p8 yt cover

ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കര്‍ഷകര്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം ചര്‍ച്ചയ്ക്ക് വീണ്ടും താല്‍പര്യം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ചര്‍ച്ച നടന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ വിശദമാക്കി.

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷയ്ക്ക്, സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷയും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകള്‍ക്ക് ചിലവാകുന്ന പണം തിരികെ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ് .

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര സിംഗ് യാദവിന്റെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ്. അജീഷിന് കര്‍ണാടക ധനസഹായം നല്‍കിയതിനെതിരെയുള്ള ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം . ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുo. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് സര്‍ക്കുലര്‍ ഇറക്കിയത്.

സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. സപ്ലൈക്കോയില്‍ വന്ന് ദൃശ്യങ്ങള്‍ എടുത്ത്, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോര്‍ട്ട്. കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള വിസി നല്‍കിയ റിപ്പോര്‍ട്ടില്‍ താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലക്ക് അധ്യക്ഷയാകുകയായിരുന്നുവെന്ന് ആരോപിക്കുന്നു. അതേസമയം സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

നടിയെ ആക്രമിച്ച കേസില്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് കോടതി തള്ളി. അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

പാലാ നഗരസഭയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തോല്‍വി. യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയര്‍ പോഡ് മോഷണത്തിലെ പരാതിക്കാരന്‍ ജോസ് ചീരങ്കുഴിയാണ് തോറ്റത്. എയര്‍ പോഡ് മോഷണം ഒതുക്കി തീര്‍ക്കാത്തതിന്റെ പേരിലാണ് സി പി എം അംഗങ്ങള്‍ തോല്‍പ്പിച്ചതെന്ന് ജോസ് ചീരങ്കുഴി കുറ്റപ്പെടുത്തി.

മരട് കൊട്ടാരം ക്ഷേത്ര വെടിക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍, ആചാര കാര്യങ്ങളില്‍ തടസ്സം ഉണ്ടാകുന്നെങ്കില്‍ അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് പൊലീസിന്റേതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലേ എന്ന് കോടതി ആരാഞ്ഞു.

ബേലൂര്‍ മഖ്നയെ പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേരള,കര്‍ണാടക,തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേരണം. വേനല്‍ കടുത്തതിനാല്‍ വനത്തില്‍ നിന്നും മൃഗങ്ങള്‍ പുറത്ത് വരാന്‍ സാധ്യത കൂടുതലാണ്. ഇത് തടയാന്‍ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈല്‍ഡ് ലൈഫ് വാര്‍ഡന് കോടതി നിര്‍ദ്ദേശം നല്‍കി.

എറണാകുളം കളക്ടേറ്റില്‍ വൈദ്യുതി പുനസ്ഥാപിച്ച് കെ എസ് ഇ ബി. മാര്‍ച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീര്‍ക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്.

മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തില്‍ തീരുമാനമുണ്ടാകും എന്നും കെ മുരളീധരന്‍ പറഞ്ഞു .

കെഎസ്യുക്കാരെ നേരിടാനാണ് ഭാവമെങ്കില്‍ തെരുവില്‍ തല്ലുമെന്ന് കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍. തൃശൂര്‍ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. തൃശൂര്‍ ലോ കോളജില്‍ എസ്എഫ്ഐ കെഎസ്യു സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് കെഎസ്യു നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലായിരുന്നു പ്രകോപന പ്രസംഗം.

തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ കുട്ടിയുടെ കുടുംബം എസ്.എ.ടി ആശുപത്രിയില്‍ ബഹളം വെച്ചു. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ ബഹളം വെച്ചത്. കുട്ടിയെ ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെക്കണമെന്ന് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടതിനെതിരെയാണ് പ്രതിഷേധം.

തിരുവനന്തപുരം കാരക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൂന്തുറ സ്വദേശി നയാസിനെതിരെ നേമം പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലേക്ക് നയിച്ചത്.

ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പതിനൊന്നുകാരന്‍ മരിച്ചത് കൃത്യമായ പരിചരണം കിട്ടാതെയെന്ന് കുടുംബം ആരോപിച്ചു. മലപ്പുറം മുണ്ടക്കുളം സ്വദേശി മുഹമ്മദ് ഷമാസാണ് വെള്ളിയാഴ്ച മരിച്ചത്. ചികിത്സ പിഴവ് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

ആലപ്പുഴ കലവൂരില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത കേസില്‍, സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്തകുമാരി. സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സിഡബ്ല്യൂസി റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം ചെയര്‍പേഴ്സണ്‍ അറിയിച്ചു.

ട്രാന്‍സ്ജെന്‍ഡറായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ചെന്നൈയിലാണ് സംഭവം. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. പൊലീസ് സ്ഥലത്തെത്തിയാണ് എഞ്ചിനീയറെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശങ്കര്‍ നഗര്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മണിപ്പൂരിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി. സര്‍ക്കാരും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു, അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്.

സ്വര്‍ണമോഷണ സംഘത്തെ പിടികൂടാനായി രാജസ്ഥാനിലെ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്. അജ്മീര്‍ ദര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമികള്‍ മൂന്ന് റൗണ്ട് വെടിവെച്ചു. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവര്‍ പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.

ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ബിഹാറിലെ ലഖിസരായിയില്‍ ഒമ്പത് പേര്‍ മരിച്ചു. ടെമ്പോയില്‍ യാത്ര ചെയ്കവരാണ് മരിച്ച ഒമ്പത് പേരും. നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്പോ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് ധാരണയില്‍ എത്തിയ കോണ്‍ഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് എത്തുന്നു. പഞ്ചാബ് ഒഴികെ, മറ്റുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എഎപി.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 1,990 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര വില ഇപ്പോള്‍ 2,031 ഡോളറിലേക്ക് ഉയര്‍ന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്‌സ് വൈകാതെ പുറത്തുവരും. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്കയാണ് സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നത്. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ വൈകുമെന്നാണെങ്കില്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ യീല്‍ഡും മുന്നേറും. യീല്‍ഡ് ഇപ്പോഴേ 4 ശതമാനമെന്ന ശക്തമായ നിരക്കിന് മുകളിലാണുള്ളത്. അതേസമയം, പലിശനിരക്ക് വൈകാതെ കുറയ്ക്കുമെന്നാണെങ്കില്‍ യീല്‍ഡും ഡോളറും മങ്ങും. ഇത്, സ്വര്‍ണ നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് കൂട്ടും. വൈകാതെ വിലയും കൂടും.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മൂന്ന് സ്മാര്‍ട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി നോട്ട് 13 പ്രോ+ 5ജി എന്നിവയാണ് ഷവോമി സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍ക്കായി അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ ലോഞ്ച് ചെയ്ത സീരിസാണ് ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി മൂന്ന് റാമിലും വേരിയന്റിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ 23,999 രൂപയാണ് വില. റെഡ്മി നോട്ട് 13 5ജി 16,999 രൂപ മുതലാണ് ആരംഭിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ വില 29,999 രൂപയാണ്. 200 എംപി ക്യാമറ, അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഐപി 68 റേറ്റിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായാണ് പുത്തന്‍ റെഡ്മി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 13 സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 6080 ചിപ്പ്‌സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന 5ജി സ്മാര്‍ട്‌ഫോണ്‍ ആണ്. 108 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിനുണ്ട്. നോട്ട് 13 പ്രോ പ്ലസില്‍ ഡൈമെന്‍സിറ്റി 7200 അള്‍ട്ര ചിപ്പ്‌സെറ്റില്‍, 200 എംപി എച്ച്പി3 സെന്‍സര്‍, 120 വാട്ട് ചാര്‍ജിങ് എന്നിവയുണ്ട്. റെഡ്മി നോട്ട് 13 സീരിസ് ലോഞ്ചിനൊപ്പം ഷാവോമി ഹൈപ്പര്‍ ഒഎസും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു.

‘ആടുജീവിതം’ സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും. കാത്തിരിപ്പിന് നീളം കുറയുകയാണെന്നും മാര്‍ച്ച് 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ ഇന്നും ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

‘കേരള ക്രൈം ഫയല്‍സി’ന്റെ രണ്ടാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ വെബ്സിരീസ് കൂടിയാണ് കേരള ക്രൈം ഫയല്‍സ്: ഷിജു, പാറയില്‍ വീട്, നീണ്ടകര. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ആദ്യ സീരിസിന് മികച്ച ജനപ്രീതിയാണ് ലഭിച്ചത്. കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ ചിത്രീകരണം ആരംഭിച്ചതായി സംവിധായകന്‍ അഹമ്മദ് കബീര്‍ തന്നെയാണ് അറിയിച്ചത്. അജു വര്‍ഗീസ്, ലാല്‍ എന്നിവരാണ് സീരിസില്‍ പ്രധാവ വേഷങ്ങളില്‍ എത്തിയത്. ബാഹുല്‍ രമേശ് ആണ് രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസും സംഗീതം ഹിഷാം അബ്ദുല്‍ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് ആണ് വെബ് സിരീസ് നിര്‍മിക്കുന്നത്.

വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ മാരുതി സുസുക്കിയുടെ ഫ്രോങ്ക്‌സ് മികച്ച വില്‍പ്പനയാണ് നേടുന്നത്. അതിന്റെ ജനപ്രീതി പ്രകടമാക്കിക്കൊണ്ട്, എത്തി 10 മാസത്തിനുള്ളില്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിടുക എന്ന ശ്രദ്ധേയമായ നേട്ടവും ഈ കോംപാക്റ്റ് ക്രോസ്ഓവര്‍ കൈവരിച്ചു. ഇപ്പോഴിതാ വില്‍പ്പന പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, മാരുതി ഫ്രോങ്ക്സ് ടര്‍ബോ പെട്രോള്‍ വേരിയന്റുകളില്‍ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ ആവേശകരമായ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, കോംപാക്റ്റ് ക്രോസ്ഓവറിന്റെ നാച്ച്വറലി ആസ്പിറേറ്റഡ് പെട്രോള്‍ വേരിയന്റുകളില്‍ അത്തരം ഓഫറുകളൊന്നും ലഭ്യമല്ല. ഫ്രോങ്ക്സ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു: 1.0ലി ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 148എന്‍എം ടോര്‍ക്ക് നല്‍കുന്ന 99ബിഎച്പി നല്‍കുന്നു, കൂടാതെ 113എന്‍എം ടോര്‍ക്കില്‍ 89ബിഎച്പി ഉത്പാദിപ്പിക്കുന്ന 1.2ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, എഎംടി യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു.

ശാസ്ത്രീയജീവിതത്തിനുമപ്പുറം കുടുംബബന്ധങ്ങളിലെ വൈകാരികമായ അവസ്ഥാന്തരങ്ങളെ മാനിക്കുന്ന മനോഹരന്‍ എന്ന മനുഷ്യന്റെ വൈരൂപ്യം ശരീരത്തിനു മാത്രമാണെന്ന് കണ്ടെത്തുന്ന പാര്‍വ്വതി ഐ.പി.എസ്സിന്റെ മാനസികതലങ്ങളിലൂടെയാണ് ഈ നോവല്‍ വികസിക്കുന്നത്. മനോഹരന്‍ വിരൂപനായാണ് ജനിക്കുന്നത്. സ്‌കൂളിലും കോളേജിലും അക്കാരണത്താല്‍ മാറ്റിനിര്‍ത്തപ്പെട്ട മനോഹരന്‍ തന്റെ ഇച്ഛാശക്തികൊണ്ട് ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി മാറിയതിന്റെ കഥയാണിത്. ഒപ്പം പ്രകാശകിരണങ്ങളുടെ ശാസ്ത്രീയ വശങ്ങളെയും ഈ നോവല്‍ പ്രതിപാദിക്കുന്നുണ്ട്. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന ഈ രചന. ‘മനോഹരന്‍ വിരൂപനല്ല’. കുഞ്ഞ്. മംഗളോദയം വില 170 രൂപ.

അമിതവണ്ണം കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുത് ഒട്ടും ആരോഗ്യകരമല്ലെന്ന് ആരോഗ്യവിദഗ്ധര്‍. പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അത്താഴത്തിന് ശേഷം ദീര്‍ഘമായ ഇടവേളയ്‌ക്കൊടുവിലാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം. ജേര്‍ണല്‍ ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. അമിതവണ്ണമുണ്ടായിരുന്ന 18 മുതല്‍ 30 വയസുവരെ പ്രായമായ സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പ്രോട്ടീനും അത്രതന്നെ കലോറിയുള്ള കാര്‍ബോഹൈഡ്രേറ്റും സമ്പന്നമായ പ്രാതല്‍ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാഗ്രതാ കൈവരിക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം പ്രാതല്‍ ഒഴിവാക്കിയാല്‍ ശരീരഭാരം കൂടാനും പ്രമേഹം, ഡിമെന്‍ഷ്യ, മൈഗ്രേന്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.91, പൗണ്ട് – 104.71, യൂറോ – 89.64, സ്വിസ് ഫ്രാങ്ക് – 94.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.42, ബഹറിന്‍ ദിനാര്‍ – 220.04, കുവൈത്ത് ദിനാര്‍ -269.47, ഒമാനി റിയാല്‍ – 215.39, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.34.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *