https://dailynewslive.in/ സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ രണ്ടരലക്ഷം രൂപവീതം കോഴ നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. ഡ്രൈ ഡേ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്.

https://dailynewslive.in/ ബാര്‍ ഉടമകളില്‍ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് സംസ്ഥാന വൈസ് പ്രസിഡന്റിനെ തളളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും, പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച അനിമോനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നുവെന്നാണ് പ്രസിഡന്റ് പ്രതികരിച്ചത്. കൂടാതെ പിരിക്കാന്‍ പറഞ്ഞത് അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം.

https://dailynewslive.in/ പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും, ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും എക്സൈസ് മന്ത്രി എം.ബിരാജേഷ്. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്ന് ധനമന്ത്രി കെ എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നതെന്നും എന്നാല്‍ ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണെന്നും അതിനാല്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ ബാര്‍ കോഴ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എക്സൈസ് മന്ത്രി രാജിവയ്ക്കണം. നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ 669 ബാറുകള്‍ക്കും, രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്കും അനുമതി നല്‍കി. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്. മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്നും അദ്ദേഹം പരിഹസിച്ചു.

https://dailynewslive.in/ കേരളത്തില്‍ ദില്ലി മോഡല്‍ ബാര്‍ക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നും ഇവിടെയാരും കാശു വാങ്ങില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാന്‍ കോഴ നല്‍കേണ്ടതില്ല. അതിനാരും പിരിക്കേണ്ട. ഐ ടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ബാര്‍ കോഴ ആരോപണം ഗൗരവമുള്ളതെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനറും സിപിഐ നേതാവുമായ കെകെ ശിവരാമന്‍. എല്ലാ ബാറുകളും പണം നല്‍കിയാല്‍ 250 കോടിയാകും. ഇത് സംബന്ധിച്ച് അടിയന്തിര പരിശോധന വേണം. കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു.

https://dailynewslive.in/ ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്ത് നല്‍കി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കത്തില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

https://dailynewslive.in/ തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഈ സമ്മേളനത്തില്‍ തന്നെ തദ്ദേശ വാര്‍ഡ് വിഭജന ബില്‍ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിലുള്ള വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

https://dailynewslive.in/ ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകള്‍ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും, അനാവശ്യ സിഗ്നലുകള്‍ ഒഴിവാക്കി യൂ ടേണുകള്‍ അനുവദിച്ച് പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. യാത്രാ ദുരിതം കണ്ടറിയാന്‍ തൃശൂര്‍ മുതല്‍ കളമശ്ശേരി വരെ യാത്ര നടത്തി സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി. പരിശോധനയ്ക്കിടെ കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ പരിഹാരം കാണുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഇന്നും നാളെയും സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന അഞ്ചുദിവസം കൂടി സംസ്ഥാനത്ത് മിതമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്നുണ്ടായ മത്സ്യക്കുരുതിയില്‍ 10 കോടി രൂപ നഷ്ടമെന്ന് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. പാരിസ്ഥിതികാഘാതം വലുതെന്നും പ്രാഥമിക വിലയിരുത്തല്‍.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശരത് ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 31 ലേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ടിനായാണ് ഹര്‍ജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

https://dailynewslive.in/ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ വാഹനവും റോഡുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴ വര്‍ദ്ധിക്കും. പുതിയ നിയമം അനുസരിച്ച്, പ്രായപൂര്‍ത്തിയാകാത്തയാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാല്‍, രക്ഷിതാവിനോ കുടുംബാംഗങ്ങള്‍ക്കോ 25,000 രൂപ വരെ പിഴ ചുമത്തും. കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും.

https://dailynewslive.in/ സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്ലേസ്‌മെന്റ് ആണ് നടന്നതെന്ന് മന്ത്രി ആര്‍ ബിന്ദു. ഏകദേശം 198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റാണ് ഡിപ്ലോമ എന്‍ജിനീയര്‍മാര്‍ നേടിയത്. സംസ്ഥാന പ്ലേസ്‌മെന്റ് സെല്‍ സംവിധാനത്തിന് കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ പോളിടെക്‌നിക് കോളേജുകളില്‍ ക്യാമ്പസ് പ്ലേസ്മെന്റ്സ് നടത്തിയതെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ തൃശൂരില്‍ ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം പൊട്ടി വീണതിനെ തുടര്‍ന്ന് സെന്റ് തോമസ് കോളേജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന ജൂണ്‍ നാലിന് നാദാപുരം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഡിവൈ.എസ്.പിയുടെ ഓഫീസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.

https://dailynewslive.in/ സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദിയധനം നല്‍കാനുള്ള ഒന്നരക്കോടി സൗദി റിയാല്‍, ഏകദേശം 34 കോടി രൂപ, റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമസഹായസമിതി അറിയിച്ചു.

https://dailynewslive.in/ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. പരോള്‍ ഇല്ലാതെ 25 വര്‍ഷം ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവില്‍ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അനുശാന്തിയുടെ നാല് വയസ് പ്രായമുണ്ടായിരുന്ന സ്വാസ്തികയെന്ന കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന ഇവരെ കോടതി ശിക്ഷിച്ചത്. അനുശാന്തിയുടെ അറിവോടേയും സമ്മതത്തോടേയും കാമുകനായ നിനോ മാത്യുവാണ് കൊലപാതകങ്ങള്‍ നടത്തിയത്.

https://dailynewslive.in/ കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശിയായ ബിവ്റേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റില്‍ എല്‍.ഡി ക്ലര്‍കായ കെ.ശശികുമാറാണ് മരിച്ചത്. 56 വയസായിരുന്നു. ഒന്‍പത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

https://dailynewslive.in/ കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷാണ് മരിച്ചത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്നയാളാണ് രതീഷ്. വര്‍ക് ഷോപ്പിന് സമീപത്തെ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.

https://dailynewslive.in/ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അവര്‍ ആദ്യം ഹേമന്ത് സോറനേയും പിന്നീട് തന്നെയും അവര്‍ അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ കള്ളക്കേസില്‍ കുടുക്കിയാല്‍ ആരെ വേണമെങ്കിലും കള്ളക്കേസില്‍ കുടുക്കാമെന്ന സന്ദേശമാണ് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇന്ന് രാജിവെച്ചാല്‍ പിണറായി വിജയന്റേയും മമതാ ബാനര്‍ജിയുടേയും സര്‍ക്കാരുകളെ ബി.ജെ.പി താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി. തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് പുരോഗമിക്കുന്നതിനാല്‍ വിഷയം വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

https://dailynewslive.in/ ബംഗാളില്‍ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയുടെ വേനല്‍ അവധിക്ക് ശേഷമായിരിക്കും ഹര്‍ജി ഫയല്‍ ചെയ്യുക. 2010 ന് ശേഷമുള്ള ഒബിസി സര്‍ട്ടിഫിക്കറ്റുകളാണ് കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്.

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ രാജ്യസഭാംഗത്വം രാജിവെക്കണമെന്ന എഎപിയുടെ ആവശ്യം തള്ളി സ്വാതി മലിവാള്‍. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കില്‍ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും സ്വാതി മലിവാള്‍ പറഞ്ഞു. പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

https://dailynewslive.in/ ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി ദില്ലി ബിജെപി. നാളെ ദില്ലിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാന്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയല്‍ രേഖകളും പരിശോധിക്കാന്‍ വേണ്ടത്ര വനിതാ ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളില്‍ വിന്യസിക്കണമെന്നും ബിജെപി കത്തില്‍ ആവശ്യപ്പെടുന്നു.

https://dailynewslive.in/ റെക്കോഡ് മുന്നേറ്റത്തിന് ഇടവേളയിട്ട് സ്വര്‍ണവില കുത്തനെ താഴുന്നു. കേരളത്തില്‍ ഇന്ന് പവന് 720 രൂപ കുറഞ്ഞ് വില 53,120 രൂപയായി. ഗ്രാമിന് 90 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 6,640 രൂപയിലെത്തി.18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 5,520 രൂപയായി. കഴിഞ്ഞദിവസം 100 രൂപയെന്ന നാഴികക്കല്ല് തൊട്ട വെള്ളിവിലയും താഴേക്കിറങ്ങുകയാണ്. ഇന്ന് വില ഗ്രാമിന് ഒരു താഴ്ന്ന് 96 രൂപയായിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കേരളത്തില്‍ പവന്‍വില 55,120 രൂപയെന്ന സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. ഗ്രാം വില അന്ന് 6,890 രൂപയുമായിരുന്നു. തുടര്‍ന്ന് വില ഇടിവിന്റെ പാതയിലേക്ക് മാറി. കഴിഞ്ഞ 4 ദിവസത്തിനിടെ സംസ്ഥാനത്ത് പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയുമാണ് കുറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക ഉടനൊന്നും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ഡോളറും കടപ്പത്രങ്ങളുടെ ആദായനിരക്കും ഉയരുന്നതാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്. നിക്ഷേപകര്‍ സ്വര്‍ണനിക്ഷേപങ്ങളില്‍ നിന്ന് പണം ബോണ്ടുകളിലേക്ക് ഒഴുക്കുന്നതാണ് വിലക്കുറവ് സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച രാജ്യാന്തരവില ഔണ്‍സിന് 2,450 ഡോളറിലെത്തിയിരുന്നത് ഇന്നുള്ളത് 2,333 ഡോളറിലാണ്. ഒരുവേള വില 2,325 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു. 4 ദിവസത്തിനിടെ കുറഞ്ഞത് 2,200 രൂപകഴിഞ്ഞ 20ന് മൂന്ന് ശതമാനം ജി.എസ്.ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ ഒരു പവന്‍ ആഭരണത്തിന് മിനിമം വില 59,700 രൂപയായിരുന്നു. ഇന്ന് മിനിമം വില 57,500 രൂപയോളമേയുള്ളൂ.

https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. എഐ സ്റ്റിക്കറുകള്‍ക്ക് പുറമെ എഐ പ്രൊഫൈല്‍ ഫോട്ടോകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം പുതിയ ഫീച്ചറിനായുള്ള പരീക്ഷണ ഘട്ടത്തിലാണെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്തൃ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് എഐ വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രൊഫൈല്‍ ഫോട്ടോകളില്‍ എഐ ഫീച്ചര്‍ കൊണ്ടുവരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് പ്രൊഫൈല്‍ ഫോട്ടോകള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയും. ഉപയോക്താക്കള്‍ നല്‍കുന്ന വിവരണങ്ങളെ അടിസ്ഥാനമാക്കി പ്രൊഫൈല്‍ ഫോട്ടോ സൃഷ്ടിക്കാന്‍ എഐക്ക് കഴിയും. പുതിയ ഫീച്ചര്‍ ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കും. എഐ ജനറേറ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ ഫോട്ടോകള്‍ പങ്കിടുന്നത് ഒഴിവാക്കാനാകും. ഉപയോക്താക്കള്‍ യഥാര്‍ത്ഥ ചിത്രം പങ്കിടാതെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പങ്കിടുന്നത് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കുറയ്ക്കും. പ്രൊഫൈല്‍ ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ തടയുന്നതിനുള്ള ഫീച്ചര്‍ കൂടി ആകുമ്പോള്‍ വാട്‌സ്ആപ്പിന് കൂടുതല്‍ സ്വകാര്യത കൈവരും. എഐ പവര്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ജനറേറ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

https://dailynewslive.in/ അപ്പാനി ശരത്, ശ്വേത മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ജങ്കാര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഒരു ത്രില്ലര്‍ മൂഡ് തോന്നിപ്പിക്കുന്ന വിധമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. എം സി മൂവീസിന്റെ ബാനറില്‍ ബാബുരാജ് എം സി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും യുവതിയും അവിടെ അവര്‍ക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയമാകുന്നത്. പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രത്തിലേത്. സുധീര്‍ കരമന, അജ്മല്‍ സെയിന്‍, ബൈജു പി കലാവേദി, ഷീല ശ്രീധരന്‍, രേണു സൗന്ദര്‍, സ്നേ?ഹ, ആലിയ, അമിത മിഥുന്‍, ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീന്‍, രാജു, റാം, അനീഷ് കുമാര്‍, കുമാര്‍ തൃക്കരിപ്പൂര്‍, പ്രിയ കോട്ടയം, ഷജീര്‍ അഴീക്കോട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബി കെ ഹരി നാരായണന്‍, സുമേഷ് സദാനന്ദ്, റിതേഷ് മോഹന്‍ (ഹിന്ദി) എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ബിജിബാലാണ്.

https://dailynewslive.in/ ഇനി മലയാളത്തില്‍ ടര്‍ബോ കാലം. ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മലയാളികളെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിസല്‍റ്റ് പുറത്തുവന്നിരിക്കുകയാണ്. 6.2 കോടി രൂപയാണ് ചിത്രം ആദ്യ ദിവസത്തില്‍ വാരിയത്. ഇതോടെ ഈ വര്‍ഷം ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി ടര്‍ബോ മാറി. 6.2 കോടി രൂപയാണ് ചിത്രം ആദ്യ ദിവസത്തില്‍ വാരിയത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ റെക്കോര്‍ഡാണ് ടര്‍ബോ തകര്‍ത്തത്. 5.86 കോടിയായിരുന്നു വാലിബന്റെ ആദ്യ ദിന കളക്ഷന്‍. പൃഥ്വിരാജിന്റെ ആടുജീവിതം 5.83 കോടിയാണ് നേടിയത്. ആദ്യ ഷോയില്‍ത്തന്നെ വെടിക്കെട്ട് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായി. 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടി, തെലുങ്ക് നടന്‍ സുനില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

https://dailynewslive.in/ രാജ്യാന്തര വിപണിയില്‍ പുതിയ വൈദ്യുത കാര്‍ ‘ഇവി 3’ പുറത്തിറക്കി കിയ. കോംപാക്ട് ഇലക്ട്രിക് എസ്യുവി വിഭാഗത്തില്‍ പെടുന്ന ഇവി 3 കൊറിയയില്‍ ജൂലൈയിലാണ് പുറത്തിറക്കുക. വിവിധ രാജ്യങ്ങളില്‍ പല ഘട്ടങ്ങളായാണ് വാഹനം അവതരിപ്പിക്കുക. ഏഷ്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം എത്തുന്ന ഇവി3യുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് കിയ സൂചന നല്‍കിയിട്ടില്ല. പ്രതീക്ഷിക്കുന്ന വില 30,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) മുതല്‍ 50,000(ഏകദേശം 41 ലക്ഷം രൂപ) ഡോളര്‍ വരെ. ഉയര്‍ന്ന മോഡലിന് 81.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് കിയ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 560 കി.മീ റേഞ്ച് പ്രതീക്ഷിക്കാം. എല്‍ജി സൊല്യൂഷന്‍സിന്റെ എന്‍സിബി ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍എഫ്പി ബാറ്ററികള്‍ക്കു പകരം എന്‍സിബി ബാറ്ററികള്‍ ഉപയോഗിച്ചതു വഴി മികച്ച കരുത്തും കുറഞ്ഞ ചാര്‍ജിങ് സമയവും കൂടുതല്‍ റേഞ്ചും ലഭിക്കും. ആവശ്യത്തിലേറെ ചാര്‍ജുള്ളതിനാല്‍ ബാറ്ററിയില്‍ നിന്നും മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വി2എല്‍ (വെഹിക്കിള്‍ ടു ലോഡ്) സാങ്കേതികവിദ്യയും ഇവി3യിലുണ്ടാവും. വെറും 30 മിനുറ്റില്‍ ചാര്‍ജ് 10 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്താന്‍ കിയ ഇവി3ക്ക് സാധിക്കും.

https://dailynewslive.in/ മുന്‍കാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്‌നവല്‍ക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത് ശക്തികൊണ്ട് നിരാകരിക്കുന്ന അധികാരത്തിന്റെ ചരിത്രസങ്കല്പങ്ങളെ പലകോണുകളിലൂടെ വീക്ഷിക്കുന്ന പുസ്തകം. ചരിത്രം, മാനവികത, രാഷ്ട്രീയം: ചില സമകാലികസമസ്യകള്‍… വര്‍ഗ്ഗീയതയും ചരിത്രവും, ഗോവധം: ചരിത്രവീക്ഷണത്തില്‍… വേദങ്ങളുടെ ചരിത്ര പശ്ചാത്തലം, പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും തുടങ്ങി എട്ട് ചരിത്രപഠനങ്ങള്‍. ‘ഭൂതകാലത്തെ ആവേശിച്ച ഭൂതം’. കേശവന്‍ വെളുത്താട്ട്. ഡിസി ബുക്സ്. വില 198 രൂപ.

https://dailynewslive.in/ മദ്യോപഭോഗം അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുമൂടാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ആഹാരശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു അടുത്തിടെ പുറത്തിറക്കിയ 17 ഇന ഡയറ്ററി മാര്‍ഗനിര്‍ദേശത്തിലാണ് മദ്യപാനശീലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മദ്യത്തില്‍ അടങ്ങിയ ഈതൈല്‍ ആല്‍ക്കഹോള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു. ബിയറില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയും വൈനില്‍ എട്ടു മുതല്‍ 10 ശതമാനം വരെയും, ബ്രാന്‍ഡി, റം, വിസ്‌കി എന്നിവയില്‍ 30 മുതല്‍ 40 ശതമാനം വരെ എന്നിങ്ങനെയാണ് ഈതൈലിന്റെ അളവ്. മദ്യത്തിലൂടെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറില്‍ കൊഴുപ്പടിയുന്നതിനു കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആര്‍ വിശദീകരിക്കുന്നു. അമിതമദ്യപാനം വിശപ്പ് കുറയുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുക വഴി ആരോഗ്യ പ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആര്‍ പറയുന്നു. കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂട്ടും.ഹൃദയത്തിന്റെ പേശികള്‍ ക്ഷയിക്കുന്നതിനും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിനും ലിവര്‍ സിറോസിസിനും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകും. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണെന്നും ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.04, പൗണ്ട് – 105.43, യൂറോ – 89.86, സ്വിസ് ഫ്രാങ്ക് – 90.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 220.34, കുവൈത്ത് ദിനാര്‍ -270.47, ഒമാനി റിയാല്‍ – 215.79, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 60.48.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *