mid day hd 14

◾പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കര്‍ഷക സംഘടനകള്‍. അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. ഇത് കരാര്‍ കൃഷിയുടെ മറ്റൊരു രൂപമെന്നും 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. ഇതോടെ ഒരു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് അടിയന്തരമായി താങ്ങുവില നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കര്‍ഷകര്‍.

◾വന്യജീവി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസംഘം ഇന്ന് വയനാട്ടില്‍. മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് മന്ത്രി സംഘത്തിലുള്ളത്. വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം കോണ്‍ഗ്രസ് സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് വനംമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോയത്. യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാനയാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

◾മന്ത്രി എത്തുന്നതിനേക്കാള്‍ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. വയനാട്ടില്‍ എത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്നും രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടില്‍ എത്തിയതെന്നും ശശീന്ദ്രന്‍ പറഞ്ഞു. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാല്‍ പല സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം വയനാട്ടിലെ പ്രതിഷേധത്തില്‍ കേസെടുത്തതില്‍ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

◾വയനാട്ടിലെ ജനവാസ മേഖലയിലെത്തിയ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും കര്‍ണാടകയിലേക്ക് മടങ്ങി. നേരത്തെ കബനി പുഴ കടന്ന് ആന തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

◾മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും എക്സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി?. എക്സാലോജിക് കമ്പനിക്ക് പണം നല്‍കിയ ഏജന്‍സികള്‍ക്ക് എന്തെങ്കിലും നികുതി ഇളവ് നല്‍കിയിട്ടുണ്ടോ ? എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്ന കമ്പനികള്‍ ഏതൊക്കെ? എക്സാലോജിക് കമ്പനിയെ പറ്റിയുള്ള അന്വേഷണം 3 വര്‍ഷം ഇ.ഡി നടത്താതിരുന്നത് എന്തുകൊണ്ട് ? ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക് കമ്പനിയുമായി ബസപ്പെട്ട് അന്വേഷണം നടത്തുന്നത് തുടങ്ങിയ അഞ്ച് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്.

◾കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസകാണെന്ന് പി.സി ജോര്‍ജ്ജ്. നാലര ലക്ഷം കോടി കടം ഉണ്ടാക്കി വച്ച, കിഫ്ബിയിലൂടെ കള്ളക്കച്ചവടം നടത്തിയ ആളാണ് തോമസ് ഐസക്കെന്നും ഇവനെ നാട്ടുകാര്‍ അടിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള നേതാവാണ് തോമസ് ഐസക്ക്. ആലപ്പുഴക്കാരന്‍ പത്തനംതിട്ടയില്‍ വരുന്നത് എന്തിനാണെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.

◾നിലവിലെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളാകുമെന്ന് തീരുമാനം. എന്നാല്‍, ഇരുവരും മണ്ഡലങ്ങള്‍ വെച്ച് മാറുമെന്നാണ് സൂചന.

◾പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മദനി.

◾എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. 5 മാസത്തെ ബില്‍ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയാണ് കുടിശിക.

◾ബെംഗളൂര്‍ കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25)എന്നിവരാണ് മരിച്ചത്.

◾2018 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടയില്‍ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതിയില്‍ സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരായതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

◾ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്റെ സമന്‍സ്. കെ സി വേണുഗോപാല്‍ , ഗൗരവ് ഗോഗോയ് ഉള്‍പ്പെടെയുള്ളവരോട് ഗുവാഹത്തി വെള്ളിയാഴ്ച സിഐഡിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.

◾നാരീശക്തിയെ കുറിച്ച് എപ്പോഴും പറഞ്ഞു നടന്നാല്‍ പോരാ അത് നടപ്പാക്കി കാണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഷോര്‍ട്ട് സര്‍വ്വീസ് അപ്പോയിന്‍മെന്റ് ഓഫീസറായി നിയമിക്കപ്പെട്ട പ്രിയങ്ക ത്യാഗി എന്ന ഉദ്യോഗസ്ഥ പെര്‍മനന്റ് കമീഷന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. മികച്ച പ്രവര്‍ത്തന പശ്ചാത്തലത്തില്‍ 14 വര്‍ഷം സേവനം ചെയ്ത ശേഷവും പെര്‍മനന്റ് കമ്മീഷന്‍ നിഷേധിച്ചതോടെയാണ് പ്രിയങ്ക ത്യാഗി കോടതിയെ സമീപിച്ചത്.

◾പാസ്പോര്‍ട്ട് റാങ്കിംഗില്‍ ഇന്ത്യ താഴോട്ടേക്കെന്ന് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്. ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുക. അതേസമയം ലോകത്ത് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഫ്രാന്‍സിന്റേതാണ്. ഫ്രാന്‍സുകാര്‍ക്ക് നിലവില്‍ 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ഫ്രാന്‍സിന് പിന്നാലെ പട്ടികയിലുള്ളത് ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *