബാരിക്കേഡുകളിലാണ് ഹിന്ദിക്ക് പകരം മറാത്തി ഉപയോഗിച്ചത്. ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രതിഷേധിച്ചതിന് പിന്നാലെയാണ് എംഎംആര്‍ഡിഎയുടെ നടപടി. എംഎംആര്‍ഡിഎ ഉദ്യോഗസ്ഥര്‍ കരാറുകാരനോട് ഇംഗ്ലീഷിനൊപ്പം മറാത്തി എഴുതാനും നിര്‍ദേശിച്ചു.

https://dailynewslive.in/ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തില്‍ പത്തോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഗവര്‍ണര്‍ സിവി ആനന്ദ ബോസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അംതല, സുതി, ധൂലിയാന്‍, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

https://dailynewslive.in/ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ഒടുവില്‍ മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. 2027ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക. ചലച്ചിത്രനിര്‍മ്മാണ പ്രക്രിയയുടെ ഒരു സുപ്രധാന ഭാഗമായി ദീര്‍ഘകാലമായി ഉള്‍പ്പെട്ടവരായിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാത്തതുമായ സ്റ്റണ്ട് സമൂഹത്തിന് ആദരവാണ് ഈ പ്രഖ്യാപനം എന്നാണ് അക്കാദമി പറയുന്നത്.

https://dailynewslive.in/ ഐഎസ്എല്‍ കിരീടപ്പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ ബെംഗളൂരു എഫ് സിയെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനല്‍ തുടങ്ങുക. 162 മത്സരങ്ങള്‍ക്കും 465 ഗോളുകള്‍ക്കും ഒടുവില്‍ ഐഎസ്എല്‍ പതിനൊന്നാം സീസണിലെ കിരീടപ്പോരില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സും ബെംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ എത്തുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എല്‍ ഷീല്‍ഡ് ഷെല്‍ഫിലെത്തിച്ച മോഹന്‍ ബഗാന്‍ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടമാണ്. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയില്‍ എഫ് സി ഗോവയെ തോല്‍പ്പിച്ചപ്പോള്‍ ജംഷെഡ്പൂര്‍ എഫ്സിയെ മറികടന്നാണ് മോഹന്‍ ബഗാന്‍ കിരീടപ്പോരിനിറങ്ങുന്നത്.

https://dailynewslive.in/ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി വന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു. ഈ മാസം ഇതുവരെ 4,360 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം ഇന്ന് വാങ്ങണമെങ്കില്‍ നികുതികള്‍ ഉള്‍പ്പെടെ 76,000 രൂപയെങ്കിലും നല്‍കണം. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 7,220 രൂപയിലെത്തി. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വിലയും ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 107 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. ഇന്നലെ ഔണ്‍സിന് 3,176 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തര വില ഇന്ന് 3,245 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചു. വ്യാപാരയുദ്ധങ്ങള്‍ക്കിടെ യു.എസില്‍ പണപ്പെരുപ്പം കുറയുന്നതും സ്വര്‍ണത്തെ സ്വാധീനിച്ചേക്കാം.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് എന്ന പേരിലുള്ള പുതിയ ഫോണ്‍ ചൊവ്വാഴ്ച വിപണിയില്‍ അവതരിപ്പിക്കും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്‌റ്റൈലുമായാണ് ഈ ഫോണ്‍ എത്തുക. എഡ്ജ് 60 ഫ്യൂഷനും എഡ്ജ് 60 പ്രോയും അടങ്ങുന്ന നിരയിലേക്കാണ് പുതിയ ഫോണ്‍ എത്തുന്നത്. ബില്‍റ്റ്-ഇന്‍ സ്‌റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, ഐപി68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത്. മോട്ടോറോള എഡ്ജ് 60 സ്‌റ്റൈലസില്‍ 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1.5കെ റെസല്യൂഷനുമുള്ള 6.7 പിഒലെഡ് പാനല്‍ ഉണ്ടായിരിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്സെറ്റുമായി ഈ ഫോണ്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. കൂടാതെ 256ജിബി വരെ സ്റ്റോറേജും 8ജിബി റാമും ഇതില്‍ വന്നേക്കാം. മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസില്‍ 5000എംഎഎച്ച് ബാറ്ററിയും 68വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയും 15വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങും ഉണ്ടായിരിക്കാം. നിരവധി മോട്ടോ എഐ സവിശേഷതകളും ഇതില്‍ ഉണ്ടായേക്കാം.

https://dailynewslive.in/ മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ പുതിയ ടീസര്‍ എത്തി. ശോഭനയും മോഹന്‍ലാലും തമ്മിലുള്ള രസകരമായൊരു സംഭാഷണമാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഏപ്രില്‍ 25ന് ചിത്രം തിയറ്ററുകളിലെത്തും.

https://dailynewslive.in/ ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയിലര്‍ റിലീസായി. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാനാണ് ആസിഫിന്റെ വരവ്. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉടന്‍ തിയറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മിക്കുന്നു. ഇന്ത്യയിലെ തിയറ്റര്‍ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാര്‍സ് ഫിലിംസും ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.

https://dailynewslive.in/ ഭാരത് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറിന്റെ സുരക്ഷ നേടി കിയ സിറോസ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 30.21 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.42 മാര്‍ക്കും സിറോസിന് ലഭിച്ചു. ഭാരത് ക്രാഷ് ടെസ്റ്റിന് പങ്കെടുക്കുന്ന കിയയുടെ ആദ്യ മോഡലാണ് സിറോസ്. പെട്രോള്‍ മോഡലിലാണ് ഭാരത് എന്‍സിഎപി ടെസ്റ്റ് നടത്തിയത്. കിയ സിറോസിന്റെ ഉയര്‍ന്ന വേരിയന്റായ എച്ച്ടിഎക്സ് പ്ലസ് ഡിസിടി, എച്ച്ടികെ(ഒ) പെട്രോള്‍ എംടി എന്നിവ ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചു. ആറ് എയര്‍ബാഗുകളും ത്രീ പോയിന്റ് സ്റ്റാര്‍ സീറ്റ് ബെല്‍റ്റും , ഇഎസ്സിയും പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് കട്ട്ഓഫ് സ്വിച്ചുമുള്ള വേരിയന്റിലാണ് പരീക്ഷണം നടത്തിയത്. ഫ്രണ്ട് ഓഫ്‌സെറ്റ് ഡീഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.21 മാര്‍ക്ക് സിറോസ് നേടിയപ്പോള്‍ സൈഡ് ഓഫ്‌സെറ്റ് ഡീഫോര്‍മബിള്‍ ബാരിയര്‍ 16 ല്‍ പതിനാറ് മാര്‍ക്കും കിയയുടെ ചെറു എസ്യുവിക്ക് ലഭിച്ചു. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.

https://dailynewslive.in/ പ്രണയത്തിന്റെയും കാമനയുടെയും ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടു പോകുന്ന എഴുത്തുകാരന് എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ വായിക്കാനാകുന്ന നോവല്‍. സൈദ്ധാന്തികമായ കാഴ്ചപ്പാടിന്റെ ആകുലതകളില്‍ നിന്നും കുതറിയോടേണ്ടി വന്ന കുറെ മനുഷ്യരുടെ കഥ കൂടിച്ചേരുമ്പോള്‍, തത്ത്വചിന്താപരമായ ഔന്നത്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആത്മീയതയുടെ അനുഭവത്തുടിപ്പുകള്‍ ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. മനുഷ്യായുസ്സ് എന്തിനുവേണ്ടി എന്ന അന്വേഷണവുമാണി രചന. ഒരു വ്യക്തിയുടെ ഒടുങ്ങാത്ത തൃഷ്ണയുടെ ജീവിതം വരച്ചിടുന്ന നോവലില്‍ പുനര്‍ജന്മത്തിന്റെ ആന്തരികലോകങ്ങളെ ആവിഷ്‌കരിക്കുന്നുമുണ്ട്. ‘പുനര്‍ജന്മത്തിലെ പല്ലവി’. വിപിഎം. ഗ്രീന്‍ ബുക്സ്. വില 304 രൂപ.

https://dailynewslive.in/ ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കുന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്. 2006-2007 കാലഘട്ടത്തില്‍ ചിക്കന്‍ഗുനിയ ബാധ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും റീയൂണിയന്‍ ദ്വീപുകളില്‍ നിന്നായിരുന്നു രോഗ വ്യാപനത്തിന്റെ തുടക്കം. ചിക്കുന്‍ ഗുനിയയ്‌ക്കെതിരെ സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കുന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.10, പൗണ്ട് – 112.38, യൂറോ – 97.89, സ്വിസ് ഫ്രാങ്ക് – 105.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.18, ബഹറിന്‍ ദിനാര്‍ – 228.38, കുവൈത്ത് ദിനാര്‍ -280.95, ഒമാനി റിയാല്‍ – 223.60, സൗദി റിയാല്‍ – 22.94, യു.എ.ഇ ദിര്‍ഹം – 23.47, ഖത്തര്‍ റിയാല്‍ – 23.61, കനേഡിയന്‍ ഡോളര്‍ – 62.16.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *