p8 yt cover 1

സംസ്ഥാനത്തെ നദികളില്‍നിന്ന് മണല്‍ വാരാന്‍ അനുമതി. മാര്‍ച്ച് മാസം മുതല്‍ അനുമതി നല്‍കാന്‍ റവന്യു സെക്രട്ടേറിയറ്റാണ് തീരുമാനിച്ചത്. പത്തു വര്‍ഷം മുമ്പ് മണല്‍ വാരല്‍ നിരോധിച്ചതുമൂലം നദികളില്‍ മണല്‍ നിറഞ്ഞ് നീരൊഴുക്കു തടസപ്പെട്ട നിലയിലാണ്. 17 നദികളില്‍ നിന്ന് മണല്‍ നീക്കിയില്ലെങ്കില്‍ അപകടമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ലോക്സഭാ സീറ്റില്‍ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ വെട്ടാന്‍ കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫിനെ ഇറക്കാന്‍ യുഡിഎഫ്. കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍നിന്നു മാറി കോട്ടയത്ത് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരിക്കേയാണ് കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് ഗ്രൂപ്പ് മരുമകന്‍ ജോസഫിനെ കളത്തിലിറക്കുന്നത്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് എം പി ജോസഫ്. ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്തേക്കു മാറ്റുന്നതു ഗുണമാകില്ലെന്നു കരുതുന്നവര്‍ എല്‍ഡിഎഫില്‍ തന്നെയുണ്ട്.

ന്യൂഡല്‍ഹി കര്‍ത്തവ്യപഥില്‍ വിവിധ സേനാവിഭാഗങ്ങള്‍ വനിതാ ശക്തി പ്രകടമാക്കിയ പ്രൗഡഗംഭീരമായ പരേഡുകളോടെ രാജ്യം എഴുപത്തഞ്ചാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കര്‍ത്തവ്യപഥില്‍ സന്നിഹിതരായിരുന്നു. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. പരഡില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും വനിതകളാണ്. 90 അംഗ ഫ്രഞ്ചു സേനയും പരേഡില്‍ പങ്കെടുത്തു. യുദ്ധവിമാനങ്ങളും മിസൈലുകളും സാംസ്‌കാരിക തനിമ വിളംബരം ചെയ്യുന്ന 26 ഫ്ളോട്ടുകളും പരേഡിനു പിറകേ നിരന്നു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. നിയമസഭയില്‍ മുഖ്യമന്ത്രിയെ ഗൗനിക്കാതിരുന്ന ഗവര്‍ണര്‍ റിപ്പബ്ലിക് ദിനാഘോഷ വേദിയില്‍ മുഖ്യമന്ത്രിക്കു നേരെ കൈകൂപ്പിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യഭിവാദ്യം ചെയ്യാതെ പരുഷമായി നോക്കിയാണു പ്രതികരിച്ചത്. വിവിധ ജില്ലകളില്‍ റിപ്പബ്ലിക് ദിന പരിപാടികളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരേ കുത്തുവാക്കുകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ളിക് ദിന പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര നാളെ കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. ‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ഫെബ്രുവരി 12 നു തിരുവനന്തപുരത്ത് എത്തുന്ന യാത്ര ഫെബ്രുവരി 27 ന് പാലക്കാടാണ് സമാപിക്കുക.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഒഴികെ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും മത്സരിക്കുമെന്നു കെ.മുരളീധരന്‍. വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധിയാണ് മത്സരിക്കുക. ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണ്. അവരെ തളര്‍ത്തേണ്ടതില്ല. വടകരയില്‍ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ 21 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. കെഎസ്യു, ഫ്രറ്റേണിറ്റി, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞ 15 മുതല്‍ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് എട്ടു കേസെടുത്തിട്ടുണ്ട്.

സ്വത്തു തര്‍ക്കം തീര്‍ക്കാന്‍ വിളിപ്പിച്ചതനുസരിച്ച് എത്തിയ കുടുംബാംഗങ്ങളായ വനിതകള്‍ പോലീസ് സ്റ്റേഷനില്‍ കൂട്ടത്തല്ലു നടത്തി. താമരശേരി പൊലീസ് സ്റ്റേഷനിലാണു സംഭവം. സ്റ്റേഷനിലെത്തിയ രണ്ടു സ്ത്രീകള്‍ തമ്മിലാണ് അടിപിടിയുണ്ടാക്കിയത്. വൈത്തിരി പനച്ചിക്കല്‍ ഹൗസില്‍ മൊയ്തീന്റെ ഭാര്യ കെ.സി. ഹാജറ (50), അടിവാരം വേളാട്ടുകുഴി ഹൗസില്‍ അബൂബക്കറിന്റെ ഭാര്യ നസീറ (36) എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനു വേണ്ടത്ര ഫണ്ട് പിരിച്ചു കൊടുത്തില്ലെന്ന് ആരോപിച്ച് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ പിരിച്ചു വിട്ടത്.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐ നേതാവ് വിഎസ് പ്രിന്‍സിനെ തെരഞ്ഞെടുത്തു. 28 വോട്ടില്‍ 24 ഉം വിഎസ് പ്രിന്‍സ് നേടി. ആമ്പല്ലൂര്‍ ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് പ്രിന്‍സ്.

ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത് വൈകിയതിനു പ്രതിഷേധിച്ച ഇടുക്കിയിലെ മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന് തറക്കല്ലിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് തറക്കല്ലിട്ടത്. മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സിപിഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബൈക്കപകടത്തില്‍ മരിച്ച വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന് സഹപ്രവര്‍ത്തകരും സേനാ വിഭാഗങ്ങളും നാട്ടുകാരും വികാരനിര്‍ഭരമായ അന്ത്യോപചാരമര്‍പ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കോളനിയില്‍ ആരോഗ്യത്തിന്റെയും പൊന്നമ്മയുടെയും മകനും കോസ്റ്റല്‍ വാര്‍ഡനുമായ ഡയോണി (25 )നാണ് നാട്ടുകാരും സഹപ്രവര്‍ത്തകരുമടങ്ങുന്ന വന്‍ ജനാവലി വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കിയത്.

ആലപ്പുഴയില്‍ കളക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റു ഗുരുതരാവസ്ഥയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ രഞ്ജിത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. രണ്ട് മാസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വായ്പയെടുത്ത് മേഘ തുടങ്ങിയ സംരംഭത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു.

മണ്ണാര്‍ക്കാട് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനെന്ന പേരില്‍ 20 കോടിയോളം രൂപ സമാഹരിച്ച് ഉടമകള്‍ മുങ്ങിയെന്ന് നിക്ഷേപകരുടെ പരാതി. സിവിആര്‍ ആശുപത്രി ഉടമകള്‍ക്കെതിരെയാണ് അമ്പതിലേറെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.

പാവറട്ടി പോലീസ് എസ്ഐ 56 കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് എസ്.ഐ ജോഷിക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.

ഇടുക്കി ബി എല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വെള്ളക്കല്ലില്‍ സൗന്ദര്‍രാജ് (68) മരിച്ചു. തിങ്കളാഴ്ച പകല്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് സൗന്ദര്‍രാജിനെ കാട്ടാന ആക്രമിച്ചത്.

തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറുണ്ടെന്നു പൊലീസ് പറയുന്നു.

കാസര്‍കോട് കളക്കരയില്‍ പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവര്‍ കൊട്ടോടി കള്ളാര്‍ സ്വദേശി ജിജോ ജോസഫ് (29) മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോര്‍വെല്‍ ലോറി വീഴുകയായിരുന്നു.

ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മാനസികാരോഗ്യ വിദഗ്ധന് ഒരു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.

ബിഹാറില്‍ രാഷ്ട്രീയ നാടകം ക്ലൈമാക്സിലേക്ക്. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി നാളെ ശുപാര്‍ശ ചെയ്തേക്കും. നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്നാണു വിവരം.

സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മമതയുമായി സംസാരിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മമതയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വീട്ടുജോലിക്കാരിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡിഎംകെ എംഎല്‍എയുടെ മകനും മരുകളും അറസ്റ്റിലായി. ആന്റോ മണിവാണന്‍, ഭാര്യ മെര്‍ലിന്‍ എന്നിവരെ ആന്ധ്രയില്‍നിന്നാണ് പിടികൂടിയത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ 246 റണ്‍സിനെതിരെ ഇന്ത്യക്ക് ലീഡ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യ അവസാന വിവരം ലഭിക്കുമ്പോള്‍ 322 ന് 5 എന്ന നിലയിലാണ്. യശസ്വി ജയ്സ്വാള്‍ 80 ഉം കെഎല്‍ രാഹുല്‍ 86 ഉം റണ്‍സെടുത്ത് പുറത്തായി.

നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. ഇറ്റാലിയന്‍ താരം യാനിക് സിന്നറാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിനെ സെമി ഫൈനലില്‍ തോല്‍പിച്ചത്. ഇതോടെ 25-ാം ഗ്രാന്‍ഡ് സ്ലാം എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ജോക്കോവിച്ചിന് നഷ്ടമായത്.

കാലാവധി പൂര്‍ത്തിയായാല്‍ പ്രീമിയം തിരികെ ലഭിക്കുന്ന പ്രത്യേക പ്ലാനുകള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നിങ്ങനെ രണ്ട് പദ്ധതികള്‍ക്കാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കമിട്ടിരിക്കുന്നത്. പോളിസി ഉടമയ്ക്ക് ആകസ്മിക വിയോഗം ഉണ്ടാവുകയാണെങ്കില്‍ ഒറ്റത്തവണ തുകയും, കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമകള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും ലഭിക്കുന്നതാണ്. ആകസ്മിക വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 7, 10, 15 വര്‍ഷം വരെയുള്ള പ്രീമിയം അടവ് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനോടൊപ്പം 10 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയുള്ള പോളിസി കാലാവധിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളുടെയും ഏറ്റവും കുറഞ്ഞ പരിരക്ഷ 25 ലക്ഷം രൂപയാണ്. സരള്‍ സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിരക്ഷ 50 രൂപയും, സ്മാര്‍ട്ട് സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിധിയും നിശ്ചയിച്ചിട്ടില്ല. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, താങ്ങാനാകുന്ന പ്രീമിയം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍.

അനാവശ്യ ഇമെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയൊരു ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ മൊബൈല്‍, വെബ് പതിപ്പുകളില്‍ ഈ സേവനം ലഭ്യമാകും. അനാവശ്യ ഇമെയിലുകള്‍ എളുപ്പം നീക്കം ചെയ്യാന്‍ വെബിലെ ത്രഡ് ലിസ്റ്റിലെ ഹോവര്‍ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന അണ്‍സബ്സ്‌ക്രൈബ് ബട്ടണ്‍ ആക്റ്റീവ് ചെയ്താല്‍ മതിയാകും. അണ്‍സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ഇമെയില്‍ വിലാസത്തില്‍ നിന്നും ഉപഭോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയില്‍ ലഭിച്ച വ്യക്തിക്ക് ഒരു റിക്വസ്റ്റ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനാവശ്യ മെയിലുകള്‍ വരുന്നത് നിയന്ത്രിക്കപ്പെടുക. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. അതേസമയം, രണ്ട് വര്‍ഷത്തിലധികം ലോഗിന്‍ ചെയ്യാത്തതോ, ഉപയോഗിക്കാത്തതോയ ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ചിത്രത്തിലെ ഗാനം എത്തി. സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഫനാ എന്നാരംഭിക്കുന്ന ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ ആണ് എത്തുന്നത്. മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തിലാണ് മലയാളത്തില്‍ സണ്ണി ലിയോണ്‍ മുന്‍പ് അഭിനയിച്ചിട്ടുള്ളത്. റക്വീബ് ആലത്തിന്റെ വരികള്‍ക്ക് സാജന്‍ മാധവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സയനോര ഫിലിപ്പ് പാടിയിരിക്കുന്നു. സൂരജ് സണ്‍ നായകനാവുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ശ്രാവണ, മരിയ പ്രിന്‍സ്, ദിനേഷ് പണിക്കര്‍, അനില്‍ ആന്റോ, സീമ ജി നായര്‍, മായ മേനോന്‍, അങ്കിത് മാധവന്‍, ഹരിത് സിഎന്‍വി, ശിവരാജ്, സിദ്ധാര്‍ഥി, ജുനൈറ്റ് അലക്സ് ജോര്‍ഡി, അമല്‍ കെ ഉദയ്, വിഷ്ണു വിദ്യാധരന്‍, രാജേഷ് കുറുമാലി, ആനന്ദ് വാല്‍, വിജയ് ഷെട്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈഡ്രോഎയര്‍ ടെക്ടോണിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. വിജയ് ശങ്കര്‍ മേനോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥയും അദ്ദേഹത്തിന്റേത് തന്നെ.

ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന ‘വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ആയി. ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, ഭഗത് മാനുവല്‍, സിനില്‍ സൈനുദ്ദീന്‍, കലാഭവന്‍ ഹനീഫ്, റെജു ശിവദാസ്, കണ്ണന്‍, റോഷന്‍ ചന്ദ്ര, വനിത കൃഷ്ണചന്ദ്രന്‍, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. മാക്ട്രോ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ലജു മാത്യു ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജുന്‍ അക്കോട്ട് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍ യുബിഎ ഫിലിംസ്, റെയ്ന്‍ എന്‍ ഷൈന്‍ എന്റര്‍ടെയ്ന്‍മെന്റസ്. സിമയോണ്‍, പ്രവീണ്‍ ഭാരതി, ടുട്ടു ടോണി ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് സംഗീതം പകരുന്നു.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ 2024 ജനുവരി 29-ന് സി3 എയര്‍ക്രോസ് മിഡ്-സൈസ് എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ ഓട്ടോമാറ്റിക് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പിലോ 25,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് രണ്ട് വേരിയന്റുകളില്‍ ലഭിക്കും. മാക്സ്, പ്ലസ് എന്നിവ. ഫീച്ചറുകളുടെ കാര്യത്തില്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, സെന്‍സറുകളുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിംഗ്, റിയര്‍ വൈപ്പര്‍, വാഷര്‍ തുടങ്ങിയവ 7 സീറ്റര്‍ എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സിട്രോണ്‍ സി3 എയര്‍ക്രോസിന് കരുത്ത് പകരുന്നത്. ഇത് മാനുവല്‍ ഗിയര്‍ സെലക്ടര്‍ മോഡിനൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിക്കും. 109 ബിഎച്ച്പിയും 205 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നതിനാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

സ്വര്‍ഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വര്‍ഷങ്ങള്‍ നില്‍ക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികള്‍ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കില്‍ കഞ്ചാവ് നിങ്ങള്‍ക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങള്‍ കീഴ്‌പ്പെടും. ‘കഞ്ചാവ്’. ലിജീഷ് കുമാര്‍. ഡിസി ബുക്സ്. വില 198 രൂപ.

സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം അഥവാ ഓവേറിയന്‍ കാന്‍സര്‍. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സറുകളില്‍ ഒന്നാണ് ഇത്. യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023-ല്‍ അണ്ഡാശയ അര്‍ബുദ ബാധിതരുടെ എണ്ണം 19,710 ആയി. 13,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാരംഭ ഘട്ടത്തില്‍ തന്നെ പലരും തിരിച്ചറിയാതെ പോകുന്നു. വയറുവേദന, പെല്‍വിക് വേദന, വയറിലെ അസ്വസ്ഥത, മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവയാണ് അണ്ഡാശയ അര്‍ബുദത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളായാണ് വിദഗ്ധര്‍ പറയുന്നത്. അണ്ഡാശയ അര്‍ബുദം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍ മാത്രമാണ് പ്രശ്‌നത്തെ ചികിത്സിക്കാനുള്ള ഏക മാര്‍ഗം. അണ്ഡാശയ കാന്‍സര്‍ ചികിത്സയില്‍ സാധാരണയായി ശസ്ത്രക്രിയ, കീമോതെറാപ്പി, ചിലപ്പോള്‍ റേഡിയേഷന്‍ തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു. അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും പതിവ് പരിശോധനകളും സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും നിര്‍ണായകമാണ്. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി അണ്ഡാശയം, സ്തനങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയമാകുന്നവരിലും അണ്ഡാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി. പുകവലിയും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *