P11 yt cover

https://dailynewslive.in/ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. നാല്‍പ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983ല്‍ ഇന്ദിരാഗാന്ധിയാണ് ഓസ്ട്രിയ സന്ദര്‍ശിച്ച അവസാനത്തെ പ്രധാനമന്ത്രി. വിയന്നയില്‍ എത്തിയ മോദി, ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനെയും ചാന്‍സലര്‍ നെഹാമറെയും കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെയും മോദി അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നതിനും സഹകരണം തേടും. വിയന്നയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായും മോദി സംവദിക്കും.

https://dailynewslive.in/ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ 5 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം 3 ഗഡുവും വിതരണം ചെയ്യും. ക്ഷേമ ആനുകൂല്യങ്ങളിലും കുടിശിക ഉണ്ട്. സമയബന്ധിതമായി സര്‍ക്കാര്‍ കുടിശിക നിവാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും ചെലവ് ചുരുക്കലിന് അതിശക്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണമെന്നും കടുത്ത പണ ഞെരുക്കത്തിനിടയിലും സര്‍ക്കാര്‍ അവശ വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സര്‍ക്കാര്‍ തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുന്‍ഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണമെന്നും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും തിരുത്തലുകള്‍ വേണ്ട മേഖലകളിലൊക്കെ തിരുത്തല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് കെ കെ രമ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അവര്‍ പറഞ്ഞു. ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാര്‍ക്ക് ഒപ്പം സര്‍ക്കാര്‍ നില്‍ക്കുകയാണെന്നും കെ കെ രമ പറഞ്ഞു. എന്നാല്‍ പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കൂടാതെ കാലടി കോളേജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ ജോര്‍ജ് അറിയിച്ചു. സര്‍ക്കാരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളൂവെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് കാലത്ത് സൈബര്‍ ആക്രമണത്തിന്റെ ഇരയാണ് താന്‍ എന്നും വീണ ജോര്‍ജ് പറഞ്ഞു. ഇടത് നേതാക്കള്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് കോണ്‍ഗ്രസ് പിന്നീട് പദവി നല്‍കി. വടകരയില്‍ കെ കെ ഷൈലജക്ക് എതിരെ ആര്‍എംപി നേതാവ് പറഞ്ഞത് എന്താണെന്നും അവര്‍ ചോദിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

https://dailynewslive.in/ കെ കെ രമ അവതരിപ്പിച്ചത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പ്രമേയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു നിലപാടേ ഉണ്ടാകാവു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ തിയറ്റില്‍ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ മൊഴി കൊടുത്ത ജീവനക്കാരിയെ ഇടുക്കിയിലേക്കു സ്ഥലംമാറ്റിയ ആളാണ് ആരോഗ്യമന്ത്രിയെന്നും ഹൈക്കോടതി ഇടപെട്ട് ആ ജീവനക്കാരിയെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയമിച്ചെങ്കിലും ആ ഉത്തരവും വച്ച് ജീവനക്കാരിയെ ഏഴുദിവസം ആ വാതില്‍ക്കല്‍ ഇരുത്തിയ ആരോഗ്യമന്ത്രിയാണു ഞങ്ങളെ നിലപാട് പഠിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

https://dailynewslive.in/ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം അംഗവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന ചോദ്യത്തോടെ വിമര്‍ശനം തുടങ്ങിയ കടകംപള്ളി തികഞ്ഞ അഹങ്കാരത്തോടെ സഭയില്‍ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണെന്ന് കുറ്റപ്പെടുത്തി. സര്‍വജ്ഞ പീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. ശങ്കരാചാര്യര്‍ കഴിഞ്ഞാല്‍ താനാണെന്ന ഭാവത്തിലാണ് പ്രതിപക്ഷ നേതാവ് സഭയില്‍ പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. എന്നാല്‍ ധാര്‍ഷ്ട്യത്തിന് കയ്യും കാലും വയറും ഒക്കെ വെച്ചാല്‍ പ്രതിപക്ഷ നേതാവായെന്നും കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് എം വിന്‍സെന്റ് എംഎല്‍എ നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച് തിരുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിയത് ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാരാണെന്നും സഭയില്‍ മന്ത്രി വി.എന്‍ വാസവന്‍. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് എം വിന്‍സന്റ് എംഎല്‍എയുടെ പ്രതികരണത്തിനായിരുന്നു തുറമുഖ വകുപ്പ് മന്ത്രിയുടെ മറുപടി. മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞ വാദം മന്ത്രി സജി ചെറിയാനും സഭയില്‍ ശരിവെച്ചു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആദ്യം തീരുമാനിച്ചത് ഇകെ നായനാര്‍ സര്‍ക്കാരാണെന്നും ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്ക് കുറച്ചു കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

https://dailynewslive.in/ ജയവും തോല്‍വിയും ഇടകലര്‍ന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാനത്ത് പലയിടത്തും എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ചോര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളോട് ഒപ്പവും അവിശ്വാസികള്‍ക്കൊപ്പവും നില്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്. രണ്ടു കൂട്ടര്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ ഉണ്ട്. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആര്‍എസ്എസല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും ഇന്നല്ലെങ്കില്‍ നാളെ വിശ്വാസികളുടെ കൈയ്യില്‍ ആരാധനാലയങ്ങള്‍ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ കേരള സര്‍ക്കാര്‍ നടത്തിയ കേരളീയത്തിന്റെ ആദ്യ പരിപാടിക്ക് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരില്‍ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതോടൊപ്പം സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരും അത് നല്‍കിയവരുടെയും പട്ടികയില്‍ നികുതി കുടിശികയുള്ളവര്‍ ഉള്‍പ്പെട്ട കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കേരളീയത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം പരിപാടിക്ക് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ തേടി പിസി വിഷ്ണുനാഥ് എംഎല്‍എ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സര്‍വ്വകലാശാലയിലെ ഇടത് അധ്യാപക സംഘടന കളമശ്ശേരി പോലീസിന് പരാതി നല്‍കി. സിന്‍ഡിക്കേറ്റ് അംഗവും അധ്യാപകനും ഇടത് നേതാവുമായ പികെ ബേബിക്കെതിരെ നല്‍കിയ പരാതി വ്യാജമെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ടീച്ചര്‍ അസോസിയേഷന്‍ പറയുന്നു. ക്യാമ്പസില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള എസ്എഫ്ഐയുടെ ശ്രമമാണിതെന്നും പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെയും ഈ പരാതിയുടെ പേരില്‍ അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ച എസ്എഫ്ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

https://dailynewslive.in/ പി.എസ്.സി. കോഴ വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഭവത്തേക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ ജീര്‍ണ്ണിച്ച കെട്ടിടം വീഴാന്‍ സാധ്യതയുള്ളതിനാല്‍ കുഞ്ഞുങ്ങളെ അംഗന്‍വാടിയിലേക്ക് അയക്കരുതെന്ന അംഗനവാടി ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രശ്നത്തില്‍ ഇടപെട്ട് മന്ത്രി എം.ബി രാജേഷ്. അംഗനവാടിക്ക് സമീപത്തുളള പൊളിഞ്ഞു വീഴാറായ കെട്ടിടം നാളേയ്ക്കകം പൊളിച്ചു മാറ്റണമെന്ന് മന്ത്രി എം.ബി രാജേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ചാലിശ്ശേരിയില്‍ പെരുമണ്ണൂര്‍ ജി എല്‍ പി സ്‌കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികള്‍ക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്.

https://dailynewslive.in/ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റില്‍ ക്രമക്കേടെന്ന് ആരോപണം. 2018 ല്‍ സര്‍ക്കാര്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് വിതരണത്തിനെത്തിച്ചത്. വെളിച്ചെണ്ണയുടെ പാക്കറ്റില്‍ ബന്ധപ്പെടാന്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറും വ്യാജമായിരുന്നു. വെളിച്ചെണ്ണയില്‍ മായമുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ വിതരണക്കാര്‍ പ്രശ്നം പരിഹരിക്കുമെന്നും വെളിച്ചെണ്ണ മാറ്റി നല്‍കുമെന്നുമാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിശദീകരണം. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേര്‍ന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.

https://dailynewslive.in/ തേവര എസ് എച്ച് സ്‌കൂളിലേക്ക് കുട്ടികളെ കൂട്ടാന്‍ പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. കുണ്ടന്നൂരില്‍ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ ഉടന്‍ ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന്റെ മുന്‍ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. അപകട സമയത്ത് ഡ്രൈവറും ആയയും മാത്രമാണ് ബസില്‍ ഉണ്ടയിരുന്നത്.

https://dailynewslive.in/ കോട്ടയം നഗരസഭയുടെ കൈയ്യിലുള്ള പല സ്ഥലങ്ങള്‍ക്കും ഉടമസ്ഥ അവകാശം തെളിയിക്കുന്ന ഭൂരേഖകളില്ലെന്ന് റിപ്പോര്‍ട്ട്. സ്ഥിരമായി കരം അടയ്ക്കുന്നുണ്ടെങ്കിലും കൈവശ അവകാശ രേഖകളില്ലാത്തതിനാല്‍ പല വികസന പദ്ധതികളും നടപ്പായിട്ടില്ല. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന് നഗരസഭ 0.17 ഹെക്ടര്‍ ഭൂമി വിട്ട് നല്‍കിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി റെയില്‍വേ അഞ്ചര കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ മതിയായ രേഖകള്‍ ഹാജരാക്കാത്തത് കൊണ്ട് ഈ പണം ഇതുവരെ ലഭിച്ചിട്ടില്ല.

https://dailynewslive.in/ പാനൂര്‍ ബോംബ് സ്ഫോടന കേസിലെ നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. നാലാം പ്രതി സബിന്‍ ലാല്‍, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജില്‍, പതിനൊന്നാം പ്രതി അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ സായൂജിനും സബിന്‍ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. കാപ്പ ചുമത്തിയതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.

https://dailynewslive.in/ മലപ്പുറം വേങ്ങരയില്‍ നവവധുവിന് ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതല്‍ തന്നെ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ കേള്‍വി ശക്തി തകരാറിലായി. സംശയവും കൂടുതല്‍ സ്ത്രീധനം ചോദിച്ചുമായിരുന്നു മര്‍ദ്ദനം. മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

https://dailynewslive.in/ പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാത്രി ധോണി അരിമണിയില്‍ തത്തയുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം പിടി സെവന്‍ ഇറങ്ങിയ മേഖലയില്‍ തന്നെ വീണ്ടും കാട്ടാന ഇറങ്ങിയതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍.

https://dailynewslive.in/ മലയാറ്റൂരില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നതിന്റെ പേരില്‍ വ്യാപക പ്രതിഷേധവുമായി നാട്ടുകാര്‍. ഇല്ലിത്തോട് മേഖലയില്‍ കാട്ടാനക്കുട്ടി രാവിലെ പ്രദേശവാസിയുടെ വീട്ടിലെ കിണറ്റില്‍ വീണിരുന്നു. തുടര്‍ന്ന് അമ്മയാനയെത്തി കുട്ടിയാനയെ വലിച്ചുകയറ്റി, കാടുകയറിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയത്. ഡിഎഫ്ഒ തന്നെ നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

https://dailynewslive.in/ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായത് വിവാദത്തിലായി. പ്രത്യേക കോടതി പബ്ലിക് പ്രൊസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കലാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടു വൈദ്യനും വേണ്ടിയാണ് പ്രൊസിക്യൂട്ടര്‍ ഹാജരായത്. കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കുകയായിരുന്നു.

https://dailynewslive.in/ സമുദ്രാധിഷ്ഠിത വാണിജ്യമേഖലയില്‍ ഭാരതത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്. സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ല്‍ പൂര്‍ണസജ്ജമാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ഫെര്‍ണാഡോ ഇന്ന് വൈകിട്ട് വിഴിഞ്ഞത്ത് എത്തിച്ചേരും.

https://dailynewslive.in/ കൊങ്കണ്‍ പാതയിലെ വെള്ളക്കെട്ട് മൂലം മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിടാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടായതോടെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ മാറ്റിയത്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നല്‍കി. രാജ്യസഭയുടെ മുന്‍ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയെ അവഹേളിച്ചെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2014 ല്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യസഭ അധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്വ് എന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോള്‍ മോദി പറഞ്ഞിരുന്നു. അധ്യക്ഷനെതിരായ ആരോപണം സഭ ചട്ടങ്ങളുടെ ലംഘനമാണെന്നും മോദിക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതിയുടെ വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തെ ചോദ്യം ചെയ്ത മുസ്ലീം യുവാവിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സെക്ഷന്‍ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനല്‍ അപ്പീല്‍ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

https://dailynewslive.in/ പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതില്‍ കുപിതനായ മുന്‍ സൈനികന്‍ മകന് നേരെ വെടിയുതിര്‍ത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചിന്താമണി ഏരിയയില്‍ താമസിക്കുന്ന മുന്‍ സിആര്‍പിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റയാള്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്സേനയെ കബളിപ്പിച്ച സൈബര്‍ തട്ടിപ്പുകാര്‍, അദ്ദേഹത്തെ വീട്ടു തടങ്കലില്‍ വെച്ച് മണിക്കൂറുകളോളം കവിത ചൊല്ലിച്ചു. തട്ടിപ്പാണെന്ന് മനസിലായി വീട്ടിലുള്ള മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. ലക്നൗവില്‍ നിന്നുള്ള സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

https://dailynewslive.in/ തനിക്കു പാരിതോഷികമായി ലഭിച്ച അഞ്ച് കോടിയില്‍ നിന്ന് രണ്ടരക്കോടി കുറയ്ക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് ജയത്തോടെ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ ബി.സി.സി.ഐ. നല്‍കിയിരുന്നു. സ്‌ക്വാഡിലുള്‍പ്പെട്ട താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ചുകോടി രൂപ വീതവും സ്റ്റാഫിന് രണ്ടരക്കോടിയുമായാണ് ഇത് വീതിച്ചത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്ക് നല്‍കുന്ന രണ്ടരക്കോടിതന്നെ തനിക്കും മതിയെന്നാണ് രാഹുല്‍ ബി.സി.സി.ഐ.യോട് പറഞ്ഞത്. ഇത് ബി.സി.സി.ഐ. അംഗീകരിക്കുകയും ചെയ്തു.

https://dailynewslive.in/ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഫൈനലില്‍ കടന്നത്. 22-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും 51-ാം മിനിറ്റില്‍ ലിയോണല്‍ മെസിയും ഗോള്‍ നേടി. മത്സരത്തിന്റെ ഇരുപാതികളിലുമായിരുന്നു ഗോളുകള്‍. നാളെ പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ ഇവര്‍ നേരിടുക.

https://dailynewslive.in/ യൂറോ കപ്പിലെ രണ്ടാമത്തെ സെമി ഫൈനലില്‍ ഇന്ന് പുലര്‍ച്ചെ 12.30 ന് നെതര്‍ലണ്ട്‌സ് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. കോപ്പ അമേരിക്കയിലെ രണ്ടാമത്തെ സെമി ഫൈനലില്‍ നാളെ രാവിലെ 5.30 ന്് കൊളംബിയ ഉറുഗ്വായുമായി മാറ്റുരക്കും.

https://dailynewslive.in/ രാജ്യത്ത് ഡക്കാത്ത്ലണ്‍ മാതൃകയില്‍ സ്‌പോര്‍ട്‌സ് ഉതപ്ന്നങ്ങള്‍ക്കായുള്ള ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡിനു ശേഷം രാജ്യത്തെ കായിക വിപണി വലിയ വളര്‍ച്ചയാണ് നേടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 8,000-10,000 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കാന്‍ റിലയന്‍സ് റീറ്റെയ്ല്‍ ശ്രമങ്ങള്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009ല്‍ ഇന്ത്യന്‍ കായിക ഉത്പന്ന വിപണിയിലേക്ക് കടന്ന ഫ്രഞ്ച് ബ്രാന്‍ഡായ ഡക്കാത്ത്ലണ്‍ വളരെ പെട്ടെന്നാണ് മാര്‍ക്കറ്റ് പിടിച്ചത്. ഇതേ മോഡല്‍ പിന്തുടരാനാണ് റിലയന്‍സിന്റെ നീക്കം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3,955 കോടി രൂപയായിരുന്നു ഡക്കാത്ത്ലണിന്റെ വരുമാനം. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 2,936 കോടി രൂപയും 2,079 കോടി രൂപയും മാത്രമായിരുന്നു. ഓരോ വര്‍ഷവും 10 സ്റ്റോറുകള്‍ പുതുതായി തുറന്നു കൊണ്ടാണ് ഡക്കാത്ത്ലണ്‍ മുന്നേറുന്നത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റോറുകളുടെ വലിപ്പം നിശ്ചയിക്കുകയും ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള ഉത്പന്നങ്ങള്‍ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ കായിക ഉത്പന്ന ബാന്‍ഡുകളെല്ലാം തന്നെ നല്ല വളര്‍ച്ചയാണ് നേടുന്നത്. പ്യൂമ, അഡിഡാസ്, സ്‌കെച്ചേഴ്‌സ് എന്നിവ സംയുക്തമായി 2023 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 11,617 കോടി രൂപയുടെ വരുമാനമാണ്. രണ്ട് വര്‍ഷം മുമ്പ് ഇത് വെറും 5,022 കോടി രൂപയായിരുന്നു. ്റിലയന്‍സ് റീറ്റെയില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ മേഖലകളിലേക്ക് കടക്കുകയാണ്.

https://dailynewslive.in/ ചാനല്‍ പാക്കേജുകള്‍ക്ക് നിശ്ചയിച്ചിരുന്ന മേല്‍ത്തട്ട് പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കേബിള്‍ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത്രണമാണ് ഒഴിവാക്കിയത്. ഇനിമുതല്‍, വിപണിയിലെ സാഹചര്യമനുസരിച്ച് കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാം. ഇതോടെ ടിവി ചാനലുകള്‍ കാണാന്‍ ഉപഭോക്താക്കള്‍ക്ക് ചെലവേറും. നിലവില്‍ നികുതി കൂടാതെ 130 രൂപയ്ക്ക് 200 ചാനലുകള്‍ നല്‍കണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. നികുതി ഉള്‍പ്പെടെ 153 രൂപയ്ക്കായിരുന്നു ജനങ്ങള്‍ക്ക് 200 ചാനലുകള്‍ ലഭിച്ചിരുന്നത്. 200 ചാനലുകളില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 160 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എല്ലാ സൗജന്യ ചാനലുകള്‍ക്കും ഉപഭോക്താക്കള്‍ പ്രതിമാസം അടയ്ക്കേണ്ട പരമാവധി തുക 160 രൂപയായി നിജപ്പെടുത്തിയിരുന്നു. പുതിയ ദേഭഗതി 90 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കും ഇഷ്ടമുള്ള നിരക്ക് ജനങ്ങളില്‍ നിന്ന് ഈടാക്കാനാകും. നിരക്കുകള്‍ എത്ര ഉയര്‍ന്നതാണെങ്കിലും കമ്പനികള്‍ അത് പ്രസിദ്ധീകരിച്ചാല്‍ മാത്രം മതിയെന്ന് വിജ്ഞാപനം പറയുന്നു. പുതിയ താരിഫ് നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് ട്രായുടെ അവകാശവാദം.

https://dailynewslive.in/ സ്ഫടികത്തിന് ശേഷം മോഹന്‍ലാല്‍ നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് എത്തുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത് 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദൂതന്‍’ ആണ് ആ ചിത്രം. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം മിസ്റ്ററി ഹൊറര്‍ വിഭാഗത്തില്‍ പെട്ട ഒന്നാണ്. പ്രശസ്ത സംഗീത സംവിധായകന്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ഒന്നുമായിരുന്നു. വിദ്യാസാഗര്‍ ആയിരുന്നു സംഗീത സംവിധായകന്‍. ചിത്രത്തിലെ പാട്ടുകളൊക്കെ ഹിറ്റുകളായിരുന്നു. സന്തോഷ് തുണ്ടിയില്‍ ആയിരുന്നു ഛായാഗ്രാഹകന്‍. സിബി മലയിലിന്റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ദേവദൂതന്‍. വലിയ പരിശ്രമമാണ് ഈ ചിത്രത്തിനുവേണ്ടി അദ്ദേഹം നടത്തിയത്. 2000 ഡിസംബര്‍ 22 ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

https://dailynewslive.in/ ‘ഗോള്‍’ ഫെയിം രജിത്ത് സി ആര്‍, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ’ എന്ന സിനിമ ഓഗസ്റ്റ് 9 ന് പ്രദര്‍ശനത്തിനെത്തുന്നു. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ‘സിക്കാഡ’ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് എത്തുന്നത്. സിക്കാഡയുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്ത ഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവീന്‍ രാജ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ഷൈജിത്ത് കുമരന, ഗാനരചന വിവേക് മുഴക്കുന്ന്, കലാസംവിധാനം ഉണ്ണി എല്‍ദോ എന്നിവരാണ്.

https://dailynewslive.in/ യൂസഫലിയുടെ ഗള്‍ഫ്‌സ്ട്രീം 550 വിമാനം വില്‍പ്പനയ്ക്ക് വെച്ചു. സ്വകാര്യജെറ്റ് വിമാനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് ഏവിയേഷന്‍ കമ്പനിയാണ് വിമാനം വില്‍പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ലാണ് യൂസഫലി വിമാനം സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയായിരുന്നു വിമാനത്തിന്റെ വില. ലെഗസി 650 എന്ന വിമാനത്തിന് ശേഷമാണ് യൂസഫലി ഗള്‍ഫ്‌സ്ട്രീം 550 വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍. 16 യാത്രക്കാര്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യാം. ഇതുവരെ 3065.11 മണിക്കൂര്‍ വിമാനം പറന്നിട്ടുണ്ട്. റോള്‍സ് റോയ്‌സിന്റെ ബിആര്‍ 710സി4-11 എന്ന എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന ജി600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്. ടി7വൈഎംഎ എന്ന റജിസ്‌ട്രേഷനിലുള്ള വിമാനം ഗള്‍ഫ്‌സ്ട്രീം കമ്പനി നിര്‍മിച്ചിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കല്‍ മൈല്‍ വരെ വിമാനത്തിന് പറക്കാനാവും. വിമാനത്തില്‍ 19 പേര്‍ക്ക് വരെ സഞ്ചരിക്കാനാവും.

https://dailynewslive.in/ ഭാഷയുടെ സൗന്ദര്യപരമായ സാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പരത്തിപ്പറയുമ്പോഴല്ല, ധ്വനിപ്പിക്കുമ്പോഴാണ് കഥകള്‍ക്ക് സൗന്ദര്യമേറുന്നത് എന്നൊരു പാഠവും കഥാകാരി കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. കുട്ടികളിലെ മുതിര്‍ന്നവര്‍ക്കും മുതിര്‍ന്നവരിലെ കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു കഥാസമാഹാരമാണിത്. ‘തെയ്തെയ്മരം’. ഗ്രേസി. മാതൃഭൂമി. വില 127 രൂപ.

https://dailynewslive.in/ ആരോഗ്യകരമായ ശരീരത്തിന് മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ എയറോബിക് വ്യായാമ മുറകളോ, 75 മുതല്‍ 150 മിനിറ്റ് വരെ തീവ്രമായ വ്യായാമ മുറകളിലോ പരിശീലിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. അടുത്തിടെ പുറത്തുവിട്ട ലാന്‍സെറ്റ് പഠനത്തില്‍ ഇന്ത്യയിലെ പകുതിയോളം മുതിര്‍ന്ന ആളുകള്‍ ശാരീരികമായി സജീവമല്ലെന്ന് ചൂണ്ടികാണിച്ചിരുന്നു. ജനങ്ങള്‍ക്കിടയിലെ ഈ ശരീരിക നിഷ്‌ക്രിയത്വം ആരോഗ്യസംരക്ഷണ സംവിധനത്തിന് നേരെയുള്ള നിശബ്ദ ഭീഷണിയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹം, ഉയര്‍ന്നരക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യഅവസ്ഥകള്‍ക്ക് ഇത് കാരണമാകുന്നു. വ്യായാമത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ആഗോളതലത്തില്‍ ഏകദേശം 18 ലക്ഷത്തോളം ആളുകള്‍ ശരീരികമായി സജീവമല്ല. ഈ കണക്ക് ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് 49.9 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. വ്യായാമം ജീവിതശൈലിയുടെ ഭാ?ഗമാക്കുന്നതോടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ യോഗ, കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പതിവായി ചെയ്യുന്നതിലൂടെ പേശികളെയും എല്ലുകളെയും ബലമുള്ളതാക്കും. കൂടാതെ ഓസ്റ്റിയോപൊറോട്ടിക് തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. പതിവ് വ്യായാമം ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ പോലുള്ള സാംക്രമികേതര രോഗങ്ങളെ തടയുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ഭാരം കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭാവി വാര്‍ത്തെടുക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.48, പൗണ്ട് – 106.82, യൂറോ – 90.29, സ്വിസ് ഫ്രാങ്ക് – 93.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.25, ബഹറിന്‍ ദിനാര്‍ – 221.47, കുവൈത്ത് ദിനാര്‍ -272.74, ഒമാനി റിയാല്‍ – 216.86, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.20.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *