◾ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാനുള്ള അധികാരം വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനായിരുന്നുവെന്നും മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നും കോടതി വിമര്‍ശിച്ചു. ഇളവിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണു പ്രതികള്‍ സമര്‍പ്പിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കകം ജയിലിലടയ്ക്കണം. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബഞ്ച് വ്യക്തമാക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ ബില്‍ക്കിസ് ബാനുവും നേതാക്കളായ സുഭാഷിണി അലി, മഹുവ മൊയ്ത്രയും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17 ന് ഗുരുവായൂരില്‍ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വരവ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് സൗകര്യങ്ങള്‍, സുരക്ഷ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് പൊലീസിനോടു റിപ്പോര്‍ട്ട് തേടി. പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
◾സംസ്ഥാനത്തെ 5,024.535 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ട ഹൈറേഞ്ച് സര്‍ക്കിളിലാണ് കയ്യേറ്റങ്ങള്‍ കൂടുതല്‍. മൂന്നാര്‍ ഡിവിഷനിലാണ് കൂടുതല്‍ കയ്യേറ്റങ്ങളുള്ളത്, 1099.6538 ഹെക്ടര്‍. വനം വകുപ്പ് പുറത്തുവിട്ട 2021- 22 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഇടുക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ക്കെതിരേ സിപിഎം ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍ണറെ ആരും തടയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. ഹര്‍ത്താല്‍ പരിഹാസ്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു.
◾സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള യോഗം മെത്രാന്‍മാരുടെ സിനഡ് സഭാ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവച്ചതിനാലാണ് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്.
◾മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അറസ്റ്റു ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നു പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
◾മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ വേട്ടയാടലുകള്‍ക്കെതിരെ റോബിന്‍ ബസ് ഉടമ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. കോടതി ഗതാഗത സെക്രട്ടറിയോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസയച്ചു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ടുകളെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ . പി ജയരാജന്‍ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരകേസില്‍നിന്ന് കുറ്റമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി മൂന്നാഴ്ചത്തേക്കു മാറ്റിവച്ചു. ബന്ധുക്കളായ ആറു പേരെ കൊലപ്പെടുത്തിയെന്ന കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നുമാണ് ജോളിയുടെ വാദം.
◾ചെന്നൈയില്‍ നിന്ന് 11, 12 തീയതികളില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നാണ് ചെന്നൈ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്.
◾ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ ചെയര്‍പേഴ്സണായി പ്രമീള ശശിധരനെ വീണ്ടും തെരഞ്ഞെടുത്തു. 52 അംഗ ഭരണസമിതിയില്‍ 28 വോട്ടുകള്‍ പ്രമീള നേടി. യു.ഡി.എഫ് സ്ഥാനാര്‍ഥി മിനി ബാബുവിന് 17 വോട്ടും സി.പി.എം സ്ഥാനാര്‍ഥി ഉഷാ രാമചന്ദ്രന് ഏഴു വോട്ടും ലഭിച്ചു.
◾
◾കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് 85 ലക്ഷംരൂപ തട്ടിയ കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരേ 40 ലേറെ പേരുടെ പരാതി. എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വീട്ടമ്മമാര്‍ പ്രതിഷേധവുമായി എത്തിതോടെയാണ് രമ്യ ഷിയാസിനെതിരേ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായതെന്നു തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.
◾ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം ആണ് മരിച്ചത്. ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
◾സീലിങ് അടര്‍ന്നു വീണ തിരുവില്വാമലയിലെ കാട്ടുകുളത്തെ എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഒരു കോടി രൂപ അനുവദിച്ചു. കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്തും തുക വകയിരുത്തി.
◾എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു താമസിച്ച യുവതിക്ക് നേരെ ടൂറിസ്റ്റ് ഹോം ഉടമയുടെ ആക്രമണം. ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
◾തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ. വില്ലുപുരം, കുടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, ചെങ്കല്‍പേട്ട, പുതുച്ചേരി എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്. ചെന്നൈ അടക്കം 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
◾ദേശീയ വോട്ടേഴ്സ് ദിനമായ 24 ന് കന്നി വോട്ടര്‍മാര്‍ക്കായി ബിജെപി രാജ്യമാകെ അയ്യായിരം ഇടങ്ങളില്‍ ‘നവ് മത് ദാതാ സമ്മേളന്‍’ സംഘടിപ്പിക്കും. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും. ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വിളിച്ച യോഗത്തിലാണു തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിനു കന്നി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ സംഗമം ഒരുക്കുന്നത്. ദക്ഷിണേന്ത്യയില്‍ നവ് മത് ദാതാ സമ്മേളനത്തിന്റെ ഏകോപന ചുമതല അനില്‍ ആന്റണിക്കാണ്.
◾കേന്ദ്രമന്ത്രി സഞ്ചരിച്ച ബോട്ട് കായലില്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല സഞ്ചരിച്ച ബോട്ടാണ് ഒഡീഷയിലെ ചിലിക കായലില്‍ കുടുങ്ങിയത്. ബോട്ട് മല്‍സ്യബന്ധന വലയില്‍ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയതെന്നും വഴിതെറ്റിയതാണെന്നു പിന്നീടാണ് മനസിലായതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റൊരു ബോട്ട് എത്തിച്ചാണ് മന്ത്രി യാത്ര തുടര്‍ന്നത്. പുരി ജില്ലയിലെ സതാപദയിലേക്കു പോകുമ്പോഴായിരുന്നു ബോട്ട് കായലില്‍ വഴിയറിയാതെ വട്ടംകറങ്ങിയത്.
◾ഭോപ്പാലിലെ ശിശു സംരക്ഷണ കേന്ദ്രത്തിന് അംഗീകാരമില്ലെന്ന് ആരോപിച്ച് മലയാളിയായ ഫാ. അനില്‍ മാത്യു സിഎംഐയെ അറസ്റ്റു ചെയ്തു. സ്ഥാപനത്തിലെ 26 കുട്ടികളെ കാണാനില്ലെന്ന് ആരോപിച്ചു കേസെടുക്കാന്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും കുട്ടികള്‍ വീടുകളിലേക്കു പോയതിനാല്‍ അക്കാര്യത്തിനു കേസെടുത്തിരുന്നില്ല. ഇതിനു പിറകേയാണ് സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് ആരോപിച്ചു കേസെടുത്തത്.
◾ഹോംവര്‍ക്ക് ചെയ്യാത്തതിന് ഒരു ക്ലാസിലെ 50 കുട്ടികളെ ക്ലാസില്‍നിന്നും പുറത്താക്കിയ സ്‌കൂളിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷിച്ച് കോടതി. കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എന്‍ക്ലേവിലെ ബ്രിഗേഡ് സ്‌കൂളിനെയാണു ശിക്ഷിച്ചത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
◾കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട സിനിമാ താരം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകര്‍ മരിച്ചു. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മാലിദ്വീപിലെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അവിടേക്കുള്ള വിനോദയാത്രാ സംഘങ്ങളുടെ എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ് ഡോട്ട് കോം. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാര്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.
◾മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തില്‍ ഇന്ത്യ മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയത്തിലെത്തി തെറ്റു ചെയ്ത മന്ത്രിമാരെ സസ്പെന്‍ഡു ചെയ്തെന്ന് ഇന്ത്യയെ അറിയിച്ചു.
◾മാലിദ്വീപ് പ്രസിഡന്റ് ഇന്ന് ചൈനയില്‍. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന പര്യടനം. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് ചൈന വെളിപെടുത്തി.
◾ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയാകുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ പൊതുതെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിരുന്നു. 300 സീറ്റില്‍ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് ജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീനയ്ക്കു ഭൂരിപക്ഷം രണ്ടര ലക്ഷം വോട്ടാണ്. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
◾ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമറിന് ഗോള്‍ഡന്‍ ഗ്ലോബ്. അണുബോംബിന്റെ പിതാവ് ഓപ്പണ്‍ഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട് ബ്രൗണി ജൂനിയര്‍ മികച്ച സഹനടനായി. പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച സിനിമ (ഡ്രാമ) – ഓപ്പണ്‍ഹൈമര്‍
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്
മികച്ച സംവിധായകന്‍ – ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പണ്‍ഹൈമര്‍)
മികച്ച തിരക്കഥ -‘അനാട്ടമി ഓഫ് എ ഫാള്‍’ – ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി
മികച്ച നടന്‍ -കിലിയന്‍ മര്‍ഫി (‘ഓപ്പണ്‍ഹൈമര്‍’)
മികച്ച നടി – ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍ (‘കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍’)
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) – എമ്മ സ്റ്റോണ്‍ – പൂവര്‍ തിംഗ്സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) – പോള്‍ ജിയാമാറ്റി (‘ദ ഹോള്‍ഡോവര്‍സ്’)
◾സംസ്ഥാനത്ത് സ്വര്‍ണവില കാഴ്ചവയ്ക്കുന്നത് തുടര്‍ച്ചയായ ഇടിവ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന് 5,780 രൂപയിലേക്കും കുറഞ്ഞു. ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് താഴ്ന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 78 രൂപയിലാണ് ഇന്നും വ്യാപാരം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 2,045 ഡോളറായിരുന്ന രാജ്യാന്തര വില ഇന്ന് 2,036 ഡോളറിലേക്ക് താഴ്ന്നു.ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്ര ആദായനിരക്ക്) 4 ശതമാനത്തിന് മുകളിലെത്തിയതാണ് സ്വര്‍ണത്തെ അനാകര്‍ഷകമാക്കിയത്. കടപ്പത്ര ആദായനിരക്ക് മുകളിലേക്ക് കയറിയതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിടുകയായിരുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപകാലത്തൊന്നും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകളാണ് ബോണ്ടിന് തുണയായത്.
◾സ്പോര്‍ട്സ് പ്രേമികള്‍ക്കായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു. ‘സ്ട്രെസ് ഫ്രീ’ എന്നാണ് ഇതിന്റെ ശബ്ദാനുഭവത്തെ സോണി വിശേഷിപ്പിക്കുന്നത്. കാരണം സ്പീക്കര്‍ ചെവിയോടു അടുത്തുനില്‍ക്കുമെങ്കിലു ഇയര്‍കനാലിനെ സ്പര്‍ശിക്കാതെയാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ ശബ്ദമികവില്‍ കുറവൊന്നും വരില്ലത്രെ. സവിശേഷതകള്‍ പരിശോധിക്കാം. ഏകദേശം 33 ഗ്രാം മാത്രമുളള ഹെഡ്ഫോണ്‍ ചെവിയെ സ്പര്‍ശിക്കാതെ സ്ഥിതി ചെയ്യുന്നു. അതിനാല്‍ ചുറ്റുപാടുകളും ശ്രദ്ധിക്കാനാകും. ഫ്ലോട്ട് റണ്‍ ഹെഡ്‌ഫോണുകള്‍ തൊപ്പികളും സണ്‍ഗ്ലാസുകളും ഉള്‍പ്പെടെയുള്ള ആക്‌സസറികള്‍ ഉപയോഗിച്ചും പരീക്ഷിച്ചവയാണത്രെ. ഐപിഎക്സ്4 സ്പ്ലാഷ് പ്രൂഫ് റേറ്റിംഗ് ഉള്ളതിനാല്‍, വിയര്‍പ്പിന്റെയോ മഴയുടെയോ കേടുപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് വിഷമിക്കേണ്ടതില്ല. 10 മണിക്കൂര്‍ വരെ പ്ലേ ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സോണി റീട്ടെയില്‍ സ്റ്റോറുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഫ്ലോട്ട് റണ്‍ ലഭ്യമാകും.
◾ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ഇത്തവണ വെബ് സീരീസുമായാണ് കൃഷാന്ത് എത്തുന്നത്. ‘സംഭവവിവരണം നാലരസംഘം’എന്ന് പേരിട്ടി രിക്കുന്ന വെബ് സീരീസ് സോണി ലൈവിലൂടെയാണ് പുറത്തുവരുന്നത്. കൃഷാന്ത് തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഗ്യാങ്ങ്സ്റ്റര്‍ സംഘങ്ങളുടെ കഥയാണ് വെബ് സീരീസ് പ്രമേയമാക്കുന്നത്. ഇന്ദ്രന്‍സ്, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം, ശ്രീനാഥ് ബാബു, രാഹുല്‍ രാജഗോപാല്‍, ഷിന്‍സ് ഷാന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ഗീതി സംഗീത, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ, ഹക്കിം ഷാജഹാന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് വെബ് സീരീസില്‍ അണിനിരക്കുന്നത്. ജോമോന്‍ ജേക്കബ് നിര്‍മ്മിക്കുന്ന വെബ് സീരീസിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു പ്രഭാകര്‍ ആണ്. സൂരജ് സന്തോഷും വര്‍ക്കിയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘മുറ’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പോസ്റ്ററില്‍ തന്നെ തിരുവനന്തപുരം നഗര പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് എന്ന സൂചന നല്‍കുന്ന ദൃശ്യങ്ങളിലൂടെ നാലു യുവാക്കളെ പോസ്റ്ററില്‍ കാണിക്കുന്നുണ്ട്. വ്യത്യസ്തമാര്‍ന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ നിര്‍മാണ-വിതരണ കമ്പനിയായ എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾മെഴ്സിഡീസ് ബെന്‍സിന്റെ ആഡംബര എസ്യുവി സ്വന്തമാക്കി നടി ഇഷാ തല്‍വാര്‍. മുംബൈയിലെ മെഴ്സിഡീസ് ബെന്‍സ് വിതരണക്കാരായ ഓട്ടോഹാങ്ങറില്‍ നിന്നാണ് നടി ജിഎസ്സി എസ്യുവി ഗാരിജിലെത്തിച്ചത്. ജിഎസ്സിയുടെ ഏതു മോഡലാണ് എന്ന് വ്യക്തമല്ല. ഇഷ തല്‍വാര്‍ പുതിയ വാഹനം വാങ്ങുന്നിന്റെ ചിത്രങ്ങളും ഓട്ടോഹാങ്ങര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ടു ലീറ്റര്‍ പെട്രോള്‍, രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ജിഎല്‍സി വിപണിയിലുണ്ട്. ഇതിലേതാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. പെട്രോള്‍ മോഡലിന് 74.20 ലക്ഷം രൂപയും ഡീസല്‍ മോഡലിലിന് 75.20 ലക്ഷം രൂപയുമാണ് വില. രണ്ടു ലീറ്റര്‍ ഇന്‍ലൈന്‍ 4 ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ മോഡലിന് 255 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്റെ കരുത്ത് 194 ബിഎച്ച്പിയും ടോര്‍ക്ക് 440 എന്‍എമ്മുമാണ്.
◾മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെയും അതീത യാഥാര്‍ഥ്യങ്ങളുടെയും നൂലിഴകള്‍ പാകി നെയ്‌തെടുത്തചാരുതയാര്‍ന്ന ഒരു ത്രില്ലറാണ് ‘അല്‍ക്ക.’ അല്‍ക്ക എന്ന പെണ്‍കുട്ടിയുടെ അന്വേഷണങ്ങളിലൂടെ ജന്മാന്തരങ്ങള്‍ നീളുന്ന ഒരു കൊലപാതകത്തിന്റെ ഗൂഢ രഹസ്യങ്ങള്‍ അനാവരണംചെയ്യ പ്പെടുന്ന ഈ നോവല്‍, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, വായിച്ചുതീര്‍ക്കാതെ പുസ്തകം മടക്കിവയ്ക്കാനാവില്ല എന്ന നിലയില്‍ തളച്ചിടുന്നു. ആഖ്യാനമികവും ലളിതവായനയുടെ രസനീയതയും പ്രദര്‍ശിപ്പിക്കുന്ന സീമ ജവഹറിന്റെ ‘അല്‍ക്ക’ മലയാളത്തിലെ ത്രില്ലര്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാകുന്നുണ്ട്. ‘അല്‍ക്ക’. സീമ ജവഹര്‍. എച്ആന്‍ഡ്സി ബുക്സ്. വില 237 രൂപ.
◾എള്ള് നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന നവധാന്യങ്ങളില്‍ ഒന്നാണ്. തണുപ്പുകാലത്താണ് എള്ള് കൂടുതലായി കഴിക്കുന്നത്. കാരണം ഇത് ശരീരത്തിന് ചൂട് നല്‍കുന്നു. മഞ്ഞുകാലത്ത് ആളുകള്‍ എള്ള് ലഡ്ഡു, ഹല്‍വ തുടങ്ങിയവ ഉണ്ടാക്കി കഴിക്കും. കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, സോഡിയം തുടങ്ങി പല തരത്തിലുള്ള പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ നിര്‍ബന്ധമായും എള്ള് കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്‍കുന്നു. എള്ളില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ എല്ലിന്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ഇത് കഴിക്കുന്നത് ശരീരത്തിലെ ക്ഷീണവും ബലഹീനതയും അകറ്റുന്നു. ക്രമരഹിതമായ ആര്‍ത്തവത്തിന്റെ പ്രശ്നം പല സ്ത്രീകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മോശം ജീവിതശൈലിയാണ്. എള്ള് കഴിയ്ക്കുന്നതിലൂടെ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാം. എള്ളില്‍ ഫാറ്റി ആസിഡുകള്‍ കാണപ്പെടുന്നു. അതിനാല്‍ ഇത് ആര്‍ത്തവത്തെ ക്രമപ്പെടുത്തുന്നു. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന എള്ളില്‍ വിറ്റാമിന്‍ സി കാണപ്പെടുന്നു. പല തരത്തിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും എള്ളില്‍ കാണപ്പെടുന്നു. ഇതുമൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. എള്ളെണ്ണ ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും. അതിന്റെ സഹായത്തോടെ, ചര്‍മ്മത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ശരീരത്തില്‍ ഊര്‍ജം കുറയുന്നതായി കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, എള്ള് ദിവസവും കഴിക്കുന്നത് ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒമേഗ-3 എള്ളില്‍ കാണപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.08, പൗണ്ട് – 105.58, യൂറോ – 90.94, സ്വിസ് ഫ്രാങ്ക് – 97.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.70, ബഹറിന്‍ ദിനാര്‍ – 220.44, കുവൈത്ത് ദിനാര്‍ -270.22, ഒമാനി റിയാല്‍ – 215.84, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 62.12.