s9 yt cover

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അദാനിക്കെതിരേ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും മാധ്യമ റിപ്പോര്‍ട്ടുകളും തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍ നഗരം. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഉച്ചവരെ വിജനമായിരുന്ന നഗരത്തിലേക്ക് ഉച്ചയോടെ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളവരുടെ പ്രവാഹം. റോഡ് ഷോ നടക്കുന്ന റോഡിന് ഇരുവശത്തും ജനങ്ങള്‍ തിങ്ങിക്കൂടി. എന്നാല്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന സമ്മേളന നഗരി ഉച്ചവരെ നിറഞ്ഞിട്ടില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയിലേക്കു വിളിച്ചു വരുത്താവൂവെന്നു സുപ്രീം കോടതി. തെളിവു ശേഖരണത്തിനോ കേസിന്റെ തുടര്‍ നടപടികള്‍ക്കോ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓണ്‍ലൈനായി ഹാജരാകണം. ഉദ്യോഗസ്ഥരുടെ വസ്ത്രം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോടതി പരാമര്‍ശം നടത്തരുത്. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ പങ്കെടുത്തു. ഉച്ചയ്ക്കു നടന്ന മാസ്‌ക്കറ്റ് ഹോട്ടലിലെ വിരുന്നിലേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. വിരുന്ന് യുഡിഎഫ് ബഹിഷ്‌കരിച്ചു. പി.വി. അബ്ദുള്‍ വഹാബ് മാത്രമാണു പങ്കെടുത്തത്. സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയ സാഹചര്യത്തിലാണ് എല്ലാം ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന കര്‍ദിനാള്‍ പങ്കെടുത്തത്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 21 വയസിനു ശേഷവും സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. നിലവിലെ നിയമമനുസരിച്ച് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് 21 വയസു വരെയാണു കുട്ടികള്‍ എന്ന പദവിയും ആനുകൂല്യങ്ങളും. എന്നാല്‍ 21 വയസിനു ശേഷം ഇവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കള്‍ക്ക് അതിനു കഴിയില്ല. ഇതിനായി പ്രത്യേക പദ്ധതി വേണമെന്നാണ് മലയാളിയായ കെആര്‍എസ് മേനോന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം മുഖ്യമന്ത്രിയെ കണ്ടത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂര്‍ നഗരത്തിലെ റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. കടകള്‍ തുറക്കാന്‍ അനുവദിക്കാതേയും ഗതാഗതം നിരോധിച്ചും വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയും തൃശൂര്‍ നഗരത്തെ പോലീസ് വിജനമാക്കിയിരുന്നു. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ ഇറങ്ങുന്ന മോദി കാര്‍ മാര്‍ഗം തൃശൂരിലെത്തും. കോളജ് റോഡ് മുതല്‍ സ്വരാജ് റൗണ്ടിലൂടെ റോഡ് ഷോ നടത്തും. തേക്കിന്‍കാട് മൈതാനിയില്‍ നായ്ക്കനാലിലെ സമ്മേളന നഗരയിലാണ് മോദി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ശബരിമലയില്‍ അരവണ വിതരണത്തില്‍ പ്രതിസന്ധി. കണ്ടെയ്നര്‍ ക്ഷാമം കാരണം ഒരാള്‍ക്ക് അഞ്ച് ടിന്‍ അരവണയാണ് നല്‍കുന്നത്. പുതുതായി കരാര്‍ എടുത്ത കമ്പനികള്‍ ഇന്ന് കൂടുതല്‍ ടിന്നുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി വിളിച്ചാലും മുഖ്യമന്ത്രി വിളിച്ചാലും പോകുന്നത് സാമാന്യമര്യാദയാണെന്ന് മലങ്കര സഭ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ ദിയസ് കോറസ്. ഇനി വിളിച്ചാലും പങ്കെടുക്കും. നാളെയും പങ്കെടുക്കും. അതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്. ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പേരെടുത്തു പറയാതെ മെത്രാപ്പോലീത്ത പറഞ്ഞു.

സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണം കൂടി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5,101 കൂടുതല്‍ കേസുകളാണ് നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ 2,35,858 കേസുകളുണ്ടായത്. 2023 നവംബര്‍ വരെ 2,40,959 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ 700 വധശ്രമക്കേസുകളായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വധശ്രമക്കേസുകള്‍ 918 ആയി.

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തിരുവനന്തപുരം പാലോട് തെന്നൂര്‍ സൂര്യകാന്തി നാലു സെന്റ് കോളനിയിലെ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വര്‍ഷമായി രാധാകൃഷ്ണനും ഭാര്യ ഉഷയും അകന്നാണ് കഴിഞ്ഞിരുന്നത്. രണ്ടു മക്കളുണ്ട്. ഭാര്യയോടുള്ള സംശയവും ആക്സിഡന്റ് ക്ലെയിം തുക ലഭിക്കാന്‍ ഒപ്പിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം.

ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തൊന്നാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി വിവാദമായിരുന്നു.

പഞ്ചവാദ്യ കലാകാരന്‍ ക്ഷേത്രക്കുളത്തില്‍ ജീവനൊടുക്കി. വര്‍ക്കല നാവായിക്കുളം രാധാകൃഷ്ണ വിലാസത്തില്‍ അജയ കൃഷ്ണനാണ് മരിച്ചത്. 20 വയസായിരുന്നു. അജയ കൃഷ്ണന്റെ ബൈക്കില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി

പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലി. ഇന്നു രാവിലെയാണ് പൊന്മുടി സ്‌കൂളിനു സമീപം പുലിയെ കണ്ടത്. ഡിസംബര്‍ 26 നും പൊന്മുടിയില്‍ പുലിയിറങ്ങിയിരുന്നു.

സ്‌കൂള്‍ ബസ് മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. കാസര്‍കോട് കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

ബോളിവുഡ് നടി അജ്ഞലി പാട്ടിലിനെ കബളിപ്പിച്ച് 5.79 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിചയപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പു സംഘമാണ് പണം തട്ടിയെടുത്തത്.

മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട് ഏറ്റെടുത്തു. പദ്ധതിയിട്ടത് മയക്കുമരുന്നു വില്‍പന കേന്ദ്രം ആക്രമിക്കാനായിരുന്നു. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവയ്ക്കുകയായിരുന്നെന്നാണു വിശദീകരണം.

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ ജിം പരിശീലകന്‍ 38 വയസുകാരനായ സുരേഷ് പൊലീസിന്റെ പിടിയിലായി. ദിലിബാബു എന്ന മറ്റൊരാളെ കൊന്ന് താന്‍ മരിച്ചെന്നു വ്യാജരേഖകളുണ്ടാക്കി പണം തട്ടാനായിരുന്നു ശ്രമിച്ചത്. കൊലപാതകത്തിനും തട്ടിപ്പിനും കൂട്ടുനിന്നതിന് ഇയാളുടെ രണ്ടു സുഹൃത്തുക്കളും അറസ്റ്റിലായി.

ആസാമില്‍ തീര്‍ത്ഥാടക സംഘത്തിന്റെ ബസും ലോറിയും കൂട്ടിയിടിച്ച് 12 മരണം. ഗോലഘട്ട് ജില്ലയിലെ ബാലിജാനില്‍ പുലര്‍ച്ചെ അഞ്ചിനാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു.

പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഈ മാസം 19 നു തമിഴ്നാട്ടില്‍ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ക്ഷണിക്കാനാണ് ശ്രമം.

ഇരുപത്തഞ്ചുകാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കിയ പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. 27 കാരനായ പൊലീസ് കോണ്‍സറ്റബിള്‍ രാഘവേന്ദ്ര സിംഗിന്റെ വാടകമുറിയിലാണു തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെടുത്തത്.

ഡല്‍ഹി ജന്തര്‍ മന്തറില്‍ ജൂണിയര്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരം. സീനിയര്‍ താരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവര്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനാല്‍ ജൂണിയര്‍ വിഭാഗത്തിലും പരിശീലനവും മല്‍സരങ്ങളും ഇല്ലാതായെന്നു കുറ്റപ്പെടുത്തിയാണ് പ്രതിഷേധം. സാക്ഷി മാലികിനും ബജ്രംഗ് പുനിയക്കും എതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ആരോപണവിധേയനായ ബ്രിജ് ഭൂഷണിനെ കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബ്രിജ്ഭൂഷണ്‍ ജൂണിയര്‍ താരങ്ങളെ ഭീഷണിപ്പെടുത്തി നടത്തിയ നാടക സമരാണെന്നും ആക്ഷേപമുണ്ട്.

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയേയും ശര്‍ദുല്‍ ഠാക്കൂറിന് പകരം മുകേഷ് കുമാറിനേയും ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യക്ക് ഈ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്.

രാജ്യത്തെ കടപ്പത്ര വിപണിയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം ഒഴുകിയെത്തുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 35,000 കോടി രൂപയുടെ കടപ്പത്രങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും വാങ്ങിയത്. ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ കടപ്പത്രങ്ങളെയും ഉള്‍പ്പെടുത്തുമെന്ന ജെ. പി മോര്‍ഗന്റെ വിലയിരുത്തലാണ് നിക്ഷേപകര്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം 60,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ബോണ്ട് വിപണിയില്‍ ലഭിച്ചത്. പുതുവര്‍ഷത്തിലും ബോണ്ടുകളിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകിയെത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം. ഇക്കുറി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളില്‍ പുതിയ ഡിസൈന്‍ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, വോയ്‌സ്, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാന്‍ രാജ്യത്തുടനീളമുള്ള നിരവധി പേര്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസ് കുറച്ച് റിസോഴ്സുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഫോണുകളുടെ പെര്‍ഫോമന്‍സ് ബൂസ്റ്റും ബാറ്ററി ലൈഫും വര്‍ദ്ധിപ്പിക്കാനാകും. അപ്‌ഡേറ്റ് വരുന്നതോടെ പഴയ ഉപകരണങ്ങളിലും ആപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. കോളിന്റെ നിലയെ അടിസ്ഥാനമാക്കി ചലനാത്മകമായി മാറുന്ന പുതിയ ആനിമേഷനുകളും മനോഹരമായ പശ്ചാത്തലങ്ങളും ചേര്‍ക്കും. റിംഗിംഗ്, ആക്ടീവ് എന്നിവയായിരിക്കുമിത്. പുതിയ ഇന്റര്‍ഫേസിന് മുമ്പത്തേതിനേക്കാള്‍ സോഴ്സുകള്‍ ആവശ്യമാണ്. മികച്ച കോള്‍ നിലവാരവും ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. ക്യാപ്റ്റന്‍ മില്ലെര്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍ മില്ലെറിലെ ഒരു ലിറിക്കില്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തുടി താളവുമായുള്ള മനോഹരമായ ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ഉമാദേവി എഴുതിയ വരികള്‍ ധനുഷ് ചിത്രത്തിനായി പാടിയിരിക്കുന്നത് തെനനശൈ തെന്‍ഡ്രല്‍ ദേവയും സന്തോഷ് ഹരിഹരനും അലക്സാണ്ടര്‍ ബാബുവുമാണ്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റന്‍ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ റിലീസ് പന്ത്രണ്ടിനാണ്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വന്‍ ഹിറ്റായി മാറിയതും.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തില്‍ അധികം സജീവമായില്ലെങ്കിലും തെലുങ്കില്‍ തിരക്കേറിയ താരമാണ് ഇപ്പോള്‍ അനുപമ. ഇപ്പോഴിതാ അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘തില്ലു സ്‌ക്വയര്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് പോസ്റ്ററില്‍ അനുപമയുള്ളത്. പുതുവര്‍ഷത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. 2022 ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് മാലിക് റാം സംവിധാനം ചെയ്യുന്ന തില്ലു സ്‌ക്വയര്‍.

നിലവിലെ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായി പുതിയ ക്രേറ്റ എത്തുന്നു. ജനുവരി 16ന് വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ മോഡലിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചു. ക്രേറ്റയുടെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. 25000 രൂപ നല്‍കി പുതിയ മോഡല്‍ ബുക്ക് ചെയ്യാം. നിലവിലെ ക്രേറ്റ ബുക്ക് ചെയ്തവര്‍ക്ക് പുതിയ മോഡലിലേക്ക് മാറാനും അവസരമുണ്ട്. 2020 ന് ശേഷം വലിയ മാറ്റങ്ങളുമായാണ് പുതിയ ക്രേറ്റ എത്തുന്നത്. പുതിയ ബോക്സി ഗ്രില്ലും ഹെഡ്‌ലാംപും ബംബറുമാണ് വാഹനത്തിന്. വലുപ്പം കൂടിയ ഗ്രില്ലിനും ബോണറ്റിനും ഇടയിലൂടെ ഫുള്‍ ലെങ്ത്ത് എല്‍ഇഡി സ്ട്രിപ്പുണ്ട്. ബംപറിലാണ് റെക്റ്റാഗുലര്‍ ഡിസൈനുള്ള ഹെഡ്‌ലാംപ് കണ്‍സോളിന്റെ സ്ഥാനം. പുതിയ ടെയില്‍ഗേറ്റാണ്. ഫുള്‍ വിഡ്ത്ത് എല്‍ഇഡി ടെയില്‍ ലാംപും റീഡിസൈന്‍ഡ് പിന്‍ ബംപറുമുണ്ട്. രണ്ട് പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളും ഒരു ഡീസല്‍ എന്‍ജിന്‍ മോഡലുമുണ്ടാകും. ഭാവിയില്‍ ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയിലെത്തും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍. സിവിടി, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, മാനുവല്‍ ഗിയര്‍ബോക്സുകള്‍. 1.4 ലീറ്റര്‍ ടര്‍ബോ പെട്രോളിന് പകരം 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എത്തും. മാനുവല്‍, ഡിസിടി ഗിയര്‍ബോക്സുകള്‍ പ്രതീക്ഷിക്കാം.

പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍ . മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച ആ നാടകങ്ങള്‍ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല, മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ച് അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന അങ്ങനെ മനോവിമലനത്തിനുള്ള സ്വാധിനാശിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്. ‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’. പ്രശാന്ത് നാരായണന്‍. ഡിസി ബുക്സ്. വില 189 രൂപ.

ഇന്ത്യയില്‍ 31 മുതല്‍ 50 വയസുവരെയുള്ളവരില്‍ 47.91 ശതമാനം ആളുകള്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ് ആളുകളുടെ പ്രവര്‍ത്തന മികവിനെ ബാധിക്കുന്നു. കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉറക്കക്കുറവുമൂലം ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാംക്രമികേതര രോഗങ്ങളിലൊന്നായി ‘ഉറക്കക്കുറവു’ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ലീപ് അപ്നിയ യുവാക്കളില്‍ അമിതമായ പകല്‍ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടാന്‍ കാരണമാക്കും. ഇത് ജീവിത നിലവാരത്തെയും പ്രൊഫഷണല്‍ മികവിനെയും ബാധിച്ചേക്കാം. ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് അവരുടെ കഴിവിന്റെ 80 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ദിവസത്തില്‍ 5-6 മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ആളുകള്‍ ഇപ്പോഴും ഉറക്കക്കുറവിനെ പൂര്‍ണമായും നിഷേധിക്കുകയാണ്. സ്ലീപ് അപ്നിയ പരിഹരിക്കാനായി ഇന്ന് കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് സിപാപ് (കണ്‍ടിന്യൂവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍) മെഷീനുകള്‍ പോലുള്ള മാര്‍ഗ്ഗങ്ങളെയാണ്. തുടര്‍ച്ചയായ വായു പ്രവാഹത്തിലൂടെ ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന യന്ത്രമാണ് സിപാപ് മെഷീന്‍. എന്നാല്‍ ഇത്തരം ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജീവിതകാലം മുഴുവന്‍ സിപാപ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാല്‍ നല്ലത് സ്ലീപ് സര്‍ജറികളാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. സ്ലീപ് അപ്നിയ ഗുരുതരമായാല്‍ കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. 100 ദശലക്ഷത്തിലധികം പേര്‍ സ്ലീപ് അപ്നിയ അനുഭവിക്കുന്നുണ്ടെങ്കിലും അവരില്‍ ഒരു ശതമാനത്തിന് താഴെയുള്ളവര്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യുന്നുള്ളൂ.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.27, പൗണ്ട് – 105.25, യൂറോ – 91.27, സ്വിസ് ഫ്രാങ്ക് – 98.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.26, ബഹറിന്‍ ദിനാര്‍ – 220.97, കുവൈത്ത് ദിനാര്‍ -270.75, ഒമാനി റിയാല്‍ – 216.31, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 62.49.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *