yt cover 16

അരിവില വര്‍ധിച്ചു. കിലോയ്ക്ക് അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് വര്‍ധിച്ചത്. 43 രൂപയില്‍നിന്ന് 50 രൂപയ്ക്കു മുകളിലേക്കാണു വില കുതിച്ചത്. പൊന്നി, കോല അരികള്‍ക്ക് എട്ടു രൂപ വര്‍ധിച്ചു. പൊന്നി അരിക്ക് 52 രൂപ മുതല്‍ 65 രൂപ വരെയാണു വില. ബിരിയാണി അരിക്കും എട്ടു രൂപ വില വര്‍ധിച്ചു. നേന്ത്രക്കായ ഒഴികേയുള്ള പച്ചക്കറികള്‍ക്കും തീവിലയാണ്. കിലോയ്ക്കു 30 രൂപയുണ്ടായിരുന്ന പയര്‍, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ക്ക് 50 രൂപയ്ക്കു മുകളിലാണു വില.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജി 24 ലേക്കു മാറ്റി.

കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയെ വിമര്‍ശിച്ച് ഹൈക്കോടതി. കെ ഫോണ്‍മൂലം പൊതുജനത്തിന് ബാധ്യതയായത് എങ്ങനെയാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹര്‍ജിയിലെ ലോകായുക്തയെ വിമര്‍ശിച്ചുള്ള പാരമര്‍ശത്തേയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനു നോട്ടീസ് അയക്കാതെ കോടതി സര്‍ക്കാരില്‍നിന്ന് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയാണു ചെയ്തത്. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്കു മുന്നോട്ട് പോയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. നിലത്തു വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്കു ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്കു മാറ്റി. കല്ലേറിനു പിറകേ പൊലീസ് ലാത്തിച്ചാര്‍ജു നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പുരുഷ പൊലീസ് തലക്കടിച്ചെന്ന് വനിതാ പ്രവര്‍ത്തകര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് സുപ്രീം കോടതിയെ സമീപിക്കും. രാജ്ഭവന് മുന്‍പില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് മുന്നറിയിപ്പു നല്‍കി. പരിസ്ഥിതി സംഘടനകളില്‍നിന്നു പണം വാങ്ങിയാണ് ഡീന്‍ കുര്യാക്കോസ് എംപി അടക്കമുള്ളവര്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് ആരോപിച്ചു.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ മാതാവിനു സ്വര്‍ണകിരീടം സമര്‍പ്പിച്ചു. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് സുരേഷ് ഗോപിയും കുടുംബവും മടങ്ങിയത്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജ എംഎല്‍എയുടെ പുസ്തകം ‘മൈ ലൈഫ് ആസ് എ കോമറേഡി’ന്റെ മലയാളം പരിഭാഷ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടാണ് പ്രകാശനം നിര്‍വഹിച്ചത്. എസ് സിത്താരയാണ് പരിഭാഷപ്പെടുത്തിയത്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് അഞ്ചിന് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ഫെസ്റ്റിവല്‍. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്താണു ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍. 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളിലുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.

സംഗീത സംവിധായകന്‍ കെ.ജെ.ജോയ് ചെന്നൈയില്‍ അന്തരിച്ചു. 77 വയസായിരുന്നു. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.

ലോക്സഭ തെരഞ്ഞെടുപ്പു പ്രചരണത്തിനായി എന്‍ഡിഎ നടത്തുന്ന പദയാത്ര കാസര്‍ഗോഡുനിന്ന് ഈ മാസം 27 ന് ആരംഭിക്കും. ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ഓരോ ലോക്സഭ മണ്ഡലത്തിലും 25,000 പേര്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മുടിക്കുത്തില്‍ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചു. ‘ബൂട്ടിനടിയില്‍ ചതയുന്നതല്ല പെണ്‍പ്രതിഷേധം’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ സമരം നടത്തിയത്.

ഭാര്യയുടെ ഗാര്‍ഹിക പീഡനപരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ എസ്ഐ റെജി കുനിച്ചു നിര്‍ത്തി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ കാക്കനാട് സ്വദേശി ബിബിന്‍ തോമസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പന്തീരായിരം രൂപയുടെ ജോലിക്ക് അമ്പതിനായിരം രൂപ കോഴ ആവശ്യപ്പെട്ട രണ്ടു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. മുക്കം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതിനാണു നടപടി. കരീം പഴങ്കല്‍, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെ വിജയിപ്പിക്കണമെന്നു ചുവരെഴുത്ത്. വെങ്കിടങ്ങിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പേ ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

തൃക്കുന്നപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് ആന്ധ്രയിലെ അയ്യപ്പ ഭക്തരുടെ വെള്ളിക്കിരീടം. ആന്ധ്രയില്‍നിന്ന് കുമാരവേല്‍ സ്വാമിയുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന അയ്യപ്പഭക്തരാണ് ധര്‍മശാസ്താവിന്റെ മകനായ സത്യകനു വെള്ളിക്കിരീടം ചാര്‍ത്തിയത്.

സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പളളികളിലും ഏകീകൃത കുര്‍ബാന നിര്‍ബന്ധമായും നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭാ സിനഡ്. എറണാകുളം അങ്കമാലി അതിരൂപതയടക്കമുള്ള പള്ളികളിലും ഏകീകൃത കുര്‍ബാന വേണമെന്നാണു നിര്‍ദേശം.

വൈക്കത്തെ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായിരുന്ന യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധന്‍ബാദ് എക്സ്പ്രസ്സിലെ ശുചിമുറിയില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.

ആലപ്പുഴയില്‍ മത്സ്യക്കുളത്തിലെ മോട്ടോറില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പഴവീട് ചിറയില്‍ രാജന്‍ – അനിത ദമ്പതികളുടെ മകന്‍ അഖില്‍ രാജ് എന്ന മണികണ്ഠനാണു മരിച്ചത്. 29 വയസായിരുന്നു. ചെറുതനയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍.

വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകന്‍ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

പാലാ പയപ്പാറിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നു വൈകിട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും. കലാപം നടന്ന പ്രദേശങ്ങളിലൂടെ രാഹുല്‍ ഗാന്ധി കടന്നുപോകന്നുണ്ട്. മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ കിടക്ക, ലിഫ്റ്റ്, കോണ്‍ഫറന്‍സ് റൂം, സ്‌ക്രീന്‍, ശുചിമുറി എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍. ബസിന്റെ മുകളിലേക്ക് ലിഫ്റ്റില്‍ ഉയര്‍ന്ന് അവിടെനിന്ന് രാഹുലിനു ജനങ്ങളോടു പ്രസംഗിക്കാനുള്ള സംവിധാനവും ഉണ്ട്. യാത്രക്കിടെ ബസില്‍ തെരഞ്ഞെടുത്തവരുമായി രാഹുല്‍ സംവദിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ബസിനു പുറത്തുള്ള സ്‌ക്രീനില്‍ ദൃശ്യമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ക്കുന്‍ ഖാര്‍ഗെയുടെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയയുടെയും ചിത്രങ്ങളും ബസിലുണ്ട്.

ചൈനീസ് അതിര്‍ത്തിയടക്കം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ വീട്ടുവീഴ്ച്ചയില്ലെന്നു കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡേ. അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ സേന തയ്യാറാണെന്നും കരസേന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

മൂടല്‍മഞ്ഞുമൂലം ഡല്‍ഹിയില്‍നിന്നുള്ള 84 വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പെടെ 168 വിമാന സര്‍വീസുകള്‍ വൈകി.

ഹൈദരാബാദില്‍ ചൈനീസ് പട്ടം കഴുത്തില്‍ കുടുങ്ങി സൈനികന്‍ മരിച്ചു. കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെങ്ങും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ ചില്ലു പതിച്ച പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് മരിച്ചത്. മധ്യപ്രദേശില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ നഗരത്തില്‍ പിതാവ് വിനോദ് ചൗഹാനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പട്ടച്ചരട് കുരുങ്ങുകയായിരുന്നു.

വാഹനാപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ പണം കവര്‍ന്ന് കടന്നുകളഞ്ഞ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധര്‍മ്മേന്ദ്രകുമാര്‍ ഗുപ്ത മരിച്ചത്. ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ കവര്‍ന്നവര്‍ ആളെ റോഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇതിനു പിറകേ, രക്തം വാര്‍ന്ന് ധര്‍മേന്ദ്രകുമാര്‍ മരിച്ചു.

ഇന്‍ഡിഗോ വിമാനം വൈകുമെന്ന് അറിയിച്ച പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. യാത്രക്കാരനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായി വിമാനം ഏഴു മണിക്കൂറാണു വൈകിയത്.

2023 ലെ മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്റര്‍ മയാമിയുടെ ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും പി.എസ്.ജി.യുടെ കിലിയന്‍ എംബാപ്പെയും പുരുഷ താരങ്ങള്‍ക്കുള്ള അന്തിമപ്പട്ടികയിലുണ്ട്.

സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ബാഴ്സലോണയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ ജയം. ഹാട്രിക് നേടിയ വിനീഷ്യസ് ജൂനിയറാണ് ഫൈനലിലെ ഹീറോ.

ടാറ്റ ടീയുടെ നിര്‍മാതാക്കളായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കുന്നു. ക്യാപിറ്റല്‍ ഫുഡ്‌സ്, ഓര്‍ഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി തേടിയതിന് പിന്നാലെയാണ് കമ്പനി അവകാശ ഓഹരികളിറക്കി പണം സമാഹരിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇരു കമ്പനികളെയും ഏറ്റെടുക്കാനായി 7,000 കോടി രൂപയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ചെലവഴിക്കുന്നത്. മാര്‍ച്ച് ഒന്നിന് മുന്‍പ് 75 ശതമാനം ഓഹരി ഏറ്റെടുക്കും. ബാക്കി 25 ശതമാനം അടുത്ത മൂന്ന് വര്‍ഷത്തിനകവുമായിരിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഓര്‍ഗാനിക് ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ 1,900 കോടി രൂപയാണ് ടാറ്റ കണ്‍സ്യൂമര്‍ മുടക്കുന്നത്. ഇതുകൂടാതെ 2026 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വരുമാനത്തിന്റെ വിഹിതവും നല്‍കണം. 360-370 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ് ഓര്‍ഗാനിക് ഇന്ത്യ. 770 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ് ക്യാപിറ്റല്‍ ഫുഡ്സ്. ഉപ്പ്, തേയില, ധാന്യങ്ങള്‍ എന്നിവയ്ക്ക് മേലെ കൂടുതല്‍ ഉത്പന്നങ്ങളിലേക്ക് കടക്കാന്‍ ടാറ്റ കണ്‍സ്യൂമറിന് പുതിയ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റ കണ്‍സ്യൂമറിന് 39 ലക്ഷം ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 15 ലക്ഷവും കമ്പനി നേരിട്ട് നടത്തുന്നത്. ക്യാപിറ്റല്‍ ഫുഡ്‌സിന് 40,000 ഔട്ട്‌ലെറ്റുകളും ഓര്‍ഗാനിക് ഇന്ത്യക്ക് 24,000 ഔട്ട്‌ലെറ്റുകളുമുണ്ട്. ഏറ്റെടുക്കലിന് ശേഷം വിതരണം കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കും.

പുതിയ ന്യൂക്ലിയര്‍ ബാറ്ററിയുമായി എത്താന്‍ പോവുകയാണ് ചൈനയിലെ ഒരു കമ്പനി. ചൈന ആസ്ഥാനമായുള്ള ‘ബീറ്റാവോള്‍ട്ട് ടെക്നോളജി’ എന്ന കമ്പനിയാണ് 50 വര്‍ഷം വരെ നിലനില്‍ക്കാന്‍ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററി വികസിപ്പിക്കുന്നത്. പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ചാല്‍, അത് പിന്നീടൊരിക്കലും ചാര്‍ജ് ചെയ്യേണ്ടിവരില്ല എന്ന് ചുരുക്കം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ചെറു ഉപകരണമായ പേസ് മേക്കറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയര്‍ ബാറ്ററികളിലും. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങള്‍ക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊര്‍ജ്ജ സാന്ദ്രതയുള്ള ആണവോര്‍ജ്ജ ബാറ്ററികളാണ് തങ്ങളുടെ ന്യൂക്ലിയര്‍ ബാറ്ററികളെന്ന് കമ്പനി പറയുന്നു. ന്യൂക്ലിയര്‍ ബാറ്ററികള്‍ക്ക് 1 ഗ്രാം ബാറ്ററിയില്‍ 3,300 മെഗാവാട്ട് മണിക്കൂറുകള്‍ സംഭരിക്കാന്‍ കഴിയും, ബാറ്ററി സൈക്കിളുകള്‍ ഇല്ലാത്തതിനാല്‍ ബാറ്ററി ഡീഗ്രേഡേഷന്‍ എന്ന സംഭവമേ ഇല്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വാട്ട് വരെ വൈദ്യുതി ഡെലിവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും നല്ലൊരു വശം എന്ന് പറയുന്നത്, സിസ്റ്റത്തില്‍ നിന്ന് ഒരു റേഡിയേഷനും പുറത്തുവരുന്നില്ല എന്നതാണ്, നിക്കല്‍ ഐസോടോപ്പ് കോപ്പറിലേക്ക് വിഘടിക്കുകയാണ് ചെയ്യുന്നത്, അതായത് ഈ പ്രക്രിയയില്‍ വിഷ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നില്ല.

പൊങ്കല്‍ ദിനത്തില്‍ കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ്. ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം ‘കട്ട്’ പറഞ്ഞ് ഹൊറര്‍ കോമഡി എന്റര്‍ടെയ്നറുമായി പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘രാജാ സാബ്’ എന്നാണ് സിനിമയുടെ പേര്. മാളവിക മോഹനനും നീതി അഗര്‍വാളുമാണ് നായികമാര്‍. ‘ഡൈനോസര്‍ ഇനി ഡാര്‍ലിങ് അവതാര്‍’ എന്ന വിശേഷത്തോടെ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. തമന്‍ ആണ് സംഗീതം. രാജാ ഡീലക്സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീടത് രാജാ സാബ് എന്നു മാറ്റുകയായിരുന്നു. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് നിര്‍മാണം നിര്‍വഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിര്‍മാണം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തും.

റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഗന്ധര്‍വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാജല്‍ സുദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നു. സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിമ കല്ലിങ്കല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പര്‍മര്‍ ആണ്. റിമ കല്ലിങ്കലിന്റെ ജന്മദിനമായ ജനുവരി 18നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നത്.

ടൈറ്റിലില്‍ സൂചിപ്പിച്ച പോലെ ഓറയ് ഗന്ധര്‍വനും പെണ്‍കുട്ടിയും കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ എന്ന ചിത്രമാണ് റിമ കലിങ്കലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ആഡംബരവും സൗകര്യവും ഒത്തു ചേര്‍ന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഹാഷ്മി വാങ്ങിയത്. ടൈഗര്‍ 3 വന്‍ ഹിറ്റായതിനു പിന്നാലെയാണ് ഏതാണ്ട് 12 കോടി രൂപ വിലയുള്ള ഈ ആഡംബര കാര്‍ ഇമ്രാന്റെ ഗാരിജിലെത്തിയത്. ജനുവരി 11നാണ് ഇമ്രാന്‍ ഹാഷ്മി റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ് പുറത്തിറങ്ങി പതിനൊന്നു വര്‍ഷത്തിനു ശേഷമാണ് രണ്ടാം തലമുറ ഗോസ്റ്റ് കമ്പനി അവതരിപ്പിച്ചത്. ഗോസ്റ്റിന്റെ രണ്ടാം തലമുറ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ഫാന്റം മോഡലില്‍ ഉപയോഗിച്ചിട്ടുള്ള ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെയിമാണ് ഗോസ്റ്റിലുമുള്ളത്. മുന്‍ പതിപ്പിനേക്കാള്‍ 89 എംഎം നീളവും 30 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട് പുതിയ ഗോസ്റ്റിന്. 6.6 ലീറ്റര്‍ വി12 പെട്രോള്‍ എന്‍ജിന്‍ മാറ്റി 6.75 ലീറ്റര്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 എന്‍ജിനായെന്നതാണ് പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷനില്‍ വന്ന പ്രധാന മാറ്റം. 571 ബിഎച്ച്പി കരുത്തും പരമാവധി 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിനാവും. ഫോര്‍വീല്‍ ഡ്രൈവുള്ള വാഹനത്തിന് 2.5 ടണ്‍ ഭാരമുണ്ടെങ്കിലും പൂജ്യത്തില്‍നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 4.8 സെക്കന്‍ഡ് മതിയാവും. സുരക്ഷ കണക്കിലെടുത്ത് ഉയര്‍ന്ന വേഗം മണിക്കൂറില്‍ 205 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരിലും ഒരുപോലെ ഭയവും കൗതുകവുമുണര്‍ത്തുന്ന പ്രേതസങ്കല്‍പ്പങ്ങള്‍ ഇന്ത്യയിലെപ്പോലെത്തന്നെ പാശ്ചാത്യരാജ്യങ്ങളിലും വാമൊഴികളായി കൈമാറിവരുന്നു. തണുത്തുറഞ്ഞ പ്രകൃതിയും തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടകളും നിറഞ്ഞ സ്‌കോട്ലന്‍ഡിലെ യക്ഷിക്കഥകള്‍ക്ക് മലയാളത്തില്‍ പറഞ്ഞുപതിഞ്ഞ നാടോടിക്കഥകളുമായും ഐതിഹ്യങ്ങളുമായും ഉള്ള സാമ്യത അദ്ഭുതാവഹമാണ്. അത്തരം സ്‌കോട്‌ലന്‍ഡ് യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലൂടെ. വായനക്കാരില്‍ ഉദ്വേഗവും ആകാംക്ഷയുമുണര്‍ത്തുന്ന യക്ഷിക്കഥകളുടെ സമാഹാരം. ‘സ്‌കോട്‌ലന്‍ഡിലെ യക്ഷിക്കഥകള്‍’. ഡോ. ചേരാവള്ളി ശശി. മാതൃഭൂമി. വില 246 രൂപ.

സ്ത്രീകളുടെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആര്‍ത്തവ വിരാമം. അമ്പതുകളിലാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. നാല്‍പതുകളില്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ആര്‍ത്തവ വിരാമത്തെ ഫലപ്രദമായി നേരിടുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. ശാരീരികമായും മാനസികമായി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്വയം പരിചരിക്കാന്‍ സമയം കണ്ടെത്തണം. താല്‍പര്യങ്ങള്‍ കണ്ടെത്തി അതില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മാനസികമായ സമ്മര്‍ദ്ദം കുറയ്ക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യായാമങ്ങള്‍ നിത്യവും ചെയ്യുന്നത് നല്ലതാണ്. ഇവ സ്ത്രീകളുടെ മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. യോഗ, എയറോബിക് വ്യായാമങ്ങള്‍, സ്‌ട്രെങ്ത് ട്രെയിനിങ് തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറി, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീന്‍ കൂടാതെ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാല്‍സ്യം വൈറ്റമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ കരുത്ത് നിലനിര്‍ത്തും. കഫൈന്‍, എരിവും മദ്യവും പരിമിതപ്പെടുത്തണം. ആര്‍ത്തവവിരാമം ശരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കും. ശരീരത്തിന് കൂടുതലായി ഉഷ്ണം അനുഭവപ്പെടാം. കൃത്യമായ ഉറക്ക സമയങ്ങള്‍ പിന്തുടരുന്നതും സുഖകരമായ താപനില അടക്കമുള്ളവ ഉറക്ക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതും നിലവാരമുള്ള ഉറക്കം തരും. ഇടയ്ക്കിടയ്ക്ക് ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിന് ആരോഗ്യ പരിശോധനകള്‍ ഗുണം ചെയ്യും. മൂഡ് മാറ്റങ്ങള്‍, ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ മാനസികരോഗ വിദഗ്ധനെ സമീപിക്കാന്‍ മടിക്കരുത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.88, പൗണ്ട് – 105.52, യൂറോ – 90.77, സ്വിസ് ഫ്രാങ്ക് – 97.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.42, ബഹറിന്‍ ദിനാര്‍ – 219.99, കുവൈത്ത് ദിനാര്‍ -269.68, ഒമാനി റിയാല്‍ – 215.47, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 61.83.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *