S2 yt cover

https://dailynewslive.in/ ജമ്മുവിലെ ഡോഡയില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. കാസ്തിഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് ഡോഡയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡിലെ അപ്പര്‍ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ജമ്മുവില്‍ പ്രതിഷേധിക്കും.

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു.

https://dailynewslive.in/ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മദ്രസയില്‍നിന്ന് പോയ കുട്ടികള്‍ക്ക് മുന്നിലേക്ക് മതിലിടിഞ്ഞ് വീണു. കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കണ്ണൂരില്‍ കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. മട്ടന്നൂരിന് സമീപം കൊട്ടാരം – പെരിയത്തില്‍ റോഡിലാണ് ആഡംബര കാര്‍ വെള്ളത്തില്‍ മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി. മട്ടന്നൂര്‍ – മണ്ണൂര്‍ പാതയിലെ നായിക്കാലിയില്‍ റോഡ് ഇടിഞ്ഞു പുഴയിലേക്ക് വീണു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറക്കാന്‍ കഴിയാതെ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയിലിറക്കി. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടര്‍പ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.

https://dailynewslive.in/ വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം വാടകവീട്ടില്‍ കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്ന് പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടില്‍ കുടുങ്ങിയത്. കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാതയതോടെയാണ് ജെസിബി കൊണ്ടുവന്നത്.

https://dailynewslive.in/ മഴക്കെടുതിയില്‍ ഇന്ന് ഒരാള്‍ മരിച്ചു. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിസ്‌ക് മണ്ഡികയാണ് മരിച്ചത്.

https://dailynewslive.in/ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള ഓര്‍മയില്‍ നിറഞ്ഞ് കേരളം. സംസ്ഥാനമെങ്ങും ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുമായാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം പുതുപ്പള്ളിയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

https://dailynewslive.in/ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ ജനനേതാവാണെന്നും ജീവിതകാലം മുഴുവന്‍ അചഞ്ചലമായ സമര്‍പ്പണത്തോടെ ജനങ്ങളെ സേവിച്ചുവെന്നും രാഹുല്‍ പറഞ്ഞു. എല്ലാ പദവികളും ജനങ്ങളെ സേവിക്കാന്‍ വിനിയോഗിച്ചുവെന്നും കാഴ്ചപ്പാടും അര്‍പ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും ഉമ്മന്‍ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തില്‍ ഒരിക്കലും മായാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അചഞ്ചലമായ അര്‍പ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുസ്മരിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മന്‍ ചാണ്ടിയുടെ സമര്‍പ്പണം ആഴത്തില്‍ സ്മരിക്കപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

https://dailynewslive.in/ ജനങ്ങളുടെ ആവശ്യകത മനസിലാക്കി പ്രവര്‍ത്തിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ശശി തരൂര്‍ എം.പി. ഉമ്മന്‍ചാണ്ടിയുടെ സ്മാരകത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ പാര്‍ട്ടി നേതാവായി കാണാതെ കേരളത്തിന് വേണ്ടി സേവനം ചെയ്ത കേരളപുത്രനായി കാണണമെന്നും തരൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

https://dailynewslive.in/ ജയിലില്‍ കിടന്നപ്പോള്‍ തന്നെ വിളിച്ചാശ്വസിപ്പിച്ച ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. കോടിയേരിയുടേയും ഉമ്മന്‍ചാണ്ടിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബമാണെന്നും ബിനീഷ് പറഞ്ഞു. ജനമനസ്സുകളില്‍ സ്വാധീനമുണ്ടാക്കിയ നേതാക്കന്‍മാരെ വിസ്മൃതിയിലേക്ക് തള്ളിവിടാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് കിട്ടിയ ആദരമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ കോട്ടയം പുതുപ്പള്ളിയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ് കോടിയേരി.

https://dailynewslive.in/ ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ലെന്ന് കെ മുരളീധരന്‍. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യേണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.എന്‍.പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്ക് എതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവില്‍ കെ. മുരളീധരനെതിരെ രൂക്ഷവിമര്‍ശനം നടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് ടി.എന്‍.പ്രതാപന്‍ പറഞ്ഞു. ക്യാമ്പ് എക്സിക്യൂട്ടീവിന്റെ ഒരു ചര്‍ച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമര്‍ശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികള്‍ അല്ലാത്ത പാര്‍ട്ടി ശത്രുക്കള്‍ മനപൂര്‍വ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകും വരെ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് ചാന്‍സലര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. സര്‍വകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

https://dailynewslive.in/ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ജോയ് മരിച്ച സംഭവത്തില്‍ റെയില്‍വേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം. ഏത് ദന്തഗോപുരത്തിലാണെങ്കിലും പൊലീസ് നടപടി തുടങ്ങിയാല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ താഴെ ഇറങ്ങുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയി.

https://dailynewslive.in/ തോട്ടപ്പള്ളിയില്‍ നിന്ന് സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താന്‍ നല്‍കിയ അനുമതിയുടെ മറവിലാണ് മണല്‍ കടത്ത്. എത്ര മണല്‍ ആര് കൊണ്ടുപോകുന്നുവെന്ന് ആര്‍ക്കും അറിയില്ല. 2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണല്‍ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎല്‍, ഐഐആര്‍ഇഎല്‍ എന്നിവര്‍ക്ക് അനുമതി നല്‍കിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വി മുരളീധരന്‍. മേയര്‍ക്ക് കമ്പം കാര്‍ ഓട്ടത്തിലാണെന്നും കെഎസ്ആര്‍ടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയറുടെ ഹോബിയെന്നും അദ്ദേഹം പറഞ്ഞു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന മേയര്‍, ബസ് ഡ്രൈവര്‍ കാണിച്ച ആക്ഷന്‍ കണ്ടു. പക്ഷേ കണ്‍മുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരന്‍ പരിഹസിച്ചു.

https://dailynewslive.in/ അട്ടപ്പാടിയിലെ പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയുടെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് തഹസീല്‍ദാര്‍. അക്കാരണത്താല്‍ ഭൂമി വിട്ടു നല്‍കാന്‍ കഴിയില്ലെന്നും, നഞ്ചിയമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് ആരോപണം.

https://dailynewslive.in/ നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. വിദേശത്തു നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് സ്വര്‍ണവുമായി പിടിയിലായത്. താക്കോലിന്റെ രൂപത്തിലും മറ്റുമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

https://dailynewslive.in/ മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകള്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകള്‍ വാങ്ങുവാനും യോഗത്തില്‍ ധാരണയായി. മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ നഗരസഭ വരുത്തിയ വീഴ്ച്ചയാണ് മലമ്പനിപോലുള്ള പകര്‍ച്ച വ്യാധിക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

https://dailynewslive.in/ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്‌കൂള്‍ ബസ് പൊലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പോയ അണ്‍ എയ്ഡഡ് സ്‌കൂളിന്റെ ബസ്സാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് കിലോമീറ്ററുകള്‍ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിട്ടു. ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്‌കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാല്‍ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിര്‍ദ്ദേശം ബസ് ഡ്രൈവര്‍ പാലിച്ചില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

https://dailynewslive.in/ എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മര്‍ദനമേറ്റത്. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോ ഡ്രൈവറാണ് സുബൈര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാര്‍ ഡ്രൈവറാണ് തന്നെ മര്‍ദിച്ചതെന്ന് സുബൈര്‍ പറഞ്ഞു.

https://dailynewslive.in/ നിക്ഷേപ തട്ടിപ്പ് കേസില്‍ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളില്‍ പൊലീസ് സംഘത്തിന്റെ പരിശോധന തുടരുകയാണ്.

https://dailynewslive.in/ ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികളെയാണ് കാണാതായത്.

https://dailynewslive.in/ വെള്ളച്ചാട്ടത്തില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ട്രാവല്‍ വ്ലോഗറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ മുംബൈ സ്വദേശിനി ആന്‍വി കാംദാറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.

https://dailynewslive.in/ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

https://dailynewslive.in/ മുസഫര്‍നഗറിലെ കന്‍വര്‍ യാത്രാവഴിയിലെ ഹോട്ടലുകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണം എന്ന യുപി പോലീസിന്റെ നിര്‍ദേശം വിവാദത്തിലായി. സമാധാനം തകര്‍ക്കാനുള്ള നടപടിയാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ താല്പര്യം എന്തെന്ന് കണ്ടെത്താന്‍ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്പോണ്‍സേഡ് മതഭ്രാന്തെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നായിരുന്നു യുപി പോലീസിന്റെ വിശദീകരണം.

https://dailynewslive.in/ അമേരിക്കയില്‍ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിയാറ്റില്‍ പൊലീസ് ഓഫീസറായ ഡാനിയല്‍ ഓഡററെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനാകെ അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് നടപടി.

https://dailynewslive.in/ മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കറുടെ അമ്മ അറസ്റ്റില്‍. കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് മനോരമ ഖേദ്കറെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. കര്‍ഷകര്‍ അന്ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ മകള്‍ വിവാദക്കുരുക്കില്‍ അകപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.

https://dailynewslive.in/ നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡോക്ടര്‍മാരുടെ മുറികള്‍ സീല്‍ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല.

https://dailynewslive.in/ ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്തെ 12 ജില്ലകളില്‍ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയില്‍ മരിച്ച അഞ്ച് വയസ്സുകാരിയിലും രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം.

https://dailynewslive.in/ മ്യൂച്വല്‍ഫണ്ടുകള്‍ക്കും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസിനും ഇടയില്‍ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി സെബി. ഇതിനായി വിദഗ്ധരില്‍ നിന്ന് സെബി നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇരു നിക്ഷേപങ്ങളുടേയും ഒരു സങ്കരം ആയിരിക്കും പുതിയ നിക്ഷേപമെന്നാണ് സൂചന. കുറഞ്ഞത് 10 ലക്ഷം രൂപയാണ് ഈ പദ്ധതിയില്‍ നിക്ഷേപ പരിധി ഉദ്ദേശിക്കുന്നത്. നിയന്ത്രിതമായ രീതിയില്‍ ഉയര്‍ന്ന റിസ്‌ക് എടുത്തുകൊണ്ട് ഉയര്‍ന്ന നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്ക് ഇതു വഴി സാധിക്കും. നിലവില്‍ മ്യൂച്വല്‍ഫണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. അതേ സമയം പി.എം.എസില്‍ ഇത് 50 ലക്ഷമാണ്. സാധാരണ നിക്ഷേപകര്‍ക്ക് ഇതിനിടയില്‍ നിക്ഷേപം നടത്തികൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ബ്രാന്‍ഡിംഗിലും പരസ്യങ്ങളിലും പരമ്പരാഗത മ്യൂച്വല്‍ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ നിക്ഷേപ പദ്ധതിയെ അവതരിപ്പിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരാശരി 10,000 കോടി രൂപയോ അതില്‍ കൂടുതലോ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ട് ഹൗസുകളെ പ്രത്യേക അനുമതി തേടാതെ തന്നെ ഇത്തരം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് അനുവദിക്കാനാണ് സെബി നിര്‍ദേശിക്കുന്നത്. 5,000 കോടി രൂപയുടെ ആസ്തിയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനികളെയും പരിഗണിച്ചേക്കും.ഹെഡ്ജിംഗ്, പോര്‍ട്ട്‌ഫോളിയോ റീബാലന്‍സിംഗ് എന്നിവ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി ഡെറിവേറ്റീവ് ഇടപാടുകളും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിച്ചേക്കും. സിസിറ്റമാറ്റിക് എന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ എന്നീ സൗകര്യങ്ങളും പദ്ധതിയില്‍ ഉണ്ടായേക്കും. നിലവില്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് ബാധകമായ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പുതിയ പദ്ധതിയില്‍ അനുവദിച്ചേക്കുമെന്നാണ് സൂചന.

https://dailynewslive.in/ എക്സില്‍ ഡിസ് ലൈക്ക് ബട്ടന്‍ അവതരിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‘ഡൗണ്‍വോട്ട്’ ഫീച്ചര്‍ യഥാര്‍ഥത്തില്‍ റെഡ്ഡിറ്റ് ശൈലിയിലുള്ള ഡൗണ്‍വോട്ട് ഐക്കണിന് പകരം ‘ഡിസ്ലൈക്ക്’ ബട്ടണിനോട് സാമ്യമുള്ളതാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ വരുന്നതോടെ എക്സ് പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും ഉപയോക്താക്കള്‍ക്ക് അറിയിക്കാന്‍ സാധിക്കും. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ ഡിസ് ലൈക് ബട്ടന്‍ കൊണ്ടുവരുമെന്ന് കേട്ടിരുന്നു. എന്നാല്‍ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടും അതുമാത്രം എത്തിയില്ല. ഹാര്‍ട്ട് ഷേപ്പിലുള്ളതാണ് നിലവില്‍ എക്സിലെ ലൈക്ക് ബട്ടന്‍. ഈ മാസം ആദ്യം ആരോണ്‍ പെരിസ് എന്നയാളാണ് എക്‌സിന്റെ ഐ.ഒ.എസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഡിസ് ലൈക്ക് ബട്ടന്‍ വരുമ്പോള്‍ ബ്രോക്കണ്‍ ഹാര്‍ട്ട് ബട്ടന്‍ വരുമെന്നാണ് ആരോണ്‍ പെരിസ് പറയുന്നത്. ഒരു പോസ്റ്റിനു താഴെ ഈ ബട്ടന്‍ അമര്‍ത്തുമ്പോള്‍, നിങ്ങള്‍ ഈ പോസ്റ്റ് ഡൗണ്‍വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കും. സ്ഥിരീകരണം നല്‍കുന്നതോടെ പോസ്റ്റിന് ഡൗണ്‍വോട്ട് ചെയ്യാം. അതേ സമയം കമന്റുകളില്‍ ഡൗണ്‍വോട്ടുകള്‍ കാണിക്കാനാണ് ആദ്യം ഈ ഫീച്ചര്‍ കൊണ്ടുവരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

https://dailynewslive.in/ രണ്ടാം വരവില്‍ തിയറ്റര്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ് ‘ദേവദൂതന്‍’. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 24 വര്‍ഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലാണ് പ്രഖ്യാപനം നടത്തിയത്. തിയറ്ററില്‍ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമാണ് ദേവദൂതന്‍. ഫോര്‍ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന്‍ പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോള്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും മഹേശ്വര്‍ ആയി വിനീതുമെത്തി. വിദ്യ സാഗര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

https://dailynewslive.in/ ‘ഗു’ എന്ന ഫാന്റസി ഹൊറര്‍ ചിത്രം റീ റിലീസിന്. നവാഗതനായ സംവിധായകന്‍ മനു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മെയ് 17ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂലൈ 18ന് വീണ്ടും തിയേറ്ററുകളിലെത്തും. മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പുരാതനമായൊരു തറവാടായ അരിമണ്ണ തറവാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഗുളികന്‍ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ മിന്ന എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഏറെ ദുരൂഹമായതും ഭയം ജനിപ്പിക്കുന്നതും അതോടൊപ്പം കൗതുകം പകരുന്നതുമായ ഒട്ടേറെ ദൃശ്യങ്ങളും സംഭവങ്ങളും ചിത്രത്തിലുണ്ട്. ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്‍ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

https://dailynewslive.in/ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സിനിമകളിലും മിനി സ്‌ക്രീനിലും താരമായ ചിപ്പി. സെലിബ്രിറ്റികളുടെ പ്രിയ വാഹനമായ ഡിഫന്‍ഡര്‍ 110 എച്ച്എസ്ഇ മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 1.40 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. ചിപ്പിയും ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്തും മകളും ചേര്‍ന്നാണ് പുതിയ വാഹനം സ്വീകരിക്കാന്‍ എത്തിയത്. കേരളത്തിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുതിയ വാഹനം. ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ് ഇവര്‍ തിരഞ്ഞെടുത്തത്. രണ്ടു ലീറ്റര്‍ പെട്രോള്‍ മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം. 292 ബിഎച്ച്പി കരുത്തുണ്ട് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ 7.4 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം 191 കിലോമീറ്ററാണ്. ഇതു കൂടാതെ 3.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍, 5.0 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തുന്നുണ്ട്. 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബിഎച്ച്പിയും പെട്രോള്‍ എന്‍ജിന്‍ 394 ബിഎച്ച്പി പവറും 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 518 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഡിഫന്‍ഡര്‍ 90, 110 എന്നീ വകഭേദങ്ങളില്‍ ഈ മോഡല്‍ എത്തുന്നുണ്ട്.

https://dailynewslive.in/ ഡല്‍ഹിയിലെ മാല്‍ച്ചയില്‍ പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിര്‍മിച്ചതാണ് മാല്‍ച്ച മഹല്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കിയപ്പോള്‍ ഈ മഹല്‍ ബ്രിട്ടീഷ് അധീനതയിലായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാരിന്റെ സംരക്ഷണത്തിലായ ഈ കെട്ടിടം 1976-ല്‍ ഔധ് രാജവംശത്തിലെ നവാബ് വാജിദ് അലി ഷായുടെ കൊച്ചുമകള്‍ ബീഗം വിലായത്ത് സര്‍ക്കാരുമായി നീണ്ടഒമ്പതു കൊല്ലത്തെ നിയമപോരാട്ടത്തിനുശേഷം സ്വന്തമാക്കി. ആഗ്രഹിച്ചതുപോലെ മഹല്‍ വിട്ടുകിട്ടിയിട്ടും ബീഗം ആത്മഹത്യ ചെയ്യുകയും മാല്‍ച്ച മഹല്‍ ഡല്‍ഹിയിലെ പ്രധാന ‘ഹോണ്ടഡ് സ്ഥല’ങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. ഇതിന്റെ കാരണങ്ങളിലന്വേഷിച്ചിറങ്ങിയ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ത്രിലോക് നാഥ് മഹലില്‍ നേരിടേണ്ടിവന്ന ഭീതിതമായ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന സസ്പെന്‍സ് പാരാനോര്‍മല്‍ ഇന്‍വേസ്റ്റിഗേറ്റീവ് ത്രില്ലര്‍. ‘തലാശ്’. ലിജിന്‍ ജോണ്‍. ഡിസി ബുക്സ്. വില 324 രൂപ.

https://dailynewslive.in/ ചില ഭക്ഷണങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് ആക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. അത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയാം. ഉത്കണ്ഠ മറികടക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ഓട്സ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ ഇവയില്‍ മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. സ്മൂത്തി രൂപത്തില്‍ തൈര് ബ്രേക്ക് ഫാസ്റ്റ് ആയി ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട. കുടല്‍-മസ്തിഷ്‌ക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് തൈര്. പ്രോബയോട്ടിക്സ് കഴിക്കുന്നത് ഉത്കണ്ഠ കുറച്ച് മാനസികാവസ്ഥ മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ പറയുന്നു. വിശപ്പടക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മുട്ട രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് തൃപ്തികരവും പോഷകസമൃദ്ധവുമായ ഒരു തുടക്കം നല്‍കും. മുട്ടയില്‍ അടങ്ങിയ പ്രോട്ടീന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയുള്ളവര്‍ക്ക് പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഏത്തപ്പഴം. ഫീല്‍-ഗുഡ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന സെറോടോണിന്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാനസികമായി ഊര്‍ജ്ജം നല്‍കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ അല്ലെങ്കില്‍ ഹെര്‍ബല്‍ ചായകള്‍ തലച്ചോറിനെ ഉണര്‍ത്തുന്നതിനൊപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ധാന്യങ്ങള്‍ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഇത് മാനസികാവസ്ഥ മെച്ചുപ്പെടുത്താന്‍ സഹായിക്കുന്നു. നട്‌സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിര്‍ണായകമാണ്. ഇത് ഉത്കണ്ഠ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുനത്തിനൊപ്പം വിശപ്പകറ്റാനും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.64, പൗണ്ട് – 108.71, യൂറോ – 91.46, സ്വിസ് ഫ്രാങ്ക് – 94.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.36, ബഹറിന്‍ ദിനാര്‍ – 221.92, കുവൈത്ത് ദിനാര്‍ -273.83, ഒമാനി റിയാല്‍ – 217.28, സൗദി റിയാല്‍ – 22.30, യു.എ.ഇ ദിര്‍ഹം – 22.77, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 61.18.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *